Wednesday, November 12, 2014

പ്രവാസികള്‍



വര്‍ഷമേഘങ്ങള്‍ അന്യമായ
മരുഭൂമികളില്‍
ജീവിതത്തിന്റെ പച്ചപ്പ് തേടുന്നവര്‍
കാത്തു വയ്ക്കുന്നു ഓര്‍മ്മകളില്‍
മഞ്ഞു മൂടിയ താഴ്വാരങ്ങള്‍ .

കരിഞ്ഞുണങ്ങിയ കനവുകള്‍ക്ക് മേല്‍
കണ്ണീരിന്റെ പശിമ ചാര്‍ത്തിയവര്‍
സ്വപ്നങ്ങളെ വളരാന്‍ വിടുന്നുണ്ട്
ഓരോ രാവിന്റെ ഏകാന്തതയിലും .

ജീവിതത്തിന്‍ ഓരോ തിരിവിലും
കണ്ടുമുട്ടുന്നുണ്ടോരോ മുഖങ്ങള്‍
അമ്മയായും അച്ഛനായും
കൂടപ്പിറപ്പുകളായും
ജീവിത സഖിയായും
തലമുറയുടെ വാഹകരായും
സൗഹൃദപൂക്കുടകളായും
ഓരോ കാലങ്ങളില്‍ അവ നമ്മോട് കൂടെയുണ്ട് .

കടപ്പാടുകളുടെ
കടമകളുടെ
തോരാമാഴയില്‍ വീണു
ജീവിതം മറക്കുന്നു
മരുഭൂമിയില്‍ ജീവിച്ചു
മരുഭൂമിയില്‍ മരിക്കുന്നു
മുഖമില്ലാത്ത ജീവിതങ്ങള്‍ !

(പ്രവാസികള്‍ എന്നാല്‍ ഗള്‍ഫ്‌ വാസികള്‍ മാത്രം ആണ് എന്ന് അര്‍ത്ഥം ഇല്ല എങ്കിലും ഞാന്‍ ഇവിടെ കാണാന്‍ ശ്രമിക്കുന്നത് മരുഭൂമികളില്‍ ജീവിതം ഹോമിക്കുന്ന പ്രവാസി സഹോദരങ്ങളെ മാത്രം ആണ് . ചുട്ടു പൊള്ളുന്ന ചൂടിലും ജീവിതത്തിന്റെ പച്ചപ്പുകള്‍ ഉറ്റവര്‍ക്ക് നേടി കൊടുക്കാന്‍ സ്വന്തം ജീവിതം ഹോമിക്കുന്നവര്‍ . അവര്‍ക്ക് വാട്സ് അപ്പോ ഫേസ്‌ ബുക്കോ പോലുള്ള സംവിധാനങ്ങള്‍ ഇല്ല . ജോലിയും വിശ്രമവും കഴിയുമ്പോള്‍ അവര്‍ക്ക്‌ കുടുംബത്തിന്റെ , ഓര്‍മ്മകളുടെ ഭാരം മാത്രമേ ബാക്കി ഉള്ളൂ. )................ബിജു ജി നാഥ്

1 comment:

  1. മുഖമില്ലാത്ത.........................
    ആശംസകള്‍

    ReplyDelete