Tuesday, April 26, 2016

സ്വപ്നഗോപുരം ..... തോമസ്‌ ചെറിയാന്‍

കഥകള്‍ , കവിതകള്‍ എന്നിവ പോലല്ല നോവല്‍ . അവ ഒറ്റ വായന കൊണ്ട് തീരുമെങ്കിലും ആ വായനയ്ക്ക് ഒരുപാട് സമയം വായനക്കാരന് ചിലവഴിക്കേണ്ടതായി വരും . മാത്രവുമല്ല നോവല്‍ വായന എന്നത് ഒരു നാടകമോ സിനിമയോ കാണും പോലെ അതിലൂടെ സഞ്ചരിച്ചു പോകേണ്ട ഒരുപാട് സങ്കേതങ്ങള്‍ തരുന്ന ഒരു വിശാലമായ ലോകം ആണ് . എന്നാല്‍ നോവല്‍ രചനകള്‍ പലപ്പോഴും ചരിത്രത്തെ വിശകലനം ചെയ്യുന്നതോ , പ്രതിനിധാനം ചെയ്യുന്നതോ ആകാം . ചിലപ്പോള്‍ അവ സംസ്കൃതിയുടെ പ്രതിബിംബം ആകാം . കാലദേശങ്ങളെ വിളംബരം ചെയ്യുകയോ , സമകാലികതയുടെ മുന്നില്‍ ഒരു നേര്‍ചിത്രം പോലെ നില്‍ക്കുകയോ ഒക്കെ ആകും അവയുടെ ധര്‍മ്മം .
ശ്രീ തോമസ്‌ ചെറിയാന്‍ രചിച്ച "സ്വപ്ന ഗോപുരം " എന്ന നോവല്‍ പ്രവാസ ലോകത്തെ ചിത്രം വരച്ചു കാണിക്കുന്ന ഒരു എഴുത്ത് ആണ് .പൂര്‍ണ്ണമായും പ്രവാസലോകത്തെ വിഷയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നോവലിന്റെ പ്രമേയം ഗള്‍ഫ് മേഖലയിലെ പ്രത്യേകിച്ച് യൂ എ ഇ യിലേ കെട്ടിട നിര്‍മ്മാണമേഖലയെ സംബന്ധിച്ച ഒന്നാണ് .
സണ്ണി എന്ന മെയിന്‍ കഥാപാത്രത്തിലൂടെ ആണ് നോവല്‍ സഞ്ചരിക്കുന്നത് . സണ്ണി ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഫോര്‍മാന്‍ ആണ് . തന്റെ കണ്മുന്നില്‍ കാണുന്ന ജീവിതങ്ങളെ , ഒപ്പം തന്റെ തന്നെ ജീവിതത്തെയും പറഞ്ഞു പോകുന്നതാണ് ഇതിലെ കഥ . ലേബര്‍ ക്യാംബ് , സൈറ്റു തുടങ്ങിയ ഇടങ്ങളില്‍ ജോലിക്കാര്‍ അനുഭവിക്കുന്ന യാതനകളും , വേദനകളും മാനസിക സംഘരഷങ്ങളും അവരുടെ കുടുംബവിശേഷങ്ങളും ഒക്കെ ഇതില്‍ എഴുത്തുകാരന്‍ പറഞ്ഞു പോകുന്നു . ലേബര്‍ ക്യാമ്പിലെ ബങ്കറുകളില്‍ രാത്രികാലങ്ങള്‍ ചിലവഴിക്കുന്ന മനുഷ്യരുടെ വിങ്ങലുകള്‍ നമുക്കു ഇതില്‍ കാണാന്‍ കഴിയും . അതുപോലെ അവര്‍ക്കിടയില്‍ ഉള്ള ബന്ധങ്ങള്‍ അവയുടെ ഊഷ്മളത എന്നിവയും . സൈറ്റിലെ പണിയുടെ പരിതസ്ഥിതികളും മേല്നോട്ടക്കാരുടെ , മേലധികാരികളുടെ പ്രതികരണങ്ങള്‍ , സംഭവങ്ങള്‍ എന്നിവയെല്ലാം ഗള്‍ഫ് മേഖലയിലെ , ഉഷ്ണഭൂമിയിലെ അത്യുഷ്ണമുള്ളില്‍ പേറുന്ന തൊഴിലാളികള്‍ എങ്ങനെ നേരിടുന്നു , അനുഭവിക്കുന്നു എന്നത് നമ്മെ വല്ലാതെ വേദനിപ്പിക്കുന്ന കാഴ്ച ആകും
. അത്പോലെ തന്നെ സണ്ണി പരിചയിക്കുന്ന പുറം ലോകവും അവിടത്തെ ബന്ധങ്ങളും അവരുടെ ജീവിതവും ഇതില്‍ പറഞ്ഞു പോകുന്നുണ്ട് . മലയാളി സമൂഹത്തിലെ പ്രവാസ ഭൂമികയിലെ സ്ഥിരം കാഴ്ചയായ പറ്റിക്കല്‍ , ഗണികാലയ, മദ്യശാല യാത്രകളും , ആത്മഹത്യകളും മാനസിക നില നഷ്ടമായ ജീവിതങ്ങളും എല്ലാം തന്നെ ഈ നോവലില്‍ നമ്മെ സ്പര്‍ശിച്ചു കടന്നു പോകുന്നത് കാണാന്‍ കഴിയുന്നുണ്ട് .
നോവല്‍ എന്ന കലാരൂപം അതിന്റെ മേന്മയോടെ നിലനിക്കണം എങ്കില്‍ അവ പ്രതിനിധാനം ചെയ്യുന്ന തലത്തെ ആത്മാര്‍ത്ഥതയോടെ തൊട്ടു തലോടി പോകുക തന്നെ വേണം . പക്ഷെ ഇവിടെ പ്രവാസികളുടെ മുഴുവന്‍ പ്രശ്നം അല്ല പകരം ബ്ലൂ കോളര്‍ എന്ന് പേരിട്ടു വിളിക്കുന്ന നിര്‍മ്മാണത്തൊഴിലാളികളുടെ പ്രശ്നത്തെ മാത്രമായി സമീപിച്ചപ്പോള്‍ തന്നെയും എഴുത്തുകാരന് അതില്‍ പൂര്‍ണ്ണമായും ആ വിഷയത്തെ ഉള്‍ക്കൊണ്ടു എഴുതാന്‍ കഴിഞ്ഞുവോ എന്നത് സംശയമായി നിലനില്‍ക്കുന്നു . ഉപരിപ്ലവമായി വല്ലാത്തൊരു ധൃതിയില്‍ ഓടിപ്പോകുന്ന സണ്ണിയുടെ കാഴ്ചകള്‍ ആണ് വായനയില്‍ ഉടനീളം കാണാന്‍ കഴിയുക . അതുപോലെ വിഷയങ്ങളെ ഗഹനമായ ഒരു പഠനം നടത്തുന്നത്തിനു പകരം തന്റെ കാഴ്ച്ചവട്ടങ്ങളിലെ കാഴ്ചകളും കേള് വികളും അവതരിപ്പിച്ചു തന്റെ ഉദ്യമം പൂര്‍ത്തിയാക്കിയ ഒരു പ്രതീതി വായനയെ ബാധിച്ചു എന്നത് ഈ നോവലിന്റെ ഒരു പരിമിതിയായി കാണേണ്ടി വരുന്നു .
സണ്ണി തന്റെ തന്നെ ജീവിതത്തോടു , കുടുംബത്തോട് ഒക്കെയും ആ ഒരു ആത്മാര്‍ഥത കാണിക്കുന്നില്ല വിവരണങ്ങളില്‍ . ഒരു മൂന്നാമന്‍ നോക്കി കാണുന്ന രീതി പോലും പലപ്പോഴും അത് അനുഭവിപ്പിക്കുന്നുണ്ട്. എഴുത്തിന്റെ ശൈലി ഒന്നിലും തൊടാതെ എല്ലാം പറഞ്ഞു തീര്‍ക്കുന്ന ഒരു ലേഖകന്റെ ഭാവം നല്‍കുന്നു എന്നത് കൊണ്ടാകാം അത് അങ്ങനെ അനുഭവപ്പെടുന്നതും .
വായനയ്ക്ക് തീര്‍ച്ചയായും ഒരു അനുഭവം ആകും ഈ നോവല്‍ . ഇതില്‍ പ്രവാസികള്‍ക്ക് , പ്രത്യേകിച്ചും ലേബര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവിത പരിസരങ്ങളെ
ഓര്‍മ്മിക്കാനും മലയാളികള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ,തങ്ങളുടെ ഉറ്റവര്‍ എന്ത് പരിതസ്തികളില്‍ ആണ് പ്രവാസലോകത്ത്‌ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാനും ഉതകും എന്ന പ്രതീക്ഷ ഉണ്ട് . ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ നോവലിന് 155 രൂപ ആണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment