Monday, April 18, 2016

കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍...........വിജു സി പരവൂര്‍


വായനകള്‍ നമ്മെ ആനന്ദിപ്പിക്കുക അവയുടെ സൌന്ദര്യം നമ്മിലേക്ക്‌ കൂടി ചൊരിയപ്പെടുമ്പോള്‍ ആണ് . ഭാഷയുടെ സരളതയും വായനയുടെ താളവും ഒത്തു ചേര്‍ന്ന് ഒരു അനുഭൂതിയുടെ ലോകത്ത് ചില എഴുത്തുകള്‍ നമ്മെ പിടിച്ചു നിര്‍ത്തും . ഒറ്റ വായനകൊണ്ട്‌ തന്നെ മനസ്സിലെ എല്ലാ വിഷമതകളും മഞ്ഞു പോലെ ഉരുകി വീഴും .

പാം സാഹിത്യ സംഘടന പുറത്തിറക്കിയ ശ്രീ 'വിജു സി പരവൂരി'ന്റെ "കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍" എന്ന കഥാ സമാഹാരം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ നല്ല കുറച്ചു കഥകള്‍ വായിക്കാന്‍ കഴിഞ്ഞ അനുഭവം . 180 രൂപ വിലയുള്ള ഈ പുസ്തകം എഴുത്തുകാരന്റെ ആദ്യ കഥാ സമാഹാരം ആണ് . പതിനാലു കഥകള്‍ ആണ് ഇതില്‍ ഉള്ളത് . ഇവയില്‍ എല്ലാ കഥകളും നല്ല നിലവാരം പുലര്‍ത്തിയവ ആണ് . ഇവയില്‍ പ്രവാസവേദനകള്‍ നിറഞ്ഞവയും ഗ്രാമീണ തുടിപ്പുകള്‍ ഉണരുന്നവയും ഒരുപോലെ ഉണ്ട് . അവ ഒട്ടും മടുപ്പോ വിരസതയോ ഇല്ലാതെ നമ്മെ വായനയുടെ ലോകത്തില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യും .

'മുഖപുസ്തകം\ എന്ന ആദ്യ കഥ പറയുന്നത് സോഷ്യല്‍ മീഡിയ ആയ ഫേസ് ബുക്കിലെ കപടനാട്യക്കാരെക്കുറിച്ച് ആണ് . അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന അല്പന്മാരുടെ കേവലതയെ വിവരിച്ചു കൊണ്ട് മുഖപുസ്തകം വിട്ടിറങ്ങുന്ന ഒരാള്‍ ആണ് ഇതില്‍ പ്രധാന കഥാപാത്രം . 'യാത്രകള്‍ അവസാനിക്കുന്നില്ല്ല' എന്ന രണ്ടാമത്തെ കഥ ഒരു ട്രെയിന്‍ യാത്രയും അതില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും ആണ് . യാത്രകള്‍ പ്രത്യേകിച്ചും ദീര്‍ഘ ദൂര യാത്രകള്‍ ചെയ്തിട്ടുള്ളവര്‍ക്ക് പരിചിതമായ ആ ലോകം വളരെ മനോഹരമായി തന്നെ എഴുത്തുകാരന്‍ പറഞ്ഞു വച്ചിട്ടുണ്ട് ഇതില്‍ . തന്റെ കൂടെ യാത്ര ചെയ്ത പെണ്‍കുട്ടിയെയും. യാത്രയില്‍ ഉടനീളം അവള്‍ വായനയില്‍ മുഴുകിയ തടിച്ച പുസ്തകം ഒടുവില്‍ യാത്ര പൂര്‍ണ്ണം ആകുമ്പോള്‍ അയാള്‍ക്ക്‌ കൈമാറുന്നതും . എന്റെ മനസ്സാണു ഇതില്‍ എന്ന് പറയുന്ന ആ ബൈബിള്‍ കൈവശം വച്ചുകൊണ്ട് അവളെ തേടി അയാള്‍ തനിക്കറിയാത്ത ഒരു സ്റ്റേഷനില്‍ അവള്‍ അടയാളപ്പെടുത്തിയ അവസാന പേജിലെ പ്രതീക്ഷയുമായി ഇറങ്ങുന്നതും ആണ് വിഷയം . 'സതീദേവിയും ഒരമ്മയാണ് 'എന്ന കഥ വളരെ കാലികമായ ഒരു വിഷയത്തെ ആണ് കൈകാര്യം ചെയ്യുന്നത് . കുട്ടികളെ പീഡിപ്പിക്കുന്ന അച്ചന്മാരുടെ കഥകള്‍ കേട്ടും വായിച്ചും അനിരുദ്ധനെന്ന അച്ഛനെ രണ്ടാം ക്ലാസ്സില്‍ ആയ തന്റെ മകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സതീ ദേവി എന്ന അമ്മയുടെ കഥ ആണ് ഇത് .
"എനിക്ക് ഭയം തോന്നുന്നു , നിന്നെയും നിന്റെ വാക്കുകളെയും . പക്ഷെ നീ ഒന്ന് മറക്കരുത് . ഞാനൊരച്ഛനാണ് . ഇന്ദുവിന്റെ അച്ഛന്‍ " എന്ന അയാളുടെ വിലാപം ഏതൊരു പിതാവിന്റെയും ഉള്ളില്‍ പൊള്ളല്‍ വീഴ്ത്തും .
" എനിക്ക് പേടിയാണ് . എന്റെ മോളെ തൊടുന്നവരെയെല്ലാം , അത് നിങ്ങളായാല്‍ പോലും " എന്ന സതീദേവിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഇന്നത്തെ ഓരോ അമ്മ മനസ്സിന്റെയും വിഹ്വലതകള്‍ ഒപ്പിയെടുക്കാന്‍ കഴിയും . ഒടുവില്‍ അച്ഛനും മകളും ഒരു കൂരയില്‍ ഒരുമിച്ചു ആകുന്നതു അമ്മയില്‍ ഉണര്‍ത്തുന്ന അരക്ഷിതാവസ്ഥയുടെ അങ്ങേ തലത്തില്‍ എത്തുമ്പോള്‍ വേദനയോടെ അയാള്‍ അവരെ ഗ്രാമത്തിലേയ്ക്ക് അയക്കുകയാണ് . നാടും നാട്ടിന്‍ പുറത്തിന്റെ നന്മയും അവരെ സന്തോഷകരമായ ഒരു ജീവിതത്തിനു പര്യാപ്തമാക്കും എന്ന ചിന്തയില്‍. ആത്മീയതയുടെയും യാന്ത്രിക ജീവിതത്തിന്റെയും ഇരട്ടമുഖങ്ങളും അവയുടെ പൊള്ളത്തരങ്ങളും വിളിച്ചു പറയുന്നു 'പരിണാമം' എന്ന കഥ . ഒടുവില്‍ ആത്മീയതയുടെ പ്രതീകമായ ഗുരുജി തന്റെ നഷ്ടമാകുന്ന ആത്മബലം മൂലം വല്ലഭന്‍ എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തെ ഏറ്റെടുത്തു ഭൌതികതയിലെക്കും ഗുരുജിയുടെ നരച്ച കാവി വേഷം ഏറ്റെടുത്തു രാമനില്ലാത്ത കാട്ടിലേക്ക് ആത്മീയത തേടി വല്ലഭനും യാത്രയാകുന്നു . 'നൂതന രൂപങ്ങളും', 'സംഭവിച്ചു കൂടാന്‍ പാടില്ലാത്ത ചിലതും'
കൈകാര്യം ചെയ്യുന്നത് ഒരു എഴുത്തുകാരന്റെ രണ്ടു മുഖങ്ങളെ ആണ് . ഒന്നില്‍ എഴുത്തുകാരന്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി , വാക്കുകള്‍ക്കു വേണ്ടി , എഴുത്തുകാരന്‍ ആകാന്‍ വേണ്ടി ഉള്ള ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്നു എങ്കില്‍ മറ്റൊന്നില്‍ എഴുത്തുകാരന്റെ ദാരിദ്ര്യം കച്ചവടമാക്കാന്‍ എത്തുന്ന പ്രവാസി ധനികന്റെ പണക്കൊഴുപ്പില്‍ തന്റെ അക്ഷരങ്ങളുടെ പിതൃത്വം വില്‍ക്കുന്ന എഴുത്തുകാരന്റെ ധര്‍മ്മ സങ്കടം ആണ് വിഷയമാകുന്നത് . 'ഓര്‍മ്മകളില്‍ ചില ആള്‍ രൂപങ്ങള്‍' എന്ന കഥ പ്രവാസലോകത്ത്‌ എരിഞ്ഞു തീരുന്ന ജന്മങ്ങളുടെ കഥ പറയുന്നു . അമ്പതു വയസ്സ് കഴിഞ്ഞ കുമാരേട്ടനിലൂടെ ജീവിതത്തിന്റെ എല്ലാ നല്ല കാലവും കുടുംബത്തിനു വേണ്ടി ഹോമിക്കുകയും ഒടുവില്‍ മകന്റെ "അമ്മയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ അച്ഛനു കഴിഞ്ഞോ" എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയും ചെയ്യുന്ന രംഗം വളരെ തീക്ഷ്ണമായ ഒരു സത്യമാണ് എഴുത്തുകാരന്‍ പറയുന്നത് എന്ന് ബോധ്യപ്പെടുത്തുന്നു .
"അവര്‍ക്കൊക്കെ ഞാന്‍ വര്‍ഷം തോറും ചെല്ലുന്ന തുണിക്കച്ചവടക്കാരന്‍ മാത്രം .... തോറ്റുപോയടോ , ജീവിതത്തില്‍ കുമാരേട്ടന്‍ തോറ്റുപോയി " എന്ന വാക്കുകള്‍ ഓരോ പ്രവാസ ജീവിതത്തിന്റെയും പരിശ്ചേദമാകുന്നു .
മദ്യപാനത്തിന് കുമാരേട്ടന്‍ പറയുന്ന ന്യായീകരണം വളരെ പ്രസക്തമാണ്‌ . "ഇവിടെ യാത്രയ്ക്ക് കൂട്ടിനു ലഹരിയുണ്ട് , ലഹരി ജീവിതത്തെ തിരിച്ചു പിടിക്കില്ല . പക്ഷെ കരുത്തു പകരും. താല്‍ക്കാലികമായ കരുത്തു . അത് ചിലപ്പോള്‍ ജീവിതത്തെ നഷ്ടപ്പെടുത്തിയേക്കും . എങ്കിലും ആ താത്കാലിക കരുത്തിന്റെ ധൈര്യത്തിലാണ് ഇവിടെയെല്ലാവരും. കെട്ടുപൊട്ടിയ പട്ടം പോലെ .... ലക്ഷ്യമില്ലാത്ത സഞ്ചാരിയെ പോലെ ... ഒരിക്കലും അവസാനിക്കാത്ത ജീവിതയാത്ര . "
നര്‍മ്മ പ്രധാനമായ ഒരു കഥയാണ് 'കല്ലുവിള നീലകണ്‌ഠപ്പിള്ള' . അരിശം വന്നാല്‍ കണ്ണ് കാണാന്‍ വയ്യാത്ത പിള്ളയുടെ മകളെ ചോദിച്ചു വന്നവരെപോലും തല്ലി വിടുന്ന ആ അരിശം വളരെ മനോഹരമായ ഹാസ്യത്തിന്റെ അവതരണത്തിലൂടെ എഴുത്തുകാരന്‍ സമ്മാനിക്കുന്നു . പ്രവാസത്തിന്റെ മറ്റൊരു കഥയാണ് തലക്കെട്ട്‌ പറയുന്ന കഥ . 'കുടിയിറക്കപ്പെട്ടവന്റെ നിലവിളി' . ശരിക്കും ഒരു ശരാശരി ഗള്‍ഫ്ജോലിക്കാരന്റെ കുടുംബവും ഒത്തുള്ള ജീവിതം എത്ര കണ്ടു ദുഷ്കരം ആണ് എന്ന് പറയുന്ന ഈ കഥ ശരിക്കും യാഥാര്‍ത്ഥ്യത്തോടുള്ള ഒരു നിലപാട് പങ്കുവയ്ക്കല്‍ ആണ് എന്ന് പറയാം . മാളുകളില്‍ ചെന്നാല്‍ വലിച്ചുകൊണ്ട് ഓടുന്ന നജീബ് ഭാര്യ അവയൊന്നിലും കണ്ണുടക്കി വാങ്ങി തരാന്‍ പറയാതിരിക്കാന്‍ ഉള്ള രക്ഷപ്പെടല്‍ ആണെന്ന് അവള്‍ക്കും അറിയാം എന്നുള്ളത് ആണ് വായനക്കാരനെ നോവിക്കുന്ന സത്യം . നാല് ചുവരുകള്‍ക്കുള്ളില്‍ മൂന്നു കൊല്ലമായി ജീവിച്ചു തീര്‍ക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സ് വളരെ നന്നായി അവതരിപ്പിക്കുന്നു ഇവിടെ . ഒടുവില്‍ സാമ്പത്തിക മാന്ദ്യം ഓരോ വീടുകളിലേക്കും എത്തുമ്പോള്‍ അയാള്‍ അവരെ നാട്ടിലേക്ക് അയക്കുന്നതും ഫേസ് ബുക്കില്‍ സ്ടാടസ് ഇടുന്നതും ഒക്കെ വായിക്കുമ്പോള്‍ പ്രവാസിയായ ഓരോ പ്രാരാബ്ദക്കാരനും തന്റെ ഉള്ളിലേക്ക് ഒന്ന് നോക്കും. 'മുഖമില്ലാത്ത ഒരാളും പിന്നെ കുറെ മനുഷ്യരും' ഇതുപോലെ പ്രവാസഭൂമികയുടെ കഥ പറയുന്നു . ബാച്ചിലര്‍ ആയ കുറച്ചു പേരുടെ , മതമോ ജാതിയോ വര്‍ണ്ണമോ ഇല്ലാതെ ഒരു പാത്രത്തില്‍ കഴിച്ചു ഒരു പായില്‍ ഉറങ്ങുന്ന ചിത്രം വരച്ചിടുന്നു . മറ്റൊന്ന് 'അയാളും ഒട്ടകങ്ങളും' എന്ന കഥയാണ് . മരുഭൂമിയില്‍ വഴിതെറ്റി ഒരു മസറയില്‍ എത്തുന്ന അയാളെ അവിടെ ഒട്ടകങ്ങളെ സംരക്ഷിക്കുന്ന മലയാളി സ്വീകരിച്ചു ഭക്ഷണം കൊടുത്തു ഒരു രാത്രി കൂടെ താമസിപ്പിച്ചു പിറ്റേന്ന് നഗരത്തിലേയ്ക്ക് യാത്രയാക്കുന്ന കഥയാണ് . രാത്രിയുടെ മരുഭൂമിയുടെ സൗന്ദര്യവും നിശബ്ദതയും വിവരിക്കുന്ന വരികള്‍ ഓരോ വായനക്കാരനും അത് അനുഭവപ്പെടുന്ന രീതിയില്‍ വരച്ചു വച്ചിരിക്കുന്നു എന്ന് കാണാം . 'അ,അംബികാദേവിയുടെ കാഴ്ചപ്പാടുകള്‍' എന്ന കഥ പറയുന്നത് ഇന്നത്തെ നിലവില്‍ നില്‍ക്കുന്ന ഒരു സാമൂഹിക കാഴ്ചപ്പാട് ആണ് . മുന്‍പ് ഗള്‍ഫ് ജോലിക്കാരന്‍ പകിട്ടുള്ളവന്‍ ആയിരുന്നു എങ്കില്‍ ഇന്നവന്‍ വിവാഹക്കമ്പോളത്തില്‍ വിലയില്ലാത്ത ഒരാള്‍ ആണെന്ന സത്യത്തെ അംബികയിലൂടെ പറഞ്ഞു വയ്ക്കുന്നു കഥാകൃത്ത്‌ . 'ഇറച്ചിവെട്ടുകാരന്റെ മകള്‍ ' , ആയകാലത്ത് മാടമ്പി വീട്ടിലെ പെണ്ണിനെ വശീകരിച്ചു ഉപയോഗിച്ച ഇറച്ചി വെട്ടുകാരന്‍ ഒടുവില്‍ മാടംബികളാല്‍ ആക്രമിക്കപ്പെട്ടു ഒരു കൈ നഷ്ടപ്പെട്ടു അവിടം വിട്ടുപോകുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ ക്ഷയിച്ചു പോയ മാടമ്പി തറവാടും ഭ്രാന്തിയായി മരിച്ചുപോയ കാമുകിയും പിന്നെ അവളില്‍ തനിക്കു പിറന്ന മകള്‍ ഇന്നാ ദേശത്തിലെ എല്ലാവര്‍ക്കും വധു ആണെന്ന അറിവും നല്‍കുമ്പോള്‍ മരണം മാത്രം ബാക്കിയാകുന്നു നിനക്കെന്ന അവധൂതന്റെ വാക്കുകള്‍ക്കു മുന്നില്‍ പകച്ചിരിക്കുന്ന കഥ പറയുന്നു .
എഴുത്തിലെ മനോഹരമായ ഭാഷയും ലാളിത്ത്യവും കൊണ്ട് ഈ എഴുത്തുകാരന്‍ വ്യത്യസ്തത പുലര്‍ത്തുന്നു . തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ കഴിവുള്ള അക്ഷരമാലകള്‍ കൈവശമുള്ള ഈ എഴുത്തുകാരന്റെ കൂടുതല്‍ എഴുത്തുകള്‍ സാഹിത്യത്തിന്‌ ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു ..
സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment