Wednesday, April 27, 2016

ഉയിരടയാളം ............രാജേശ്വരി ടി കേ

എന്റെ ഉടലില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്
അധിനിവേശത്തിന്റെ ഭൂമികകള്‍ ,
ആര്‍ത്തനാദത്തിന്റെ യുദ്ധക്കളങ്ങള്‍ ,
കലാപത്തിന്റെ രഥചക്രങ്ങള്‍
മരണഗര്‍ത്തങ്ങള്‍
പാലായനത്തിന്റെ കിതപ്പുകള്‍ ....(ഉയിരടയാളങ്ങള്‍)

കവിതകള്‍ പലപ്പോഴും വായനക്കാരെ കൊണ്ട് പോകുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളിലൂടെ മൂകമായ ഒരു സാക്ഷിയായി അനുയാത്ര ചെയ്യുന്നവരായാണ് . എഴുത്തില്‍ ജീവിതത്തിന്റെ ഉപ്പു കലരുമ്പോള്‍ അത് നമ്മെ ആനന്ദിപ്പിക്കുകയും കരയിക്കുകയും ക്ഷോഭിപ്പിക്കുകയും ഒക്കെ ചെയ്യുക സ്വാഭാവികം ആണ് . എഴുത്തില്‍ ആത്മാംശം ഉണ്ടാകണം എന്നില്ല ചില എഴുത്തുകള്‍ക്ക് കാരണം എഴുത്ത് തന്നെ ഒരു പ്രതീകമാകും ഒരു സമൂഹത്തിന്റെയോ , ഒരു വിഭാഗത്തിന്റെയോ അതുമല്ലങ്കില്‍ ഒരു വിശ്വാസത്തിന്റെയോ ഒക്കെ .
ശ്രീ 'രാജേശ്വരി ടി കേ' യുടെ "ഉയിരടയാളം" എന്ന കവിതാ സമാഹാരം അമ്പത്തിഒന്‍പതു കവിതകളുമായി ആണ് വായനക്കാരനെ തേടിയെത്തുന്നത് . ഈ കവിതകളെ പൊതുവില്‍ ഒന്ന് വിഹഗവീക്ഷണം നടത്തുകയാണ് എങ്കില്‍ ഇതില്‍ നിറയെ കാണാന്‍ കഴിയുക വേദനയാല്‍ , ജീവിതഭാരത്താല്‍ , അവഗണനയാല്‍ ഒക്കെ വിതുംബുകയും വിലപിക്കുകയും ചെയ്യുന്ന പെണ്മനത്തെയാണ്‌ . പകലന്തിയോളം അധ്വാനിച്ചു കുടിയിലെത്തുന്ന ജോലിക്കാരി അവളുടെ ആശങ്കകള്‍, രാവില്‍ കുടിച്ചു മത്തനായി വരുന്ന ഭര്‍ത്താവിന്റെ ശരീരവിശപ്പില്‍ തകര്‍ന്നുറങ്ങി വീണ്ടും അതെ ഘടികാരചലനം തുടരുന്ന പെണ്ണു , പ്രണയത്തിന്റെ നോവ്‌ നുകര്‍ന്നും തിരക്സാരചവര്‍പ്പ് രുചിച്ചും ചവിട്ടി ആഴ്ത്തുമ്പോഴും പ്രണയമേ നിന്നിലേക്ക്‌ പിന്നേയുമെന്ന് പടരുന്ന പെണ്ണു . ജീവിതം വിരസവും നോവും നിറഞ്ഞതാകുമ്പോള്‍ പിരിഞ്ഞു പോകാന്‍ കൊതിക്കുന്ന , അല്ലെങ്കില്‍ മരിച്ചു മറയുവാന്‍ കൊതിക്കുന്ന പെണ്ണിനെ കാണാം . നാട്ടിന്റെ മണവും മനോഹാരിതയും പഴമയും മധുരവും കൊതിയോടെ ഓര്‍ക്കുന്ന പരദേശി പെണ്ണിനെ കാണാം . വിതുര, സൂര്യനെല്ലീപോലുള്ള പേരില്‍ മാത്രം ഓര്‍ക്കപ്പെടുന്ന പെണ്ണിന്റെ ദുഃഖം വായിക്കാം . വിവാഹം ,ബന്ധങ്ങള്‍, സൌഹൃദങ്ങള്‍, അമ്മ,ഭാര്യ. മകള്‍. പെങ്ങള്‍ അങ്ങനെ സ്ത്രീയെ എല്ലാ വേഷങ്ങളിലും ഇതില്‍ വരച്ചിടുന്നുണ്ട് . ഒപ്പം വീടും, നാടും, മരണവും, പ്രണയവും ഇടകലര്‍ന്ന വിഷയങ്ങള്‍ ആയി ഈ കവിതാസമാഹാരത്തില്‍ വിശ്രമിക്കുന്നുണ്ട് .
രാജേശ്വരിയുടെ ആദ്യ കവിത സമാഹാരം എന്ന നിലയ്ക്കുള്ള ഒരുപാട് പോരായ്മകള്‍ ഇതില്‍ ഉണ്ട് എങ്കിലും അത് മാറ്റി വച്ചുകൊണ്ട് അവയിലെ നല്ല കവിതകളെ മാത്രം വായനക്കാരന്‍ സ്വീകരിക്കുന്നത് ആണ് അനുചിതം എന്ന് കരുതുന്നു . കുത്തും കോമയും ഇല്ലാത്ത ഒരു വായനാലോകം നമുക്ക് മുന്നില്‍ തുറന്നു തരുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ അലസത വളരെ വ്യെക്തമായി കാണാം തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല അവയെ അച്ചു നിരത്തുമ്പോള്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ പോലും പുതുകാല എഴുത്തുകാരെ വേട്ടയാടുന്ന ഒരു ദുരന്തമാണ് . അവതാരികക്കു അതുപോലെ കവിതകളുടെ ആത്മാവിനെ തൊടാന്‍ കഴിയാതെ പോയി എന്ന് തോന്നിപ്പിച്ചു . പൊതുവേ ചിലര്‍ വായനയുടെ തുടക്കം തന്നെ അവതാരികയില്‍ കൂടിയാണ് സഞ്ചരിച്ചു തുടങ്ങുക എന്നതിനാല്‍ അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് . വളരെ നല്ല പഠനം വേണ്ടി വരുന്ന ഒരു വിഷയം ആണ് ഇപ്പോഴും അവതാരിക എന്നതിനാല്‍ തന്നെ അതിന്റെ തിരഞ്ഞെടുപ്പ് എപ്പോഴും കുറ്റമറ്റതായിരിക്കുന്നത് വായനയെ സമീപിക്കാന്‍ കൂടുതല്‍ ആയാസരഹിതമാക്കും എന്നത് വിസ്മരിക്കാന്‍ കഴിയില്ല
ഹോറൈസണ്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ 80 രൂപ ആണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment