Saturday, May 7, 2016

അതിരുകൾ


ചിതയൊരുക്കിയൊരു കാലത്തിൻ
അനന്തമാം പ്രതീക്ഷ പോൽ ,
വീതംവയ്ക്കലിന്റെ യന്ത്യത്തിൽ
അടയാളപ്പെടുത്തപ്പെടുന്ന ഓർമ്മകൾ തൻ സർവ്വേക്കല്ലിൽ
കുന്തിച്ചിരിക്കുന്നു ജീവിതം .

എന്റെ , നിന്റെയെന്ന ഭാഗം പിരിയലിൽ
നമുക്കെന്തു ബാക്കിയാകുന്നു ?
അതിരുകൾ ഭാഗിച്ചും
വേലിക്കെട്ടുകൾ തിരിച്ചും
ജീവന്റെ യൗവ്വനത്തുടിപ്പുകളെ
ചിതറാനും കരിയാനും വിട്ട്
അധികാരത്തിന്റെ സിരാ കേന്ദ്രങ്ങൾ
പുതിയ തന്ത്രങ്ങൾ മെനയുന്നു.
അതിരുകൾക്കപ്പുറമിപ്പുറം
അമ്മയെ വേർപെട്ട കുഞ്ഞിൻ കരച്ചിലും
ഇണയെ പിരിഞ്ഞ പെണ്ണിൻ തേങ്ങലും
ആരും അറിയാതെ പോകുന്നു.
ഒരു ചാൺ വയറിനു നനവു തേടി
വേലിപ്പൊത്തുകൾ തേടുന്നവൻ
തുളകൾ വീണു മലയ്ക്കുമ്പോൾ
പഴുതുകൾ ഉണ്ടാക്കി
പകയുടെ വിഷവിത്തുകൾ
ചിതലരിച്ച സംഹിതകൾ തലയിലേറ്റി
മരണവുമായി ഇഴഞ്ഞു കയറുന്നു.
മഞ്ഞ്
മഴ
വെയിൽ
ഇവയ്ക്കടിയിൽ
നോക്കു കുത്തികൾ പോലെ
ജീവിതങ്ങൾ അതിരു കാക്കുന്നു.
പിടഞ്ഞു തീരുമ്പോൾ പോലും
ഉള്ളിൽ പിടയാത്ത
വീടെന്ന സ്വപ്നവുമായി.
നമുക്ക് അതിരുകൾ മായ്ക്കണം .
നമ്മിൽ
അവനെന്നും എനിക്കെന്നുമുള്ളതെല്ലാം മായ്ക്കണം .
.... ബിജു ജി നാഥ് വർക്കല .

No comments:

Post a Comment