Saturday, November 29, 2014

വാതില്‍

എന്നില്‍ നീയുണര്‍ത്തി വിട്ട പ്രണയം
ഇന്നന്യമായ് തീര്‍ന്നു പോകുമ്പോള്‍.
നിന്നോട് ചൊല്ലുവാന്‍ ഒന്നുണ്ട് ബാക്കി
അത് ചൊല്ലാതെ പോകുവാനാകില്ലെനിക്ക് .

തുറക്കുക നീ നിന്‍ മനസ്സിന്റെ വാതില്‍
പുറംതള്ളുക എന്നെയീ ഇരുളിലേക്കിനി.
പിന്‍വിളി വിളിക്കരുതൊരിക്കലുമെന്റെ
കാതുകളത് കേള്‍ക്കാന്‍ കൊതിക്കുമെങ്കിലും .

പുറത്തു കടന്നാലക്ഷണം അടച്ചിടേണം
ഒരിക്കലും തിരിഞ്ഞെനിക്കകത്തേക്ക്
നിന്‍ മനസ്സ് കാണാന്‍ കഴിയാതിരിക്കാന്‍ .
വരില്ല ഞാനെന്നാലും അതടഞ്ഞിടേണം.

ഓര്‍ത്തിടരുത് പിന്നൊരു മാത്രപോലും
പരസ്പരം നമ്മള്‍ തിരയുകയുമരുത് .
അടച്ചിടുന്നോരീ വാതിലിനിരുപുറം നാം
മിഴിനീര്‍ മറച്ചു നടന്നകലണം അന്യരായ്..----------------------------ബിജു ജി നാഥ്

നല്ല ദിനങ്ങള്‍ വരവായി


നല്ല ദിനങ്ങള്‍ വരവായി ചുറ്റിനും
നല്ല വാര്‍ത്തകള്‍ കേട്ടീടുക നിത്യവും .
നന്മകള്‍ നേടിത്തരുവാന്‍ വിദേശ
നാണ്യം വരുത്തുവാന്‍ കാലമായി .

ശവഗംഗ നന്നായി വെടിപ്പാക്കി
സംസ്കാര ശവദാഹം മോടിയാക്കുന്നു.
പുതുതലമുറ തന്‍ ചിന്തകളില്‍
നവ്യ സംസ്കാര കാവി പടര്‍ത്തുന്നു .

ഡീസല്‍ പൊതിഞ്ഞു കൊടുക്കുന്നു
വിലയുടെ നേരറിവുകള്‍ പങ്കിടുന്നു .
കല്‍ക്കരി ഖനികള്‍ തുറക്കുന്നു കോടി
കൈദാനമായി മറിയുന്നു കരങ്ങളില്‍ .

പുളവന്‍ പുളയ്ക്കുന്നു കൈരളി മണ്ണില്‍
പുളകം കൊള്ളുന്നു നല്ല നാളോര്‍ത്തു .
സെക്രട്ടറിയേറ്റിന്‍ പടികയറിടുന്നൊരു
നല്ല ദിനങ്ങള്‍ കനവ് കണ്ടീടുന്നു .

വെണ്ണക്കല്‍ മാളിക തന്‍ ചരിത്രത്തിന്‍
ഇഴകീറി നോക്കി പുലമ്പുന്നു ചിലര്‍
തൊട്ടു നോക്കീടുന്നു കത്തുവാന്‍ പാക-
ത്തിലെന്തെങ്കിലുമൊന്നു നല്ല ദിനത്തിനായ്‌ .

ഗ്രാന്‍ഡ്‌ കൈമോശമാകാതെ കാക്കുവാന്‍
നരബലികള്‍ മറക്കുന്നിതപ്പോസ്തലര്‍
എന്ത് കൊല ? അതേത് രാജ്യമെന്ന്
കേശം മുത്തി മൊഴിയുന്നു പാണ്ഡിത്യം .

നല്ല നാളുകള്‍ വരുന്നത് കണ്ടിട്ട്
നാട് പുഞ്ചിരി ചുണ്ടില്‍ കരുതുന്നു .
നാളെ ആരൊക്കെ , എന്തൊക്കെ
എവിടെയെന്നോര്‍ത്തു കരയുന്നു
നല്ല നാളുകള്‍ പ്രവചിക്കും ഗുരുവിന്‍
നല്ല മുഖം കണ്ട മന്നവര്‍ മൂകം !
--------------------ബിജു ജി നാഥ്

Thursday, November 27, 2014

അനുവാദം തേടി ഒരാള്‍ !


ഉമ്മറവാതില്‍ പാതിചാരിയെന്‍
ഉള്‍ക്കണ്ണില്‍ നീ നില്പൂ നാളേറെയായി .
ഒന്നും ഉരിയാടുവാന്‍ ഇല്ലാതെ നാം
പണ്ടേ പരസ്പരം കണ്ടിരുന്നു .

അക്ഷരങ്ങള്‍ തന്‍ ഉറുമ്പ്കൂടുകള്‍
വാരിനിറച്ച നിന്‍ ചിന്തകളില്‍  
എന്നുമെന്‍ വാക്കുകള്‍ ഇടം നേടി
സുഗന്ധം ചൊരിഞ്ഞിരുന്നുവോ ?

പിരിയാന്‍ കൊതിച്ചിന്നെന്‍ ജാലക
വാതിലിലൊരു കുഞ്ഞു കാറ്റായ്
നീ മുട്ടിവിളിയ്ക്കുമ്പോള്‍ , തടയു-
വതെങ്ങനെ, എന്ത് നല്‍കീടും ഞാന്‍ !
അറിയില്ല മിത്രമേ പതറുന്നു ഞാന്‍ .
---------------------------ബിജു ജി നാഥ്

Monday, November 24, 2014

തിരസ്കാരം

നിലാവിന്റെ കൈകളിലേക്ക് മനസ്സും ശരീരവും അര്‍പ്പിച്ചു ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സില്‍ പെയ്തു തോരുന്ന മഴയ്ക്ക് തണുപ്പല്ല ചൂടാണ് എന്ന് ലൈസ ഓര്‍ക്കുകയായിരുന്നു . ഊതിക്കെടുത്തിയ വിളക്ക് പോലെ അന്ധകാരം നിറയുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്തി  ജോജിയുടെ മുഖം അവളില്‍ അസ്വസ്ഥത ഉണര്‍ത്തിക്കൊണ്ടിരുന്നു . നേര്‍ത്ത സംഗീതം പൊഴിക്കുന്ന ഈ രാവിന്റെ സുഖം പക്ഷെ എന്നത്തെയും പോലെ അവളില്‍ ശാന്തി നല്‍കിയില്ല . ഒരിക്കലുമില്ലാത്ത ഒരു ഭയം തണുപ്പ് പോലെ ഇഴഞ്ഞു കയറിക്കൊണ്ടിരുന്നു ഉള്ളിലേക്ക് .
കാലത്തിന്റെ കണക്കു പുസ്തകത്തില്‍ എന്നോ എവിടെയോ മറന്നു വച്ച ഒരു വീട്ടാക്കടം പെട്ടെന്ന് മുന്നില്‍ എത്തുമ്പോള്‍ കയ്യിലൊരു ചില്ലുകാശ് പോലുമില്ലാതെ നില്‍ക്കേണ്ടി വരിക എന്നത് പോലെ ആണ് ലൈസ ഈ നിമിഷങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് .
തനിക്കെന്താണ്‌ സംഭവിച്ചത് എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു നോക്കുകയായിരുന്നു .
ഗ്രാമ ഭംഗി നിറഞ്ഞ കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും വാനമ്പാടിയെപ്പോലെ കളിച്ചുഉല്ലസിച്ചു നടന്ന ഒരു നീളന്‍ പാവാടക്കാരിയില്‍ അവളെത്തി നിന്നു. ബാറ്റന്‍ ബോസും മാത്യൂമാറ്റവും ജ്യോയിസിയും ഒക്കെ രാവുകളിലും പകലുകളിലും ഒരുപോലെ മനസ്സിനെ ഭ്രമിപ്പിച്ചിരുന്ന കാലം . അയല്‍വീടുകളിലെ ചേച്ചിമാര്‍ക്ക് വായിച്ചു കൊടുത്തുകൊണ്ട് ചുളുവില്‍ വായന ഹരമായി കൊണ്ട് നടന്ന കാലം എന്ന് കൂടി പറയാം. കാരണം ഈ വാരികകള്‍ ഒന്നും തന്നെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം ഇല്ലായിരുന്നല്ലോ അന്ന് .
കലാലയത്തില്‍ നിറമുള്ള സ്വപ്നങ്ങള്‍ക്കൊപ്പം ഒരു രാജകുമാരനെ എന്തോ കണ്ടെത്താന്‍ കഴിയാതെ പോയി. അതവളില്‍ നിറഞ്ഞ നിരാശ എത്ര എന്നത് രാവുകളില്‍ ഇഷ്ടസിനിമാതാരത്തിന്റെ ഫോട്ടോ നെഞ്ചില്‍ അടക്കി ഉറങ്ങിയ രാത്രികളോട് ചോദിച്ചാല്‍ പറഞ്ഞുതരും .
എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത് എന്നവള്‍ ഓര്‍ത്ത്‌ പോയി . ഡല്‍ഹിയില്‍ നഴ്സ് ആയി ജോലിക്ക് കയറുമ്പോള്‍ മനസ്സില്‍ പക്ഷെ ശൂന്യതയായിരുന്നു . ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഉള്ള തന്റെ യാത്രയുടെ ആരംഭമായി കണ്ട ഒരു യാത്രയായിരുന്നു അത് . നാടും വീടും വിട്ടു ദൂരെ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പക്ഷെ മനസ്സില്‍ ഭയമില്ലായിരുന്നു . അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ ക്ഷണം സ്വീകരിച്ചു ഡല്‍ഹിയുടെ വാതായനങ്ങള്‍ തുറന്നവള്‍ അവിടെയൊരു അന്തേവാസിയായി മാറി .
ജോലിയും പുതിയ സ്ഥലത്തിന്റെ കൗതുകവും പിന്നെ കൂട്ടുകാരുടെ ഇടയിലെ ഉല്ലാസ നിമിഷങ്ങളും  ആയി ജീവിതം വിരസതയെ അകറ്റി കടന്നു പോയ നാളുകള്‍ ആയിരുന്നു പിന്നീട് .അമ്മയുടെ ഉപദേശങ്ങളും വേവലാതികളും വേദനയും കത്തുകളായി കടന്നു വന്നിരുന്നു മുറതെറ്റാതെ . ഏറ്റവും അടുത്ത കൂട്ടുകാരിയായി ലാലിയെ കിട്ടിയതോടെ ജീവിതത്തിന്റെ നിറങ്ങള്‍ ഓരോന്നായി ലഭിച്ചു തുടങ്ങി എന്ന് തോന്നി അവള്‍ക്കു . ഡല്‍ഹിയുടെ സൗന്ദര്യം അവധി ദിവസങ്ങളില്‍ ആസ്വദിച്ചു, വഴിയോരങ്ങിലൂടെ നടന്നു നീങ്ങാനും , വഴിയരികിലെ സര്‍ബത്ത് കടയില്‍ നിന്നും മധുരം നുകര്‍ന്ന് കാറ്റേറ്റ് കഥ പറഞ്ഞിരിക്കാനും അവര്‍ മിക്കവാറും സമയം കണ്ടെത്തി പോന്നു .
ഇടയ്ക്കൊക്കെ തങ്ങളെ ശ്രദ്ധിച്ചു കടന്നു പോകുന്ന ഒരു മുഖം വളരെ വേഗം അവളിലേക്ക് പതിഞ്ഞത് അവള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ഒരു നാണം അറിയാതെ അവളില്‍ നിറഞ്ഞു തുടങ്ങിയിരുന്നു . ഒടുവില്‍ ഒരുനാള്‍ അവര്‍ക്കരികിലേക്കു സധൈര്യം നടന്നു കയറിയ അയാള്‍ സ്വയം പരിചയപ്പെടുത്തി . ഞാന്‍ ജോജി ഇവിടെ ഒരു കമ്പനിയില്‍ സെക്രെട്ടറി ആയി ജോലി ചെയ്യുന്നു . അതായിരുന്നു തുടക്കം . അവര്‍ക്കിടയില്‍ മൗനം കട്ടപിടിച്ചു കിടന്നു . പരസ്പരം സംസാരിക്കുക വളരെ വിരളം ആയിരുന്നു . ഒരു നോട്ടം , ചിരി , അറിയാതെ ഒരു വിരല്‍ സ്പര്‍ശം ഇവയിലൂടെയൊക്കെ അവര്‍ പരസ്പരം അടുക്കുകയായിരുന്നു . ഹൃദയം പങ്കു വയ്ക്കുകയായിരുന്നു . മൂവരും കൂടുന്ന വേളയില്‍ കൂടുതലായും ലാലിയും ജോജിയും ആയിരുന്നു സംസാരത്തില്‍ മുഴുകുക . അവരുടെ സംസാരം കേട്ടിരിക്കുക എന്നതിനപ്പുറം കൂടുതല്‍ നേരം ആ സാന്നിദ്ധ്യം അറിയുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. ജോജിയുടെ മുഖത്തേക്കു നോക്കി ഇരിക്കുക ഒരു ലഹരിയായിരുന്നു . ഇടയില്‍ അറിയാത്ത പോലെ ഒരു കണ്ണെറിയല്‍ അതില്‍ ഒരുപാട് സുഖം കിട്ടിയിരുന്നു .  അതിനാല്‍ തന്നെ എത്ര തന്നെ സമയം കടന്നുപോയാലും അവള്‍ ഒരിക്കല്‍ പോലും മുഷിഞ്ഞിരുന്നില്ല . തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ ലാലി അയാളെക്കുറിച്ച് വാചാലയാകുന്നത് കൗതുകത്തോടെ കേട്ട് നടക്കുക ഒരു രസമായിരുന്നു . അവള്‍ക്കുറപ്പുണ്ടായിരുന്നു അയാള്‍ അവളെ സ്നേഹിക്കുന്നു എന്ന് . അല്ല അവര്‍ പ്രണയിക്കുകയാണെന്ന് .
ജോജിയുടെ ഇഷ്ടങ്ങളും , ആവശ്യങ്ങളും , ആഗ്രഹങ്ങളും ലാലിക്ക് മനപ്പാഠം ആയിരുന്നത് അവളെ അസൂയാലുവാക്കി . മിക്കവാറും ഞങ്ങള്‍ ഫോണ്‍ വിളിച്ചു സംസാരിക്കാറുണ്ട് . നേരില്‍ സംസാരിക്കാതിരിക്കുന്നതിന്റെ പലിശ സഹിതം രണ്ടുപേരും ദീര്‍ഘ നേരം പ്രണയ സല്ലാപങ്ങളില്‍ മുഴുകാന്‍ ശ്രമിയ്ക്കാറുണ്ട് . പക്ഷെ ഇപ്പോള്‍ പലപ്പോഴും നമ്മള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു തുടങ്ങുക ലാലിയുമായുള്ള അടുപ്പവും മറ്റും ആകും  ഒടുവില്‍ പിണങ്ങി രണ്ടുപേരും ഫോണ്‍ വയ്ക്കുമ്പോഴും ലാലിയുടെ പേരില്‍ ഉള്ള വഴക്ക് തീര്‍ന്നിട്ടുണ്ടാകില്ല . കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങിയ രാവുകളില്‍ അവള്‍ ലാലിയെ മനസ്സ് കൊണ്ട് വെറുത്തുപോയി . പക്ഷെ ഒരിക്കലും അവള്‍ അത് ഭാവിച്ചിരുന്നില്ല . അവളോട്‌ ഒരിക്കലും അയാളുടെ സ്നേഹത്തെ കുറിച്ച് അവള്‍ പറഞ്ഞിരുന്നുമില്ല . പക്ഷെ ലാലി ഒരുനാള്‍ മനസ്സ് തുറന്നു അവളോട്‌ പറഞ്ഞു അവള്‍ക്കു ജോജിയെ ഇഷ്ടം ആണ് എന്ന് . മനസ്സില്‍ കാരമുള്ളു തറച്ച വേദനയാണ് ഉണ്ടായത് . അവള്‍ പക്ഷെ ഇത് ജോജിയോടു പറയുമ്പോള്‍ ജോജി തമാശ ആയി ആണ് അതെടുത്തത് . നിനക്ക് വട്ടാണ് അവളും ഞാനുമായി ഒന്നുമില്ല സുഹൃത്തുക്കള്‍ മാത്രം എന്നൊരു മറുപടിയിലൂടെ അയാള്‍ അവളെ നിശബ്ദയാക്കി പോന്നു .
ഇടയില്‍ കുറെ കാലം പരസ്പരം കാണല്‍ കുറഞ്ഞു വന്നു . പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ജോലിയും ഷിഫ്റ്റും ഒക്കെ കൂടി സമയം ലഭിച്ചില്ല എന്നതാണ് സത്യം . കുറച്ചു പേര്‍ ലീവില്‍ പോയിരുന്നതിനാല്‍ ജോലിഭാരം കൂടിയത് ആണ് ശരിക്കും ആ ദിനങ്ങള്‍ . എങ്കിലും മുറ തെറ്റാതെ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു . തന്റെ ജീവിതത്തിന്റെ വസന്തം ജോജിയില്‍ ആണെന്ന് അവള്‍ വിശ്വസിച്ചു . തനിക്കൊരു ജീവിതം ഉണ്ടെങ്കില്‍, ഒരു ഇണ ഉണ്ടെങ്കില്‍ അത് ജോജി ആകും എന്നവള്‍ ഉറക്കമില്ലാത്ത രാവുകളില്‍ ആണയിട്ടു ഉറപ്പിച്ചുകൊണ്ടിരുന്നു . ലാലിയുമായുള്ള ഇടപെടല്‍ അപ്പോഴേക്കും കുറഞ്ഞു വന്നു തുടങ്ങി എന്ന് തന്നെ പറയാം . പരസ്പരമുല്ല സംസാരം കുറഞ്ഞു വന്നു. അവള്‍ വേറെ സെക്ഷനില്‍ ആയപ്പോള്‍ പിന്നെ കണ്ടുമുട്ടല്‍ വിരളമായിത്തുടങ്ങി .
എങ്കിലും ജോജി വിളിക്കുമ്പോള്‍ ഒക്കെ അവളുടെ കാര്യം പറഞ്ഞു വഴക്കിടുക പിന്നെ അതോര്‍ത്തു ഇരുന്നു കരയുക , വിളിച്ചു വീണ്ടും ഇണങ്ങുക എന്നീ നാടകങ്ങള്‍ അനസ്യൂതം നടന്നു വന്നു .
ഒരു ദിവസം രാവിലെ ഡ്യൂട്ടിക്ക് ചെല്ലുമ്പോള്‍ കൂടെ ഉള്ള മേഴ്സി ചേച്ചിയാണ് അവളോട്‌ ലാലിയുടെ പുതിയ വിശേഷം അറിയിച്ചത് . ഇന്നലെ വൈകിട്ട് ലാലി ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിയ്ക്കാന്‍ തുടങ്ങിയത്രേ . അവര്‍ ദീര്‍ഘ നാളായി പ്രണയത്തില്‍ ആയിരുന്നു എന്നും ഇന്നലെ ആണ് രജിസ്ടര്‍ വിവാഹം കഴിഞ്ഞതും എന്നും മറ്റും മേഴ്സി ചേച്ചി പറയുമ്പോള്‍ അതേത് ചെറുപ്പക്കാരന്‍ എന്ന് ആലോചിക്കുകയായിരുന്നു അവള്‍ . കാരണം അവര്‍ തമ്മില്‍ അടുപ്പത്തില്‍ ആയിരുന്ന ഒരു ദിനങ്ങളിലും അങ്ങനെ ഒരു പേരോ കഥാപാത്രമോ അവള്‍ അറിഞ്ഞില്ല പറഞ്ഞും കേട്ടിരുന്നില്ല . ലാലിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ അങ്ങനെ ഒന്നവള്‍ കണ്ടിരുന്നുമില്ല.
ഒരു ഞെട്ടലോടെ ആണ് അവള്‍ പെട്ടെന്ന് ജോജിയെക്കുറിച്ചോര്‍ത്തത് . ഓടിച്ചെന്നു അവന്റെ നമ്പര്‍ കറക്കുമ്പോള്‍ അവള്‍ മനസ്സിലെ ദൈവങ്ങളെ എല്ലാം വിളിച്ചു കേഴുകയായിരുന്നു അത് അവന്‍ ആകരുതേ എന്ന് . ഓഫീസിലെ നമ്പര്‍ വിളിച്ചു നോക്കിയപ്പോള്‍ ഇന്ന് വന്നിട്ടില്ല എന്നറിഞ്ഞു . മനസ്സ് ഒരു കുതിരയെ പോലെ വേഗത്തില്‍ പായാന്‍ തുടങ്ങി . ഹൃദയം പെരുമ്പറ കൊട്ടുന്ന പോലെ . ശരീരം ആകെ വിയര്‍പ്പില്‍ കുളിച്ചു . അവള്‍ ജോജിയുടെ താമസ സ്ഥലത്തെ നമ്പര്‍ കറക്കി . റിംഗ് കേള്‍ക്കുന്നത് തന്റെ തലച്ചോറില്‍ ആണെന്ന് അവള്‍ക്കു തോന്നി . അല്പം കഴിഞ്ഞപ്പോള്‍ ആരോ ഫോണ്‍ എടുത്തു . അപ്പുറത്ത് നിന്നും ഒഴുകി വന്ന ലാലിയുടെ പരിചിതമായ ശബ്ദം അവളെ സ്തബ്ദയാക്കി . അറിയാതെ ഫോണ്‍ ക്രാഡിലേക്ക് വീണു . ഭിത്തിയില്‍ ചാരി നിന്നവള്‍ ഒരു താങ്ങിനു വേണ്ടി എന്ന പോലെ .
പിന്നെ  അവിടെ തുടരാന്‍ മനസ്സ് വന്നില്ല . മരിച്ച മനസ്സില്‍ സ്വപ്‌നങ്ങള്‍ കരിന്തിരി കത്തി അണഞ്ഞു കഴിഞ്ഞിരുന്നു .പരസ്പരം കാണാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുമ്പോള്‍ മനസ്സ്‌ പൊടിയുകയായിരുന്നു. ആ ഇടയ്ക്ക് ആണ്  സൗദിയില്‍ ഒരു ആശുപത്രിയിലേക്ക് ഇന്റര്‍വ്യൂവിന് ക്ഷണം ലഭിച്ചത് . മറ്റൊന്നും ശ്രദ്ധിച്ചില്ല നേരെ അതിനു ശ്രമിച്ചു . വിജയം കൂട്ടിനുണ്ടായിരുന്നു . വളരെ പെട്ടെന്ന് തന്നെ അവരുടെ ഇടയില്‍ നിന്നും അറബു മണ്ണിലേക്ക്‌ ഒരു പറിച്ചു നടല്‍ നടന്നു .
ഓര്‍മ്മകളെ ഒരിക്കലും പഴയ തീരങ്ങളില്‍ കൊണ്ട് കെട്ടാതിരിക്കാന്‍ വേണ്ടി മനപൂര്‍വ്വം തിരക്കുകളില്‍ വീണു ദിവസങ്ങള്‍ കഴിച്ചു കൂട്ടി .മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു തന്റെ കൂടാരംതീര്‍ത്ത്‌ അതില്‍ മൗനം ദിനങ്ങള്‍ പൊഴിഞ്ഞു പോകുന്നതരിയാതെ കാലം കഴിക്കവേ ആണ് ഹോസ്പിറ്റലില്‍ സാധാരണ പോലെ ഒരു ആക്സിഡന്റ്റ്‌ കേസ്‌ ആയി മന്‍സൂര്‍ എന്നസൗദി പൗരന്‍ അഡ്മിറ്റ്‌ ആയത് . ഒരു മാസത്തോളം അയാള്‍ അവിടെ ഉണ്ടായിരുന്നു . തന്റെ വാര്‍ഡില്‍ ആയതിനാല്‍ മിക്കവാറും എന്നും തന്നെ കൂടിക്കാഴ്ചകള്‍ നടന്നിരുന്നു . ഒരു രോഗി എന്നതിനപ്പുറം മറ്റൊരു വികാരവും എനിക്കതില്‍ ഉണ്ടായതും ഇല്ല . പക്ഷെ താനറിയാതെ അയാള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞത് അയാള്‍ ആശുപത്രിയില്‍ നിന്നും പോകുന്ന ദിവസം ആണ് . അയാള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി . ഒരു തരം മരവിപ്പില്‍ ആയിരുന്നു ആ കാലഘട്ടം എന്നതിനാലും തനിക്ക് ലഭിച്ച ചതിയുടെ ആഴത്തില്‍ വേദനാകുലയായിരുന്നതിനാലും മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ഓക്കേ പറയുകയായിരുന്നു . വീട്ടുകാര്‍ പോലുമറിയുന്നത് വിവാഹം കഴിഞ്ഞിട്ടായിരുന്നു . അന്യജാതിക്കാരന്‍ , അന്യനാട്ടുകാരന്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ പക്ഷെ ഞാന്‍ ഗണിച്ചില്ല. ലൈസയില്‍ നിന്നും പറിച്ചു നടേണ്ടി വന്നില്ല എന്നത് കൊണ്ട് പേര് മാത്രം സ്വന്തമായി . പുതിയ ആചാരങ്ങള്‍ , അനുഷ്ടാനങ്ങള്‍ ഒക്കെയും ആദ്യമാദ്യം വീര്‍പ്പു മുട്ടിച്ചു എങ്കിലും ജോലി ഉപേക്ഷിച്ചു വെറും ഒരു വീട്ടമ്മയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ഞാന്‍ .
സ്നേഹധനനായ മന്‍സൂര്‍ ഒരിക്കലും എനിക്കൊരു വിഷമതയോ വേദനയോ തന്നില്ല . സുന്ദരിമാരായ രണ്ടു മാലാഖ ക്കുഞ്ഞുങ്ങളെ സമ്മാനിച്ച്‌ ഞാന്‍ മന്‍സൂറിന്റെ ജീവിതത്തെ പൂക്കാലം നിറഞ്ഞതാക്കി .
പക്ഷെ ഇന്ന് വാര്‍ത്ത കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആണ് മനസ്സ് പിന്നെയും പിന്നെയും ഭൂതകാലം മറന്നിട്ട ചാരം തിരഞ്ഞത് . ലാലിയുടെ മരണവാര്‍ത്ത ആയിരുന്നു അത് . ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ യുവാവിന്റെ ചിത്രം കാണുമ്പോള്‍ , കൈ വിലങ്ങുമായി ജീപ്പില്‍ ഇരിക്കുന്ന ജോജിയെ കാണുമ്പോള്‍ അറിയാതെ മനസ്സ് പിന്നെയും തേങ്ങുകയാണ് ... എന്തിനെന്നറിയാതെ .......
പുറത്തു അപ്പോഴുംമഞ്ഞു പെയ്തുകൊണ്ടിരുന്നു .നിലാവില്‍ , നനുത്ത കാറ്റില്‍ ഒരു വിങ്ങലിന്റെ സ്വരം അമര്‍ന്നു ഞെരിയുന്നത് രാത്രി തൊട്ടറിയുകയായിരുന്നു അപ്പോള്‍ .

Sunday, November 23, 2014

മനുഷ്യന്‍

മരിയ്ക്കാന്‍ ഇല്ല വിഷമം
ജനിയ്ക്കാനുമില്ല വിഷമം
ജീവിയ്ക്കുവാനാണ് വിഷമം
ജീവിച്ചതോര്‍ത്തും വിഷമം
-------------ബിജു ജി നാഥ്

Friday, November 21, 2014

മുല


നിറയെ ക്ഷീരമുണ്ടാകിലും  
കൊടുത്താല്‍ കുഞ്ഞിനും
കൊടുത്തില്ലേല്‍ അമ്മയ്ക്കും
മേനി മിനുങ്ങാനുള്ളവയവം
------------ബിജു ജി നാഥ്

Thursday, November 20, 2014

നഗ്നത


മിഴികളില്‍ നിന്നു സഞ്ചരിച്ചു
ചിന്തകളില്‍ വച്ചരിച്ചുമാറ്റി
ഭോഗായുധത്തില്‍ വിലയിച്ചു
നാവിലൂറുന്നൊരധമചിന്ത...!
-------------ബിജു ജി നാഥ്

Wednesday, November 19, 2014

വഴിക്കണ്ണ്‍


നെഞ്ചെരിഞ്ഞു മിഴിനാട്ടുന്നു
മഞ്ഞള്‍കുങ്കുമം പുരണ്ടൊരാ-
ലിലത്താലി കണ്ണീരുണങ്ങാ
കവിള്‍ തുടച്ചിന്നും പടിവാതിലില്‍
.................ബിജു ജി നാഥ്

Monday, November 17, 2014

നിന്നെ വായിക്കുമ്പോള്‍


പൊതിഞ്ഞു കെട്ടിയ നിന്‍ പുഞ്ചിരിയില്‍
മറഞ്ഞു കിടക്കുന്നുണ്ട് ഒരായിരമാശങ്കകള്‍
നിലാവിന്റെ മുഖം പോലെ തെളിഞ്ഞിതെ-
ങ്കിലും കാണാം വര്‍ഷമേഘത്തിന്‍ വരവ് .

ഉള്ളില്‍ ഉറഞ്ഞുകട്ടിയാകും വേദനകളില്‍
ആത്മവിശ്വാസത്തിന്‍ നനുത്ത പൂവ്ചൂടി
വെളുക്കെ ചിരിക്കാന്‍ നീ ശ്രമിക്കുമ്പോള്‍
അഴിഞ്ഞു വീഴുന്നു പൊയ്മുഖം നീയറിയാതെ .

നിറഞ്ഞ സ്നേഹത്തിന്‍ കടലില്‍ ഒറ്റയ്ക്ക്
നിലയറിയാതെ തുഴയാന്‍ ശ്രമിക്കുമ്പോള്‍
കനലുകള്‍ കോരിയിട്ട മനസ്സിന്റെയാഴങ്ങള്‍
അറിയാന്‍ ശ്രമിക്കുന്നില്ലറിയേണ്ടവര്‍ പോലും.

മറക്കാന്‍ നീ ശ്രമിക്കുന്ന മറവികളാകാം
നിന്‍ മിഴികള്‍ തന്നാഴത്തില്‍ ഉറയുന്നതെ-
ങ്കിലും അകതാരിലുയരുന്ന വിങ്ങലൊക്കെ
ചിരിയായി വിരിയിക്കാന്‍ നീ ശ്രമിക്കുന്നു .

നീ ഭയക്കുന്നൊരാള്‍ പോലും നിന്നെയറി-
യുന്നെന്നൊരു വാക്ക് കൂടി കേള്‍ക്കുവാന്‍.
ഓടിയകലുന്ന നിന്‍ വാക്പ്രവാഹത്തില്‍
അറിയുന്നുണ്ട് നിന്‍ ഹൃത്തിന്‍ ദ്രുതതാളം !

മനസ്സില്‍ നിറയുന്നോരാനന്ദത്താല്‍ ദൂരെ
അലസം നിന്‍ ചലനങ്ങള്‍ നോക്കി നില്‍ക്കെ
അറിയുന്നു നിന്നില്‍ നിറയുന്ന ഭാവങ്ങളില്‍
നിറഞ്ഞു വിരിയുന്ന അസ്വസ്ഥ പുഷ്പങ്ങള്‍.
-------------------------------ബിജു ജി നാഥ്

Sunday, November 16, 2014

കരുണ


സ്നേഹത്താല്‍ വരിഞ്ഞു മുറുക്കിയും
കാല പാശത്താല്‍ കടപുഴക്കിയും
മൊട്ടിടും മുന്നേ തന്നെ വേരറുത്തും
വേദനക്കടലില്‍ തുഴയാന്‍ വിട്ടും
ചുറ്റും കണ്‍മിഴിക്കുന്ന താരകങ്ങള്‍ !
-------------------ബിജു ജി നാഥ്

Saturday, November 15, 2014

പക


കനലുകള്‍ കോരിയിട്ട് മനസ്സു നീറ്റിയും 
കടല്‍ത്തിര പോലെ തലച്ചോര്‍ തകര്‍ത്തും
ഹിമശൈലങ്ങള്‍ പോലെ വാക്കുറഞ്ഞും 
പേമാരി പോലെ കണ്ണുകള്‍ ചോര്‍ത്തിയും
നശിപ്പിക്കുന്നു ജീവിതം ഇരുപുറങ്ങളിലും
---------------------------ബിജു ജി നാഥ്

Thursday, November 13, 2014

പപ്പേട്ടന്‍

പപ്പേട്ടന്‍ എന്തിലും നന്മ കാണുന്ന ഒരു പാവം ആണ് . എന്തിനെ കുറിച്ചും പപ്പേട്ടന് വ്യക്തമായ ധാരണകള്‍ ഉണ്ട് . അത് പക്ഷെ തന്റെ ലാഭങ്ങള്‍ക്ക് വേണ്ടിയോ ലക്ഷ്യ സാധ്യത്തിനോ വേണ്ടി മാത്രമാണ് എന്നത് പപ്പേട്ടന്റെ സ്വന്തം രഹസ്യം . പപ്പേട്ടന്‍ അടുത്തിടെ ഒരു നാടകം കാണാന്‍ പോയി . നാടകം തുടങ്ങും മുന്നേ ഗ്രീന്‍ റൂമിലോക്കെ കറങ്ങിത്തിരിഞ്ഞു നടക്കവേ പപ്പേട്ടന് നാടകത്തിലെ വിദൂഷകനും ആയി പരിചയപ്പെടാന്‍ കഴിഞ്ഞു . ഹ്രസ്വമായ ആ സൗഹൃദം പപ്പേട്ടന് അടുത്ത നാടകത്തിലെ ഒരു വേഷം സമ്മാനിക്കുന്നത് വരെ എത്തി . ഒരിക്കല്‍ പപ്പേട്ടന്‍ നാടകം ആയി നടന്നു കുത്തുപാള എടുത്തത് കൊണ്ടും അഭിനയം പപ്പേട്ടന് ജീവിതമായത് കൊണ്ട് പപ്പേട്ടന്‍ സന്തോഷവാനായി . ഈ സന്തോഷം പപ്പേട്ടന്‍ പങ്കു വച്ചത് എങ്ങനെ എന്ന് നോക്കാം . പതിവ് പോലെ നാട്ടു കൂട്ടം സായാഹ്നത്തില്‍ ആല്‍മരചോട്ടില്‍ കൂടിയപ്പോള്‍ ഒരാള്‍ ചോദിച്ചു പപ്പേട്ടാ നാടകം എങ്ങനെ ഉണ്ടായിരുന്നു . പപ്പേട്ടന്‍ അരമണിക്കൂര്‍ പിന്നെ വാചാലനായി . എന്താണെന്നല്ല്ലേ . കൂട്ടരേ നിങ്ങള്‍ ആ നാടകം ഒന്ന് കാണണം . സത്യത്തില്‍ ഇത്ര നല്ലൊരു നാടകം ഞാന്‍ കണ്ടിട്ടില്ല . നാടകം തുടങ്ങുമ്പോ വിദൂഷകന്‍ വരും പിന്നെ നാടകം അയാള്‍ അങ്ങ് കയ്യിലെടുക്കുക ആണ് അക്ഷരാര്‍ത്ഥത്തില്‍ . നാടകത്തെ വിദൂഷകന്‍ നന്നായി അവതരിപ്പിച്ചു . വിദൂഷകന് വര്‍ഷങ്ങളുടെ അഭിനയ പാരമ്പര്യവും , ഭാവങ്ങളും വേഷങ്ങളും മനോഹരമായി അവതരിപ്പിക്കാനും അറിയാം . വിദൂഷകന്‍ സംഭാഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ സംവിധായകനും രചയിതാവും എല്ലാം വെറും ശൂന്യം . വിദൂഷകന്റെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ എത്ര സുന്ദരമാണെന്നോ , വിദൂഷകന്‍ ........
ആള്‍ക്കൂട്ടം വിസ്മയഭരിതരായി നാടകം മറന്നു വിദൂഷകസ്തുതികളില്‍ മുഴുകി .
പപ്പേട്ടന്‍ നീണ്ട ഒരു ഏമ്പക്കവും വിട്ടു വീടണഞ്ഞപ്പോഴും ആള്‍ക്കൂട്ടം നാടകത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു . നാടകം എന്നാല്‍ വിദൂഷക വേഷം മാത്രം ആണെന്ന് അവര്‍ ധരിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലല്ലോ . അവര്‍ക്കറിയില്ലല്ലോ പപ്പേട്ടന് വിദൂഷകന്‍ ഒരു നവ ജന്മം കൊടുക്കാന്‍ പോകുന്ന ലഹരിയില്‍ ആണെന്ന് .

ഊരാക്കുടുക്ക്എന്റെ പ്രണയത്തിന്‍ അഗ്രചര്‍മ്മം
കനിവില്ലാതരിഞ്ഞു നീ വീഴ്ത്തുമ്പോള്‍
നിതാന്ത പ്രണയത്താല്‍ നിത്യമെന്‍ 
രാവും പകലും ഉദ്ധരിക്കപ്പെടുന്നല്ലോ
........................................ബി ജി എന്‍

ജീവിതം


നൂല്‍പ്പാലമതിലൂടെ സഞ്ചാരമെങ്കിലും
നെല്ലോളമില്ല അഹങ്കാരമുള്ളില്‍ ,
എന്താകിലെന്തു വരുകില്‍ നേരിടാം
പോകാതിരിക്കാനാവില്ലന്നറിവൂ ജന്മം .

....................................ബി ജി എന്‍

പ്രണയംസാഫല്യത്തിന്റെ പരമകാഷ്‌ഠയിലും
ജീവിതങ്ങളുടെ പരിസമാപ്തികളിലും
കാപട്യത്തിന്റെ മുള്ളുവേലികളിലും തട്ടി
മാനം കാണാതെ പോയ മയില്‍‌പ്പീലിത്തണ്ട് .!
--------------------------ബി ജി എന്‍

Wednesday, November 12, 2014

പ്രവാസികള്‍വര്‍ഷമേഘങ്ങള്‍ അന്യമായ
മരുഭൂമികളില്‍
ജീവിതത്തിന്റെ പച്ചപ്പ് തേടുന്നവര്‍
കാത്തു വയ്ക്കുന്നു ഓര്‍മ്മകളില്‍
മഞ്ഞു മൂടിയ താഴ്വാരങ്ങള്‍ .

കരിഞ്ഞുണങ്ങിയ കനവുകള്‍ക്ക് മേല്‍
കണ്ണീരിന്റെ പശിമ ചാര്‍ത്തിയവര്‍
സ്വപ്നങ്ങളെ വളരാന്‍ വിടുന്നുണ്ട്
ഓരോ രാവിന്റെ ഏകാന്തതയിലും .

ജീവിതത്തിന്‍ ഓരോ തിരിവിലും
കണ്ടുമുട്ടുന്നുണ്ടോരോ മുഖങ്ങള്‍
അമ്മയായും അച്ഛനായും
കൂടപ്പിറപ്പുകളായും
ജീവിത സഖിയായും
തലമുറയുടെ വാഹകരായും
സൗഹൃദപൂക്കുടകളായും
ഓരോ കാലങ്ങളില്‍ അവ നമ്മോട് കൂടെയുണ്ട് .

കടപ്പാടുകളുടെ
കടമകളുടെ
തോരാമാഴയില്‍ വീണു
ജീവിതം മറക്കുന്നു
മരുഭൂമിയില്‍ ജീവിച്ചു
മരുഭൂമിയില്‍ മരിക്കുന്നു
മുഖമില്ലാത്ത ജീവിതങ്ങള്‍ !

(പ്രവാസികള്‍ എന്നാല്‍ ഗള്‍ഫ്‌ വാസികള്‍ മാത്രം ആണ് എന്ന് അര്‍ത്ഥം ഇല്ല എങ്കിലും ഞാന്‍ ഇവിടെ കാണാന്‍ ശ്രമിക്കുന്നത് മരുഭൂമികളില്‍ ജീവിതം ഹോമിക്കുന്ന പ്രവാസി സഹോദരങ്ങളെ മാത്രം ആണ് . ചുട്ടു പൊള്ളുന്ന ചൂടിലും ജീവിതത്തിന്റെ പച്ചപ്പുകള്‍ ഉറ്റവര്‍ക്ക് നേടി കൊടുക്കാന്‍ സ്വന്തം ജീവിതം ഹോമിക്കുന്നവര്‍ . അവര്‍ക്ക് വാട്സ് അപ്പോ ഫേസ്‌ ബുക്കോ പോലുള്ള സംവിധാനങ്ങള്‍ ഇല്ല . ജോലിയും വിശ്രമവും കഴിയുമ്പോള്‍ അവര്‍ക്ക്‌ കുടുംബത്തിന്റെ , ഓര്‍മ്മകളുടെ ഭാരം മാത്രമേ ബാക്കി ഉള്ളൂ. )................ബിജു ജി നാഥ്

Tuesday, November 11, 2014

കുഞ്ഞു നൊമ്പരങ്ങള്‍


വാക്കുകള്‍ കൊണ്ടമ്മാനമാടി
അച്ഛന്‍ വാഗ്മിയെന്നു പുകളെഴുമ്പോള്‍
അക്ഷരങ്ങള്‍ക്കിടയില്‍ അമ്മ
വറ്റു തിരയുന്നു പശിയടക്കീടുവാന്‍.

പുസ്തകങ്ങള്‍ മറതീര്‍ത്ത് പെങ്ങള്‍
പ്രണയാക്ഷരങ്ങള്‍ കുറിക്കുന്നു ചാറ്റില്‍.
സീരിയല്‍ തന്‍ കണ്ണീര്‍ കയത്തില്‍
മുത്തശ്ശി തന്‍ കണ്ണുകള്‍ കലങ്ങുന്നു .

ചാറ്റ് സ്ക്രീനിലെ ചേച്ചിയുമൊത്ത്
ചേട്ടന്‍ കുസൃതിക്കഥകള്‍ പറയുമ്പോള്‍.
കാസരോഗം കടിച്ചു മുറിച്ചൊരു
മുത്തശ്ശന്‍ മച്ചു നോക്കി കിടക്കുന്നു

ആര്‍ക്കും വേണ്ടാ പാവമീ ഞാനൊരു
കരടിപ്പാവയില്‍ സൗഹൃദം തേടുമ്പോള്‍
രാത്രി വളരുന്നു ഭീകരമായൊരു
മൗനം നല്‍കുന്ന കരിമ്പടം പുതച്ചങ്ങനെ .

(ഓരോ വീടുകളിലും ഒറ്റപ്പെടുന്ന ഓരോ ബാല്യങ്ങള്‍ ഉണ്ടാകും . അവര്‍ക്ക്‌ സ്വന്തമായി ഏകാന്തതയുടെ നോവും പരിഭവങ്ങളും ഉണ്ടാകും . നാം കാണാതെ പോകുന്ന അവയിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചു പോകുക മാത്രമാണ് ഞാന്‍ ഇവിടെ .).............ബിജു ജി നാഥ്

Sunday, November 9, 2014

ഭൂതകാലം


മനസ്സിനെ പിന്നോട്ട് നയിക്കുവാനോ
പഴമയെ വെറുതെ കൊറിക്കുവാനോ
നമ്മള്‍ പരകായപ്രവേശം പോലെ
പിറകോട്ടു ചരിക്കുന്നു ചില നേരങ്ങളില്‍ .

ഉറവിടമറിയാനും ഉഴുതുമറിക്കാനും
എന്നും നമുക്കൊരു സഹായിയായാണ്
നമ്മള്‍ മറക്കുന്ന ഇരുണ്ട ഭൂതകാലം
നമ്മെ ഓര്‍മ്മിപ്പിക്കാന്‍ വിരുന്നുവരിക .

പുതിയജന്മം കടം കൊള്ളുവാന്‍ ചിലര്‍
ചികഞ്ഞെടുത്തു കുടഞ്ഞിടാറുണ്ട്
ഭൂതകാലത്തിന്റെ പൂക്കളും ശലഭങ്ങളും
തൃഷ്ണ നൃത്തമാടിയ കേളീരംഗങ്ങളും.

പ്രണയത്തിന്റെ , പണയത്തിന്റെ
രതിയുടെ , ആസക്തിയുടെ
പകയുടെ , പ്രതികാരത്തിന്റെ
ഓര്‍മ്മകള്‍ ഒഴുകി വരും പിന്നില്‍ നിന്നും .

കുടഞ്ഞിടുന്നതോടെ പറഞ്ഞ മനസ്സില്‍
ശാന്തി നിറയുന്നത് കണ്‍കളില്‍ വിരിയുമ്പോള്‍
കേട്ട മനസ്സില്‍ അശാന്തി മൊട്ടിട്ടു തുടങ്ങും
മേഘങ്ങള്‍ വന്നടിഞ്ഞു തുടങ്ങും .

ഭൂതകാലം വേദന മാറ്റുന്നതിനൊപ്പം
വേദന നല്‍കുകയും ചെയ്യുമ്പോള്‍
ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ നമുക്ക്
എന്താണ് നമ്മില്‍ ബാക്കിയാകുന്നത് ?
https://www.youtube.com/watch?v=4PI3_l3VWBw

Friday, November 7, 2014

അന്വേഷണം


നീ
"നിനക്ക്"നഷ്ടമായ
കാഴ്ചകള്‍
സ്വപ്‌നങ്ങള്‍
മോഹങ്ങള്‍
നോവുകള്‍
നഷ്ടങ്ങള്‍
ഒക്കെയും പറഞ്ഞു.
അക്കമിട്ടു നിരത്തിയ
വാക്കുകളില്‍
ഒരു നിധിവേട്ടക്കാരനെ പോല്‍
ഞാന്‍ തിരഞ്ഞു നടന്നു.
പക്ഷെ ,
എങ്ങുമില്ലായിരുന്നു
"നമുക്ക്" എന്ന അക്ഷരം മാത്രം.
----------ബിജു ജി നാഥ്

Thursday, November 6, 2014

മുഖപുസ്തകത്തിലെ ഇരട്ടമുഖമുള്ള ചില സ്ത്രീപക്ഷവാദികള്‍

പകലോന്‍ വെളിച്ചത്തില്‍ പതിവായി
അബലയെന്നോതി കരയുന്നവര്‍ ചിലര്‍
പുസ്തകത്താളില്‍ ക്രൌര്യമോടെ കുറിക്കും
സ്ത്രീ സമത്വത്തിന്‍ അടിച്ചമര്‍ത്തലുകള്‍
അപ്പുറമൊരു കാവ്യലിഖിതം തെളിയുന്ന
നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിയും വരെ.

കാണുന്നു സദാചാരഭ്രംശം നടന്നൊരു
നാടിന്‍ ഗതികേട് കണ്ടില്ലേ മാളോരെ
കെട്ടിപ്പിടിക്കുവോള്‍ , ഉമ്മവച്ചീടുവോള്‍
അച്ഛനുമമ്മയ്ക്കും ഉണ്ടായതല്ലഹോ !
കാമം തലയില്‍ നിറഞ്ഞവളാണവള്‍
ഊര്‍ജ്ജം പകരുവാന്‍ ഡ്രഗ്ഗിന്‍ ലഹരിയും.

അവിടെയ്ക്ക് വന്നവള്‍ ഓതുന്നു വേഗത്തില്‍
ശരിയാണ് ശരിയാണ് ഒരുമ്പെട്ടവളിവള്‍
ഇവളാണ് സാമൂഹ്യ വിപത്ത് , നീ ശരിയാണ്
തരുന്നു നിനക്കായ്‌ ചൂടുള്ളോരു ചുംബനം .
----------------------ബിജു ജി നാഥ്
(ഇത് എന്റെ പ്രതിഷേധം ആണ് . സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയും വാദിക്കുകയും സ്ത്രീകളെ അവഹേളിക്കുന്ന ഇടങ്ങളില്‍ അവര്‍ക്കൊപ്പം സദാചാര ഭ്രംശത്തെക്കുറിച്ച് വിലപിക്കുകയും , അസഭ്യങ്ങള്‍ കൊണ്ട് അവരെ അപമാനിക്കുകയും ചെയ്യുന്ന എന്റെ സൌഹൃദ ലിസ്റ്റില്‍ ഉള്ളവരും അല്ലാത്തവരും ആയ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഉള്ള എന്റെ ആദ്യ സ്ത്രീ വിരുദ്ധ പോസ്റ്റ്‌ .)

Sunday, November 2, 2014

നീയെന്‍ സര്‍വ്വ സ്വം

ഇരുളിലെന്‍ വെളിച്ചമായും
അവശ്യങ്ങളില്‍ കൈത്താങ്ങായും
എന്റെ ഹൃദയ മിടിപ്പായും
ഞാനാം കപ്പലിലെ തുഴയായും നീയേ .

പേമാരി കഴിഞ്ഞുള്ള കിരണവും
വേദനകളിലെ സാന്ത്വനവും
എന്‍ വരികളിലെ സംഗീതവും
എന്റെ കാവലും നീയല്ലയോ .

നീ, എന്റെ പാദവും
കണ്ണീര്‍ തുടയ്ക്കും വിരലുകളും
ജീവന്റെ പ്രണയവുമാകുന്നു.
അതിനാല്‍ ഞാന്‍ നിന്റേതു മാത്രമാകുന്നു.
-----------------------ബിജു ജി നാഥ്
ഇലോന ഹെസ്സ Ilona Hesse യുടെ കവിതയുടെ സ്വതന്ത്രവിവര്‍ത്തനം 

കവിത ജീവിതമാകുമ്പോള്‍


പാതി വെന്ത ജീവിതത്തില്‍ എവിടെയോ
നോവ്‌ പെറ്റ ഓര്‍മ്മകള്‍ പിടയുമ്പോള്‍
കാലു വെന്ത നായയെ പോലിന്നു ഞാന്‍
ഇറ്റ് തണുവിനായ് അലയുന്നു രാവു തോറും .

കനവുകള്‍ കണ്ടു മയങ്ങും നാളുകള്‍ കട -
ന്നെവിടെയോ നരച്ച നിറം പടരുമ്പോള്‍ 
പിടയുമാത്മാവിന്‍ വിങ്ങലില്‍ വീണിട്ടോ
ക്ഷണികമീ ജന്മം ചിതല് തിന്നീടുന്നിതാ.

ചിതയില്‍ നിന്ന് വമിക്കും പുക കൊണ്ട് 
മിഴികള്‍ നീറി കണ്ണീര്‍ പൊഴിയുമ്പോഴും
നിറമുള്ളൊരാകാശക്കുടയോര്‍ത്തു എന്നി
ലുരുവമിടുന്ന പുഞ്ചിരി കടമാകുന്നുവല്ലോ.
----------------------ബിജു ജി നാഥ്