Saturday, May 14, 2016

തൂങ്ങിമരണം റിയാലിറ്റിഷോയിലൂടെ .......റഫീക്ക് മേമുണ്ട

വായനകളെ നാം പല തരത്തിലാണല്ലോ സമീപിക്കുക . ഇങ്ങനെ സമീപിക്കുന്ന വായനകള്‍ വായനക്കാരന്റെ അഭിരുചിക്കൊത്ത് അവനു ഇണങ്ങുന്നില്ല എങ്കില്‍ വായനക്കാരന്‍ തിരഞ്ഞെടുപ്പില്‍ പരാജയമാകുകയും പുതിയ വായനകളെ അവന്‍ ഭയത്തോടെ വീക്ഷിക്കുകയും ചെയ്യുക സ്വാഭാവികമായ ഒരു പ്രത്യേകതയാണ് . ചിലര്‍ എഴുതുക തങ്ങളുടെ മാനസിക ഉല്ലാസത്തിനും , പിരിമുറുക്കം കുറയ്ക്കാനും ആകുമ്പോള്‍ ചിലര്‍ തങ്ങളുടെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി എഴുതുന്നു . ഓരോ എഴുത്തുകളും വായനക്കാരന്റെ സംവേദനക്ഷമതയെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നത് എഴുത്തുകാരന്റെ കരവിരുതുപോലെ ഇരിക്കും .
പ്രവാസ എഴുത്തുകാരില്‍ ഒരാള്‍ ആയ 'റഫീക്ക് മേമുണ്ട'യുടെ "തൂങ്ങിമരണം റിയാലിറ്റി ഷോയിലൂടെ " ആണ് ഇന്ന് വായനയെ വിളിച്ചുണര്‍ത്തിയത്. ഒന്‍പതു കഥകള്‍ അടങ്ങിയ ഈ സമാഹാരം വായനയ്ക്ക് തിരഞ്ഞെടുക്കുമ്പോള്‍ പ്രവാസത്തിലെ എഴുത്തുകാരുടെ വായനാക്ഷമതയും സംവേദനക്ഷമതയും എത്രകണ്ട് വായനക്കാരെ വലയ്ക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടുക കൂടിയാകണം എന്ന് തോന്നുന്നു . മേമുണ്ടയുടെ കഥകള്‍ ഒറ്റ നോട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥകള്‍ ആണ് എന്ന് തോന്നിപ്പിച്ചുപോകുന്ന രീതിയില്‍ ആണ് പറഞ്ഞു പോകുന്നത് . ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു എന്നുള്ള രീതിയില്‍ വായനക്കാരന്‍ ഈ കഥകളെ സമീപിക്കേണ്ടിയിരിക്കുന്നു . ആദ്യകഥ മുതല്‍ തന്നെ എഴുത്തുകാരന്‍ വായനക്കാരന്റെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങുന്നതായി കാണാം . ദുര്‍ഗ്രാഹ്യങ്ങളായ ഒന്നും തന്നെ പറയുന്നില്ല മേമുണ്ടയുടെ കഥകള്‍ . സ്വപ്നം കാണുന്ന മനുഷ്യരുടെ ഭാവന പോലെ തമാശകള്‍ നിറച്ചു കൊണ്ട് എഴുതാന്‍ ഉള്ള ശ്രമം ഇതിലുടനീളം വായിച്ചെടുക്കാം . അച്ഛനും അമ്മയും പലവഴിക്ക് പോയ മകന്‍ ഭാവിയില്‍ പണക്കാരന്‍ ആയി ഒരു അച്ഛനെയും അമ്മയെയും കടമെടുക്കുന്നതും അത് സ്വന്തം അച്ഛനും അമ്മയും തന്നെയാണെന്ന് അറിയുന്നതും മറ്റും ആണ് ആദ്യകഥ . തുടര്‍ന്ന് വരുന്ന കഥകളില്‍ ഒരിക്കലും മണ്ണില്‍ തൊടാതെ ജീവിച്ച മനുഷ്യത്തം ഇല്ലാത്ത ഒരു പെണ്‍കുട്ടി ഡോക്ടര്‍ ആകുന്നതും കണിശക്കാരിയായ അവള്‍ സമയം കഴിഞ്ഞതുകൊണ്ട്‌ ഒരു പ്രസവം പാതി വഴിയില്‍ നിര്‍ത്തി വീട്ടില്‍ പോകുന്നതും കുട്ടി മരിക്കുന്നതും അവള്‍ മാനസാന്തരപ്പെടുന്നതും ആയ ഒരു കഥാപാത്രം , മറ്റൊരു കഥാപാത്രം ട്രെയിനില്‍ നിന്നും പീഡിപ്പിച്ചു പുറത്തേക്കെറിഞ്ഞ ഒരു പെണ്‍കുട്ടി വാശിയോടെ പഠിച്ചു പോലീസുകാരിയായി തന്റെ സ്റ്റെഷന്‍ അതിര്‍ത്തിയില്‍ ഉള്ള സകല പീഡകരെയും ഒതുക്കുന്നതും പിന്നെ രാജ്യം രക്ഷിക്കാന്‍ വേണ്ടി രാജ്യനേതാവാകുന്നതും പീഡകരേ പാഠം പഠിപ്പിക്കാന്‍ വൈദ്യുത സ്ത്രീ പ്രതിമകള്‍ എല്ലായിടത്തും സ്ഥാപിക്കുന്നതും അത് മൂലം ഉണ്ടാകുന്ന പുരുഷന്മാരുടെ ദാരുണ മരണങ്ങളും കണ്ടു മോറല്‍ വിദ്യാഭാസം കൊണ്ടേ എല്ലാം മാറൂ എന്നറിഞ്ഞു അതിലേക്കു വ്യാപ്രുതയാകുകയും ചെയ്യുന്നു . മറ്റൊരു കഥയില്‍ ഗാന്ധിജി ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി കണ്ടു ബാക്കിംഹാം കൊട്ടാരത്തില്‍ ചെന്ന് റാണിയോടു ഇന്തയെ തിരിച്ചു എടുക്കാനും ഭരിക്കാനും ആവശ്യപ്പെടുന്നു . അതുപോലെ വാണിജ്യ ഭീകരന്മാര്‍ കമ്പോളത്തില്‍ ആദ്യം മുലപ്പാല്‍ വില്‍പ്പന നടത്തുന്നതും കാലാന്തരേണ മുലപ്പാല്‍ ക്ഷാമം നേരിടുകയും പിന്നെ കുട്ടികളെ നേരിട്ട് മുട്ടയില്‍ കൂടി ഉത്പാദിക്കുകയും അതിന്റെ മൊത്തക്കച്ചവടക്കാര്‍ ആകുകയും ചെയ്യുന്ന ഒരു കഥയും.,തെങ്ങുകയറ്റക്കാരന്‍ തന്റെ മരണം ഒഴിവാക്കാന്‍ വിദേശത്തു തെങ്ങില്ലാത്ത ഒരു നാട്ടില്‍ പോയി താമസിക്കുകയും ഭാവികാലത്തു ഒരു ടീ വിയില്‍ റിയാലിറ്റി ഷോ യില്‍ തെങ്ങ് കയറ്റം കാണിച്ചു വീണു മരിക്കുകയും ചെയ്യുന്ന ഒരു കഥ , ആത്മീയതയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ലോകവും ജനാധിപത്യം എന്തെന്ന് പഠിക്കാന്‍ ഭാരത പര്യടനം നടത്തി ഒടുവില്‍ ജനാധിപത്യത്തില്‍ നാല് തരം ജാതീയത കണ്ടെത്തുന്ന ആത്മീയ നേതാവ് നാല് മത വിഭാഗക്കാരെ ഭാരതത്തിലേ നാല് ദിക്കില്‍ നിന്നും ജാഥ നയിപ്പിച്ചു ഒടുവില്‍ ഒരിടത്തു ഒത്തുകൂടുമ്പോള്‍ അവരില്‍ നിന്നും ഭരണ നേതാവിനെ തിരഞ്ഞെടുക്കല്‍ വരുന്ന അവസരത്തില്‍ അവരിലെ ചിരിയില്‍ നിന്നും മേല്‍ പറഞ്ഞ ജാതീയതയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നു കിടക്കുന്നത് കണ്ടു "നടന്നുകൊണ്ടിരിക്കുന്ന വിപ്ലവത്തില്‍ ചൂഷണത്തിന്റെ ചുവയുണ്ടെന്നു അറിഞ്ഞാല്‍ അതില്‍ നിന്നും തിരിഞ്ഞു നടക്കുന്നവനല്ല വിപ്ലവകാരി അതില്‍ വന്ന ചൂഷണത്തേ അവരിലെ അഴുക്കിനെ കഴുകി കളയുന്നവനാണ് വിപ്ലവകാരി"എന്നുമുള്ള നിഗമനത്തില്‍ സാമി എത്തിച്ചേരുകയും ചെയ്യുന്ന ഒരു കഥ . കൌമാരകാലത്തെ ഒരു പ്രണയം വാര്‍ദ്ധക്യത്തില്‍ ഒന്നാകുകയും മരണം പുല്കുകയും ചെയ്യുന്ന ഒരു കഥ അതുപോലെ തൂങ്ങിമരണം റിയാലിറ്റി ഷോ ആയി നടത്തുകയും അവിടെ എത്തപ്പെടുന്ന നാലുപേരില്‍ മൂന്നുപേര്‍ തങ്ങള്‍ എന്തുകൊണ്ട് മരിക്കാന്‍ തയ്യാറായി എന്ന വിഷയം പറയുകയും അത് നിവര്‍ത്തിക്കപ്പെടുകയും അവര്‍ രക്ഷപ്പെടുകയും നാലാമന്‍ ആയ എഴുത്തുകാരന്‍ തൂങ്ങി മരിക്കപ്പെടെണ്ടവന്‍ ആണെന്ന് വിധിയെഴുതുന്ന സമൂഹവും ഒടുവില്‍ തലനാരിഴയ്ക്ക് അയാള്‍ രക്ഷപ്പെടുകയും ചെയ്യുന്ന ഒരു കഥയും ചേര്‍ത്തു വായനക്കാരെ ആകര്‍ഷിക്കുന്ന ഈ കഥാ സമാഹാരം ഒലിവ് ആണ് പുറത്തിറക്കിയിരിക്കുന്നത് . നാല്പത്തി അഞ്ചു രൂപ മുഖവില ആണ് ഈ പുസ്തകത്തിനു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

1 comment:

  1. പുസ്തകപരിചയം ഇഷ്ടപ്പെട്ടു.
    വിവരണം പുസ്തകം വായിച്ച പ്രതീതിയുണ്ടാക്കി.
    ആശംസകള്‍

    ReplyDelete