Saturday, April 2, 2016

മാഞ്ഞുപോയ ശീര്‍ഷകങ്ങള്‍ ... നൈനിക നിധി

"എന്റെ കിടക്കമേല്‍ ഒരിക്കലും
മുല്ലപ്പൂക്കള്‍ വിതറപ്പെടില്ല
കാരണം, അവയെ
എനിക്കിഷ്ടമല്ല !!
അത്രമേല്‍ ,
എന്റെ പ്രണയം വ്യത്യസ്തമാണ്
എന്നറിഞ്ഞിട്ടു മാത്രം
ഇനിയും നിനക്കെന്നെ പ്രണയിക്കാം !!!

പ്രണയകവിതകള്‍ നിറയെ വായിക്കപ്പെട്ടു പോകുന്ന ഒരു കാലമാണ് കവിതാലോകത്ത് ഇന്നു. കാമ്പുള്ള രചനകളും അത്രയേറെ സീരിയസ് അല്ലാതെ വെറും വാക്കുകള്‍ കൊണ്ട് പ്രണയത്തെ വലിച്ചുവാരി ഇടപ്പെടുന്നതും വായിക്കപ്പെടുന്ന ഒരു കാലം . ഇത്തരം പ്രണയകവിതകള്‍ പലപ്പോഴും സന്ദേശ കാവ്യങ്ങള്‍ പോലെ , ചിലപ്പോഴൊക്കെ വെറും പക്വമല്ലാത്ത വരികളും ആശയങ്ങളും കൊണ്ട് നിറയപ്പെട്ട ഒരു അവസ്ഥ വായനയില്‍ തോന്നിപ്പിക്കാറുണ്ട് .
സീയെല്ലെസ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'നൈനിക നിധി' എന്ന എഴുത്തുകാരിയുടെ "മാഞ്ഞുപോയ ശീര്‍ഷകങ്ങള്‍" വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക പ്രണയത്താല്‍ മുറിവേറ്റ ഒരു മനസ്സിനെയാണ്‌ . ഈ ഇരുപത്തിയാറു കവിതകളില്‍ പ്രണയത്തിന്റെ നൈരാശ്യം എത്രയോ ആഴത്തില്‍ പോറിയിട്ട മുറിവ് ആയി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .
എങ്കില്‍ പോലും പ്രണയം കൊണ്ട് മുറിവേറ്റു പോയ ഒരാള്‍ ആണെങ്കില്‍ കൂടിയും, ആ വേദനയുടെ ആഴങ്ങളില്‍ കിടന്നു പിടയാന്‍ അല്ല മറിച്ചു ആ വേദനയെ ഉള്ളിലിട്ടു നീറ്റിഎടുത്തു തന്റെ മനസ്സിനെ അത്ര പെട്ടെന്നൊന്നും നിനക്ക് തോല്‍പ്പിക്കാന്‍ ആവില്ല എന്നൊരു സന്ദേശം നല്‍കുന്ന ഒരു തരത്തില്‍ പറഞ്ഞാല്‍ ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഓര്‍മ്മിപ്പിക്കുന്ന കാമിനിയെ ഇതിലുടനീളം ദര്‍ശിക്കാന്‍ കഴിയുന്നു .
ഈ കവിതകളില്‍ എല്ലാം ഒരു 'നീ'യും ഒരു 'ഞാനും' ഉണ്ട് . 'നമുക്കി'ടയിലെ പ്രണയത്തിനു എന്ത് സംഭവിച്ചു എന്നുള്ള അന്വേഷണം ആണ് ഈ കവിതകളില്‍ ഭൂരിഭാഗവും . പ്രണയത്തിന്റെ , യൗവ്വനത്തിന്റെ , വിപ്ലവത്തിന്റെ ഗുല്‍മോഹര്‍ പിടഞ്ഞു വീഴുന്നുണ്ട്‌ പലയിടങ്ങളിലും എന്നത് കലാലയ പ്രണയത്തിന്റെ തുടക്കമോ , നവകാല പ്രണയത്തിന്റെ കീ ബോര്‍ഡിലോ ആകാമെങ്കിലും അവനെ നഷ്ടമായ അവളുടെ വേദനകള്‍ കാലങ്ങളായി ഒരേ തന്ത്രികള്‍ മീട്ടുന്നതായി വായിച്ചു പോകാന്‍ കഴിയും . നന്ദിതയെ ഓര്‍മ്മിപ്പിക്കുന്ന നിമിഷങ്ങള്‍ പലതും ഈ വായനയില്‍ തടയുന്നുണ്ട്‌ . തുടക്കത്തില്‍ പ്രസാധകര്‍ പറയും പോലെ, ഈ എഴുത്തുകാരിയും ഈ ഒരു തൂലികാനാമത്തില്‍ മാത്രം ഒളിച്ചിരിക്കുന്ന ഒരു കാമിനിയാണ് . എന്തുകൊണ്ടോ നമുക്കിടയില്‍ എവിടെയോ അവള്‍ തന്റെ മൂകമായ പ്രണയനോവിലും , തീക്ഷ്ണമായ പോരാട്ടത്തിലും നിറഞ്ഞു മറഞ്ഞു നില്‍ക്കുന്നുണ്ട് .
പ്രണയത്തിന്റെ മാത്രം ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങുന്നില്ല പക്ഷെ കവയിത്രിയുടെ വരികള്‍ . സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ജിഹ്വയാകാനും കഴിയുന്നുണ്ട് "ദ്രാവിഡന്റെ അമ്മ" എന്ന കവിതയിലൂടെ. ആദിവാസി സമൂഹത്തിലെ കന്യകമാരായ അമ്മമാരുടെ ഉള്ളിലേക്ക് ചൂണ്ടുന്ന ഒരു കവിതയാണ് ഇത് . അതുപോലെ കര്‍ണ്ണന്‍ എന്ന കരുത്തന്റെ സ്ത്രീയോടുള്ള അവന്റെ ദയയെ കരുണയെ സ്നേഹത്തെ കവയിത്രി ഉള്ളില്‍ പ്രണയത്തോടെ വാരിയെടുത്തു ചേര്‍ക്കുന്നുണ്ട് ;എന്റെ കര്‍ണ്ണന്‍' എന്ന കവിതയില്‍ .
അതുപോലെ മറ്റൊരിടത്ത്
"ഒരു പച്ച മനുഷ്യന്‍
എവിടെയുണ്ട് ?
എനിക്കൊന്നു കാണാന്‍ ?
ഒരിക്കല്‍ മാത്രമൊന്നു കാണാന്‍ ?
ഞാന്‍ ഒരു മനുഷ്യനെ
കണ്ടെന്നു പറയാന്‍ ?
ഒരു സമ്മാനം ഏല്‍പ്പിച്ചു പോരുവാന്‍?" (തിരച്ചില്‍ ) കവി സമൂഹത്തിനു നേരെ , മനുഷ്യത്തത്തിന് നേരെ തന്റെ അന്വേഷണം നടത്തുന്ന കാഴ്ച വളരെ പ്രസക്തമായ ഒരു വായനയാണ് . എന്നെ വായിക്കുക ഞാന്‍ ആരെന്നു തിരയരുത് എന്ന് നിശിതമായി പറഞ്ഞു വയ്ക്കുന്ന 'ബഹിഷ്കൃത' എഴുത്തുകാരി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ വളരെ വ്യക്തമായി വരച്ചിടുന്നു .
പ്രണയകവിതകള്‍ , ശോകഭാവനകള്‍ , വിരഹവേദനകള്‍ ഒക്കെ അനുഭവിക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും ഈ പുസ്തകം എന്ന് ഉറപ്പിക്കാം .
45രൂപ വിലയുള്ള ഈ പുസ്തകം പ്രണയിനികള്‍ക്കു ഒരു മുതല്‍ക്കൂട്ട് തന്നെയാകും . ശിവനന്ദയാണ് ഇതിനു അവതാരിക എഴുതിയിരിക്കുന്നത് .
ആശംസകള്‍ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment