Saturday, November 29, 2014

നല്ല ദിനങ്ങള്‍ വരവായി


നല്ല ദിനങ്ങള്‍ വരവായി ചുറ്റിനും
നല്ല വാര്‍ത്തകള്‍ കേട്ടീടുക നിത്യവും .
നന്മകള്‍ നേടിത്തരുവാന്‍ വിദേശ
നാണ്യം വരുത്തുവാന്‍ കാലമായി .

ശവഗംഗ നന്നായി വെടിപ്പാക്കി
സംസ്കാര ശവദാഹം മോടിയാക്കുന്നു.
പുതുതലമുറ തന്‍ ചിന്തകളില്‍
നവ്യ സംസ്കാര കാവി പടര്‍ത്തുന്നു .

ഡീസല്‍ പൊതിഞ്ഞു കൊടുക്കുന്നു
വിലയുടെ നേരറിവുകള്‍ പങ്കിടുന്നു .
കല്‍ക്കരി ഖനികള്‍ തുറക്കുന്നു കോടി
കൈദാനമായി മറിയുന്നു കരങ്ങളില്‍ .

പുളവന്‍ പുളയ്ക്കുന്നു കൈരളി മണ്ണില്‍
പുളകം കൊള്ളുന്നു നല്ല നാളോര്‍ത്തു .
സെക്രട്ടറിയേറ്റിന്‍ പടികയറിടുന്നൊരു
നല്ല ദിനങ്ങള്‍ കനവ് കണ്ടീടുന്നു .

വെണ്ണക്കല്‍ മാളിക തന്‍ ചരിത്രത്തിന്‍
ഇഴകീറി നോക്കി പുലമ്പുന്നു ചിലര്‍
തൊട്ടു നോക്കീടുന്നു കത്തുവാന്‍ പാക-
ത്തിലെന്തെങ്കിലുമൊന്നു നല്ല ദിനത്തിനായ്‌ .

ഗ്രാന്‍ഡ്‌ കൈമോശമാകാതെ കാക്കുവാന്‍
നരബലികള്‍ മറക്കുന്നിതപ്പോസ്തലര്‍
എന്ത് കൊല ? അതേത് രാജ്യമെന്ന്
കേശം മുത്തി മൊഴിയുന്നു പാണ്ഡിത്യം .

നല്ല നാളുകള്‍ വരുന്നത് കണ്ടിട്ട്
നാട് പുഞ്ചിരി ചുണ്ടില്‍ കരുതുന്നു .
നാളെ ആരൊക്കെ , എന്തൊക്കെ
എവിടെയെന്നോര്‍ത്തു കരയുന്നു
നല്ല നാളുകള്‍ പ്രവചിക്കും ഗുരുവിന്‍
നല്ല മുഖം കണ്ട മന്നവര്‍ മൂകം !
--------------------ബിജു ജി നാഥ്

2 comments:

  1. അച്ഛേ ദിന്‍ ആയേഗാ

    ReplyDelete
  2. പ്രവചനാഘോഷം!
    ആശംസകള്‍

    ReplyDelete