Monday, November 24, 2014

തിരസ്കാരം

നിലാവിന്റെ കൈകളിലേക്ക് മനസ്സും ശരീരവും അര്‍പ്പിച്ചു ഇങ്ങനെ ഇരിക്കുമ്പോള്‍ മനസ്സില്‍ പെയ്തു തോരുന്ന മഴയ്ക്ക് തണുപ്പല്ല ചൂടാണ് എന്ന് ലൈസ ഓര്‍ക്കുകയായിരുന്നു . ഊതിക്കെടുത്തിയ വിളക്ക് പോലെ അന്ധകാരം നിറയുന്ന ഓര്‍മ്മകളെ തൊട്ടുണര്‍ത്തി  ജോജിയുടെ മുഖം അവളില്‍ അസ്വസ്ഥത ഉണര്‍ത്തിക്കൊണ്ടിരുന്നു . നേര്‍ത്ത സംഗീതം പൊഴിക്കുന്ന ഈ രാവിന്റെ സുഖം പക്ഷെ എന്നത്തെയും പോലെ അവളില്‍ ശാന്തി നല്‍കിയില്ല . ഒരിക്കലുമില്ലാത്ത ഒരു ഭയം തണുപ്പ് പോലെ ഇഴഞ്ഞു കയറിക്കൊണ്ടിരുന്നു ഉള്ളിലേക്ക് .
കാലത്തിന്റെ കണക്കു പുസ്തകത്തില്‍ എന്നോ എവിടെയോ മറന്നു വച്ച ഒരു വീട്ടാക്കടം പെട്ടെന്ന് മുന്നില്‍ എത്തുമ്പോള്‍ കയ്യിലൊരു ചില്ലുകാശ് പോലുമില്ലാതെ നില്‍ക്കേണ്ടി വരിക എന്നത് പോലെ ആണ് ലൈസ ഈ നിമിഷങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് .
തനിക്കെന്താണ്‌ സംഭവിച്ചത് എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു നോക്കുകയായിരുന്നു .
ഗ്രാമ ഭംഗി നിറഞ്ഞ കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും വാനമ്പാടിയെപ്പോലെ കളിച്ചുഉല്ലസിച്ചു നടന്ന ഒരു നീളന്‍ പാവാടക്കാരിയില്‍ അവളെത്തി നിന്നു. ബാറ്റന്‍ ബോസും മാത്യൂമാറ്റവും ജ്യോയിസിയും ഒക്കെ രാവുകളിലും പകലുകളിലും ഒരുപോലെ മനസ്സിനെ ഭ്രമിപ്പിച്ചിരുന്ന കാലം . അയല്‍വീടുകളിലെ ചേച്ചിമാര്‍ക്ക് വായിച്ചു കൊടുത്തുകൊണ്ട് ചുളുവില്‍ വായന ഹരമായി കൊണ്ട് നടന്ന കാലം എന്ന് കൂടി പറയാം. കാരണം ഈ വാരികകള്‍ ഒന്നും തന്നെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ അനുവാദം ഇല്ലായിരുന്നല്ലോ അന്ന് .
കലാലയത്തില്‍ നിറമുള്ള സ്വപ്നങ്ങള്‍ക്കൊപ്പം ഒരു രാജകുമാരനെ എന്തോ കണ്ടെത്താന്‍ കഴിയാതെ പോയി. അതവളില്‍ നിറഞ്ഞ നിരാശ എത്ര എന്നത് രാവുകളില്‍ ഇഷ്ടസിനിമാതാരത്തിന്റെ ഫോട്ടോ നെഞ്ചില്‍ അടക്കി ഉറങ്ങിയ രാത്രികളോട് ചോദിച്ചാല്‍ പറഞ്ഞുതരും .
എത്ര പെട്ടെന്നാണ് ജീവിതം മാറി മറിയുന്നത് എന്നവള്‍ ഓര്‍ത്ത്‌ പോയി . ഡല്‍ഹിയില്‍ നഴ്സ് ആയി ജോലിക്ക് കയറുമ്പോള്‍ മനസ്സില്‍ പക്ഷെ ശൂന്യതയായിരുന്നു . ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ഉള്ള തന്റെ യാത്രയുടെ ആരംഭമായി കണ്ട ഒരു യാത്രയായിരുന്നു അത് . നാടും വീടും വിട്ടു ദൂരെ നഗരത്തിലേക്ക് ചേക്കേറുമ്പോള്‍ പക്ഷെ മനസ്സില്‍ ഭയമില്ലായിരുന്നു . അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ ക്ഷണം സ്വീകരിച്ചു ഡല്‍ഹിയുടെ വാതായനങ്ങള്‍ തുറന്നവള്‍ അവിടെയൊരു അന്തേവാസിയായി മാറി .
ജോലിയും പുതിയ സ്ഥലത്തിന്റെ കൗതുകവും പിന്നെ കൂട്ടുകാരുടെ ഇടയിലെ ഉല്ലാസ നിമിഷങ്ങളും  ആയി ജീവിതം വിരസതയെ അകറ്റി കടന്നു പോയ നാളുകള്‍ ആയിരുന്നു പിന്നീട് .അമ്മയുടെ ഉപദേശങ്ങളും വേവലാതികളും വേദനയും കത്തുകളായി കടന്നു വന്നിരുന്നു മുറതെറ്റാതെ . ഏറ്റവും അടുത്ത കൂട്ടുകാരിയായി ലാലിയെ കിട്ടിയതോടെ ജീവിതത്തിന്റെ നിറങ്ങള്‍ ഓരോന്നായി ലഭിച്ചു തുടങ്ങി എന്ന് തോന്നി അവള്‍ക്കു . ഡല്‍ഹിയുടെ സൗന്ദര്യം അവധി ദിവസങ്ങളില്‍ ആസ്വദിച്ചു, വഴിയോരങ്ങിലൂടെ നടന്നു നീങ്ങാനും , വഴിയരികിലെ സര്‍ബത്ത് കടയില്‍ നിന്നും മധുരം നുകര്‍ന്ന് കാറ്റേറ്റ് കഥ പറഞ്ഞിരിക്കാനും അവര്‍ മിക്കവാറും സമയം കണ്ടെത്തി പോന്നു .
ഇടയ്ക്കൊക്കെ തങ്ങളെ ശ്രദ്ധിച്ചു കടന്നു പോകുന്ന ഒരു മുഖം വളരെ വേഗം അവളിലേക്ക് പതിഞ്ഞത് അവള്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ഒരു നാണം അറിയാതെ അവളില്‍ നിറഞ്ഞു തുടങ്ങിയിരുന്നു . ഒടുവില്‍ ഒരുനാള്‍ അവര്‍ക്കരികിലേക്കു സധൈര്യം നടന്നു കയറിയ അയാള്‍ സ്വയം പരിചയപ്പെടുത്തി . ഞാന്‍ ജോജി ഇവിടെ ഒരു കമ്പനിയില്‍ സെക്രെട്ടറി ആയി ജോലി ചെയ്യുന്നു . അതായിരുന്നു തുടക്കം . അവര്‍ക്കിടയില്‍ മൗനം കട്ടപിടിച്ചു കിടന്നു . പരസ്പരം സംസാരിക്കുക വളരെ വിരളം ആയിരുന്നു . ഒരു നോട്ടം , ചിരി , അറിയാതെ ഒരു വിരല്‍ സ്പര്‍ശം ഇവയിലൂടെയൊക്കെ അവര്‍ പരസ്പരം അടുക്കുകയായിരുന്നു . ഹൃദയം പങ്കു വയ്ക്കുകയായിരുന്നു . മൂവരും കൂടുന്ന വേളയില്‍ കൂടുതലായും ലാലിയും ജോജിയും ആയിരുന്നു സംസാരത്തില്‍ മുഴുകുക . അവരുടെ സംസാരം കേട്ടിരിക്കുക എന്നതിനപ്പുറം കൂടുതല്‍ നേരം ആ സാന്നിദ്ധ്യം അറിയുക എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. ജോജിയുടെ മുഖത്തേക്കു നോക്കി ഇരിക്കുക ഒരു ലഹരിയായിരുന്നു . ഇടയില്‍ അറിയാത്ത പോലെ ഒരു കണ്ണെറിയല്‍ അതില്‍ ഒരുപാട് സുഖം കിട്ടിയിരുന്നു .  അതിനാല്‍ തന്നെ എത്ര തന്നെ സമയം കടന്നുപോയാലും അവള്‍ ഒരിക്കല്‍ പോലും മുഷിഞ്ഞിരുന്നില്ല . തിരികെ റൂമിലേക്ക് നടക്കുമ്പോള്‍ ലാലി അയാളെക്കുറിച്ച് വാചാലയാകുന്നത് കൗതുകത്തോടെ കേട്ട് നടക്കുക ഒരു രസമായിരുന്നു . അവള്‍ക്കുറപ്പുണ്ടായിരുന്നു അയാള്‍ അവളെ സ്നേഹിക്കുന്നു എന്ന് . അല്ല അവര്‍ പ്രണയിക്കുകയാണെന്ന് .
ജോജിയുടെ ഇഷ്ടങ്ങളും , ആവശ്യങ്ങളും , ആഗ്രഹങ്ങളും ലാലിക്ക് മനപ്പാഠം ആയിരുന്നത് അവളെ അസൂയാലുവാക്കി . മിക്കവാറും ഞങ്ങള്‍ ഫോണ്‍ വിളിച്ചു സംസാരിക്കാറുണ്ട് . നേരില്‍ സംസാരിക്കാതിരിക്കുന്നതിന്റെ പലിശ സഹിതം രണ്ടുപേരും ദീര്‍ഘ നേരം പ്രണയ സല്ലാപങ്ങളില്‍ മുഴുകാന്‍ ശ്രമിയ്ക്കാറുണ്ട് . പക്ഷെ ഇപ്പോള്‍ പലപ്പോഴും നമ്മള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു തുടങ്ങുക ലാലിയുമായുള്ള അടുപ്പവും മറ്റും ആകും  ഒടുവില്‍ പിണങ്ങി രണ്ടുപേരും ഫോണ്‍ വയ്ക്കുമ്പോഴും ലാലിയുടെ പേരില്‍ ഉള്ള വഴക്ക് തീര്‍ന്നിട്ടുണ്ടാകില്ല . കരഞ്ഞു കരഞ്ഞു തളര്‍ന്നു ഉറങ്ങിയ രാവുകളില്‍ അവള്‍ ലാലിയെ മനസ്സ് കൊണ്ട് വെറുത്തുപോയി . പക്ഷെ ഒരിക്കലും അവള്‍ അത് ഭാവിച്ചിരുന്നില്ല . അവളോട്‌ ഒരിക്കലും അയാളുടെ സ്നേഹത്തെ കുറിച്ച് അവള്‍ പറഞ്ഞിരുന്നുമില്ല . പക്ഷെ ലാലി ഒരുനാള്‍ മനസ്സ് തുറന്നു അവളോട്‌ പറഞ്ഞു അവള്‍ക്കു ജോജിയെ ഇഷ്ടം ആണ് എന്ന് . മനസ്സില്‍ കാരമുള്ളു തറച്ച വേദനയാണ് ഉണ്ടായത് . അവള്‍ പക്ഷെ ഇത് ജോജിയോടു പറയുമ്പോള്‍ ജോജി തമാശ ആയി ആണ് അതെടുത്തത് . നിനക്ക് വട്ടാണ് അവളും ഞാനുമായി ഒന്നുമില്ല സുഹൃത്തുക്കള്‍ മാത്രം എന്നൊരു മറുപടിയിലൂടെ അയാള്‍ അവളെ നിശബ്ദയാക്കി പോന്നു .
ഇടയില്‍ കുറെ കാലം പരസ്പരം കാണല്‍ കുറഞ്ഞു വന്നു . പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും ജോലിയും ഷിഫ്റ്റും ഒക്കെ കൂടി സമയം ലഭിച്ചില്ല എന്നതാണ് സത്യം . കുറച്ചു പേര്‍ ലീവില്‍ പോയിരുന്നതിനാല്‍ ജോലിഭാരം കൂടിയത് ആണ് ശരിക്കും ആ ദിനങ്ങള്‍ . എങ്കിലും മുറ തെറ്റാതെ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു . തന്റെ ജീവിതത്തിന്റെ വസന്തം ജോജിയില്‍ ആണെന്ന് അവള്‍ വിശ്വസിച്ചു . തനിക്കൊരു ജീവിതം ഉണ്ടെങ്കില്‍, ഒരു ഇണ ഉണ്ടെങ്കില്‍ അത് ജോജി ആകും എന്നവള്‍ ഉറക്കമില്ലാത്ത രാവുകളില്‍ ആണയിട്ടു ഉറപ്പിച്ചുകൊണ്ടിരുന്നു . ലാലിയുമായുള്ള ഇടപെടല്‍ അപ്പോഴേക്കും കുറഞ്ഞു വന്നു തുടങ്ങി എന്ന് തന്നെ പറയാം . പരസ്പരമുല്ല സംസാരം കുറഞ്ഞു വന്നു. അവള്‍ വേറെ സെക്ഷനില്‍ ആയപ്പോള്‍ പിന്നെ കണ്ടുമുട്ടല്‍ വിരളമായിത്തുടങ്ങി .
എങ്കിലും ജോജി വിളിക്കുമ്പോള്‍ ഒക്കെ അവളുടെ കാര്യം പറഞ്ഞു വഴക്കിടുക പിന്നെ അതോര്‍ത്തു ഇരുന്നു കരയുക , വിളിച്ചു വീണ്ടും ഇണങ്ങുക എന്നീ നാടകങ്ങള്‍ അനസ്യൂതം നടന്നു വന്നു .
ഒരു ദിവസം രാവിലെ ഡ്യൂട്ടിക്ക് ചെല്ലുമ്പോള്‍ കൂടെ ഉള്ള മേഴ്സി ചേച്ചിയാണ് അവളോട്‌ ലാലിയുടെ പുതിയ വിശേഷം അറിയിച്ചത് . ഇന്നലെ വൈകിട്ട് ലാലി ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിയ്ക്കാന്‍ തുടങ്ങിയത്രേ . അവര്‍ ദീര്‍ഘ നാളായി പ്രണയത്തില്‍ ആയിരുന്നു എന്നും ഇന്നലെ ആണ് രജിസ്ടര്‍ വിവാഹം കഴിഞ്ഞതും എന്നും മറ്റും മേഴ്സി ചേച്ചി പറയുമ്പോള്‍ അതേത് ചെറുപ്പക്കാരന്‍ എന്ന് ആലോചിക്കുകയായിരുന്നു അവള്‍ . കാരണം അവര്‍ തമ്മില്‍ അടുപ്പത്തില്‍ ആയിരുന്ന ഒരു ദിനങ്ങളിലും അങ്ങനെ ഒരു പേരോ കഥാപാത്രമോ അവള്‍ അറിഞ്ഞില്ല പറഞ്ഞും കേട്ടിരുന്നില്ല . ലാലിയുടെ വാക്കിലോ പ്രവര്‍ത്തിയിലോ അങ്ങനെ ഒന്നവള്‍ കണ്ടിരുന്നുമില്ല.
ഒരു ഞെട്ടലോടെ ആണ് അവള്‍ പെട്ടെന്ന് ജോജിയെക്കുറിച്ചോര്‍ത്തത് . ഓടിച്ചെന്നു അവന്റെ നമ്പര്‍ കറക്കുമ്പോള്‍ അവള്‍ മനസ്സിലെ ദൈവങ്ങളെ എല്ലാം വിളിച്ചു കേഴുകയായിരുന്നു അത് അവന്‍ ആകരുതേ എന്ന് . ഓഫീസിലെ നമ്പര്‍ വിളിച്ചു നോക്കിയപ്പോള്‍ ഇന്ന് വന്നിട്ടില്ല എന്നറിഞ്ഞു . മനസ്സ് ഒരു കുതിരയെ പോലെ വേഗത്തില്‍ പായാന്‍ തുടങ്ങി . ഹൃദയം പെരുമ്പറ കൊട്ടുന്ന പോലെ . ശരീരം ആകെ വിയര്‍പ്പില്‍ കുളിച്ചു . അവള്‍ ജോജിയുടെ താമസ സ്ഥലത്തെ നമ്പര്‍ കറക്കി . റിംഗ് കേള്‍ക്കുന്നത് തന്റെ തലച്ചോറില്‍ ആണെന്ന് അവള്‍ക്കു തോന്നി . അല്പം കഴിഞ്ഞപ്പോള്‍ ആരോ ഫോണ്‍ എടുത്തു . അപ്പുറത്ത് നിന്നും ഒഴുകി വന്ന ലാലിയുടെ പരിചിതമായ ശബ്ദം അവളെ സ്തബ്ദയാക്കി . അറിയാതെ ഫോണ്‍ ക്രാഡിലേക്ക് വീണു . ഭിത്തിയില്‍ ചാരി നിന്നവള്‍ ഒരു താങ്ങിനു വേണ്ടി എന്ന പോലെ .
പിന്നെ  അവിടെ തുടരാന്‍ മനസ്സ് വന്നില്ല . മരിച്ച മനസ്സില്‍ സ്വപ്‌നങ്ങള്‍ കരിന്തിരി കത്തി അണഞ്ഞു കഴിഞ്ഞിരുന്നു .പരസ്പരം കാണാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുമ്പോള്‍ മനസ്സ്‌ പൊടിയുകയായിരുന്നു. ആ ഇടയ്ക്ക് ആണ്  സൗദിയില്‍ ഒരു ആശുപത്രിയിലേക്ക് ഇന്റര്‍വ്യൂവിന് ക്ഷണം ലഭിച്ചത് . മറ്റൊന്നും ശ്രദ്ധിച്ചില്ല നേരെ അതിനു ശ്രമിച്ചു . വിജയം കൂട്ടിനുണ്ടായിരുന്നു . വളരെ പെട്ടെന്ന് തന്നെ അവരുടെ ഇടയില്‍ നിന്നും അറബു മണ്ണിലേക്ക്‌ ഒരു പറിച്ചു നടല്‍ നടന്നു .
ഓര്‍മ്മകളെ ഒരിക്കലും പഴയ തീരങ്ങളില്‍ കൊണ്ട് കെട്ടാതിരിക്കാന്‍ വേണ്ടി മനപൂര്‍വ്വം തിരക്കുകളില്‍ വീണു ദിവസങ്ങള്‍ കഴിച്ചു കൂട്ടി .മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു തന്റെ കൂടാരംതീര്‍ത്ത്‌ അതില്‍ മൗനം ദിനങ്ങള്‍ പൊഴിഞ്ഞു പോകുന്നതരിയാതെ കാലം കഴിക്കവേ ആണ് ഹോസ്പിറ്റലില്‍ സാധാരണ പോലെ ഒരു ആക്സിഡന്റ്റ്‌ കേസ്‌ ആയി മന്‍സൂര്‍ എന്നസൗദി പൗരന്‍ അഡ്മിറ്റ്‌ ആയത് . ഒരു മാസത്തോളം അയാള്‍ അവിടെ ഉണ്ടായിരുന്നു . തന്റെ വാര്‍ഡില്‍ ആയതിനാല്‍ മിക്കവാറും എന്നും തന്നെ കൂടിക്കാഴ്ചകള്‍ നടന്നിരുന്നു . ഒരു രോഗി എന്നതിനപ്പുറം മറ്റൊരു വികാരവും എനിക്കതില്‍ ഉണ്ടായതും ഇല്ല . പക്ഷെ താനറിയാതെ അയാള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞത് അയാള്‍ ആശുപത്രിയില്‍ നിന്നും പോകുന്ന ദിവസം ആണ് . അയാള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി . ഒരു തരം മരവിപ്പില്‍ ആയിരുന്നു ആ കാലഘട്ടം എന്നതിനാലും തനിക്ക് ലഭിച്ച ചതിയുടെ ആഴത്തില്‍ വേദനാകുലയായിരുന്നതിനാലും മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ ഓക്കേ പറയുകയായിരുന്നു . വീട്ടുകാര്‍ പോലുമറിയുന്നത് വിവാഹം കഴിഞ്ഞിട്ടായിരുന്നു . അന്യജാതിക്കാരന്‍ , അന്യനാട്ടുകാരന്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ പക്ഷെ ഞാന്‍ ഗണിച്ചില്ല. ലൈസയില്‍ നിന്നും പറിച്ചു നടേണ്ടി വന്നില്ല എന്നത് കൊണ്ട് പേര് മാത്രം സ്വന്തമായി . പുതിയ ആചാരങ്ങള്‍ , അനുഷ്ടാനങ്ങള്‍ ഒക്കെയും ആദ്യമാദ്യം വീര്‍പ്പു മുട്ടിച്ചു എങ്കിലും ജോലി ഉപേക്ഷിച്ചു വെറും ഒരു വീട്ടമ്മയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ഞാന്‍ .
സ്നേഹധനനായ മന്‍സൂര്‍ ഒരിക്കലും എനിക്കൊരു വിഷമതയോ വേദനയോ തന്നില്ല . സുന്ദരിമാരായ രണ്ടു മാലാഖ ക്കുഞ്ഞുങ്ങളെ സമ്മാനിച്ച്‌ ഞാന്‍ മന്‍സൂറിന്റെ ജീവിതത്തെ പൂക്കാലം നിറഞ്ഞതാക്കി .
പക്ഷെ ഇന്ന് വാര്‍ത്ത കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആണ് മനസ്സ് പിന്നെയും പിന്നെയും ഭൂതകാലം മറന്നിട്ട ചാരം തിരഞ്ഞത് . ലാലിയുടെ മരണവാര്‍ത്ത ആയിരുന്നു അത് . ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ യുവാവിന്റെ ചിത്രം കാണുമ്പോള്‍ , കൈ വിലങ്ങുമായി ജീപ്പില്‍ ഇരിക്കുന്ന ജോജിയെ കാണുമ്പോള്‍ അറിയാതെ മനസ്സ് പിന്നെയും തേങ്ങുകയാണ് ... എന്തിനെന്നറിയാതെ .......
പുറത്തു അപ്പോഴുംമഞ്ഞു പെയ്തുകൊണ്ടിരുന്നു .നിലാവില്‍ , നനുത്ത കാറ്റില്‍ ഒരു വിങ്ങലിന്റെ സ്വരം അമര്‍ന്നു ഞെരിയുന്നത് രാത്രി തൊട്ടറിയുകയായിരുന്നു അപ്പോള്‍ .

No comments:

Post a Comment