Monday, November 17, 2014

നിന്നെ വായിക്കുമ്പോള്‍


പൊതിഞ്ഞു കെട്ടിയ നിന്‍ പുഞ്ചിരിയില്‍
മറഞ്ഞു കിടക്കുന്നുണ്ട് ഒരായിരമാശങ്കകള്‍
നിലാവിന്റെ മുഖം പോലെ തെളിഞ്ഞിതെ-
ങ്കിലും കാണാം വര്‍ഷമേഘത്തിന്‍ വരവ് .

ഉള്ളില്‍ ഉറഞ്ഞുകട്ടിയാകും വേദനകളില്‍
ആത്മവിശ്വാസത്തിന്‍ നനുത്ത പൂവ്ചൂടി
വെളുക്കെ ചിരിക്കാന്‍ നീ ശ്രമിക്കുമ്പോള്‍
അഴിഞ്ഞു വീഴുന്നു പൊയ്മുഖം നീയറിയാതെ .

നിറഞ്ഞ സ്നേഹത്തിന്‍ കടലില്‍ ഒറ്റയ്ക്ക്
നിലയറിയാതെ തുഴയാന്‍ ശ്രമിക്കുമ്പോള്‍
കനലുകള്‍ കോരിയിട്ട മനസ്സിന്റെയാഴങ്ങള്‍
അറിയാന്‍ ശ്രമിക്കുന്നില്ലറിയേണ്ടവര്‍ പോലും.

മറക്കാന്‍ നീ ശ്രമിക്കുന്ന മറവികളാകാം
നിന്‍ മിഴികള്‍ തന്നാഴത്തില്‍ ഉറയുന്നതെ-
ങ്കിലും അകതാരിലുയരുന്ന വിങ്ങലൊക്കെ
ചിരിയായി വിരിയിക്കാന്‍ നീ ശ്രമിക്കുന്നു .

നീ ഭയക്കുന്നൊരാള്‍ പോലും നിന്നെയറി-
യുന്നെന്നൊരു വാക്ക് കൂടി കേള്‍ക്കുവാന്‍.
ഓടിയകലുന്ന നിന്‍ വാക്പ്രവാഹത്തില്‍
അറിയുന്നുണ്ട് നിന്‍ ഹൃത്തിന്‍ ദ്രുതതാളം !

മനസ്സില്‍ നിറയുന്നോരാനന്ദത്താല്‍ ദൂരെ
അലസം നിന്‍ ചലനങ്ങള്‍ നോക്കി നില്‍ക്കെ
അറിയുന്നു നിന്നില്‍ നിറയുന്ന ഭാവങ്ങളില്‍
നിറഞ്ഞു വിരിയുന്ന അസ്വസ്ഥ പുഷ്പങ്ങള്‍.
-------------------------------ബിജു ജി നാഥ്

No comments:

Post a Comment