Sunday, May 1, 2016

ഒരു കവിത ജനിക്കുന്നു .


അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയായിരുന്നു . കവിതകള്‍ ചൊല്ലുന്ന അവന്റെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ അവളുടെ മിഴികളില്‍ നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു . കപോലങ്ങള്‍ നാണം കൊണ്ട് ചുവന്നു തുടുക്കുന്നുണ്ടായിരുന്നു . "നിന്റെ കണ്ണുകളില്‍ ഒരുകാലവും ഒരുപാട് നേരം നോക്കിയിരിക്കാന്‍ എനിക്ക് കഴിയാതെ പോകുന്നു ചെക്കാ " എന്നവള്‍ കൊഞ്ചിപ്പറഞ്ഞുകൊണ്ട് മിഴികള്‍ താഴ്ത്തി നോട്ടം പലയിടങ്ങളില്‍ പാറി വീഴുന്നത് ഒട്ടൊരു കൗതുകത്തോടെ അവന്‍ നോക്കിയിരുന്നു. പ്രണയത്തിന്റെ നനുത്ത നിലാവ് വീഴുന്ന താഴ് വരകളെ കവിതകളിലൂടെ അവളിലേക്ക് ചൊരിയുമ്പോള്‍ ആനന്ദത്താല്‍ അവന്റെ മനസ്സ് നിറയുന്നുണ്ടായിരുന്നു . കഠിന സ്നേഹത്തിന്റെ വരികള്‍ അല്ലായിരുന്നു അവള്‍ അവനില്‍ നിന്നാഗ്രഹിച്ചിരുന്നത് . അവളെ അവനിലേക്ക്‌ ആകര്‍ഷിച്ചത് അവന്റെ വരികളിലെ തീയും അതിന്റെ ശക്തിയും ആയിരുന്നു . പക്ഷെ അവന്‍ അവളിലേക്ക് ഒതുങ്ങിത്തുടങ്ങിയപ്പോള്‍ പ്രണയത്തിന്റെ വിരല്‍ കൊണ്ട് വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയിക്കുന്ന ഒരു കേവല പ്രണയകവി ആയി മാറുകയായിരുന്നു . പിണങ്ങിയും ഇണങ്ങിയും അവരുടെ പ്രണയം മുന്നിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു . ഈ നനഞ്ഞ സന്ധ്യയില്‍ ഇരുട്ട് ചേക്കേറുന്ന പകലിനെ മറന്നു അവര്‍ വീഡിയോകാളിന്റെ ഇരുപുറങ്ങളില്‍ മുഖാമുഖം നോക്കിയിരിക്കുമ്പോള്‍ എന്തോ അവന്റെ മനസ്സ് ചഞ്ചലമായിരുന്നു. അതാകാം അവന്റെ വരികള്‍ പ്രണയത്തില്‍ നിന്നും മരണത്തിലേക്ക് വഴുതിവീണത്‌ . മരണത്തിന്റെ സംഗീതം ഒരു നിശബ്ദതയ്ക്ക് ഒപ്പം അവളിലേക്ക് പടരുകയായിരുന്നു അവന്‍ . നിറഞ്ഞ കണ്‍പീലികള്‍ മെല്ലെത്തുടച്ചുകൊണ്ട് അവള്‍ അവനോട് മരണത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി . ശരീരം വിട്ടു പറന്നു പോകുന്ന ആ പക്ഷിയെ അവള്‍ കൊതിയോടെ നോക്കിക്കാണുന്നത് കണ്ടപ്പോള്‍ അവനും ആശ്ചര്യത്താല്‍ അവളെ നോക്കിയിരുന്നു . അവള്‍ അവനെ നോക്കി മെല്ലെ ചോദിച്ചു
" ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എനിക്ക് വേണ്ടി കരയാന്‍ ആരൊക്കെയുണ്ടാകും ?"
അവന്‍ ഒരു മറുചോദ്യം കൊണ്ടവളെ നേരിട്ട് .
" നീ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?.... ഉണ്ട് എങ്കില്‍ അവരൊക്കെ നിനക്ക് വേണ്ടി കരയും ."
"ഞാന്‍ സ്നേഹിച്ചിട്ടുണ്ട് . സ്നേഹിക്കുന്നു .... പക്ഷെ, ഞാന്‍ എങ്ങനെ ആണ് അറിയുക അവര്‍ എന്നെയോര്‍ത്തു കരയുമെന്ന് ?"
"നീ മരിച്ചു കഴിഞ്ഞാല്‍ ആര് കരഞ്ഞാല്‍ നിനക്കെന്താ ..."
അവന്റെ ചോദ്യത്തിന് അവള്‍ തെല്ലുനേരം ആലോചിച്ചു പിന്നെ ചോദിച്ചു ..
" നോക്കൂ , നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ നമുക്ക് നമുക്ക് നമ്മെ കാണാന്‍ കഴിയില്ല . അതിനാല്‍ ഞാന്‍ ഒരുകാര്യം ആലോചിക്കുകയാണ് . എന്റെ മരണത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ്‌ ഇടാം . എന്നിട്ട് ഞാന്‍ മാറി നിന്ന് അത് കണ്ടു മനസ്സിലാക്കാം .. എന്തെ ? "
അവളുടെ മറുപടി കേട്ടപ്പോള്‍ ചിരിക്കാനാണവനു തോന്നിയത് . അവന്‍ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു . ഒട്ടൊരു പരിഭവത്തോടെ അവള്‍ ചോദിച്ചു .
"നീ എന്നെ ഓര്‍ക്കുമോ ? മരിച്ചു കഴിഞ്ഞാല്‍ നീ എന്നെക്കുറിച്ച് എഴുതുമോ ? "
"ഹേയ് .. ഞാന്‍ നീ മരിച്ചാല്‍ കരയുകില്ല , ഞാന്‍ ഒന്നും എഴുതുകയുമില്ല."
"എനിക്കറിയാം , നീ കരയും .... നീ ഒരു കുറിപ്പ് എഴുതി ഇടും കണ്ണീര്‍ തളിച്ച് ഒരു കവിത നീ ഇടും ....."
"ഇല്ല ഞാന്‍ ഒന്നും എഴുതില്ല , ഞാന്‍ ഒന്നും പറയുകയുമില്ല . " നിഗൂഡമായ ഒരു ചിന്തയോടെ അവന്‍ അവളെ ചൊടിപ്പിക്കാന്‍ പറഞ്ഞു .
അവള്‍ കുറച്ചു നേരം അവനെത്തന്നെ നോക്കിയിരുന്നു . പിന്നെ വീണ്ടും പറയാന്‍ തുടങ്ങി .
"എനിക്ക് നാട്ടില്‍ പോയി മരിച്ചാല്‍ മതി . വിമാനത്താവളത്തില്‍ കാലുകുത്തുമ്പോള്‍ മരിച്ചോട്ടെ . പക്ഷെ ഇവിടെ വയ്യ ."
"അതെന്തേ ഇവിടെ വച്ചായാല്‍?"
"ഓ ഇവിടെ വച്ചായാല്‍ അവര്‍ പിടിച്ചു പെട്ടിക്കകത്തു ഐസിട്ട് വയ്ക്കും . എനിക്ക് തണുക്കും . അത് വേണ്ട . "
അവന്റെ ചിരി വീണ്ടും ഉയര്‍ന്നു ..
"മരിച്ചു കഴിഞ്ഞാല്‍ തണുപ്പ് എങ്ങനെ നീ അറിയും ?"
"അല്ലേല്‍ തന്നെ എനിക്കറിയാം ഇവിടെ എന്തോരം തണുപ്പിലാ ഓരോ ശരീരവും സൂക്ഷിക്കുന്നത് എന്ന് . എനിക്കത് ഇഷ്ടമല്ല ."
അവള്‍ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു .
"എനിക്ക് എന്റെ അവയവങ്ങള്‍ എല്ലാം ദാനം ചെയ്യണം , പക്ഷെ ശരീരം കൊടുക്കൂല . അത് കുഴിച്ചിട്ടാല്‍ മതിയാകും . നീ വരില്ലേ ഞാന്‍ മരിച്ചാല്‍ ? നീ വരണം . എന്നെ ചുംബിക്കണം. പിന്നെ എന്റെ മാറില്‍ ഒരു വെളുത്ത പാരിജാതപ്പൂവ് വയ്ക്കണം ..... പിന്നെ എന്റെ പെട്ടി മൂടുമ്പോള്‍ നീ പറയണം നിറയെ മണമുള്ള പൂക്കള്‍ കൊണ്ട് നിറയ്ക്കണം എന്ന് . എനിക്ക് അത് ശ്വസിച്ചു വേണം ഉറങ്ങാന്‍ പിന്നെന്നും . "
പറഞ്ഞു പറഞ്ഞു വരുമ്പോഴേക്കും അവന്റെ മിഴികള്‍ ഈറനണിിഞ്ഞു തുടങ്ങിയിരുന്നു . അവളെ അഭിമുഖീകരിക്കാന്‍ മടിച്ചു അവന്‍ മറ്റെന്തൊക്കെയോ പറഞ്ഞുകൊണ്ട് വിഷയങ്ങള്‍ മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു . അവന്‍ അവന്റെ മരണത്തെക്കുറിച്ചും ദുഖങ്ങളെക്കുറിച്ചും മറക്കുകയും അവളുടെ മരണത്തില്‍ ദുഃഖിക്കുകയും ചെയ്തു തുടങ്ങി . അവളെ പെട്ടെന്ന് പറഞ്ഞു വിട്ട് കാൾ കട്ട് ചെയ്തു അവന്‍ ഒരു പേജ് ഓപ്പണ്‍ ചെയ്തു. അതിലേക്കു ഒരു കവിത കുറിച്ചു തുടങ്ങി. മരണത്തിന്റെ മുഖത്തേക്ക് നടന്നു പോയ അവന്റെ കൂട്ടുകാരിയുടെ അവസാന ആശ നിറവേറ്റാന്‍ അവളുടെ ഓര്‍മ്മകളിലേക്ക് ഒരു കവിത...അര്‍ച്ചനപ്പൂക്കള്‍ പോലെ....
--------------------ബിജു ജി നാഥ് വര്‍ക്കല -----------------------

2 comments:

  1. പ്രണയത്തില്‍ നിന്നുമൊരു കവിത...

    ReplyDelete