Wednesday, February 26, 2014

ഉറപ്പു


അകലങ്ങളില്‍
കാണാക്കയങ്ങളില്‍
ഒരു തേങ്ങല്‍ പോല്‍ നീയുണ്ട്
ഒരു മൗസ് ക്ലിക്കില്‍
ഒരു കാള്‍ബട്ടണില്‍
പെയ്തു തോരാവുന്നൊരു മഴയായി .
എങ്കിലും ഞാന്‍
ഒരിക്കല്‍പോലും നിന്നെ വിളിക്കില്ല .
കാരണം
ആ തേങ്ങലൊന്നായെന്റെ നെഞ്ചിലലച്ചു വീഴണം
ഒരു മഹാമേരുവായി
അതേറ്റു വാങ്ങണമെനിക്കൊരിക്കല്‍
പക്ഷെ എനിക്കറിയില്ല
തണുത്തുറയുന്ന ശവങ്ങള്‍ക്ക്‌
വികാരങ്ങളുണ്ടാകുമെന്നു .
ഉണ്ടാകുമെങ്കില്‍
ഞാന്‍ നിന്നെ വാരിപ്പുണര്‍ന്നേക്കും
-----------------------ബി ജി എന്‍

Tuesday, February 25, 2014

ധ്വജഭംഗം


ദാഹിക്കുംബോഴൊക്കെ ഞാനോര്‍ക്കുന്നു
ഇരുട്ടില്‍ കടിച്ചു കുടഞ്ഞ
പെണ്ണുടലുകളുടെ ഉറഞ്ഞ തേങ്ങലുകള്‍
എന്നെ വരിയുന്നത് .
തണുപ്പരിച്ചിറങ്ങുന്ന രാവുകളെ
ഭയക്കുന്നു ഞാന്‍
ഉദ്ധരിക്കാനാകാത്ത
മാംസപിണ്ഡമോര്‍ക്കവേ
പിച്ചിചീന്തിയ പൂവുടലുകള്‍
കണ്ണില്‍ കുത്തി നോവിക്കുന്നു .
ഭോഗാസക്തിയുടെ ഉഷ്ണരാവുകളിലോന്നില്‍
കരഞ്ഞു കാറാതെ
പിടഞ്ഞു മാറാതെ
കല്ലുപോലോരുത്തി
കടിച്ചു പറിച്ചോരു കാമക്കലിയില്‍
ഉടല് വിറച്ചോരവസാനരാത്രി .
ഇന്ന് പകലുകള്‍
രാവുകള്‍
വെളിച്ചം ,
നിഴലുകള്‍
വര്‍ണ്ണങ്ങള്‍ ,
ശബ്ദങ്ങള്‍
ഇല്ല
ഭയമരിക്കുന്ന തലച്ചോര്‍ മാത്രം
ഒരു പെണ്സ്വരം പോലും .
-----------ബി ജി എന്‍

Friday, February 21, 2014

ഞാനിങ്ങനെ.....


ആഴങ്ങളിലേക്കൂളിയിട്ടിറങ്ങുന്ന സ്നേഹം പോലെ
രണ്ടു മിഴികളെന്നെ പൊതിയവേ
കാലം തെറ്റി പെയ്യുന്ന മഴയില്‍ കുളിച്ചു
ഈറനോടെയിരുളില്‍ ഞാന്‍ !

സൗരഭ്യം പേറുന്ന നറുപുഞ്ചിരിയും
ഹൃദയമലിയിക്കും  സ്വരവീചികളും
ഉല്‍ക്കമഴ പെയ്യിക്കും താഴ്വരകളില്‍
പുഷ്പശരമേറ്റ മാന്‍കുട്ടിയെപ്പോല്‍
വിഹ്വലം എന്തിങ്ങനെ ഞാന്‍ !

കാമത്തിന്റെ തേള്‍ക്കുത്തില്ലാതെ
മോഹത്തിന്റെ തേനീച്ചകൊമ്പു കൊള്ളാതെ
പ്രണയത്തിന്റെ തലോടല്‍ കൊതിച്ചു
മുയല്‍ക്കുഞ്ഞിന്‍ ജന്മം കടമെടുക്കുന്നു
കാരസ്കരത്തിന്‍ ചക്ഷകവുമായിന്നു ഞാന്‍ !

എന്നിലെ പ്രവാഹമേ, നിന്നിലേക്ക്‌
തിരമാലകള്‍ പോലാര്‍ത്തലച്ചു വീഴവെ
ചേര്‍ത്തണച്ചൊരു സ്നേഹച്ചുമ്പനത്തില്‍
ജന്മസാഫല്യമായി മിഴിപൂട്ടിയിങ്ങനെ ഞാന്‍ !  
----------------------------ബി ജി എന്‍

Wednesday, February 19, 2014

വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍


പകിടകളിയുടെ പഴം പുരാണങ്ങളില്‍
പലകുറി പൊരുതി തോറ്റപ്പോള്‍
കാവിയുടെ നനുത്ത തണുപ്പില്‍ മുങ്ങി
ജീവിതം പച്ചപിടിപ്പിക്കുന്നു ചിലര്‍ .

കാമത്തിന്റെ വഴുവഴുപ്പാര്‍ന്ന സമതലങ്ങളില്‍
കണ്ണീരിന്‍ ഉപ്പുലായനി തളിച്ച്
സിംഹാസനങ്ങള്‍ക്ക് ചാമരം വീശിടും
പീനസ്തനികള്‍ക്ക് നിദ്രയില്ലാതാകുന്നു .

വാരിപ്പുണരുന്ന മേദസ്സുകളിലൂടെ
വാരിയെടുക്കുന്ന പൊന്‍പണങ്ങള്‍ നോക്കി
മെനോപ്പാസത്തിന്റെ അടിവേരുകള്‍ വരയ്ക്കുന്നു
കാലത്തിന്റെ ആര്‍ത്തവചിത്രങ്ങള്‍ .

ഊരിപ്പിടിച്ച ജീവനുമായോടിതളരുന്ന
മുകുളങ്ങളെ കണ്ടാല്‍ പോലും
ത്രസിക്കില്ലൊരു മുലഞെട്ടും ,
കന്മദമുയിര്‍ കൊള്ളില്ലിവിടെ
ഒരു ചെറുകരിമ്പാറകളിലും പോലുമേ.
-------------------ബി ജി എന്‍

Tuesday, February 18, 2014

ശാന്തി തീരം


നിന്റെ മുലകളില്‍
നോക്കിയിരിക്കുമ്പോഴാണ്
ഞാന്‍ സ്നേഹത്തെ കുറിച്ച്
ഓര്‍ത്ത്‌ തുടങ്ങുന്നത് .
ഓരോ ഇതളായി നിന്നെ
അടര്‍ത്തി എടുത്തു
കൈവെള്ളയില്‍ വച്ച് കഴിയുമ്പോള്‍ അറിയുന്നു
സ്നേഹം എന്നത്
പിടിച്ചടക്കല്‍ അല്ല ,
വേദന നല്കാതുള്ള തിരഞ്ഞെടുക്കല്‍
പോലെ മധുരമെന്നു .
എന്റെ കണ്ണുകള്‍ എന്നെ വഞ്ചിക്കാതിരിക്കാന്‍
ഞാന്‍ നിന്റെ ചുണ്ടുകളിലേക്ക്‌ മാറുന്നു
പിന്നെ
ജീവിതത്തിന്റെ മധുവുണ്ണാന്‍
ശലഭങ്ങള്‍ ചിറകു താഴ്ത്തി
അമരുന്നത് കാണുമ്പോള്‍
ക്ഷണികം ഈ ജന്മമെങ്കിലും
മധുരമെന്നോര്‍ത്തു
ജീവിക്കാന്‍ മോഹിച്ചു തുടങ്ങുന്നു ഞാന്‍ .
അകക്കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന
സമുദ്രം പോലെ
നിന്റെ കണ്ണുകള്‍ എന്നിലേക്ക്‌ നീളുന്നു.
മരണം പോലെ തണുപ്പാര്‍ന്ന
ശാന്തത കണ്ടു
ഞാനതിലേക്ക് ഊളിയിടുന്നു
ഒരന്വേഷകനെ പോല്‍ .
---------ബി ജി എന്‍

Monday, February 17, 2014

കിണറിനൊരു ചരമഗീതം



വേനലിന്‍ വരണ്ട മണ്ണില്‍
തേങ്ങലിന്‍ തുള്ളികള്‍ വീണു മരിക്കവേ
ഇറ്റ് കണ്ണീര്‍ പൊഴിക്കാതെ മുറ്റത്ത്
ചെപ്പൊരെണ്ണം മാനം നോക്കിയിങ്ങനെ.

കണ്ടു നിന്ന നിമിഷം കൊണ്ട്
കുണ്ടിലെക്കിറങ്ങുന്നു ചുറ്റിലും
കണ്ടു കണ്ടങ്ങിരിക്കും ജലത്തിനെ
കണ്ടില്ലെന്നു വരുന്നുണ്ട് പുലരിയില്‍ .

മണ്ണ് മച്ചിയായി മാറുന്ന പകലുകള്‍
ഇന്നവയല്ലാതൊന്നുമില്ലെങ്ങുമേ
കുപ്പിയില്‍ അടച്ചു പൂട്ടിയ
ദാഹനീര്‍ കുടിച്ചു നീ കൊതിച്ചുള്ള
തെളിനീരിന്‍ ഉറവകള്‍ വറ്റിയീ
കരയിലൊരു കിണര്‍ പോലുമില്ലിനി
തരുവാനാ ഓര്‍മ്മകളല്ലാതെ .

ഉയരുന്നു ചുറ്റിലും മണിമേടകള്‍
തകരുന്നു കുന്നുകള്‍ മലകളും
വരളുന്ന പുഴയും കണ്ടല്‍കാടുമാ
തോട്ടുവക്കിലെ പരല്‍മീനുകളും.

കാടുകള്‍ , കാവുകള്‍
തൊടിയിലെ പച്ചപ്പുകള്‍
ഒന്നുമിന്നിവിടെ കാണുവാനില്ലിനി
സിമന്റ് തിന്നുന്ന മണ്ണില്‍
പൂമുഖം കരഗതമാക്കുന്നു
പ്ലാസ്റിക് പൂവുകള്‍ .

മകനെ മറക്കുക നീയിനി
തുമ്പയും തെച്ചിയും നാലുമണിപ്പൂവും
പതിയെ മറക്കുക നാടും
നിന്റെ വേരുകളും .
ഇനി വരും കാലം
നിനക്കോര്‍ക്കുവാന്‍ തരിക
ഗതകാല സ്മരണകള്‍ തന്‍
ശവകുടീരങ്ങള്‍ മാത്രം .
---------------ബി ജി എന്‍

Saturday, February 15, 2014

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കൊരുത്തരം


വിഷാദ വീചികള്‍ നൂലേണി കെട്ടുന്ന
വിടര്‍ന്ന നിന്‍ അധരങ്ങളില്‍ മിഴി വീഴവെ

മറന്നു പോകുന്നു ഞാന്‍ കാലം വരച്ചിട്ട
അജ്ഞാതരേഖകളതെല്ലാം തന്നെ .

അനന്തമാം കാലത്തിന്‍ ഇരുണ്ടവനികളില്‍
നിന്നെന്നോ ഉദിച്ചൊരു നക്ഷത്രമേ

നിന്‍ തിളക്കമെന്‍ മനസ്സില്‍ നിറയ്ക്കവേ
വെളിച്ചമുതിരുന്നെന്‍ വഴിത്താരകള്‍ നീളെ .

അരുതരുതെന്നെ അനുഗമിക്കരുതിനി
അലസം പിറകോട്ടൊതുങ്ങുക നീയിനി.

ഈ ഓര്‍മ്മകള്‍ തന്‍ ശീവേലിയില്‍ ഞാന്‍
മയങ്ങട്ടെ മറന്നൊന്നുറങ്ങട്ടെയിനിയെന്നും .
--------------------ബി ജി എന്‍ ---------

Tuesday, February 11, 2014

പ്രണയവസന്തം


പറയാൻ മറന്ന പരിഭവമെല്ലാമീ -
പകലിന്റെ മാറിൽ കുടഞ്ഞിടാമിനി .
അരികിലാണോമലേ നീയെങ്കിലും
അകലം മനസ്സിനെ നോവിക്കുന്നു .

ഇഴകൾ നെയ്തു ഞാനൊരുക്കുമീ -
യക്ഷരത്തിരകളിൽ നീയൊന്നുമുങ്ങി
നിവരുകിലറിയാമെൻ കണ്ണീരിൻ
ലവണരസത്താലീ പ്രണയമിനിക്കതു .

രാവുകളെന്നെയുറക്കാതെ സ്നേഹിച്ച
കാമിനീ നിന്നുടെ ഓർമ്മച്ചിറകുകൾ
ചാമരം വീശിയെന്നരികിലിരുന്നപ്പോൾ
മിഴികൾ സജലമാകുന്നതെന്തിനോ ?

പ്രണയിക്കുവാനായ്  മാത്രമൊരു ജന്മം
അവനിയിൽ പിറന്നുവെങ്കിലതു ന്യൂനം  
അതിനെന്റെ പേര് ഞാൻ ചാർത്തിടും
അതിനെന്റെ ജീവിതം  നല്കിടും ചിരം .

ഒരുകാലമിരുൾ മാറി വെളിച്ചം പരക്കും
മിഴികൾ തുറന്നു നീ ചുറ്റിലും നോക്കീടും
അതുകാലമെന്നുടെ പ്രണയത്തിൻ പൂക്കൾ
അതിദ്രുതം നിന്നെ പുണരും വസന്തം .!
--------------------- ബി ജി എൻ -------



രക്താര്‍ബുദം കാര്‍ന്നു തിന്ന പ്രണയം .

യാത്രകള്‍ എന്നും സുഖമുള്ള ഒരു വസ്തുതയാണ് . ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്തെങ്കിലും ഒക്കെ തരുന്നത് കൊണ്ട് യാത്രകള്‍ എനിക്കെന്നും ഇഷ്ടം ആണ് .
അസുഖകരമായതോ സുഖകരമായതോ ആയ എന്തും യാത്രകളില്‍ നമ്മെ കാത്തിരിക്കാറുണ്ട് . ഹ്രസ്വ കാലത്തേക്ക് മാത്രംപൂത്തു വിടര്‍ന്ന എന്റെ ഒരു പ്രണയം അല്ലെങ്കില്‍ ഭ്രമം അതിനെ കുറിച്ച് ഞാന്‍ ഓര്‍ക്കട്ടെ , പങ്കു വയ്ക്കട്ടെ . സ്ഥിരമായ പ്രണയ കഥകളില്‍ നിന്നും ഒന്നും തന്നെ വേറിട്ട്‌ ഇല്ല എങ്കിലും അനുഭവം ഒരു അനുഭവം തന്നെ ആണല്ലോ .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരിക്കല്‍ എന്റെ ഒരു ചേച്ചിക്ക് മദ്രാസില്‍ ഒരു ഇന്റര്‍വ്യൂവിനു പോകണമായിരുന്നു അപ്പോളോ ഹോസ്പിറ്റലില്‍ . യാത്രയ്ക്ക് തുണയായി കൂട്ടിയത് മൂത്തേച്ചനും(അച്ഛന്റെ ജ്യേഷ്ടന്‍ ) ചേച്ചിയും എന്നെ ആയിരുന്നു . എനിക്കാണേല്‍ സന്തോഷം ഒരു ദൂരയാത്ര തരപ്പെട്ടല്ലോ .
ഞങ്ങള്‍ മദ്രാസ് മെയിലില്‍ യാത്ര പുറപ്പെട്ടു . ആഘോഷപൂര്‍വ്വം യാത്രയൊക്കെ ചെയ്തു ഞങ്ങള്‍ പുലര്‍ച്ചെ തന്നെ മദ്രാസില്‍ എത്തി . യാത്ര വളരെ സന്തോഷപ്രദം ആയിരുന്നു . വയലുകളും കുളങ്ങളും പുഴകളും പച്ചപ്പും മലകളുടെ കോടമഞ്ഞും തണുപ്പും എല്ലാം കൂടി വളരെ മനോഹരം . പുലര്‍ച്ചെ മദ്രാസില്‍ കയറുമ്പോള്‍ പക്ഷെ പാളങ്ങളില്‍ ഇരു വശത്തും തല മൂടി ഇരിക്കുന്ന കോളനിക്കാരെ കണ്ടില്ലെന്നു നടിക്കാതെ , മൂക്ക് പൊത്തി പിടിക്കാതെ രക്ഷയില്ലായിരുന്നു എന്നത് മാത്രം യാത്രയുടെ അവസാനം നശിപ്പിച്ചു എന്ന് പറയാം .
ഹോട്ടലില്‍ മുറി എടുത്തു അപ്പോഴേക്കും എന്റെ ചേട്ടനും അവിടെ എത്തി ആന്ധ്രയില്‍ നിന്നും . അങ്ങനെ അപ്പോളോയില്‍ ഒക്കെ പോയി ഇന്റര്‍വ്യൂ കഴിഞ്ഞു ഉച്ച കഴിഞ്ഞു തിരിച്ചും യാത്ര . എങ്ങും പോകാനും കറങ്ങാനും കഴിയാത്ത വിഷമം ഉള്ളില്‍ വച്ച് തിരികെ ട്രെയിനില്‍ കയറി . ജെനറല്‍ ബോഗി ആയിരുന്നു പക്ഷെ അധികം ആളുകള്‍ ഇല്ലായിരുന്നു യാത്രയില്‍ .
എന്റെ തിരികെ ഉള്ള യാത്രയില്‍ ഒരു വശത്ത്‌ ഞാനും ചേച്ചിയും മൂത്തേച്ഛനും ഇരുന്നപ്പോള്‍ എതിര്‍ വശത്ത് ഒരു യുവാവും രണ്ടു പെണ്‍കുട്ടികളും ആയിരുന്നു ഇരുന്നത്. അധികം തിരക്കുകള്‍ ഇല്ലായിരുന്നതിനാല്‍ എല്ലാരും വളരെ സന്തോഷത്തില്‍ ആയിരുന്നു . തുടക്കം മുതലേ ഞാന്‍ എനിക്ക് മുന്നില്‍ ഇരിക്കുന്നവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . യുവമിഥുനങ്ങളെ പോലെ ഇരുന്ന ആ യുവാവും അടുത്തിരുന്ന പെണ്‍കുട്ടിയും പരസ്പരം കൈകള്‍ കൈകളില്‍ വച്ച് സ്വപ്നത്തില്‍ ലയിച്ചെന്ന പോലെ  പരസ്പരം തല ചേര്‍ത്ത് വച്ച് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു . അടുത്തിരുന്ന പെണ്ണ് എനിക്ക് നേരെ എതിര്‍വശത്ത് ഇരുന്ന , ആ കുട്ടി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു . ആ കമിതാക്കള്‍ ഇടയ്ക്കിടെ പാട്ട് പാടിയും മറ്റും സമയം പോക്കുന്നുണ്ടായിരുന്നു .
രാത്രി ഇരുണ്ടു തുടങ്ങിയപ്പോള്‍ എല്ലാരും ഭക്ഷണം  കഴിച്ചു മയങ്ങി ത്തുടങ്ങി . ചേച്ചി കിടന്നുറക്കം തുടങ്ങി മൂത്തേച്ഛനും ഉറക്കം പിടിച്ചു . യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്നതിനാല്‍  ഞാന്‍ മാത്രം ഉറങ്ങാതെ ഇരിപ്പ് ആണ് മുന്നിലെ പ്രണയനാടകങ്ങള്‍ അവഗണിച്ച ഞാന്‍ ആ ഒറ്റക്കിരിക്കുന്ന പെണ്കുട്ടിയിലേക്ക് ശ്രദ്ധ പതിപ്പിച്ചു . എന്റെ നോട്ടം കണ്ടിട്ടാകാം അവള്‍ കണ്ണടച്ച് പിറകിലേക്ക് ചാരി ഇരുന്നു ഉറക്കം തുടങ്ങി .കാലിന്മേല്‍ കാലു കയറ്റി വച്ചിരുന്ന അവളുടെ ചെരുപ്പ് എന്റെ കാലില്‍ ഉരയുന്നുണ്ടായിരുന്നു. ഒരു തമാശക്ക് ഞാന്‍ ആ ചെരുപ്പ് തട്ടി ഇട്ടു. വെറുതെ എന്റെ പാന്റ് എന്തിനു കേടാക്കണം .
അവള്‍ ഒന്നുമറിയാത്ത പോലെ ഉറക്കം നടിച്ചിരുന്നു . അതെ അങ്ങനെ ആണ് എനിക്കും തോന്നിയത് . കുറെ കഴിഞ്ഞപ്പോള്‍ അപ്പുറത്തെ സീറ്റില്‍ നിന്നും രണ്ടു മൂന്നു പിള്ളേര്‍ ഇടനാഴിയിലൂടെ നടപ്പാരംഭിച്ചു . അവര്‍ പോകുന്ന പോക്കില്‍ ഈ പെണ്‍കുട്ടിയുടെ കയ്യിലും തോളിലും കയ്യുകള്‍ ഉരസി പോകുന്നത് ആദ്യം സ്വാഭാവികം ആയി തോന്നി എങ്കിലും അവര്‍ അതിനു വേണ്ടി മാത്രം ഊഴം വച്ച് നടപ്പ് തുടങ്ങിയപ്പോള്‍ അവരുടെ കയ്ക്ക് ലക്‌ഷ്യം ഉണ്ടെന്നു കണ്ടു. മാത്രവുമല്ല ആ കുട്ടി എന്നെ ദയനീയമായൊന്നു നോക്കുകയും ചെയ്തു . എന്നിലെ വീരശൂര പരാക്രമിക്ക് വെറുതെ അടി വാങ്ങി കെട്ടാന്‍ ഉള്ള ആരോഗ്യമില്ലാത്തോണ്ട് ഞാന്‍ ആ കുട്ടിയോട് കുറച്ചു നീങ്ങി ഇരിക്കാന്‍ പറഞ്ഞു . അതോടെ അവള്‍ക്ക് ശല്യം മാറി കിട്ടി എനിക്കൊരു പുഞ്ചിരിയും. ഹാവൂ എന്തൊരാശ്വാസം . യാത്ര പിന്നെയും നീണ്ട് പോകുന്നു . ഇരുട്ടില്‍ ട്രെയിനിന്റെ കടകട ശബ്ദവും ഇടയ്ക്കിടെ ഉള്ള ചൂളം വിളിയും മാത്രം ബാക്കി ആയി . കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കുട്ടിയുടെ അടുത്തേക്ക്‌ അവള്‍ നീങ്ങി ഇരുന്ന ഇടത്തേക്ക് കാലുകള്‍ നീട്ടി വച്ച് പിറകിലേക്ക് ചാരി കിടന്നു വരുമ്പോള്‍ വാങ്ങിയ ഒരു മാഗസിന്‍ വായന തുടങ്ങി .
പ്രണയകുരുവികള്‍ ഈ സമയം ജനാലയിലേക്ക് ഒതുങ്ങി ഒരാളിന്റെ നെഞ്ചില്‍ മറ്റൊരാള്‍ ഉറക്കം ആയി കഴിഞ്ഞിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കാലില്‍ ഒരു ഭാരം തോന്നി നോക്കുമ്പോള്‍ ഈ കുട്ടി എന്റെ കാലുകളിലേക്ക് തല വച്ച് വളഞ്ഞു കൂടി ഉറക്കം ആയതാണ് . അതോടെ എനിക്കാ കാലു വലിക്കാന്‍ കഴിയാതെ ആയി . ഫലം എന്റെ കാലു മരവിച്ചു എന്നത് തന്നെ . അവള്‍ സുഖമായി ഉറങ്ങി ഞാന്‍ ഇരുന്നു വായിച്ചും ചെറുതായി ഒന്ന് മയങ്ങിയും നേരം വെളുപ്പിച്ചു . വെളുപ്പിന് ടോയലറ്റില്‍ പോകാന്‍ പോയിട്ട് തിരികെ വരാന്‍ നേരം ചായക്കാരനെ കണ്ടു ഒരു ചായ കുടിച്ചു നില്‍ക്കുമ്പോള്‍ ഈ കുട്ടി അങ്ങോട്ട്‌ വന്നു. അവള്‍ എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു . ടോയലറ്റില്‍ പോയി വരുമ്പോള്‍ അവള്‍ എന്റെ അടുത്ത് വന്നു നിന്ന് . അങ്ങനെ ഞാന്‍ ആളുടെ പേര് ചോദിച്ചു. പേര് പറഞ്ഞു മദ്രാസില്‍ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു . തൊടുപുഴ ആണ് സ്ഥലം . അവധിക്കു വരികയാണ്‌ കൂടെ ഉള്ളകൂട്ടുകാരി  കല്യാണം കഴിക്കാന്‍ വരുന്ന വരവാണ് . അങ്ങനെ സംസാരമദ്ധ്യേ അവള്‍ അവളുടെ തൊഴില്‍ സ്ഥലത്തിന്റെ വിലാസം ഒരു കൊച്ചു പേപ്പറില്‍ എനിക്കെഴുതി തന്നു . ഞാന്‍ ചോദിച്ചിട്ടാണ് കേട്ടോ അല്ലാതെ ഇങ്ങോട്ട് കൊണ്ട് തന്നതല്ല .
പുലര്‍ച്ചയില്‍ എറണാകുളത് അവര്‍ ഇറങ്ങി . യാത്ര പറയുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും കുറെ നേരം നോക്കി നിന്ന് . അറിയില്ല എന്താണ് മനസ്സില്‍ എന്ന് പക്ഷെ ഒരു ഇഷ്ടം ഉള്ളില്‍ അറിയാതെ ഉറഞ്ഞു കൂടി എന്നതാണ് നേര് . നാട്ടില്‍ വന്ന ശേഷം ഞാന്‍ അവള്‍ക്കു കത്തയക്കാന്‍ തുടങ്ങി . അവള്‍ എനിക്കും തിരിച്ചു കത്തുകള്‍ അയക്കുമായിരുന്നു . ഒരു വര്‍ഷത്തോളം ഇത് തുടര്‍ന്ന് . അടുത്ത അവധിക്കു അവള്‍ നാട്ടില്‍ വരുന്നു നേരില്‍ കാണണം എന്ന് അവള്‍ പറഞ്ഞു . ഞാന്‍ അങ്ങനെ നമ്മള്‍ തീരുമാനിച്ച പ്രകാരം എറണാകുളത്തു രാവിലെ വന്നു . അവളുടെ മുഖം എനിക്കോര്‍മ്മ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല പക്ഷെ നമ്മള്‍ പരസ്പരം വസ്ത്രങ്ങള്‍ നിറം പറഞ്ഞു വച്ച് . വീട്ടില്‍ കള്ളവും പറഞ്ഞു ഒറ്റയ്ക്ക് ആദ്യമായി എറണാകുളത്തു പോവുകയാണ് . രാവിലെ തന്നെ സര്‍ക്കാര്‍ ബസ് സ്ടാന്റില്‍ അവളെയും കാത്തു നില്‍പ്പ് വല്ലാത്ത ഒരു അനുഭവം ആയിരുന്നു . വരുമോ , ആരാകും , കണ്ടാല്‍ അറിയുമോ എന്നൊക്കെ ഉള്ള ചിന്ത . ഒപ്പം ഇനി വന്നു കാണുമോ , അവള്‍ പറഞ്ഞ നിറം ഉള്ള വസ്ത്രം ഇട്ടവരെ എല്ലാം ഒന്നൊഴിയാതെ നോക്കി . ഇല്ല ഈ മുഖം അല്ല . അങ്ങനെ നിന്ന് നിന്നു കാലു കഴച്ചപ്പോള്‍ അതാ വരുന്നു ഒരു ബാഗ് തൂക്കി അവള്‍ അതെ അത് തന്നെ . ഞാന്‍ പറഞ്ഞ വസ്ത്രം , പിന്നെ ഓര്‍മ്മയിലെ ആ കുഞ്ഞു മുഖം . ഞാന്‍ സംശയിക്കാതെ നേരെ അടുത്ത് ചെന്ന് . അവള്‍ എന്നെ നോക്കി വിസ്മയപൂര്‍വ്വം ചിരിച്ചു . പിന്നെ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചു .
ഞാന്‍ പറഞ്ഞു വരൂ നമുക്ക് അങ്ങോട്ട്‌ നില്‍ക്കാം . എന്തേലും കഴിച്ചതാണോ നീ ? ഓരോ ചായ കുടിക്കാം എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ സംശയിക്കുക ആയിരുന്നു ഇതൊക്കെ ഞാന്‍ തന്നെ ആണോ പറയുന്നത് എന്ന് .
ഹോട്ടലില്‍ കയറി രാവിലെ തന്നെ പറോട്ടയും പോത്തും ഒക്കെ വാങ്ങി കൊടുത്തു കഴിച്ചു പുറത്തിറങ്ങി നമ്മള്‍ . നമ്മള്‍ സംസാരിക്കുന്നത്തിലധികം പരസ്പരം നോക്കുകയായിരുന്നു എന്നതാണ് ശരി . അവള്‍ പറഞ്ഞു നമുക്ക് ബസ് സ്ടാന്റില്‍ നേരെ പോകണ്ട ഇങ്ങനെ കറങ്ങി പോകാം. എനിക്കാണേല്‍ ആ സ്ഥലം പരിചയം പോലുമില്ല പക്ഷെ ഞാന്‍ ധീരനായ കാമുകനല്ലേ അപ്പൊ വേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ . നടന്നു തന്നെ പോകണം എന്നുള്ള ഡിമാന്റ് അംഗീകരിച്ചു രണ്ടുപേരും വഴിയിലൂടെ അങ്ങനെ ചേര്‍ന്ന് നടന്നു . എന്റെ കയ്യില്‍ പിടിച്ചു എന്നോട് ചേര്‍ന്ന് അവള്‍ . എന്തൊക്കെയോ നമ്മള്‍ സംസാരിച്ചു . കുറെ ദൂരം നടന്നു ഒടുവില്‍ ബസ് സ്ടാന്റില്‍ തന്നെ എത്തി . ടിക്കറ്റ് എടുത്തു രണ്ടു തൊടുപുഴ . ഇതെവിടെ എന്നെനിക്കറിയില്ല എന്നാലും പോകാതെ വയ്യല്ലോ .
ഒരു സീറ്റില്‍ ഒന്നിച്ചൊരു യാത്ര . എന്റെ തോളില്‍ തല ചായ്ച്ചു അവള്‍ ഉറക്കമായി . ഞാന്‍ ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ചു കാമുകന്റെ ഗംഭീരഭാവത്തില്‍ അങ്ങനെ ഇരുന്നു . ഇടയ്ക്കിടെ ഉണരുമ്പോള്‍ അവള്‍ എന്നോട് സംസാരിക്കും . വീണ്ടും ചെറിയ മയക്കം . അങ്ങനെ മിണ്ടീം ഉറങ്ങിയും തൊടുപുഴ സ്ടാന്റില്‍ എത്തി . നമ്മള്‍ പുറത്തിറങ്ങി . ഏതാണ്ടൊരു സ്ഥലം ഞാന്‍ തികച്ചുമപരിചിതന്‍ . അപ്പോള്‍ എന്നെ യാത്രയാക്കാന്‍ വേണ്ടി അവള്‍ അവിടെ തന്നെ നിന്ന് . വീട്ടു വിലാസം തന്നു . പോകാന്‍ നേരം നൂറു രൂപ എന്റെ കയ്യില്‍ തരാന്‍ ശ്രമിച്ചു ഞാന്‍ അവളെ കുറെ വഴക്കും പറഞ്ഞു . ഒടുവില്‍ എനിക്ക് പോകാന്‍ ഒരു തിരുവനന്തപുരം ഫാസ്റ്റ് കിട്ടി . എന്നെ തിരികെ വണ്ടിയില്‍ കയറ്റി ഇരുത്തിയ ശേഷം അവള്‍ പോകുകയും ചെയ്തു.
തിരികെ യാത്ര വളരെ വിഷമം പിടിച്ഛതായിരുന്നു . ഒന്നാമത് ലഹരി പോലെ അവളുടെ ഗന്ധം മനസ്സിലും ശരീരത്തിലും . പിന്നെ യാത്രയുടെ ബുദ്ധിമുട്ടും . ബസ്സില്‍ ദീര്‍ഘ യാത്ര വല്ലാത്ത മടുപ്പ് ആണ് . പോരാത്തതിന് ചതയദിന ഘോഷയാത്ര ഇടയില്‍ വഴി അടച്ചും തുറന്നും പാതിരായ്ക്ക് വീട്ടില്‍ എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ .
പ്രണയം കൂടുതല്‍ കടുത്തു . പരസ്പരം ഫോട്ടോ അയച്ചു കൊടുത്തു . കത്തുകള്‍ മാറി മാറി വന്നും പോയുമിരുന്നു .അന്നാണെങ്കില്‍ പ്രണയം ഒരു അഹങ്കാരം കൂടി ആയിരുന്നു കാരണം പ്രീഡിഗ്രിക്ക് കൂടെ പഠിച്ച ഒരു മൊഞ്ചത്തിയെ പ്രേമിച്ചു അവള വായിന്നുള്ള തെറി കേട്ട് നാണം കേട്ട് നടക്കുന്ന സമയം . (കൂടെ പഠിച്ച പിള്ളാരെ എന്നോട് അതാരെന്നു ചോദിക്കല്ലേ ആദ്യമേ പറഞ്ഞേക്കം ഞാന്‍ പറയൂല സത്യം ). ഒരു പ്രണയം ഇല്ലാതെ പറ്റില്ല തല ഉയര്‍ത്തി നില്ക്കാന്‍ എന്ന മനസ്സായിരുന്നു . എന്തായാലും അനുരാഗം അങ്ങ് കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ഒരു കത്ത് വന്നു . എന്താ കാര്യം എന്നൊന്നും അറിയില്ല ഇത്ര മാത്രം . എന്റെ ഫോട്ടോ തിരിച്ചു തരണം പകരം ഞാന്‍ വാങ്ങിയ ഫോട്ടോ ഇതോടൊപ്പം അയക്കുന്നു . ഇതെന്തോന്നു ഇടപാട് ? എന്താ കാര്യം എന്നെങ്കിലും പറഞ്ഞു കൂടെ. അതുമില്ല വെറുതെ ഫോട്ടോ തിരികെ താ എന്ന് പറഞ്ഞാല്‍ കാര്യം ശരിയാകുമോ ? എട്ടാം ക്ലാസ്സില്‍ തുടങ്ങിയ പ്രണയ പരാജയങ്ങള്‍ ആണ് അങ്ങനെ വെറുതെ വിട്ടു കൊടുക്കാന്‍ പറ്റുമോ ?
കാരണം തിരക്കി അയച്ച രണ്ടു എഴുത്തുകള്‍ക്ക് മറുപടി വന്നില്ല. മൂന്നാമത്തെ എഴുത്തിനു മറുപടി കിട്ടി . എന്നെ മറക്കുക ഞാന്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗി ആണ് . എനിക്ക് ബ്ലഡ് ക്യാന്‍സര്‍ ആണ് . ഞാന്‍ ഇനി അധിക കാലം ജീവിച്ചിരിക്കില്ല . ഞാന്‍ ഉടനെ തന്നെ മറുപടി കൊടുത്തു . ഫാസിലിന്റെ സിനിമകള്‍ സ്ഥിരം കാണുന്ന കുഴപ്പം ആണ് നിനക്ക് ഒരു കാര്യം ചെയ്യ് നീ കഴിക്കുന്ന മരുന്നുകളുടെ പേര് പറ . ആക്കാലത്ത് ഞാന്‍ ഒരു മെഡിക്കല്‍ സ്റ്റോറില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു അതോണ്ട് മരുന്നു പേര് കിട്ടിയാല്‍ ഉറപ്പിക്കാമല്ലോ എന്നൊരു ബുദ്ധി എനിക്ക് തോന്നി അന്നേരം (ഹോ എന്നെ സമ്മതിക്കണം ).
അവള്‍ മറുപടി തന്നു വിശ്വാസം വരുന്നില്ലേല്‍ വേണ്ട . പക്ഷെ ഇനി എനിക്ക് കത്ത് അയക്കരുത് ശല്യം ചെയ്യരുത് ഞാന്‍ അധികകാലം ഈ ഭൂമിയില്‍ ഉണ്ടാകില്ല .
പിന്നെ ഞാന്‍ ആയിട്ട് ശല്യം ചെയ്യാന്‍ പോയില്ല . അവള്‍ക്ക് എന്തേലും പ്രശ്നം ഉണ്ടാകും അല്ലേല്‍ നല്ലൊരു ബന്ധം കിട്ടി കാണും എന്ന് ഞാന്‍ വിശ്വസിച്ചു അവളുടെ ഫോട്ടോ തിരികെ അയച്ചു കൊടുത്തു . പിന്നെ ഞാനൊരു കത്ത് പോലും അയച്ചില്ല .
ഇതിനിടയ്ക്ക് ഡിഗ്രിക്ക് നന്നായി ഉഴപ്പിയിരുന്നു എന്റെ ഈ പ്രണയങ്ങള്‍ എന്നെ ഇങ്ങനെ വട്ടു കളിപ്പിച്ചു തന്നെയാണ് കാരണം എന്നത്  രഹസ്യം . 
 കാലം കടന്നു പോയി ഞാന്‍ കേരളത്തിന്‌ പുറത്തേക്കു എന്റെ ജീവിതം പറിച്ചു നട്ട് . സ്ഥിരം ആയ ഒരു ജോലി എനിക്ക് കിട്ടി . ഇനി ഒന്ന് കൂടി നോക്കാം എന്ന് കരുതി കാരണം എന്തായാലും ആരും എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല . എല്ലാരും ഓരോ ഒഴിവുകള്‍ പറഞ്ഞു എന്നെ വിട്ടു പോയ്ക്കൊണ്ടേ ഇരുന്നു . എണ്ണം ഒന്നും പറയുന്നില്ല അതൊക്കെ ഒരു കഥ ആണ് .
അങ്ങനെ ഞാന്‍ അവളുടെ വീട്ടു വിലാസത്തില്‍ ഒരു കത്ത് അയച്ചു . മറുപടി ഒന്നും വരാതിരുന്നപ്പോള്‍ ആ വിലാസം തെറ്റാകും എന്ന് കരുതി . പക്ഷെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അവളുടെ ഒരു മറുപടി വന്നു . വിവാഹം കഴിഞ്ഞു കുട്ടികളും ആയി സുഖം ആയി ജീവിക്കുക ആണ് ഓര്‍ത്തതിന് നന്ദി പക്ഷെ കുടുംബം തകര്‍ക്കരുതെ എന്നൊരു കുറിപ്പ് . എന്തായാലും രക്താര്‍ബുദം അവളെ കൊണ്ട് പോയില്ല എന്നോരശ്വാസത്തോടെ ആ പ്രണയത്തിനു ശുഭം എഴുതി അടി വര ഇട്ടു. കരയാന്‍ ഒന്നും പോയില്ല കാരണം അതിലും വലിയ പ്രതീക്ഷകള്‍ മനസ്സില്‍ കണ്ട പ്രണയങ്ങള്‍ പൊട്ടി ത്തകര്‍ന്നു നടപ്പായിരുന്നല്ലോ ഞാന്‍ .
എന്താണ് എന്റെ കുറ്റം എന്നറിയില്ല. പക്ഷെ ഒന്നറിയാം ഞാന്‍ ഒരു നല്ല പ്രണയിതാവ് അല്ല .
-----------------------------------------ബി ജി എന്‍ --------------------------------------------------------------------

Monday, February 10, 2014

മുഖങ്ങള്‍


സൂര്യനുദിക്കുമ്പോള്‍
ഞാനണിയുന്നു എന്റെ നല്ല മുഖം .
സുന്ദരമായ ഈ മുഖത്ത്
ഭൂമിയിലെ കരുണയും
സ്നേഹവും
സഹാനുഭൂതിയും
നിറഞ്ഞു തുളുമ്പി തൂകുന്നുണ്ട് .
സന്ധ്യ കടന്നു വരുമ്പോള്‍
മടുപ്പ് തോന്നി ഞാനിതഴിച്ചു വയ്ക്കും
പ്രണയത്തിന്റെ
നനുത്ത നൂലുകള്‍ കൊണ്ട്
ഞാനൊരു ചിലന്തി വല കെട്ടും .
ഇരകാത്തിരിക്കുന്ന
എന്നിലെ പ്രകാശത്തിലേക്ക്
മഴപ്പാറ്റകള്‍ ചിലതെത്തിനോക്കും .
രാത്രി കനക്കുമ്പോള്‍
പ്രണയത്തിന്റെ മുഖംമൂടിയഴിഞ്ഞു വീഴും .
കാമത്തിന്റെ ഉഷ്ണം
മുഖമാകെ പടരുമ്പോള്‍
രാത്രി വീര്‍പ്പുമുട്ടി കിതയ്ക്കും .
വലയില്‍ തടഞ്ഞോരിരയില്‍
സ്ഖലിതകാവ്യം രചിച്ചു
മയങ്ങുമ്പോള്‍
എന്നില്‍ ഒരു ശിശുവിന്റെ മുഖമാണ് .
വീണ്ടും പുതിയ പ്രഭാതത്തിലേക്ക്‌
പുതിയ മുഖം അണിയാന്‍ കൊതിച്ചു
ഞാനുറക്കത്തിലേക്ക് ....
----------------ബി ജി എന്‍

Friday, February 7, 2014

നിസ്സഹായത

നിരാശയുടെപുകമഞ്ഞു പിടിച്ച
നരച്ചൊരാകാശ കുടക്കീഴില്‍
വിധി തന്‍ ചതുരംഗകളങ്ങളില്‍
നാമിരുപുറമിരുനിറങ്ങളില്‍.

കണ്ണുനീരുപ്പു പുരണ്ട കവിള്‍ത്തടം
തലോടുന്ന കരങ്ങള്‍ തേടുന്നത് പൂവിന്‍
മാര്‍ദ്ദവമാര്‍ന്നച്ചുംബനക്കാടുകള്‍ തന്‍
ലവണരസത്തിലലിയുന്ന കാമനകള്‍ .

ഹൃദിസ്ഥമാകാതെ പോയ നാലുവരി
കവിത പോലെ മനസ്സ് പതറുമ്പോള്‍
ഇടിമിന്നലില്ലാത്തോരാകാശപെയ്ത്തിനായ്
തുടിക്കുന്ന നെഞ്ചിതാര്‍ക്ക് വേണം !

സ്വപ്നം മയങ്ങുന്ന മിഴികളെ നോക്കി
രാത്രി,കാമത്തിന്‍ നാവുനുണയുമ്പോള്‍
ജീവിതപ്പെരുവഴിനീണ്ടുനിവര്‍ന്നൊരു
തോരാത്ത കണ്ണീര്‍പ്പുഴയായൊഴുകുന്നു .

പച്ചചിരിയാല്‍ കസവ് പുതച്ചുകൊ-
ണ്ടിരുളില്‍ ദന്തങ്ങള്‍ ദുര്‍ഗന്ധമൂര്‍ക്കവേ
ചാമ്പല്‍പ്പുരയിലായി നെടുവീര്‍പ്പിടുന്നു
ഇനിയുമണയാത്ത ചില കനലുകള്‍ .
------------------ബി ജി എന്‍

Wednesday, February 5, 2014

കഴിഞ്ഞ നൂറ്റാണ്ടിലെ വധു


മെടഞ്ഞിട്ട കാർകൂന്തൽ
നിതംബം തലോടണം
മിഴികൾ വാലിട്ടെഴുതെണം
തുളസി കതിരൊന്നു മുടിയിൽ ചൂടേണം
തറയറിയാതെ നടന്നിടേണം 
അടക്കവുമൊതുക്കവും കാട്ടിടേണം
ആണുങ്ങളുമായി കൊഞ്ചിക്കുഴയല്ല്
ഭക്തിയുണ്ടാകണമെപ്പൊഴുമുള്ളിൽ .
പാദസരത്തിൻ കിലുക്കമുണ്ടാകണം
പാചകമെല്ലമറിഞ്ഞിരിക്കേണം.
ഭർത്താവ് കണ്‍കണ്ട ദൈവമെന്നോർക്കണം
ഭർതൃമാതാവിന്റെ ശുശ്രൂക്ഷ നോക്കണം .
ഭൂമിയോളം ക്ഷമയുണ്ടാകണം 
കണ്ണീരു കൂടെപ്പിറപ്പെന്നു കരുതണം .
ഇമ്മട്ടിലെല്ലാമേ ഒത്തുവന്നെന്നാലൊ
ചൊവ്വതൻ ദോഷം ഇല്ലാതിരിക്കണം .
എന്നാലൊരു ജീവിതം നല്കിടാമവൾ 
കൈ നിറയെ പൊന്നുമായി വന്നെന്നാൽ .
-------------------------ബി ജി എൻ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

വടക്കന്‍ദിക്കില്‍
പേരറിയാ കരയിലാണവള്‍ താമസം.
വലിയ മുലകളും നിതംബവും
അവളെ കരയിലെ
വിശുദ്ധയാക്കിയിരിക്കുന്നു .

കടന്നുപോകുന്ന വഴിയോരത്ത്
ചിതയൊരെണ്ണമെരിയുന്നുണ്ട്
രാവെന്നോ പകലെന്നോയില്ലാതെ .

രക്തം കട്ടപിടിച്ച തുടകള്‍
ചേര്‍ത്തമര്‍ത്തിയിരുന്നൊരു
കൗമാരക്കാരി പൂകൊരുക്കുന്നുണ്ട്
യാത്രക്കാരുടെ കണ്ണുകള്‍ക്ക്
ആനന്ദമേകിക്കൊണ്ട് .

നനഞ്ഞ തുണികള്‍ അയയിലിട്ടു
നഗ്നയായൊരു പെണ്ണ്
കുടില്‍ കയറി പോകുന്നത് കാണാം .

വിരഹത്തിന്റെ പുക്കിള്‍ച്ചുഴിയില്‍
മിഴിയമ്പേറ്റു പിടയുന്ന
ദാഹാര്‍ത്തയാം മിഴികളെ
കണ്ടില്ലെന്നു നടിക്കാം നിങ്ങള്‍ക്ക് .

യാത്രയ്ക്കൊരുങ്ങും മുന്നേ
നിങ്ങള്‍ പക്ഷേ കയ്യില്‍ കരുതേണ്ടതുണ്ട് .
വിരലോടിഞ്ഞ കൈകളും
അന്ധത കടംവാങ്ങിയ
തിമിരക്കണ്ണുകളും .
കറുത്തീയമുരുക്കിയൊഴിച്ച
കര്‍ണ്ണങ്ങള്‍ കൂട്ടിനുണ്ടാകേണം .
ഇനി യാത്രയാകാം .
------------ബി ജി എന്‍

Tuesday, February 4, 2014

മാറേണ്ടത് എന്ത് ?

ഇടിച്ചു നിരത്താതെ പോയ
കോണ്ക്രീറ്റ് മലകള്‍ ,
കെട്ടിയുറപ്പിക്കാതെ പോയ
അണക്കെട്ടുകള്‍,
നീതി ലഭിക്കാതെ പോയ
സ്ത്രീത്വങ്ങള്‍ ,
മറുപടി ലഭിക്കാതെ പോയ
അനാഥ ശവങ്ങള്‍.
ഒന്നും മാറിയിട്ടില്ലെങ്കിലും
പുതിയ മേച്ചില്‍ പുറങ്ങളില്‍
വിരാജിക്കുന്നതിന്നും
കേസരികള്‍ തന്നെ .
കസേരകള്‍ ഉറപ്പിക്കാനും
ഇളക്കാനും , പങ്കിടാനും
പാശുപതാസ്ത്രങ്ങള്‍ സ്വരൂപിച്ചുകൊണ്ട്
രഥങ്ങള്‍ മുന്നോട്ടുരുട്ടൂന്നു .
പുതിയ രസതന്ത്രങ്ങള്‍
കൗടില്ല്യസൂക്തങ്ങള്‍
രതിനിര്‍വ്വേദങ്ങള്‍
പട്ടിണിസമരങ്ങള്‍ .
മുഖങ്ങള്‍ മാറുമ്പോഴും
നിറങ്ങള്‍ മാറുമ്പോഴും
ഒന്നിനും ഒന്നും സംഭവിക്കുന്നില്ലിവിടെ .
---------------------ബി ജി എന്‍

Monday, February 3, 2014

കുടുംബം

യാത്രകളും മൊഴികളുമില്ലാതെ
കണ്ണീരും തേങ്ങലുമില്ലാതെ
മുന്നിലെ പുകമഞ്ഞിലേക്കുള്ള യാത്ര
നിന്നിലുമെന്നിലും പടര്‍ത്തുന്നതെന്തായിരിക്കും ?

കപ്പയുംമത്തിയും വാങ്ങുവാന്‍
ചക്രത്തിന്റെ പഞ്ഞമോര്‍ത്തും
മക്കളെ പഠിക്കാന്‍ വിടുന്നതിന്‍
പങ്കപ്പാടിന്റെ ഭാരമോര്‍ത്തും ,
നിന്റെ ചങ്കിലെ തീയെരിയുന്നു പകല്‍ മുഴുവന്‍ .

ആഗോള വിപണിയിലെ മാന്ദ്യവും
ഉയരുന്ന കമ്പോള വിലനിലവാരവും
അധികാരികളുടെ മേശക്കാലുകളില്‍
തെറിച്ചു വീണ രേതസ്സുകളെപറ്റിയും
എന്റെ ജിഹ്വ ഗര്‍ജ്ജിക്കുന്നു പകല്‍ മുഴുവന്‍ .

രാത്രിയില്‍ നെഞ്ചില്‍ മുഖമമര്‍ത്തി
നാളെയുടെ കടങ്ങളെക്കുറിച്ചോര്‍ത്തും
വേവലാതിയുടെ കെട്ടഴിക്കുന്ന നിന്നെ
വാരിയെടുത്തുമ്മ വയ്ക്കുമ്പോള്‍ പക്ഷെ
നമ്മളെല്ലാം മറന്നുപോയിടുന്നു രാവ് മുഴുവന്‍ .
-----------------------ബി ജി എന്‍

Sunday, February 2, 2014

കാടിന്റെ മക്കൾ

കരിന്തിരി കത്തും നിലവിളക്കിൻ
കറുത്ത പുകപോലെ ചുറ്റിനും
കടുന്തുടി നാദം മുഴക്കിയലയുന്നു
കാടിന്റെ മക്കൾ നിത്യവും .

കറുത്ത പെണ്ണിൻ തൊലിമിനുപ്പും
കാടു നല്കിയ അഴകുടലിന്നുറപ്പും
കടിച്ചു തുപ്പി അകന്നിടുന്നു നിത്യം 
കറുത്ത മനമുള്ള വെളുത്തവർ .

കരിമ്പിൻ കാട്ടിലിറങ്ങി വിലസും
കരിവീരന്റെ ഓർമ്മ പുതുക്കാൻ
കല്ലും മുള്ളും ചവിട്ടി വരുന്നുണ്ട്
കാമം നുരയ്ക്കും തലച്ചോറുകളടവിയിൽ.

കണ്ണിൽ നിറയും ദൈന്യത്തിൻ
കണ്ണീർ നല്കും തിളക്കം നോക്കി
കഥകൾ മെനയുവാൻ തഞ്ചം തേടി
കാട് കയറുന്നു സൈദ്ധാന്തികർ .

കരളു പൊടിയും കുഞ്ഞിൻ വിശപ്പും
കനവു കാണും കാടിൻ മനസ്സും
കറുപ്പ് കൊടുത്ത് മയക്കി കിടത്തി
കരംപിരിക്കും അധികാരമോഹികൾ .

കരയാൻ മറന്ന മണ്ണിന്റെ മക്കൾക്ക്
കരഗതമായ കാടിന്റെ സമ്പത്ത്
കണ്ണടച്ചു പിടിച്ചെടുക്കുന്നു അധികാരത്തിൻ
കല്ലൻമുളകൾ ചുഴറ്റി മേലാളർ .
-------------------ബി ജി എൻ