Friday, April 1, 2016

ആദാമിന്റെ പാലവും രാമന്റെ സേതുവും ... രവിചന്ദ്രന്‍ സി

"മതം വലിയൊരു അണക്കെട്ട് ആണ്. അണക്കെട്ട് എപ്പോഴും ഭയക്കുന്നത് ദ്വാരങ്ങളെയാണ്. ചോദ്യങ്ങളും അന്വേഷണങ്ങളും മതമാകുന്ന അണക്കെട്ടിലെ തുളകളായി ഭവിക്കും .ഒരുകാലത്തും മതം അതിനു കൂട്ടു നില്‍ക്കില്ല "

ചില വായനകള്‍ നമ്മെ ഒരൊറ്റ ഇരുപ്പില്‍ തന്നെ പൂര്‍ത്തികരിപ്പിക്കുവാന്‍ തോന്നിപ്പിക്കുന്നവയാണ്. പ്രത്യേകിച്ചും ചരിത്രവും , സംസ്കാരവും , ആചാരാനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ട വസ്തുതകളുടെ നേര്‍ക്കു തുറന്നുപിടിക്കുന്ന കണ്ണാടികള്‍ ആണ് എങ്കില്‍ വായനക്കാരനെ അത് ത്രസിപ്പിക്കുക തന്നെ ചെയ്യും എന്ന് നിശ്ചയമായും ഉറപ്പിക്കാം . വസ്തുനിഷ്ടമായി ഇത്തരം വിഷയങ്ങളെ സമീപിക്കുകയും അവ തുറന്നെഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ വളരെ കുറവാണ് ഇന്ന് . പെയിഡ് എഴുത്തുകാരുടെ ഈ കാലഘട്ടത്തില്‍ അതുകൊണ്ട് തന്നെ വളച്ചൊടിക്കപ്പെടുന്ന ചരിത്രങ്ങളും സത്യങ്ങളും നമ്മെ നോക്കി കൊഞ്ഞനം കുത്തുക സ്വാഭാവികം .
ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം ശ്രീ 'രവിചന്ദ്രന്‍ സി' യുടെ "ആദാമിന്റെ പാലവും രാമന്റെ സേതുവും" വായിക്കപ്പെടേണ്ടത് . ഇതെഴുതപ്പെടുന്ന ചുറ്റുപാടുകള്‍ ഇന്ത്യയില്‍ അടുത്തിടെ വിവാദമായി വളരുകയും തന്മൂലം സ്തംഭിച്ചു നില്‍ക്കുകയും ചെയ്യുന്ന കപ്പല്‍ ചാനല്‍ വികസനത്തിന്റെ പിന്നാമ്പുറക്കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു . ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ ഉള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ അതിരില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച വികസനപ്രധാനമായ ഒരു നടപടിയായിരുന്നു കപ്പല്‍ സഞ്ചാരത്തിനു അനുയോജ്യമായ രീതിയില്‍ കടല്‍പ്പുറ്റുകള്‍ നീക്കം ചെയ്തുകൊണ്ട് വഴിയൊരുക്കുക എന്നത് . ഇതിലൂടെ സമയം , ഇന്ധനം തുടങ്ങി വളരെ വലിയ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം വരെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതും , അതിലൂടെ നേട്ടങ്ങള്‍ രാജ്യത്തിന്‌ ഒട്ടനവധി ആണെന്നുള്ള കണക്കുകൂട്ടലുകളും ആണ് കേവലം മിത്തുകള്‍ക്കിടയില്‍ കുരുക്കിയിട്ടുകൊണ്ട് സംഘ പരിവാര്‍ , ബി ജെ പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുകയും , ആ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നത് . ഇത്തരുണത്തില്‍ രാമനും , രാമായണവും അത് പ്രതിനിധാനം ചെയ്യുന്ന സംഗതികള്‍ എത്രകണ്ട് ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും , അവയുടെ കേവലതയും , രാക്ഷ്ട്രീയലക്ഷ്യങ്ങളും എന്തെന്നും ഇതില്‍ അന്താരാഷ്‌ട്രസമൂഹത്തിന്റെ കൈ കടത്തലുകള്‍ എത്രകണ്ടുണ്ട് എന്നുമുള്ള ഒരു അന്വേഷണം ലേഖകന്‍ പങ്കു വയ്ക്കുന്നത് .
വ്യക്തമായ തെളിവുകളും പഠനങ്ങളും നടത്തി ഒരുക്കിയിരിക്കുന്ന ഈ ലേഖനം ഒരു ചരിത്ര്യാഖ്യായിക പോലെ ഉപയുക്തമാണ് എന്നത് ലേഖകനിലെ അധ്യാപകന്‍റെ സാമൂഹ്യപരമായ കടമയും കര്‍ത്തവ്യവും ആയി വിലയിരുത്താന്‍ കഴിയും .
തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു പുസ്തകം എന്നതിനപ്പുറം ഇത് സ്കൂള്‍ പഠനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുക കൂടി വേണം എന്നൊരു ചിന്ത വായനയില്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ട് .
മൈത്രി ബുക്സ് ഇറക്കിയ ഈ പുസ്തകത്തിന്‌ 120 രൂപ ആണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment