Sunday, April 17, 2016

നിഴല്‍ഛായങ്ങള്‍......ശ്രുതി കെ എസ്

പുതുമുഖ എഴുത്തുകാരുടെ വേലിയേറ്റം മൂലം മലയാള സാഹിത്യത്തില്‍ ഇന്ന് വായനക്കാരുടെയും എഴുത്തുകാരുടെയും അനുപാതത്തില്‍ വ്യെത്യാസം വന്നു എന്നൊരു ശ്രുതി സാഹിത്യ ഇടങ്ങളില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആകുന്നില്ല . എന്തുകൊണ്ടാണ് ഇത്തരം വാദഗതികള്‍ ചൂട് പിടിച്ചു നില്‍ക്കുന്നത് എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു വിഷയം ഉണ്ട് . ഇന്ന് പ്രസാധകര്‍ അനവധിയാണ് . വമ്പന്മാരും കൊമ്പന്മാരും ചെറിയ നെത്തോലികളും ഒക്കെ ചേര്‍ന്ന ഒരു മഹാസമുദ്രമായി അത് ഇന്ന് പടര്‍ന്നു കിടക്കുന്നു എന്ന് കാണാം . ഇവിടെ പ്രധാനമായ ഒരു സംഗതി ഇവരുടെ ഇരകള്‍ ആണ് . എഴുത്തുകാരെ ഇവര്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നത് സാഹിത്യത്തെ ഉന്നമനം ചെയ്യാന്‍ വേണ്ടി ഒന്നുമല്ല ഉദരനിമിത്തം മാത്രം ആണ് . അവരില്‍ പലരും തട്ടിക്കൂട്ട് സമ്പ്രദായങ്ങളും ആയി ഇരിക്കുകയും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ചെയ്തുകൊണ്ട് മുന്നോക്കം വരാം എന്ന ധാരണ വച്ച് പുലര്‍ത്തുകയും ചെയ്യുന്നു . വിജയിക്കുന്നവ ഉണ്ട് പരാജയപ്പെടുന്നവരും ഉണ്ട് . എന്തുകൊണ്ടാകും പരാജയം എന്ന് നോക്കിയാല്‍ മനസ്സിലാകുക തിരഞ്ഞെടുപ്പില്‍ തൊട്ടു എഡിറ്റിംഗ് , പ്രിന്റിംഗ് , വില്പന എന്നിവയിലെല്ലാം ഉള്ള പാളിച്ചകള്‍ ആണ് എന്ന് മനസ്സിലാക്കാം . അച്ചടി മാധ്യമങ്ങള്‍ ആവശ്യം വേണ്ടത് ഒരു പാനല്‍ എഡിറ്റ്‌ ബോര്‍ഡ് തന്നെയാണ് . തിരഞ്ഞെടുക്കുന്ന കൃതികളെ പഠിച്ചു അവയില്‍ വേണ്ട ഭേദഗതികള്‍ വരുത്തി , തെറ്റുകുറ്റങ്ങള്‍ മാറ്റി അതിനെ നല്ലൊരു വിരുന്നാക്കാന്‍ അവര്‍ അഹോരാത്രം പണിപ്പെടേണ്ടി വന്നേക്കാം . പക്ഷെ അതിന്റെ ഗുണം സാഹിത്യ മണ്ഡലത്തില്‍ വളരെ നല്ലൊരു മാറ്റത്തിന്റെ തീക്കാറ്റ് വീശുന്നതാകും .
വായനയില്‍ ഇന്ന് തടഞ്ഞത് "ശ്രുതി കെ എസ് "എന്ന എഴുത്തുകാരിയുടെ "നിഴല്‍ഛായങ്ങള്‍" എന്ന കവിതാ സമാഹാരം ആണ് . കേരള ബുക്ക്‌ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തില്‍ ഇരുപത്തി എട്ടു കവിതകള്‍ അടങ്ങിയിട്ടുണ്ട് . നാല്പത്തഞ്ചു രൂപ മുഖ വില . വിജയന്‍ കോടഞ്ചേരിയാണ് അവതാരിക എഴുതിയിരിക്കുന്നത് . ചെറുതും വലുതുമായ ഈ കവിതകളില്‍ കൂടി കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ഒരു ഡയറിക്കുറിപ്പുകള്‍ വായിക്കുന്ന അനുഭവം ആകും.
വളരെ മനോഹരമായ ചില കവിത ശകലങ്ങള്‍ നമുക്കിടയില്‍ വായിച്ചു പോകാന്‍ കഴിയും . എല്ലാ കവിതകളും ഒരു അടുക്കും ചിട്ടയും ഉള്ളതായി തോന്നിയില്ല പലതിലും വാക്കുകളും വരികളും അപൂര്‍ണ്ണത വരച്ചിട്ടു . പക്ഷെ ചില കവിതകള്‍ വായനയെ വളരെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു ."മുറിഞ്ഞുപോയ താരാട്ട്", "മഴ" , "മെഴുകുതിരികള്‍" , "മറവി" , "നിശാസ്വപ്നങ്ങള്‍" തുടങ്ങി ചില കവിതകള്‍ വളരെ നന്നായി പറഞ്ഞവയാണ് .

സാമൂഹിക വിഷയങ്ങളില്‍ അത്ര കണ്ടു പ്രതികരിക്കുന്നവ അല്ല എങ്കിലും മുറിവേറ്റ പെണ്മനം ചില ഇടങ്ങില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് കാണാതെ പോകാന്‍ ആകില്ല . "കണ്ണു കെട്ടിയ നീതി" എന്ന കവിതയില്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ വിഷയം വളരെ കലുഷതയോടെ തന്നെ പറയുന്നുമുണ്ട് .

എഴുത്തില്‍ ഇനിയും ഒരുപാട് തെളിയാന്‍ ഉണ്ട് എന്നത് വായന തരുന്ന പോരായ്മ പറഞ്ഞു തരുന്നുണ്ട് . ആശയങ്ങള്‍ ഉള്ളില്‍ ഉള്ളപ്പോഴും അത് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ഭാഷ കൈകളില്‍ ഉള്ളപ്പോഴും അതിനെ ശരിക്കും വിനിയോഗിക്കാന്‍ ഈ എഴുത്തുകാരിക്ക് ഇനിയും കഴിഞ്ഞുവോ എന്ന് ചിന്തിക്കുമ്പോള്‍ ഒരു വലിയ നിരാശയാകും മറുപടി . ആഴത്തിലുള്ള വായനയും , കൂടുതല്‍ എഴുത്തുകളും കൊണ്ട് നാളെകളില്‍ ഒരു അറിയപ്പെടുന്ന എഴുത്തുകാരി കൂടി പിറക്കും എന്ന് പ്രതീക്ഷിക്കാം .

"ശരീരമില്ലാത്ത ശബ്ദങ്ങള്‍ എന്നെ വട്ടമിട്ടു പറക്കുന്നു ,
കണ്ണീരുണങ്ങിയ രോദനങ്ങള്‍ എനിക്ക് മാത്രം കേള്‍ക്കാം .
ആരൊക്കെയോ എന്നെ പേര് ചൊല്ലി വിളിക്കുന്നു
തിരിച്ചറിയാന്‍ കഴിയാത്ത പരിചയമുള്ള ശബ്ദങ്ങള്‍
കൈനീട്ടിപ്പിടിക്കാന്‍ പലവട്ടം ശ്രമിച്ചു നോക്കി
ശരീരമില്ലാത്ത ശബ്ദങ്ങളെ ഞാനെങ്ങനെ സ്വന്തമാക്കും "
(നിശാസ്വപ്നങ്ങള്‍)
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment