Sunday, August 20, 2017

വിയർപ്പ് പൂത്ത മരങ്ങൾ .........എം.ടി.രാജലക്ഷ്മി

വിയർപ്പ് പൂത്ത മരങ്ങൾ ( കവിതകൾ )
എം.ടി.രാജലക്ഷ്മി
സൗഹൃദ പബ്ളിക്കേഷൻസ്
വില 120 രൂപ

സാക്ഷിയില്ലാത്തൊരീയുലകത്തിൽ
സാക്ഷയെങ്കിലും ബലമാക്കീടാം,
പിന്നിലിരുന്നു ബലമൂട്ടുമിവൻ
മുന്നിൽ നിന്ന് കണ്ടു ചതിച്ചിടാ.... (സാക്ഷ)

         കവിതകളുടെ പൂമരമാണ് ശ്രീ രാജലക്ഷ്മിയുടെ ഈ കവിതാ സമാഹാരം. വായിച്ചു മറക്കുന്നതും ഓർത്തു വയ്ക്കുന്നതും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഈണത്തിൽ ചൊല്ലാവുന്നതുമായ വ്യത്യസ്ഥമായ 90 കവിതകൾ. സൗഹൃദയുടെ മികച്ച പ്രിന്റിംഗ് . എഡിറ്റിംഗും നല്ലത്. ശ്രീ മാധവൻ പുറച്ചേരിയുടെ അവതാരികയും ഡോ. സന്തോഷ് എസ് ചെറുമൂടിന്റെ പഠനവും ഉൾപ്പെടുത്തിയ ചെറുതും വലുതുമായ കവിതകൾ .
     
         കവിതാ രചനകളിൽ സോഷ്യൽ മീഡിയകൾ ചെലുത്തുന്ന നവ സ്വാതന്ത്ര്യവും രചനാപരമായ കാട്ടിക്കൂട്ടലുകളും കൊണ്ടു മലീമസമായിക്കൊണ്ടിരിക്കുകയാണല്ലോ കവിതാ സാഹിത്യ ശാഖയിന്നു. പഴയ ഹിന്ദി ഗാനങ്ങളും വിദേശ ഭാഷകളിലെ രചനകളും മൊഴി മാറ്റി അരികും മൂലയും ചെത്തിമിനുക്കി പുതിയ കവിതകൾ രംഗം കൈയ്യേറിയ കാലം കൂടിയാണിത്. മോഷണം ഒരു കലയാണ് എന്നു തെളിയിക്കുന്ന മോഷ്ടാക്കളും കവിതയെക്കുറിച്ചൊരു ഗ്രാഹ്യവുമില്ലാതെ കിട്ടുന്നതു ആരാണ് എന്നു പേരു നോക്കി വായിക്കുകയോ അക്ഷരത്തെറ്റുകൾ നോക്കുകയോ ചെയ്യാതെ പ്രിൻറിനിടുന്ന പ്രസിദ്ധീകരണങ്ങൾ കൂടിയാകുമ്പോൾ ആ തളർച്ചയുടെ വളർച്ച പൂർത്തിയാകുന്നു.  ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പേരു മാറ്റി ഇങ്ങനെ പ്രസിദ്ധീകരിച്ച തമാശ സാഹിത്യ ലോകം പങ്കുവച്ചിട്ടധികകാലമായിട്ടില്ല .

       എങ്കിലും കൂരിരുട്ടിലെ മിന്നാമിന്നികളെന്ന പോലെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില മുഖങ്ങൾ നല്ല കവിതകൾ കൊണ്ടു വായനക്കാരെ സന്തോഷിപ്പിക്കാറുണ്ട്. ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും മികച്ചതാണ് എന്ന അഭിപ്രായമില്ല എങ്കിലും ചില കവിതകൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നുണ്ട്. വരികൾക്കിടയിൽ മറന്നിടുന്ന അർത്ഥഗർഭമൗനങ്ങൾ വായനക്കാരെ ചിന്തകളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്ന മനോഹാരിത നല്കുന്നു ചില കവിതാ ശകലങ്ങൾ
.
എത്ര വിദഗ്ദ്ധമായാണ്
ഓർമ്മയുടെ നീരാളികൾ
മനസ്സിന്റെ ഞരമ്പുകളെ
വരിഞ്ഞു പൊട്ടിക്കുന്നത്? (മരണ നേരങ്ങൾ )

കോരാ ജനിക്ക നീ
നായായ് , നാൽക്കാലിയായ്
കുമ്പിളുപേക്ഷിക്കാൻ
മറ്റെന്തിനി മാർഗ്ഗം....  ( മറക്കരുത്)

പച്ച പിടിക്കാത്ത
ജീവിതത്തിന്റെ വിശപ്പിൽ
എഴുത്തു മാഞ്ഞ കവിത,
കേട്ടു മടുക്കാത്ത
വാക്കിൻ പച്ച
കല്ലിച്ചു മരിച്ചു ( കവി)

ഒറ്റ മഴക്കുളിരിൽ
കെട്ടഴിയുമോ ,
കെട്ട കാലത്തിൻ
ചുട്ട കനലുകൾ ..... (കെട്ടതും ചുട്ടതും)

തുടങ്ങി പല കവിതകളും നമ്മോട് ആഴത്തിൽ ചിന്തിക്കാൻ പറയുന്നുണ്ട്- പൊതുവേ പെണ്ണെഴുത്തു എന്നൊരു തട്ടകം ചിലർ വാർത്തിട്ടു അതിൽ കുറച്ചു പ്രണയം , മാതൃത്വം , മഴ , പുഴ , ആർത്തവം എന്നീ ഊരാക്കുടുക്കുകളുണ്ടാക്കി കവിതാ ലോകം സാന്ദ്രമാക്കി നിർത്തുന്നെന്ന  പരാതി രാജലക്ഷ്മി നിലനിർത്തുന്നില്ല. രാജലക്ഷ്മിയുടെ കവിതകളിൽ മണ്ണുണ്ട് പുഴയുണ്ട് മരമുണ്ട് ആകാശമുണ്ട് പക്ഷേ അവയിലൂടെ തനിക്കു ചുറ്റുള്ള ലോകത്തെ ഒരു ദാർശനികമായ ഉൾക്കാഴ്ചയോടെ നേരിടുകയാണ്. പ്രണയത്തിന്റെ ഉപ്പും മുളകും തേടിപ്പോകാൻ സമയമില്ലാത്ത കവി

കുന്നിക്കുരുവോളമേയുള്ളൂ
എന്റെ നോവു, കനവു ,
നിനവു , പിന്നെ നിലാവും (വൻ കടലുകൾ ) എന്നു  പ്രഖ്യാപിക്കുന്നു.. സാരിയുടെ മഹത്വം പറയുമ്പോൾ തന്നെ സാരിയുടെ രാഷ്ട്രീയം കവി മറക്കുന്നില്ല.

സാരി -
ദേശീയ വസ്ത്രമല്ലോ.
'ദേശീയത'യെന്നാൽ
നാലാളു കാണേണ്ടതല്ലേ.. ( സാരിയിലെ ദേശീയത )

അതു പോലെ മറ്റൊരിടത്ത് സമകാലീന ഭാരതത്തെ വായിക്കപ്പെടുന്നത്

നായ്ക്കും , നരിക്കും
നാട്ടിലെ പ്പശുവിനും
ചെല്ലപ്പൊറുതിക്കായ്
നിയമം മെനഞ്ഞിട്ടു ( മറക്കരുത്) എന്നാണ് . തികച്ചും     വാസ്തവികതയിലൂന്നി നിൽക്കുന്ന കവിയുടെ മനസ്സിൽ കാല്പനികതയുടെ പൊൻ നൂലുകൾ ഭദ്രമാണെങ്കിലും അതിനെ അധികം ഉപയോഗപ്പെടുത്തിക്കണ്ടില്ല .,

വസന്തം ബാക്കി വച്ച
ഒരു തേൻകണം
ഉഷ്ണക്കല്ലു പതിപ്പിച്ചു
കാലടികളിലെ
സമാന്തര വെടിപ്പുകളിൽ
ഉപ്പു പരൽ നീറ്റുന്നു ( വിയർപ്പ് പൂത്ത മരങ്ങൾ )
നിലപാടുകളെ നിശിതമായ് പറഞ്ഞു വയ്ക്കുമ്പോഴും ഉള്ളിലെ  നോവുകളുടെ വിങ്ങൽ

നെഞ്ചകത്തെ
ഒരു കിനാവിന്
പനിച്ചു പൊള്ളുന്നു .
കരിമ്പടം കൊണ്ടു
പുറം പൊതിഞ്ഞിട്ടും
അകം കിടുങ്ങുന്നു ( പനി ) എന്ന് രേഖപ്പെടുത്തുന്നു.

     തീർച്ചയായും വായനയിൽ വ്യത്യസ്ഥത നല്കിയ ഈ കവിതാ സമാഹാരം രാജലക്ഷ്മിയുടെ രണ്ടാമത്തെ പുസ്തകമാണ്. വായനക്കാർക്ക് നല്ലൊരു കവിതാ വിരുന്നാണ്  ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല