Monday, December 30, 2019

നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ................ശാന്താ തുളസീധരൻ

നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ
(ലേഖനങ്ങൾ )
ശാന്താ തുളസീധരൻ
പ്രഭാത് ബുക്ക് ഹൗസ്
വില: ₹ 100.00


ചരിത്രത്തിന്റെ പുനർനിർമ്മിതിയാണ് ഓരോ പുനർവായനകളും. ഓരോ വട്ടം വായിച്ചു കഴിയുമ്പോഴും അതിൽ പുതിയ ആകാശവും പുതിയ ഭൂമിയും തെളിഞ്ഞു വരിക തന്നെ ചെയ്യും. ഒരു നദിയിലും ഒരേ ജലത്തിൽ ഒന്നിലധികം തവണ നനയാൻ കഴിയില്ല എന്നതു പോലെയാണ് പുനർവായനകളും സാഹിത്യത്തിൽ. ലോകത്ത് ഏറ്റവും കൂടുതൽ കഥകൾ , പുനർനിർമ്മിതികൾ, വ്യാഖ്യാനങ്ങൾ, ഉപകഥകൾ തുടങ്ങിയ സംഭവിച്ചിട്ടുള്ളത് ഭാരതത്തിന്റെ സ്വന്തം മഹാഭാരതമെന്ന ഇതിഹാസത്തിനാണ്. ഇതിലുള്ളത് എവിടെയും ഉണ്ടാകും ഇതിലില്ലാത്തത് എങ്ങും ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെ എഴുതപ്പെട്ട ഒരു കൃതി നൂറ്റാണ്ടുകൾക്ക് ശേഷവും പുനർവായനകളിലൂടെ നിലനില്ക്കുന്നുണ്ട്. 

ആധുനികമലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരിയാണ് ശ്രീമതി. ശാന്താ തുളസീധരൻ.നോവലുകളും കഥകളും, യാത്രാവിവരണങ്ങളും, പഠനങ്ങളും കവിതകളുമൊക്കെയായി നിരവധി പുസ്തകങ്ങൾ ഈ എഴുത്തുകാരിയുടേതായി പുറത്തുവന്നിട്ടുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ഈ എഴുത്തുകാരി തന്റെ രചനകൾക്ക് അധികാരികതയും സത്യസന്ധതയും ഉറപ്പു വരുത്തുവാൻ വേണ്ടി എഴുതാൻ ഉദ്ദേശിക്കുന്ന വിഷയം സംബന്ധിയായ ഭൂമികയിൽ യാത്ര ചെയ്യുകയും അവിടത്തെ സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വിഷയങ്ങളെ പഠിക്കുകയും ചെയ്താണ് രചനകൾ നടത്തുന്നത്. ശ്രീമതി ശാന്താ തുളസീധരൻ എഴുതിയ "നീതി നിഷേധത്തിന്റെ പെണ്ണൊപ്പുകൾ " എന്ന പുസ്തകം പ്രതിനിധാനം ചെയ്യുന്നത് ഭാരതീയപുരാണങ്ങളിൽ പ്രതിപാദിക്കുന്ന പത്തു സ്ത്രീകളുടെ ജീവിതത്തെ അടയാളെപ്പെടുത്തുക എന്ന ധർമ്മമാണ്. അഹല്യ, അംബ, ഊർമ്മിള, ദ്രൗപതി, കുന്തി,സീത, മണ്ഡാേധരി, രാധ, മാധവി, ഹിഡുംബി എന്നിവരെ രാമായണം, മഹാഭാരതം എന്നിവയിൽ നിന്നും തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നു അവരുടെ സ്വരത്തിൽ . അന്തഃപുരത്തിലും വനത്തിലും അന്നത്തെ സാമൂഹ്യനീതിയുടെ ആണധികാരത്തിന്റെ ഒക്കെ കൈകടത്തലുകളിൽ അടഞ്ഞു പോയ ശബ്ദങ്ങളായ സ്ത്രീകൾ ! അവർക്കു പറയാനുള്ളത് പറയാൻ ശ്രമിക്കുന്ന സങ്കേതമാണ് എഴുത്തുകാരി പിന്തുടരുന്നത്. സാഹിത്യത്തിൽ വെവ്വേറെയായി നിരവധി എഴുത്തുകാർ  നോവൽ രൂപത്തിലും പഠന രൂപത്തിലും കഥകൾ ആയും വിവിധ വീക്ഷണ കോണുകളിലൂടെ ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ മലയാളത്തിൽ പുതുതായി അവരെ ഓർമ്മിക്കപ്പെടുമ്പോൾ അതിനെന്തെങ്കിലും പുതുതായി പറയാൻ ഉണ്ടാകും എന്നൊരു ആകാംഷ വായനക്കാരിൽ ഉണ്ടാകുക സഹജമാണ്.

ഹാസ്യത്തിൽ ഊന്നി നിന്നുള്ള ഒരവതരണ രീതിയാണ് എഴുത്തുകാരി ഈ ലേഖനങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. വിവര സാങ്കേതിക വിദ്യയുടെ നവീന കാലത്തെ ബന്ധിപ്പിച്ചു കൊണ്ട് സരസമായി ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തെ മാനസിക വ്യാപാരങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും അവതരിപ്പിക്കാൻ ശ്രമിക്കുന്നു ഈ ലേഖനങ്ങളിൽ. വാസ്തവികതകളോട് താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ എഴുത്തുകാരിയുടെ വരികൾക്ക് പതിവിലും അധികം അലസതയും വിഷയത്തോടുള്ള ആത്മാർത്ഥതയും നഷ്ടമാകുന്ന കാഴ്ചയും സരസമായി പറഞ്ഞു പോകുന്ന ഒരു സംഭാഷണമായി വിഷയം ദുർബലമാകുന്നതായും വായന അനുഭവപ്പെടുത്തി. കഥകളും സംഭവങ്ങളും കെട്ടുപിണയുകയും തുടർച്ച നഷ്ടപ്പെടുകയും ചെയ്യുന്ന അനുഭവം ചിലയിടങ്ങളിൽ സംഭവിച്ചു. വിഷയത്തെ ഗൗരവപൂർവ്വം എഴുത്തുകാരി സമീപിച്ചില്ല എന്നത് വലിയ പോരായ്കയായി അനുഭവപ്പെട്ടു. നിലവിലെ സാമൂഹിക ക്രമങ്ങളിൽ നിന്നു കൊണ്ട് വേദകാലഘട്ടത്തെ താരതമ്യപ്പെടുത്തി പരിചയപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും യുക്തിഭദ്രമായ കാഴ്ചപ്പാടിൽ ഈ കഥയും കഥാപാത്രങ്ങളും വെറും നിർമ്മിതി മാത്രമാണെന്ന ചിന്ത ഈ ഇതിഹാസങ്ങളുടെ കഥാപാത്രങ്ങളെ വായനക്കാർ സമീപിക്കുമ്പോൾ അനുഭവപ്പെടും എന്ന യാഥാർത്ഥ്യത്തെ എഴുത്തുകാരി തുറന്നു കാട്ടാൻ ഉപയോഗിച്ചുവോ എന്ന ഒരു ശുഭ ചിന്ത വായനയിൽ തടയുന്നുണ്ട് താനും.

എഴുത്തിലെ, വായനയിലെ അനുഭവസമ്പത്തുകളെ എഴുത്തുകാർ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും ഗൗരവപരമായ എഴുത്തുകൾക്കിടയിലെ അവർ ബോധപൂർവ്വം സൃഷ്ടിക്കുന്ന അലസ രചനകളാണ് ഇത്തരം അപക്വമായ പുസ്തകങ്ങൾ എന്നും സാഹിത്യം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇത്തരം ദുർബല രചനകളാണ്. പ്രധാനപ്പെട്ട എഴുത്തുകാർ മിക്കവരും ഈ ഒരു കീഴ് വഴക്കം പിന്തുടരുന്നതായി കാണാം. ഇത്തരം എഴുത്തുകൾക്ക് നിലനില്പ് എഴുത്തുകാരുടെ പ്രശസ്തിയുടെ പിൻബലം മാത്രമാണ് എന്ന ഓർമ്മ ഓരോ എഴുത്തുകാർക്കും ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് ബിജു ജി.നാഥ് വർക്കല.

Sunday, December 29, 2019

കഥകൾ ............. റോഷ്നി സ്വപ്ന

കഥകൾ 
രോഷ്നി സ്വപ്ന
സൈകതം ബുക്സ്
വില: ₹ 140.00

ചില വായനകൾ നമ്മെ വല്ലാത്ത ഒരു തീവ്രാനുഭൂതിയിലേക്ക് തള്ളിവിടും. വായനയുടെ രാസ വാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് അത് തിക്കിത്തിരക്കി മുന്നിൽ വന്നു നില്ക്കും. പെണ്ണെഴുത്തും ആണെഴുത്തും വേർതിരിച്ചു നിർത്തി ഉൾപ്പുളകം കൊള്ളുന്ന എഴുത്തു മാടമ്പിമാർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചില എഴുത്തുകാരികൾ ഉണ്ട്. പെണ്ണെഴുത്ത് എന്നാൽ എന്തെന്ന പരമ്പരാഗത പുരുഷ സാഹിത്യലോകവും ഒരു പരിധി വരെ സ്ത്രീ എഴുത്തുകാരും കരുതിവച്ചിരിക്കുന്ന മാമൂലുകൾ ഉണ്ട്. അതിൽ പ്രധാനം പ്രണയം തന്നെ. ശുദ്ധമായ പ്രണയം എഴുതുന്നവർ ആണത്രെ പെണ്ണെഴുത്തുകാർ. അവർ എഴുതുമ്പോൾ പിന്നെ ഉള്ളത് അടുക്കളയും വീടുമാണ്. കുട്ടികൾ, ഭർത്താവ്, വീട്ടുവേല കൂട്ടുകാരികൾ, പ്രണയം, ഭക്തി, യാത്രക്കുറിപ്പുകൾ " പാചകക്കുറിപ്പുകൾ. കഴിഞ്ഞു അവരുടെ എഴുത്തിന്റെ ലോകം. കുടുംബം, ജീവിതം എന്നിവ എഴുതുമ്പോൾ അതുപോലെ പ്രണയം എഴുതുമ്പോൾ ഭാഷയിലെ സഭ്യത അനിവാര്യമത്രെ അവർക്ക് . കിടപ്പറയിലേക്ക് വായനക്കാരെ കയറ്റരുത്. ഭർത്താവ് ദൈവീകമായ ഒന്നും ഭാര്യ സഹനത്തിന്റെ പ്രതീകവും ആയിരിക്കണം. ഇതിനൊക്കെ പുറത്ത് ഒന്നും പറയാൻ ശ്രമിക്കരുത്. ശ്രമിച്ചാൽ ആ എഴുത്തുകാരിയുടെ കഥ കഴിയുന്നു അവിടെ. രാജലക്ഷ്മിയും മാധവിക്കുട്ടിയുമൊക്കെ മലയാളി കണ്ടതിനാൽ മറുചോദ്യങ്ങൾ ഉദിക്കുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ പെണ്ണെഴുത്തു പരിഷ്കരിക്കപ്പെട്ടു. പുതിയ കാഴ്ചപ്പാടിൽ പെണ്ണെഴുത്ത് എന്നാൽ സ്വാതന്ത്ര്യ പ്രഖ്യാപനം ആണെന്ന ധാരണ നിലവിൽ വന്നു.. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം എത്രവരെയെന്നു നോക്കിയാൽ ആർത്തവത്തെക്കുറിച്ചു പറയുക. തന്റെ ലൈംഗികാനുഭവങ്ങളെ പറയുക. ഫെമിനിസത്തിൽ നിന്നു കൊണ്ട് കുടുംബത്തെ വ്യവച്ഛേദിക്കുക തുടങ്ങിയ നിലകളിലേക്കും സ്വതന്ത്ര ലൈംഗികതയും പുരുഷനൊപ്പം തെറി വാക്കുകൾ പ്രയോഗിക്കുന്ന തലത്തിലേക്ക് വളരുക എന്നതും പെണ്ണെഴുത്തായി വിലയിരുത്തപ്പെട്ടു. 

എഴുത്തിൽ സ്വതന്ത്രത. എന്താണ് എന്ന ചോദ്യം മാത്രം മാറി നിന്നു. ഈ ചോദ്യത്തിന്നുള്ള ഉത്തരങ്ങൾ ആധുനിക ഭാഷാസാഹിത്യം നല്കിത്തുടങ്ങി. എങ്കിലും അവ പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്. അംഗീകരിക്കാനുള്ള മടിയാകാം കാരണം. ലോകവീക്ഷണവും രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ പുരുഷനൊപ്പം നിന്നെഴുതാൻ കഴിയുന്ന തലത്തിലേക്ക് എഴുത്തുകാരികൾ വളർന്നു കഴിഞ്ഞിരിക്കുന്നു. ആംഗലേയ സാഹിത്യത്തിൽ മാത്രമല്ല മലയാളത്തിലും ആ മാറ്റം ലഭ്യമായിത്തുടങ്ങി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രോഷ്‌നി സ്വപ്ന എന്ന എഴുത്തുകാരി. 25 ലധികം പുരസ്കാരങ്ങൾ പതിനേഴ് പുസ്തകങ്ങൾ. സ്വദേശ വിദേശ ഭാഷകളിൽ അഞ്ചോളം ഭാഷകളിൽ കവിതകൾ തർജ്ജമ ചെയ്യപ്പെട്ട എഴുത്തുകാരി. ഇത്രയൊക്കെ മതിയാകും രോഷ്നി സ്വപ്നയെ പരിചയപ്പെടുത്താൻ . ഈ എഴുത്തുകാരിയുടെ 13 കഥകളുടെ സമാഹാരമാണ് കഥകൾ എന്ന തലക്കെട്ടോടെ സൈകതം ബുക്സ് പുറത്തിറക്കിയിരിക്കുന്നത്. 

ഭാഷയുടെ അനിതരസാധാരണമായ കൈവഴക്കങ്ങളെ മനോഹരമായ പ്രതലം ഉപയോഗിച്ചു വിളക്കിച്ചേർത്ത ശില്പങ്ങൾ എന്നാണ് ഈ കഥകളെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. പൊതുവെ സൈകതത്തിന്റെ പുസ്തകങ്ങളിൽ കാണാൻ കഴിയാത്ത എഡിറ്റർ എന്ന അപാകത പോലും ഈ പുസ്തകത്തിൽ കണ്ടില്ല. പ്രണയം, രാഷ്ട്രീയം, മതം , വർഗീയത തുടങ്ങിയ എല്ലാ പ്രധാന ചേരുവകളും ഈ കഥകളിലുണ്ട്. എന്നാൽ അവ പറയാൻ ഉപയോഗിച്ച പ്രമേയ രീതിയും ഭാഷാ വത്കരണവും ഏതൊരു കിടയറ്റ എഴുത്തുകാർക്കും ഒപ്പം നിർത്താൻ പറ്റിയ രീതിയിൽ എഴുത്തുകാരി പ്രയോഗിച്ചിരിക്കുന്നു. ആസുരതയുടെ മൃഗീയ ഭാവങ്ങൾ പോലും ഒട്ടും അനുകമ്പയില്ലാതെ പറയുവാൻ കഴിയുന്ന എഴുത്തുധർമ്മം അറിയുന്ന ഒരാൾ ആണ് എഴുത്തുകാരി. ആനന്ദിനും, സക്കറിയയ്ക്കും,  എം സുകുമാരനും എൻ എസ് മാധവനുമൊക്കെ എഴുതുന്ന ശൈലികളുടെ ഗരിമ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും രോഷ്‌നിയെ വായിക്കാതിരിക്കാനാവില്ല എന്ന തോന്നൽ പങ്കുവയ്ക്കപ്പെടേണ്ടത് തന്നെയാണ്.  

എഴുത്തുകാരി പറയുന്നുണ്ട് " വിലാസമില്ലാതെ കത്തുന്ന കടലാണ് എനിക്ക് വാക്കുകൾ. വാക്കുകൾ എനിക്കെന്നും എളുപ്പത്തിൽ ചെന്നെത്താനാവാത്ത അത്ഭുതഞളാണ്. അവയെ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് എന്റെ ഓരോ രചനയും.
പ്രമേയപരമായോ ഘടനാപരമായോ യാതൊരു പ്രത്യയശാസ്ത്രവായനകളും ഞാനീ കഥകളിലൂടെ ആവശ്യപ്പെടുന്നില്ല." തീർച്ചയായും അവർ പറയുന്നത് ശരിയാണ്. ആ വാക്കുകളെ മാനിച്ചുകൊണ്ടു തന്നെ പറയാം. ഈ കഥകൾ അവയൊക്കെ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. 

,സാഹചര്യങ്ങൾ മാറ്റിമറിക്കുന്ന മനുഷ്യന്റെ മാനസിക ചിന്തകളെ അവതരിപ്പിക്കുമ്പോഴും കുടുംബങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ശലഭങ്ങളുടെ വ്യഥകൾ പറയുമ്പോഴും ഭ്രമ കല്പനകളുടെ ഗന്ധർവ്വ ലോകത്തെ പരിചയപ്പെടുത്തുമ്പോഴും എഴുത്തുകാരി വ്യത്യസ്ഥമായ ഒരു രീതിയാണ് അവലംബിക്കുന്നത്. നിഗൂഡമായ മൗനങ്ങളും ഒളിപ്പിച്ചു വച്ച സൂചനകളും പ്രത്യക്ഷമായ വിളിച്ചു പറയലുകളും എഴുത്തുകാരിയുടെ പ്രത്യേകതകൾ ആകുന്നു. ലൈംഗികതയും മതവും പെൺമനസ്സിന്റെ അമ്പരപ്പിക്കുന്ന ചാഞ്ചല്യങ്ങളും ചിന്തകളും എഴുത്തുകാരി അധികം വളച്ചുകെട്ടുകളില്ലാതെ അവതരിപ്പിക്കുന്നുണ്ട്. കാലദേശങ്ങൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തെയും സ്വപ്നങ്ങളെയും തദ്ദേശവത്ക്കരിക്കുവാനും ആ ചുറ്റുപാടുകളിൽ വിഹരിക്കാനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഇറച്ചിയെന്നു മാത്രം വിളിക്കുവാൻ വിധിക്കപ്പെടുന്ന കുഞ്ഞുടലുകളെ എഴുത്തുകാരി ശക്തമായി അവതരിപ്പിക്കുന്നുണ്ട് അതിന്റെ ശരിയായ കാഴ്ചപ്പാടുകളിൽ തന്നെ. പൂപ്പൽ പിടിച്ച മനുഷ്യബന്ധങ്ങളുടെ കാഴ്ചകളും ദൂരക്കാഴ്ചകളുടെ കാലിഡോസ്കോപ്പും തികച്ചും അമ്പരപ്പിക്കുന്ന വായനകൾ തരുന്നുണ്ട്. ആശയവും ജീവിതവും രണ്ടായി കാണുന മനുഷ്യരുടെ വ്യഥകൾ വരച്ചു ചേർക്കുന്നുണ്ട്.

കഥകൾ വെറും വായനയുടെ ഓച്ചു നോക്കൽ അല്ല എന്നും ചിന്തയുടെ അസംസ്കൃത വസ്തുക്കൾ ആണെന്നുമുള്ള ബോധം നല്കുന്ന റോഷ്നിയുടെ കഥകൾ തീർച്ചയായും ഗൗരവപരമായ വായനയിഷ്ടപ്പെടുന്നവർക്ക് ഒരു നല്ല വിരുന്നാകും. ഭാഷയുടെ ഭാവികാലത്തെ അടയാളപ്പെടുത്തുന്ന ആണെഴുത്തുകാർക്ക് മികച്ച എതിരാളിയും വർഗ്ഗീകരണത്തിന്റെ അശ്ലീലതയെ മറികടക്കാൻ നല്ലൊരു ചാലകവുമായിരിക്കും രോഷ്നി സ്വപ്ന എന്ന് പ്രതീക്ഷിക്കുവാൻ വക നല്കുന്ന ഈ കഥകൾ ഭാഷയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടമാകും. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

Saturday, December 28, 2019

ഞാൻ ഒരു ഭാഷയാണ്. .......... കെ. സച്ചിദാനന്ദൻ

ഞാൻ ഒരു ഭാഷയാണ്.
കവിതകൾ
കെ. സച്ചിദാനന്ദൻ
പൂർണ പബ്ളിക്കേഷൻസ്
വില:  ₹ -145.00


"കാലത്തിനു കുറുകെ
പ്രകാശത്തേക്കാൾ വേഗതയിൽ
പാഞ്ഞു പോകുന്ന വാൽ നക്ഷത്രമാണ്
ഓരോ ജീവിതവും." (വാൽനക്ഷത്രങ്ങൾ, സച്ചിദാനന്ദൻ )

കവിതകൾ ആസുരതയുടെ വാഗ്മയ ചിത്രങ്ങൾ അല്ല. കാലത്തിന്റെ സാക്ഷികൾ ആണ്. പുതിയ കാലത്തിൽ നിന്നു കൊണ്ട് പഴയ കാലത്തെ വായിച്ചെടുക്കുവാൻ ഏറ്റവും പ്രധാനമായും ഉപകരിക്കപ്പെടുന്ന കലാരൂപങ്ങളിലെ ഏറ്റവും ലളിതവും അസ്ത്രമൂർച്ചയുള്ളതുമായ ഒന്നാണ് കവിത. കാരിരുമ്പിന്റെ ശക്തിയോടെ തുരുമ്പെടുക്കാത്ത ഒന്നാകണം കവിത.

ആധുനിക കവിതകളുടെ മലവെള്ളപ്പാച്ചിലിൽ സ്വന്തമായി ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന കവികളെ നമുക്ക് പരിചിതമാണ്. കുത്തൊഴുക്കിൽ ഒരില പോലെ ഒഴുകിപ്പോകുന്ന കവികളെയും. ഇവർക്കൊക്കെ ഇടയിൽ കവിതയിൽ തന്റേതായ സ്ഥാനം ഉറപ്പാക്കുന്ന ചുരുക്കം എഴുത്തുകാരെ മാത്രമേ നമുക്ക് കണ്ടെത്താനാകുകയുള്ളു. ഇന്ത്യൻ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സാഹിത്യ സംഭാവനകൾ നല്കുന്ന ഇടങ്ങൾ ഭാഷകൾ ഏതെന്ന് തിരഞ്ഞാൽ ഉത്തരേന്ത്യയിൽ അത് ബംഗാളി ഭാഷയിലാണ് കൂടുതൽ എന്നു കാണാം. ദക്ഷിണേന്ത്യയിൽ തമിഴും മലയാളവും മത്സരബുദ്ധിയോടെ മുന്നിലുണ്ട്. പക്ഷേ ഇവയിൽ കവിതകളിലേക്ക് നോക്കുമ്പോൾ മലയാളമാണ് മികച്ചതെന്ന് കണ്ടിരുന്ന കാലം നമുക്ക് ഓർമ്മിച്ചെടുക്കേണ്ട അവസ്ഥ വരുത്തുന്നു. ഹൃദയാർദ്രമായി അനുവാചകരെ ത്രസിപ്പിച്ച് ഇളക്കിമറിച്ച് ഒരു വസന്തം കൊണ്ടുവരാൻ ഉതകുന്ന കവിതകൾ ഇന്നുണ്ടോ? നമുക്കിന്നും ഉരുവിടാൻ പഴയ കവിതകളിൽ നിന്നടർത്തി എടുക്കുന്ന ഫോസിലുകൾ മാത്രമേയുള്ളൂ. മാറ്റം അനിവാര്യമാണ്. കാതലുള്ള, കാമ്പുള്ള എഴുത്തുകാർ നമുക്കിന്നും ഉണ്ട്. പക്ഷേ അവരെ മുന്നിലേക്ക് എത്തുവാൻ അനുവദിക്കാതെ കവിതയുടെ പേരിൽ കസർത്തു കാട്ടി ഗുണ്ടകളെപ്പോലെ അനുവാചകരെ വളർത്തി പുതിയ സാഹിത്യ സംസ്കാരം വളർത്തുന്നവരായി അധഃപതിച്ചു പോയ ഒരു കാലമാണിത്.

സച്ചിദാനന്ദന്റെ കവിതകൾ നാം വായിക്കുന്നത് കറുത്ത കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളെ കൊണ്ടുള്ള കടന്നൽ കുത്തേൽക്കുന്ന അനുഭവം പോലെയാണ്. കവി ദേശവും ഭാഷയും കടന്നു അന്താരാഷ്ട തലത്തിൽ നില്ക്കുന്ന ബഹുമുഖപ്രതിഭയാണ്. കവിതയുടെ വിവിധങ്ങളായ വൈവിധ്യങ്ങളെ നന്നായി മനസ്സിലാക്കാനും അവയെ പ്രയോഗിക്കാനും അറിയുന്ന ഒരാളാണ് സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ കവിതകളിലൂടെ സഞ്ചരിക്കുക എന്നത്  കാലത്തിലൂടെ സഞ്ചരിക്കുന്നതു പോലെയാണ്. നിശിതമായ വിമർശനങ്ങളുമായാണ് കവി പലപ്പോഴും തന്റെ സാന്നിധ്യമറിയിക്കുക.

ഞാൻ ഒരു ഭാഷയാണ് എന്ന ഈ കവിതകളുടെ സമാഹാരത്തിൽ 52 കവിതകൾ ഉണ്ട്. ദീർഘവും ലഘുവുമായ ഈ കവിതകളിൽ ചിലത് തന്റെ കാലത്തിൽ ഒപ്പം സഞ്ചരിക്കവേ വഴിയിൽ വീണുപോയവരെക്കുറിച്ചുള്ള ഓർമ്മകൾ / അർച്ചനകൾ ആണ്. അവയെ വായിക്കുക എന്നാൽ അവരെക്കുറിച്ചുള്ള ലഘു ജീവചരിത്രം വായിക്കുക എന്നു തോന്നാം. അവരുടെ രചനകകളും കവിയോടുള്ള ബന്ധവും അടയാളപ്പെടുത്തുന്നവയാണത്. ഈ കവിതകളുടെ സമാഹാരത്തിന്റെ പ്രത്യേകതയെന്താണ് എന്നു പരിശോധിച്ചാൽ കവി, കവിത, ഭാഷ, കാലം ഇവയെ പരിചയപ്പെടുത്തുകയും എന്താണവയെന്നും എവിടെ നില്ക്കുന്നുവെന്നും എങ്ങനെ മാറ്റണമെന്നും ഉള്ള ഒരു പഠനം പോലെ വായിക്കപ്പെടുന്നു എന്നുള്ളതാണ്. 

ഒപ്പം തന്നെ കവിയുടെ രാഷ്ട്രീയം സാമൂഹിക കാഴ്ചപ്പാടുകളും വിമർശനങ്ങളും അടയാളപ്പെടുത്താനും കവി മറക്കുന്നില്ല. 
" പശു ചാണകമിട്ട ഇന്ത്യയുടെ അതേ ഭൂപടം.
ഒരു കീറത്തുണിയിലെ മൂന്നു നിറങ്ങൾ മാത്രമായി
മങ്ങിപ്പോയ അതേ സ്വാതന്ത്ര്യം.
ചെന്നായ്ക്കളുടെ വായിൽ മാത്രം
ജീവിക്കാൻ വിധിക്കപ്പെട്ട അതേ ജനാധിപത്യം " (കവി 1990) എന്ന വരികൾ പോലുള്ള നിശിതമായ അടയാളപ്പെടുത്തലുകൾ കവി മാച്ചുവയ്ക്കുന്നില്ല. അതേ സമയം തന്നെ ഭയം ഇഴഞ്ഞു കയറുന്ന എഴുത്തുകാരന്റെ അവസ്ഥയേയും കവി നേരെ വരച്ചു വയ്ക്കുന്നുണ്ട്. 
"കവിത ചോദിക്കുന്നവർക്ക് ഞാൻ രക്തം കൊടുക്കുന്നു.
എങ്കിലും, ജീവിച്ചിരിക്കാനുള്ള ആർത്തിയിൽ
ഞങ്ങളുടെ രക്തത്തിന്റെ ചുകപ്പ് കുറഞ്ഞു കുറഞ്ഞു വരുന്നു" (കവി 1990) എന്നു സ്വയം വിമർശനം നടത്താനും കവിക്കു കഴിയുന്നുണ്ട്. മറ്റൊരിടത്തും ഇതേ മനസ്സു കവി ആവർത്തിക്കുന്നുണ്ട്.
" എല്ലാ കവിതയിലും
എല്ലാം പറയാൻ ശ്രമിച്ചതുകൊണ്ട്
ഞാൻ
ഒരു കവിതയിലും
ഒന്നും പറയാൻ കഴിയാത്തവനായി " ( മൂന്നു കവികൾ) എന്ന തുറന്നു പറച്ചിൽ ഇന്നധികം കേൾക്കാൻ കഴിയുന്ന ഒന്നല്ല തന്നെ.  സമകാലീന ഇന്ത്യയുടെ മാറിൽവീണ  വടുവിന്റെ ഭാവികാലത്തെ കൃത്യമായി കവി അsയാളപ്പെടുത്തുന്ന ഈ വരികൾ പ്രവാചക സ്വഭാവം ഉൾക്കൊള്ളുന്ന ഒന്നാണ്. 
"ഓരോ ഗ്രാമവും ഓഷ്വിറ്റാകും വരെ
ഞങ്ങൾ രാമനെ വിളിച്ചുണർത്തും. 
ഒടുവിൽ അയോധ്യയിലെത്തി
അമ്പലമുണ്ടാക്കാൻ പൂജിച്ച കല്ലെടുത്ത്
രാമനെ ...
റാം റാം " ( ശൈലീ വിജ്ഞാനം). ഇങ്ങനെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ അനുവാചകരിൽ ചിന്തയുടെയും നൊമ്പരത്തിന്റെയും നെരിപ്പോടുകൾ പടർന്നിടാൻ കഴിയുന്നതിനാലാണ് സച്ചിദാനന്ദൻ എന്ന കവി മലയാളത്തിൽ നിന്നു കൊണ്ടു തന്നെ ദേശീയവും  അന്താരാഷ്ട്രീയവുമായ തലങ്ങളിൽ തിളങ്ങുന്നത്. 

വായനയിൽ അധികം ഗുണങ്ങൾ നല്കിയില്ല എങ്കിലും ലഭ്യമായവയിൽ നല്ലൊരു ചിന്ത പകരാൻ കഴിഞ്ഞ വായന എന്ന് ഈ പുസ്തകത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നു. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

എന്തിനാവാം നിഴൽ പോലിങ്ങനെ

എന്തിനാവാം നിഴൽ പോലിങ്ങനെ
...................................................
ലഹരിതൻ നീറുന്ന നാവിനാൽ
ഞാൻ നിന്റെ ഹൃദയം മുറിച്ചുവെന്നോ?
എരിയുന്ന കുടലിന്റെ ആളലാൽ
ഞാൻ നിൻ മിഴികൾ നനച്ചുവെന്നോ ?
വിരലുകൾ വിറകൊണ്ടു വീഴും വരികളിൽ
പറയാത്തതൊന്നും കുറിച്ചതില്ലെങ്കിലും
പറയുവാൻ ഒന്നും ബാക്കി വയ്ക്കുന്നില്ല
മിഴികൾ നിറയാതത് കാൺക നീയും.
വാക്കുകൾ കൊണ്ട് നീ തീർക്കും മഴവിൽ
തണലിൽ തല ചായ്ച്ചുറങ്ങുവാനും
നോക്കിന്റെ കീറിൽ തുളയും ഹൃത്തിനെ
നീറിപ്പിടയാൻ വിട്ടിടാനും
ഓർത്തു പോയന്നു നാം കണ്ടൊരാ സന്ധ്യ തൻ
നേർത്ത പ്രകാശം സാക്ഷിയാകെ.
അഴകിന്റെ നീലിച്ച വരകൾ തെളിയുന്ന
ഉടലിൽ ഉയർച്ചതാഴ്‌ചകൾക്കപ്പുറം
ചിരിയാൽ നീ കൊരുത്തിട്ടൊരു മൗനത്തിൻ
ചിറകിൽ പറക്കാൻ കൊതിച്ചു പോയ്.
ഇലകൾ പരസ്പരം ഉമ്മകൾ കൈമാറും
ചെറു കാടിൻ ചോലകൾക്കപ്പുറത്തെങ്ങാനും
മിഴികൾ പരസ്പരം കൊരുത്തു കളിക്കുന്ന 
കുതൂഹലക്കാഴ്ച ഞാൻ കനവു കണ്ടു.
മൗനം ,പിടയുന്ന വേദന നല്കുന്ന
കാരമുള്ളിൻ ദംശനമാകിലും
നീ നല്കുമോരോ നിമിഷവും ഏതോ
പ്രാചീന സംസ്കൃതി സ്മരണയായീടുന്നു.
അമ്പിളിക്കിണ്ണത്തെ കണ്ടങ്ങു മോഹിച്ച്
എത്തിപ്പിടിക്കാൻ ശ്രമിച്ചു വീഴുന്നൊരു
കുട്ടി തൻ വളർച്ചയാണിപ്പോഴെന്നുള്ളവും.
കാത്തിരിപ്പിന്നൊരു പേര് നല്കാൻ 
ഞാനെൻ ജീവിതത്തെ പഠിപ്പിക്കുന്നുണ്ടിന്ന്.
കണ്ടുമതേ പോലെ കേട്ടുമറിയുന്ന
ചിന്തകൾക്കാകെ നീയേകുക വിശ്രമം.
ഇത്തിരി നേരം തരികെന്റെയുള്ളിലെ
കരിയിലക്കിളിയെ കേട്ടിടാനായ്.
ചുറ്റും ചലിക്കുന്ന ശബ്ദ പ്രപഞ്ചത്തിൽ
ഇന്ന് ഞാൻ നിന്റെ സ്വരം തേടിയലയുന്നു.
കത്തിയെരിയുന്ന സൂര്യപ്രകാശത്തിൽ
നിൻ മിഴികൾ തൻ
ഇത്തിരി വെട്ടത്തെ തിരയുന്നുഴറുന്നു.
കാണുന്നു കേൾക്കുന്നു എങ്കിൽ 
നിനക്കൊന്നു ഭേദിക്കുവാനാകുമാ മൗനമെന്നാൽ
കാത്തിരിപ്പെന്തിനാണൂഴിയിൽ വേദന
ആഴി പോൽ ചൂഴ്ന്നെടുക്കുന്നത് കണ്ടിടാനോ?
.... ബിജു. ജി. നാഥ് വർക്കല

Friday, December 27, 2019

നേരറിവ്

നേരറിവ്
..............
ഏകാധിപതികളുടെ വാൾത്തുമ്പിൽ
എന്നും ഭയത്തിന്റെ കൂർത്തമുനയുണ്ട്.
പിഴുതെടുക്കപ്പെടുമെന്ന ഭയത്താൽ നാവും
ചൂഴ്ന്നെടുക്കുമെന്ന ഭയത്താൽ കണ്ണുകളും
അടച്ചു പിടിക്കുന്നത് അതിന്നാൽ മാത്രമാണ്. 
അല്ലാതെ, 
സമാധാനകാംഷികളോ,
സഹിഷ്ണുതയുടെ അപ്പോസ്തലരോ ആയിട്ടല്ല.
വരും കാലങ്ങളിൽ, പലയിടത്തും 
ആ അടിച്ചമർത്തപ്പെട്ട ഭയം 
ദുരന്തങ്ങളായി പൊട്ടിത്തെറിക്കപ്പെടുക തന്നെ ചെയ്യും. 
ആത്യന്തികമായി അവർ (ഫാഷിസം )
ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
മൗനത്തെപ്പോലും അതിനാലവർ
കുത്തിനോവിച്ചുകൊണ്ടിരിക്കും. 
പുണ്ണുകൾ കുത്തി വൃണമാക്കും.
ഒരിക്കലും വറ്റാത്തൊരു പുഴയാണ് 
മതവും വിശ്വാസവും.
ഒരു വേനലിലും
ഒരു വറുതിയിലും 
വറ്റാത്തൊരു പുഴ.
വാളു കൊണ്ടും അമ്പു കൊണ്ടും
അറുത്തെടുത്ത ശിരസ്സുകളാൽ മാത്രമാണ്
മതങ്ങൾ എക്കാലവും കാലുകൾ ഉറപ്പിച്ചു നിന്നതും
കൈകൾ വിടർത്തി വിസ്തൃതമായ ആകാശം ഉറപ്പിച്ചതും.
അതിരുകൾ വളർത്തിയും കുറുക്കിയും
അത് തേർവാഴ്ച തുടരുക തന്നെ ചെയ്യും.
മാനവികത അവകാശപ്പെടാനാവാത്തവയാണവ.
.... ബിജു.ജി.നാഥ് വർക്കല

Monday, December 23, 2019

പാല്‍ ഞരമ്പുകള്‍ ............... ഷാമില ഷുജ

പാൽ ഞരമ്പുകൾ(കഥകൾ)

ഷാമില ഷുജ

പ്രഭാത് ബുക്സ്

വില: ₹ 100.00



വിരസമായ ദിനചര്യകൾക്കിടയിൽ മനസ്സിന് സന്തോഷം പകരാൻ ഉതകുന്ന ഒന്നാണ് വായന. വായനകൾ പലതരം ഉണ്ട്. ബൗദ്ധികവും ആത്മീയവുമായ വായനകൾ മാത്രമല്ലവ. കേവലമായ മനോവ്യാപാരങ്ങളിൽ നിന്നുകൊണ്ടു മനസ്സുകൊണ്ടുള്ള വായനയുണ്ട്. അത് പലപ്പോഴും വായനയുടെ ശരിക്കുള്ള അനുഭൂതി നല്കുന്നു. എന്തെഴുതുന്നു എന്നതാണല്ലോ എഴുത്തുകാരന് മുഖ്യം. എന്നാലെന്ത് വായിക്കണം എന്ന് വായനക്കാരന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട് . കഥ പറയുന്ന മനുഷ്യർ നല്ല ഭാവനയുള്ളവരും ജീവിതാനുഭവങ്ങളെ ആഴത്തിൽ അനുഭവിച്ചവരോ, അറിഞ്ഞു കണ്ടു പരിചയിച്ചവരോ ഒക്കെയാകും. വളരെ ഒഴുക്കോടെ ചിലർ കഥ പറഞ്ഞു പോകും. ചിലരാകട്ടെ പറഞ്ഞു ബോറടിപ്പിക്കും. ചിലർക്ക് പറയുന്നത് ദുരൂഹമായ ബിംബങ്ങളിലൂടെ വാചക കസർത്തുകളിലൂടെ ആകണം എന്ന് നിർബന്ധമാണ്. മിക്കവാറും അത്തരക്കാർക്കാണ് അവാർഡുകൾക്ക് യോഗം. കാരണം എഴുതിയവനോ അതെന്തെന്നറിയില്ല. വായിക്കുന്നവനും. അങ്ങനെ അത് സമ്മതിച്ചു കൊടുത്താൽ തങ്ങളുടെ ബുദ്ധിജീവി പട്ടം നഷ്ടമാകും എന്നു തോന്നി അവർ ആടിനെ പട്ടിയും പേപ്പട്ടിയും ആക്കും. ഇത് കണ്ട് മൂക്കത്ത് വിരൽ വയ്ക്കുന്നവരിൽ മുന്നിൽ എഴുത്തുകാരനും ഉണ്ടാകും എന്നതാണ് രസം. അടുത്തിടെ ഒരെഴുത്തുകാരി കുറച്ചു കഥകൾ ഒരു പുസ്തകമാക്കി ഇറക്കി. അതിലെ കഥകൾ വായിച്ചു (?) ഒരു സാഹിത്യ കാരണവർ വലിയ വാക്കുകൾ എഴുതി. എഴുത്തുകാരിയോട് കഥയുടെ കാര്യമോ കഥാപാത്രങ്ങളുടെ പേരോ ഒരു ചർച്ചയിൽ ഒരു വായനക്കാരൻ പ്രതിപാദിച്ചപ്പോൾ എഴുത്തുകാരിക്കു പോലുമറിയില്ല ആ പേര് ആ കഥാപാത്രത്തിന് തന്നെയാണോ എന്ന്. പാവം എഴുത്തുകാരി കുട്ടിക്കാലം മുതൽ എഴുതിത്തുടങ്ങിയ ആളായതിനാൽ മറന്നു പോയതാകാം എന്നാശ്വസിക്കാം. സ്വന്തം എഴുത്തുകൾ വായനക്കാരിലേക്ക് പകർന്നിട്ടു കഴിഞ്ഞാൽ  പിന്നെയതോർത്തു വ്യാകുലപ്പെടുന്നവരല്ല എഴുത്തുകാർ . കാരണം അവർ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി അവരെ തള്ളേണ്ടതും കൊള്ളേണ്ടതും വായനക്കാരാണ്.

എഴുത്തിന്റെ ഈ മർമ്മം അറിഞ്ഞ ഒരെഴുത്തുകാരിയാണ് തിരുവനന്തപുരജില്ലയിലെ വിഴിഞ്ഞത്തുകാരിയായ ശ്രീമതി ഷാമില ഷുജ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഈ എഴുത്തുകാരി ഒരു തികഞ്ഞ വീട്ടമ്മയും ഒരു പാതിസമയ സാഹിത്യപ്രവർത്തകയും ആണ് എന്നു മനസ്സിലാക്കുന്നു. തിരുവനന്തപുരത്തെ ഒട്ടുമിക്ക സാഹിത്യ സദസ്സുകളിലും സ്ഥിരസാന്നിധ്യമായ ഷാമില ഒരു കവിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവർ ആറ്റുകാൽ ദേവിയുടെ സ്തുതിഗീതങ്ങൾ കാസറ്റായി ഇറക്കി പ്രശസ്തയുമാണ്. കവിതാ പുസ്തകം മാത്രമല്ല കുട്ടികൾക്ക് വേണ്ടിയും പുസ്തകങ്ങൾ ഇറക്കിയിട്ടുള്ള ഷാമിലയുടെ പുതിയ പുസ്തകം ആണ് പാൽ ഞരമ്പുകൾ എന്ന കഥാസമാഹാരം. 19 കഥകൾ അടങ്ങിയ ഈ പുസ്തകം കെട്ടിലും മട്ടിലും എഡിറ്റിംഗിലും നല്ല നിലവാരം പുലർത്തുന്ന ഒന്നാണ്.


പലപ്പോഴും കഥാകാരന്‍ മുന്നേ നടക്കുന്നവന്‍ ആണ് . തന്റെ ഭാവനകളും ചിന്തകളും കാഴ്ചകളും. നവീകരണത്തിന്റെ , പുരോഗമന ചിന്തയുടെ പച്ചപ്പിലൂടെ മേയാന്‍ വിടുന്ന കഥകള്‍ ആകും അത്തരക്കാര്‍ കാഴ്ച വയ്ക്കുക. ഒരു സാധാരണ വീട്ടമ്മയുടെ തലത്തില്‍ നിന്നുകൊണ്ട് , സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ തികച്ചും വേറിട്ട് കാണാന്‍ ശ്രമിക്കുന്ന ഒരു ശൈലി ഷാമില കൈക്കൊള്ളുന്നതായി കാണാന്‍ കഴിയും . മാനുഷികമായ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് ,വ്യക്തികളെ അവരവരുടെ സ്വതബോധത്തില്‍ നിര്‍ത്തിക്കൊണ്ട് ചിന്തിപ്പിക്കുന്ന എഴുത്തുകാരി അതിനാല്‍ത്തന്നെ നിലവിലുള്ള സദാചാര ചിന്തകളെ ശരിക്കും കുടഞ്ഞെറിയുന്ന ചിന്താഗതികള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നു. കുടുംബിനി ആയിരിക്കുകയും അതേസമയം തനിക്കിഷ്ടപ്പെട്ട ഒരു പുരുഷന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കൊതിക്കുകയും ചെയ്യുന്ന ഒരുവള്‍ക്ക് അത് വളരെ എളുപ്പമാണ് എന്നിടത്ത് വലിയ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. പക്ഷെ അതിനു തന്റെ ജീവിതപങ്കാളിയുടെ സമ്മതം ചോദിക്കുകയും അദ്ദേഹത്തിന്‍റെ കൂടി അറിവോടെ അങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കുകയും അതിനെ മറ്റു കുട്ടികള്‍ക്കൊപ്പം വളര്‍ത്തുകയും ഒരു പരാതിയുമില്ലാതെ പഴയത് പോലെ ജീവിതം സന്തോഷകരമായി കൊണ്ട് പോകുകയും ചെയ്യുന്ന ഒരു കുടുംബത്തെ തീര്‍ച്ചയായും ഇന്നത്തെ  സമൂഹത്തിലും അനുകൂലിക്കുന്നവര്‍ കുറവാകും എന്ന തിരിച്ചറിവ് എഴുത്തുകാരിക്ക് ഉണ്ടാകാതെ തരമില്ല. അപ്പോഴും വ്യത്യസ്തമായ ആ ചിന്ത പങ്കു വയ്ക്കാന്‍ ഉള്ള ധൈര്യം സ്വാഭാവികമായ ഒരു വസ്തുതയല്ല. എഴുത്തുകാര്‍ മുന്നേ നടക്കുന്നവര്‍ ആണെന്നത് ശരിയെന്നു കരുതുന്ന ഒരാള്‍ ആകണം എന്നു മാത്രം കരുതാം. അതുപോലെ തന്നെ ‘പെണ്ണരശു നാട്ടില്‍’ എത്തുന്ന ഒരാളുടെ കാഴ്ചകള്‍ സ്വപ്നത്തില്‍ എങ്കിലും കാണുന്ന ഒരു നായിക ഉണ്ട് . പറഞ്ഞു പഴകിയ ഒരു വിഷയം ആണെങ്കിലും അതിനെ വലിയ പരിക്കുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു ഷാമിലയിലെ എഴുത്തുകാരിക്ക്.


സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ പങ്കുവയ്ക്കാന്‍ സ്ത്രീ തന്നെ വേണം എന്നൊരു ധാരണ പൊതുവേ ഉണ്ട് . ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് തോന്നുന്ന എഴുത്തുകള്‍ കാണാറുണ്ട്‌. ‘പാല്‍ ഞരമ്പുകള്‍’ എന്ന കഥ അതുപോലെ തോന്നിപ്പിക്കുന്നതാണ്. കഠിനമായ ജീവിതപാതയിലൂടെ നടന്നു വന്ന അമ്മയും മകളും .ഗാര്‍ഹികപീഡനപര്‍വ്വങ്ങളുടെയും സഹനത്തിന്റെ സ്ത്രീ മനസ്സുകളുടെയും സ്ഥിരം കാഴ്ചകള്‍ ആണ് ആ കഥയെങ്കില്‍ അതിനെ വ്യത്യസ്ഥമാക്കുന്നത് ആദ്യ വേതനം കിട്ടുമ്പോള്‍ മകള്‍ അമ്മയ്ക്ക് നല്‍കുന്ന സമ്മാനം ആണ് . ഒരു ബാല്യത്തിലേക്ക് അമ്മയെ നടത്തിക്കൊണ്ടു, ഉടലിലാകെ പാല്‍മണം നിറഞ്ഞ അമ്മയില്‍ നിന്നും മകള്‍ അമ്മയും അമ്മ മകളുമായി പരാവര്‍ത്തനം നടത്തുന്ന ആ കാഴ്ച വേറിട്ടത്  തന്നെയാണ് വായനയില്‍. ഒരു കാലത്ത് സുലഭമായിരുന്ന കഥകള്‍ ആയിരുന്നു മുസ്ലീം കുടുംബപശ്ചാത്തലത്തില്‍ ഉള്ള ഉമ്മമാരുടെ അടുക്കള വിശേഷങ്ങളും മധുരവും നൊമ്പരവും  പിടച്ചിലും വേവലാതികളും ഒക്കെ. അടുത്തിടെ അവ നഷ്ടപ്പെട്ട ഒരു ഓര്‍മ്മ. അതിനെ തിരികെ പിടിക്കുന്നു ഷാമില തന്റെ ചില കഥകളില്‍. വായനക്കാരെ ആ ഉമ്മമാരുടെ സ്നേഹത്തിനും വേദനയ്ക്കും ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ അവയെ പറഞ്ഞപ്പോള്‍ പഴയകാല എഴുത്തുകാരുടെ വിരലൊപ്പുകള്‍ ഷാമിലയില്‍ പതിഞ്ഞിരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മനുഷ്യത്വം എന്നത് മാനവികത എന്നത് മതത്തില്‍ അല്ല പരസ്പരം ഉള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ആണ് എന്ന് എഴുത്തുകാരി നിസ്സംശയം പറയുനുണ്ട് തന്റെ കഥകളില്‍. ജീവിതഗന്ധിയായ കഥകള്‍ ആണ് എല്ലാം തന്നെ.


കഥകള്‍ എല്ലാം മികച്ചതെന്ന അഭിപ്രായം ഇല്ല . പറഞ്ഞു പഴകിയതും വായിച്ചു പോയതുമായ പല സങ്കേതങ്ങളും കഥകളും ഇവയിലും തുടരുന്നുണ്ട് എങ്കിലും വേറിട്ട ചിന്തകള്‍ കൊണ്ട് ചില കഥകള്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നുണ്ട് . വായന മുഷിവു ഉണ്ടാക്കുന്ന ഒന്നാക്കി മാറ്റാതിരിക്കാന്‍ എഴുത്തുകാരി ശ്രദ്ധിച്ചിരിക്കുന്നു എന്നത് നല്ല കാര്യമാണ്. വലിച്ചുനീട്ടി പഴമ്പുരാണം പറയാതെ ആറ്റിക്കുറുക്കി പറയാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. കൂടുതല്‍ കഥകള്‍ പറയാന്‍ തനിക്കുണ്ട് എന്ന് ധ്വനിപ്പിക്കുന്ന ഒരു നിശബ്ദത കഥകളില്‍ അവശേഷിപ്പിക്കുന്ന ഈ  എഴുത്തുകാരിയില്‍ നിന്നും ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബിജു.ജി നാഥ് വര്‍ക്കല  


                              

Sunday, December 22, 2019

അറ്റസ്റ്റേഷൻ ബൈ കാര്യാലയ്

അറ്റസ്റ്റേഷൻ ബൈ കാര്യാലയ്
.........................................
ആധാർ .?
ഉണ്ട്..
തിരിച്ചറിയൽ കാർഡ്?
ഉണ്ട്
അടിയാധാരത്തിൽ പേര്?
ഉണ്ട്
ബാങ്ക് അക്കൗണ്ട്?
ഉണ്ട്
റേഷൻ കാർഡിൽ പേര് ?
ഉണ്ട്
പാസ്പോർട്ട് ?
ഉണ്ട്
എസ് എസ് എൽ സി സർട്ടിഫിക്കറ്റ്?
ഉണ്ട്
ഗ്യാസ് കണക്ഷൻ ?
ഉണ്ട്
കറണ്ട് കണക്ഷൻ ?
ഉണ്ട്
പെൻഷൻ ?
ഉണ്ട്
ഇൻഷുറൻസ് ?
ഉണ്ട്
എഴുപത്തൊന്നിന് മുമ്പുള്ള പൂർവ്വിക രേഖ ?
ഇല്ല. 
മാറി നിൽക്കൂ. നിങ്ങൾക്ക് രണ്ട് ചാൻസ് തരാം.
ഏതാ മതം? (ഇവിടെ മൂന്നുണ്ട് രംഗം.) 
രംഗം ഒന്ന്
ഹിന്ദു.
ഒപ്പിടാമോ രക്ഷപ്പെട്ടു വന്ന സാക്ഷ്യപത്രം.?
ഉവ്വ്
ശരി. ആറു കൊല്ലത്തെ നല്ല നടപ്പിന് വിധിക്കുന്നു.
നന്ദി തമ്പ്രാ .
രംഗം രണ്ട്
മുസ്ലിം
മാറി നില്കൂ രേഖകൾ പരിശോധിക്കണം. തീവ്രവാദി, നുഴഞ്ഞു കയറ്റം, അഭയാർത്ഥി, സ്വദേശി എന്ന് തെളിയും വരേക്കും.
ഞാൻ നുഴഞ്ഞു കയറിയില്ല
ഞാൻ അഭയാർത്ഥിയല്ല
ഞാൻ തീവ്ര വാദിയല്ല
ഞാൻ .....
നിന്റെ ശബ്ദം ഉയരുന്നു അതേ നിന്റെ വാക്കുകൾ ശരി വയ്ക്കുന്നു. രേഖകൾ നോക്കണം. മാറി നില്ക്കൂ
പക്ഷേ ഞാൻ .....
രംഗം മൂന്ന്
തമ്പ്രാ ഏന് ഒരു രേഖയുമില്ല.
അങ്ങോട്ട് മാറി നില്കൂ . വിരലടയാളം പതിച്ചു നല്കി തിരിച്ചു പോകൂ കാട്ടിലേക്ക് തന്നെ പുറത്തിറങ്ങണ്ട. നിനക്കെന്തിന് രേഖ? നീയെന്റെ അക്ഷയപാത്രമല്ലേ.
ഉത്തരം തേടുന്ന ഇത്തരം കാഴ്ചകളിലേക്ക് പോകാൻ നാമാഗ്രഹിക്കുന്നുണ്ടോ?  
വ്യാഖ്യാനം ചമയ്ക്കുന്ന ഭരണകൂടത്തിനെ നാം വിശ്വസിക്കണമോ?
357 പേരെ അയോഗ്യമാക്കുമെന്ന അറിവിനെ മറയ്ക്കുന്ന കൗശലം നാം വകവയ്ക്കണോ?
അടിയന്തിരാവസ്ഥയെ കൈയ്യിൽ വച്ച് നിൽക്കുന്നവരെ നാമനുസരിക്കണമോ?
ഉത്തരം നിങ്ങളുടേതാണ്.
ചോദ്യത്തിന്റെ നാവറുത്തേക്കാം
ഉത്തരങ്ങൾ ഉയരുക തന്നെ വേണം.
കാരണം നാം മനുഷ്യരാണ്.
മതങ്ങൾ വലുതെങ്കിൽ,
സമത്വം താത്ക്കാലികമങ്കിൽ
ഉത്തരങ്ങൾ തരണമെന്നില്ല.
കാരണം, നിങ്ങൾ എങ്കിൽ നീലക്കുറുക്കന്മാരാണ്.
.... ബിജു ജി നാഥ് വർക്കല




ഏകലോകം

ഏകലോകം
..................
ചൂണ്ടുവിരലിൽ കോർത്തു ഞാൻ നിർത്തുന്നു
മൂളി വന്നൊരീ കാറ്റിനെ ഞാനിന്ന് .
ഓർമ്മയുണ്ടോ നിനക്കെന്നെ കാലമേ ?
ഓർത്തു വയ്ക്കാൻ മടിയെന്ത് ചൊല്ലുക.
കണ്ടു നില്ക്കുവാൻ നീ ചൊല്ലിയെന്നോട്
കാഴ്ച മാത്രമാണെന്നുടെ ധർമ്മമെ -
ന്നാർത്തു വിളിച്ചു സമൂഹത്തിനൊപ്പവും.
ഇന്ന് നിന്റെയാ ഉടലിന്ന് കാവലായി
വന്നു നിന്നത് ഞാനെന്നറിഞ്ഞുവോ.
ഇല്ല തമ്മിൽ പക്ഷപാതിത്വങ്ങൾ
ഇല്ല ശക്തി തൻ വേർതിരിവൊന്നുമേ
മാറ്റി നിർത്തേണ്ടതല്ലെന്റെ ഉടലിൻ
മാറ്റമൊന്നുമേ കുറവല്ലെന്നോർക്കുക.
ചാക്കു കെട്ടിൽ പൊതിഞ്ഞടുക്കള കോണിൽ
കാത്തു വയ്ക്കേണ്ട ഉടലല്ല ഞാനുമേ.
ചേർന്ന് തോളുരുമി ഒന്നിച്ച് വിളിക്കുവാൻ
മുദ്രാവാക്യങ്ങൾ പലതല്ല നിശ്ചയം.
ഏക രാഷ്ട്രത്തെ ആഗ്രഹിക്കുമ്പോൾ
ഏകപൗരത്വമാശിക്കുമ്പോൾ
ഒന്ന് ചേർന്ന് നിൽക്കും നമ്മളെങ്കിൽ
കണ്ടിടട്ടെ ഒരു കനവു കൂടി.
ലിംഗനീതി തൻ സുന്ദരലോകം!
.... ബിജു.ജി.നാഥ് വർക്കല

Tuesday, December 10, 2019

അശ്രദ്ധ............... നിധി കുര്യൻ

അശ്രദ്ധ
ഹൈക്കു കവിതകൾ
നിധി കുര്യൻ
പെൻഡുലം ബുക്സ്
വില. ₹ 100.00


കവിതകൾ മനോഹരമായ മുത്തുകൾ കോർത്തിണക്കുന്നൊരു ഹാരമാണ്. അതിൽ തിളങ്ങുന്ന അക്ഷരങ്ങൾ വിലമതിക്കാനാവാത്ത അമൂല്യ വസ്തുക്കളും. അതിനാലാണ് കാലം എത്ര കടന്നുപോയാലും ചില കവിതകൾ കല്ലിൽ കൊത്തിയിട്ട ശില്പം പോലെ കാലാനുവർത്തിയായി നിലനില്ക്കുന്നത്. മലയാള കവിതയിൽ പരീക്ഷണങ്ങൾ അനവധി നടന്നു കഴിഞ്ഞിരിക്കുന്നു. അവനവനു യോജിച്ചതും എളുപ്പമുള്ളതുമായ സങ്കേതങ്ങൾ കവിതാരചനയിൽ പരീക്ഷിക്കുന്നു ഓരോ കാലത്തും. ഈ പരീക്ഷണങ്ങൾ ആണ് പലപ്പോഴും അത്ഭുതങ്ങളെ സൃഷ്ടിച്ചതും . പദ്യം, ഗദ്യം എന്നീ രണ്ടു തലങ്ങളിൽ കവിത തിളങ്ങി നില്ക്കുമ്പോഴാണ് ആധുനിക കവിതവായനാ ലോകത്തിന് തിരക്കിന്റെ അസ്കിത വന്നു ഭവിച്ചത്. തിരക്കാർന്ന ജീവിതത്തിൽ ഖണ്ഡകാവ്യങ്ങൾ വായിക്കാൻ സമയമില്ലായ്മ സ്വാഭാവികമായും കടന്നു വന്നു. മാറ്റത്തിന്റെ ആരാധകരായ എഴുത്തുകാരിലേക്ക് ഈ വെളിപാട് പുതിയ ഒരു വാതായനം തുറന്നു കൊടുത്തു. അതിനെ കുറുങ്കവിതകൾ എന്നും കുഞ്ഞൻ കവിതകൾ എന്നും പേരിട്ടു വിളിച്ചു. കുഞ്ഞുണ്ണി മാഷിനെ മലയാളി ഓർക്കുന്നത് കുഞ്ഞൻ കവിതകളുടെ ഓർമ്മ മധുരത്തിലൂടെയാണല്ലോ. ഈ കുഞ്ഞൻ കവിതകളും തൃപ്തമാകാതെയാണ് കവികളുടെ ശ്രദ്ധ ജപ്പാനിലേക്ക് തിരിയുന്നത്. ഫലം!  ഹൈക്കു എന്ന കവിതാസമ്പ്രദായം മലയാള കവിതയിലേക്കു പ്രവേശിച്ചു. 

എന്താണ് ഹൈക്കു ? 17 മാത്രകൾ അടങ്ങിയതും 5, 7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയ മൂന്നു പദസമുച്ചയങ്ങൾ ( വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകൾ ആണ് ഹൈക്കു .ഈ മൂന്നു വരികൾക്കുള്ളിൽ ഋതുവിനെ കുറിക്കുന്ന ഒരു പദം ഉൾപ്പെടുന്നു. ഹൈക്കു കവിതകളെക്കുറിച്ചു പത്മ തമ്പാട്ടി എന്ന വിദേശ മലയാളി യൂടൂബിലും ഫേസ് ബുക്കിലും വളരെ മുമ്പ് വ്യക്തമായി പ്രതിപാദിക്കുകയുണ്ടായിട്ടുണ്ട്. പിന്നീട് ഹൈക്കു മലയാള കവികളുടെ അറിവില്ലായ്മയും കഴിവില്ലായ്മയും കൊണ്ടു ചിന്നിച്ചിതറുകയും അവനവന് തോന്നിയ രീതിയിൽ വളച്ചൊടിച്ച നിയമങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് വികലമാക്കുകയുമാണുണ്ടായത്. ഇന്ന് ഹൈക്കു എന്ന പേരിൽ എഴുതുന്നവ ഭൂരിഭാഗവും കുറുങ്കവിതകൾ അഥവാ കുഞ്ഞൻ കവിതകൾ മാത്രമാണ്. പക്ഷേ എഴുത്തുകാർ അത് അനുവദിച്ചു തരുന്നത് അഭിമാനക്ഷതമായി കാണുന്നതിനാലും ഇതിനെക്കുറിച്ചു അറിവില്ലാത്തവരായ വായനക്കാർ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനാലും ക്ഷയബാധിതമായിട്ടും തിളങ്ങുന്ന ഒരു കവിതാ ശാഖയാണ് ഹൈക്കു മലയാളത്തിൽ .

നിധി കുര്യൻ എന്ന കവിയെ മലയാളിക്ക് പരിചയം മറ്റു പല മേഖലകളിലെ സാന്നിധ്യമായാണ്. സ്വത്വബോധമുള്ള സ്വതന്ത്രയായ ഒരു സ്ത്രീ. യാത്രകൾ പ്രത്യേകിച്ചും ബുള്ളറ്റ് ഉപയോഗിച്ചു ഹിമാലയത്തോളം യാത്ര ചെയ്യാൻ ധൈര്യമുള്ള ഈ സഞ്ചാരി ഏറ്റവും നല്ല ഒരു വ്യവസായ സംരഭക എന്ന നിലക്കു പ്രാദേശിക ബഹുമതി ലഭിച്ച ഒരാൾ കൂടിയാണ്. നിധിയുടെ, ഹൈക്കു കവിതകൾ എന്ന തലക്കെട്ടിൽ ഇറങ്ങിയ "അശ്രദ്ധ" എന്ന പുസ്തകം പേരു സൂചിപ്പിക്കും പോലെ അശ്രദ്ധമായ ഒന്നാണ് എന്നു കരുതുക വയ്യ. 82 നടുത്ത് കുഞ്ഞു കവിതകൾ, (അതേ അതിനെ അങ്ങനെ വിളിക്കാനാണ് കഴിയുക ) കൊണ്ടു സമ്പുഷ്ടമാണ് ഈ പുസ്തകം. ഒന്നോ രണ്ടോ ഹൈക്കു കവിതകൾ ഇടയിൽ വായനക്കാരെ തേടി വന്നേക്കാം. പ്രണയം, ജീവിതം, വിരഹം, ഏകാന്തത ഒക്കെയും ദീർഘനിശ്വാസങ്ങളുടെ നിഗൂഢമൗനത്തിൽ ഒളിപ്പിച്ചു യേശുവിന്റെ മുറിവേറ്റ ഹൃദയത്തോട് ചേർന്നു നിന്നു പറയാനുള്ളവ പറഞ്ഞു പോകുന്ന ഒരുവൾ ആണിതിൽ നിറയെ. 
" ശിശിരം ഉടയാടകൾ
അഴിക്കുന്നത് നോക്കി
ജാലകത്തിനരികത്ത്
ഇരുന്നു അവൾ ബന്ധിത."
എന്റെ ദുഃഖങ്ങൾക്കും മുറിവുകൾക്കും നിന്റെ തിരുമുറിവുകൾക്കും മേൽ വേദന നല്കുവാൻ കഴിയാത്തവയാണ് എന്ന ആശ്വാസമാണ് ക്രിസ്തുവിന്റെ ചാരത്ത് നില്ക്കുമ്പോൾ കവിയിലെ നായികക്ക് അനുഭവപ്പെടുന്നത്. 
" എന്നെ ഞാനൊളിപ്പിച്ച
വാക്കിൻ
ചുവരുകൾക്കിടയിൽ
തേങ്ങലിൻ ചിതൽപ്പുറ്റ് " എന്ന് നായിക പറയുന്നത് ഈ ചിന്തയ്ക്ക് അടിവരയിടുന്നതാണ്. മലയാളി സ്ത്രീ കവികളുടെ ഏറ്റവും പ്രിയപ്പെട്ട  രണ്ടു ഐക്കണുകളാണ് കൃഷ്ണനും ക്രിസ്തുവും. തങ്ങൾക്ക് പറയാനുള്ള പ്രണയവും, ദാഹമോഹങ്ങളും, വിരഹവും വേദനയും അവർ ഈ രണ്ടു പേരിലൂടെ പറഞ്ഞു വയ്ക്കുന്നു. ഇത് ബോധപൂർവ്വമായ ഒരു ഒളിച്ചുകളി കൂടിയാണ്. സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ടു കൊണ്ട് തങ്ങൾക്ക് പറയാനുള്ളവ അറിയേണ്ടവർക്കു മാത്രം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പോകാൻ ഈ ബിംബങ്ങൾക്ക് കഴിയുന്നു. ലോകത്തേറ്റവും കൂടുതൽ പ്രണയിനികൾ ഉള്ളതും ഇവർ രണ്ടു പേർക്കും തന്നെയാണ് അതിനാൽ.

നിധിയുടെ കവിതകൾ ഹൈക്കുവല്ല എന്നൊരു പോരായ്മ ഒഴിച്ചു നിർത്തിയാൽ കുറുങ്കവിതകൾ ആയവ ആസ്വദിക്കാനാകും. നീട്ടിപ്പരത്തി പറഞ്ഞു ബോറടിപ്പിക്കാൻ ശ്രമിക്കാത്ത കവിതാബോധം, കവിധർമ്മം നിധിയെന്ന എഴുത്തുകാരി മനസ്സിലാക്കുന്നു. തുറന്നതും പരന്നതുമായ വായനകൾ കൊണ്ടു മാത്രം സാധിക്കുന്ന കെയ്യടക്കം ആണവ . തത്വത്തിൽ ഈ കുഞ്ഞു കവിതകൾ വലിയ ചില കാര്യങ്ങൾ പറഞ്ഞു തരുന്നു. അതിൽ ഒരു സ്ത്രീയുടെ മനസ്സും കൈയ്യൊപ്പും പതിഞ്ഞു കിടക്കുന്നു. അവളുടെ ജീവിതം തുറന്നിട്ട പുസ്തമാകുന്ന പോലെ എഴുത്ത് വിശാലമായ ചിന്തകളിലേക്ക് കൈപിടിച്ചു നടത്തുന്നു വായനക്കാരെ. അധികം ബോറടിയില്ലാതെ , ക്ലീഷേകൾ ഇല്ലാതെ എളുപ്പം വായിച്ചു പോകാനാവുന്ന കവിതകൾ. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

Monday, December 9, 2019

സാരഥികൾക്ക് ഭ്രാന്തു പിടിക്കുമ്പോൾ!

സാരഥികൾക്ക് ഭ്രാന്തു പിടിക്കുമ്പോൾ!
.............................................................
രണ്ടു വളയങ്ങൾ ഘടിപ്പിച്ച ഒരു വണ്ടി രണ്ടു പേർ ഓടിക്കുന്നു.
ഇടതേക്കൊരാൾ തിരിക്കുമ്പോൾ
വലതെന്നു മറ്റയാൾ.
പിറകിൽ വരുന്ന വണ്ടികൾക്ക് മാത്രമല്ല
വശങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭ്രാന്തു പിടിക്കുന്നു.
ഒന്നും നോക്കാതെ 
താന്താങ്ങളുടെ ഇച്ഛയനുസരിച്ചവർ വണ്ടിയോടിക്കുന്നു.
ഹസാർഡ് ലൈറ്റിടാതെ 
ഇൻഡിക്കേറ്ററുകൾ നൽകാതെ
നിരത്ത് കൈയ്യടക്കി ഇരുവരുമൊരു വണ്ടിയും! 
നിർത്താതെ മുഴങ്ങുന്ന ഹോണുകൾ ‌
ഉറക്കെയുറക്കെ പ്രാക്കുകൾ,
ശാപവാക്കുകൾ.....
ചെളിവെള്ളം തെറിച്ച കോപമടക്കാനാകാതെ
ഒരു ചെറു ബാല്യം മാത്രം വലിയൊരു കല്ലെടുത്തെറിയുന്നു.
ചില്ലുടഞ്ഞ വണ്ടിക്കുള്ളിൽ നിന്നും
അപ്പോൾ മാത്രം
അപ്പോൾ മാത്രം ജനമത് കേൾക്കുന്നു.
ജനഗണമന അധിനായക ജയതേ ...
എല്ലാ ആരവങ്ങളും നിലക്കുന്നു.
നിശബ്ദരായവർ വണ്ടിഎഞ്ചിനുകൾ നിർത്തിയിടുന്നു.
വശങ്ങളിലെ ജനങ്ങൾ ശിലകളാകുന്നു.
ആ ബാലൻ മാത്രം പിന്നെയും കല്ലുകൾ തിരയുന്നു.
ആ കുഞ്ഞു തലയോട്ടിയിലേക്ക് നാലു വശത്തു നിന്നും
തോക്കിൻ മുനകൾ ചൂണ്ടപ്പെടുന്നു.
വണ്ടി അപ്പോഴും ഇരുവരും ഇരുവശത്തേക്കും 
ആരെയും നോക്കാതെ പായിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
...... ബിജു.ജി.നാഥ് വർക്കല

Thursday, December 5, 2019

സ്വാതന്ത്ര്യം സമത്വം സാഹോദര്യം

സ്വാതന്ത്ര്യം സമത്വം സാഹോദര്യം 
......................................................
നിറഞ്ഞ കണ്ണുകൾ തുറന്നു വച്ചു നീ
ചിരിപ്പതെന്തിനായ് പ്രഭാതപുഷ്പമേ!
കനിവെഴാത്തൊരീ സമസ്തലോകവും
ത്യജിച്ചതല്ലയോ നിൻ മൃദുത്വമേനിയേ.
പടർന്നുകേറുവാൻ ഇല്ല ശാഖികൾ
താങ്ങി നില്ക്കുവാൻ തണ്ടുമില്ലഹോ!
ഇഹത്തിലാരുമേയില്ല വാഴ്ത്തുവാൻ
പിന്നെയെന്തിനായ് നീ പിറപ്പു വീണ്ടുമേ!
അതിവിദൂരമാം ജനസഞ്ചയങ്ങളിൽ
അതീവ ദുഃഖമാണിതൾ വിടർപ്പതും.
സുഗന്ധപൂരിതം ,നിറക്കൂട്ടുമെങ്കിലോ
മറിഞ്ഞുമാഞ്ഞേനേ തവതലവരയതേ.
എതിർത്തുനില്ക്കുവാൻ മനമതില്ലയോ
രണ്ടുവാക്കതിൻ മുനയെറിഞ്ഞു നീ
തടുത്തുനിർത്തുവാൻ ബലമതേറിയോൾ!
നിനക്ക്ങ്ങളിൽ നിനക്ക് കറുപ്പത്രേ
ചിലയിടങ്ങളിൽ നീ വെളുത്തതാണല്ലോ
മുകുളമാണ് നീ, മലരുമാണ് നീ
കവി പറഞ്ഞിടും വീണപുഷ്പവും.
ഉടുപുടവ നീ പൊതിഞ്ഞു വയ്ക്കിലും
ഉടലുമുഴുവൻ നീ വെളിയിലിടുകിലും
കാരിരുമ്പു പോൽ നീ കടുത്തതാകിലും
പൂവുടൽ പോൽ സ്നിഗ്ധമാകിലും
പരുപരുത്തൊരു ചരൽക്കല്ലാകിലും
നിനക്കു വിധിച്ചതീ നരകജീവിതം !!!
കുടഞ്ഞെറിക നീ ഈ അടിമജീവിതം
കടന്നു കേറുക നിന്നവസരങ്ങളിൽ,
നല്ക വേണ്ടിനി തെല്ലും ദയവികാരങ്ങൾ
പങ്കിടാത്തൊരാ അവകാശങ്ങളിലൊന്നും.
ഓർത്തു വയ്ക്കുക എന്നുമൊന്നുമാത്രമേ
നമുക്കൊരേ ഭൂമി ഒരൊറ്റ വാനവും.
ഞാനും നീയുമേ രണ്ടല്ല ജീവികൾ
ഇല്ല നമ്മിലോ വലുപ്പചെറുപ്പങ്ങൾ.
നീയൊരിക്കലും എനിക്കല്ല നേതാവ്
നമ്മൾ ഒന്നായി ചേർന്നൊരീ ലോകത്തിൽ
എന്തിനായ് തീർപ്പൂ മതിലുകൾ വൃഥാ .
............ ബിജു.ജി.നാഥ് വർക്കല

Wednesday, December 4, 2019

ഉടൽത്താഴ് ............ ഡോ. ദീപാ സ്വരൻ

ഉടൽത്താഴ് . 
(കവിതാ സമാഹാരം)
ഡോ. ദീപാ സ്വരൻ
പ്രഭാത് ബുക്ക് ഹൗസ്
വില : ₹ 60.00

ആധുനിക ഭാഷാസാഹിത്യത്തിൽ,കവിതയുടെ ലോകം വിരസതയാർന്ന പകലുകൾ പോലെ വിളറിക്കിടക്കുകയാണ്. വേനൽമഴ പോലെ ഇടയിലെപ്പോഴൊ ഒന്നുള്ളം കൊതിപ്പിച്ച്, മണ്ണിന്റെ മണം വമിപ്പിച്ച് കടന്നു പോകുന്ന ഓർമ്മകൾ മാത്രമാകുന്നു കവിതകൾ. പുതിയകാല കവിതകളിൽ കവനഭംഗിക്കപ്പുറം കാര്യം പറഞ്ഞു പോകലാണ് പ്രധാനമായും നിലനില്ക്കുന്നത്. വൃത്തവും താളവും ഒപ്പിച്ച് പണ്ടുകാലത്ത് എഴുതപ്പെട്ട കവിതകൾ സ്തുതികളും വർണ്ണനകളും പുരാണ കഥകളും പ്രണയരതിലാസ്യ പ്രധാനങ്ങളുമായ ഖണ്ഡകാവ്യങ്ങൾ ആയിരുന്നു. അവയോടു പുതിയ തലമുറക്ക് വിരോധം വരാൻ പ്രധാനമായും ഉണ്ടായ കാരണം മാതൃഭാഷാ പഠനത്തിനോടുള്ള മുഖം തിരിക്കലും അറിവില്ലായ്മയും മൂലം അവർക്ക് ആ വിധം കവിതാരചന അപ്രാപ്യമായപ്പോൾ ആണ്. സിനിമാഗാനങ്ങൾ പോലെയാണ് കവിത എന്ന് ധരിച്ചവരും അക്കൂട്ടത്തിലുണ്ട്. അവർ തങ്ങളുടെ വരികളെ കവിതയാക്കാൻ ശ്രമം തുടങ്ങിയപ്പോൾ അതിനെ ന്യായീകരിക്കുവാൻ കൂട്ടത്തിൽ കവിതയ്ക്ക് വൃത്തവും അലങ്കാരവും ആവശ്യമില്ല എന്ന തത്വവും സ്ഥാപിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തുവാൻ താരതമ്യേന എളുപ്പമുള്ള ആംഗലേയ കവിതകളുടെ മൊഴിമാറ്റം ഉപാധിയായെടുത്തു തുടങ്ങി. ചുരുക്കത്തിൽ ആ യജ്ഞത്തിൽ ചിലരൊക്കെ വിജയിക്കുകയും കവിത മോഡേണും പോസ്റ്റുമോഡേണും ഒക്കെയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. പുതുകാല കവിതകളുടെ ആലാപനശൈലി ശ്രദ്ധിച്ചാൽ ഈ മാറ്റം ബോധ്യമാകും. അറിവില്ലായ്മ ഒരലങ്കാരമായതാണ് ചരിത്രം. പകുതി നല്ലതും മറുപകുതി മോശവും ആണ് ആധുനിക കവിതാ രചനാസമ്പ്രദായം. അതിനാൽത്തന്നെ അതിനെ തള്ളാനോ കൊള്ളാനോ കഴിയില്ല. കൂടെ നടക്കുക എന്നതിനപ്പുറം മറ്റെന്താണ് കരണീയം.?  ആസ്വദിക്കാനാവണം. അർത്ഥം സ്പഷ്ടമാകണം. ഓർത്തു വയ്ക്കാൻ കഴിയണം.  വൃത്തം അലങ്കാരം തുടങ്ങിയവ അതിനു കാരണമോ കാരകമോ ആകുന്നില്ല. " കനകചിലങ്ക കിലുങ്ങിക്കിലുങ്ങി'' യും , "അങ്കണത്തൈമാവിൻ ചോട്ടിലും", "രാത്രിമഴ പിന്നെയും ....", "മരമായിരുന്നു ഞാൻ ..." തുടങ്ങി പത്തു മുപ്പത് കൊല്ലം മുമ്പ് പഠിച്ചവ ഇന്നും മറക്കാതെയിരിക്കുന്നതും ഇന്നലെ വായിച്ച ഒരു പുതു കവിത ആ വായന കഴിഞ്ഞ അടുത്ത നിമിഷത്തിൽ മറന്നു പോകുന്നതും എന്തുകൊണ്ടാകാമെന്നു ചിന്തിക്കുന്നിടത്ത് കവിതയെന്താകണം എന്ന ചോദ്യത്തിനുത്തരം ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.

അടുത്തിടെ കവിതകൾ എഴുതുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും കവിതാ പുസ്തകങ്ങളുടെ അളവുകൾ വർദ്ധിക്കുകയും ചെയ്തു വരുന്നത് കാണുമ്പോൾ കവിതയിൽ പുതിയ വിപ്ലവം സംഭവിച്ചു തുടങ്ങി എന്നൊരാശ്വാസവും സന്തോഷവും കവിതാസ്വദകരിൽ ഉണ്ടാകുക സ്വാഭാവികം. പക്ഷേ, വായനയിൽ നിരാശ നല്കി, ഒന്ന് ഓർത്തു വയ്ക്കാൻ പോലും ഒന്നും കിട്ടാതെ ആ പുസ്തകങ്ങൾ ആരാധകരെ നിരാശപ്പെടുത്തുന്നതും കാഴ്ചയാകുന്നു. ആ കൂട്ടത്തിൽ പെട്ടെന്നു തന്നെ തിരിച്ചറിയപ്പെടുകയും വായനയിൽ അനല്പമായ സന്തോഷം നല്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ആണ് ഡോ. ദീപാ സ്വരൻ എഴുതിയ "ഉടൽത്താഴ്" . 36 കവിതകൾ അടങ്ങിയ ഈ പുസ്തകം വായിക്കാനും പരിചയപ്പെടുത്താനും സന്തോഷം നല്കിയ കാരണങ്ങൾ പലതാണ്. മികച്ച അച്ചടി. അക്ഷരസ്ഫുടത, പിന്നെ വായനക്കാർ അറിയാതെ ആസ്വദിച്ചു ചൊല്ലിപ്പോകുന്ന കവിതകൾ!

അധ്യാപികയായ ഡോ. ദീപാ സ്വരൻ ,ഇറക്കിയ രണ്ടാമത്തെ പുസ്തകമാണിത്. " കടലെറിഞ്ഞ ശംഖുകൾ " എന്നൊരു കവിതാ സമാഹാരം കൂടി ഈ കവി ഇറക്കിയിട്ടുണ്ട്. ഒൻപതോളം അംഗീകാരങ്ങൾ ലഭിച്ച ഈ കവിയുടെ ആമുഖക്കുറിപ്പിൽ ഇങ്ങനെ കുറിക്കുന്നു. "ഭ്രാന്തുകളെന്നു മുദ്രകുത്തപ്പെട്ട എന്റെ തോന്ന്യാക്ഷരങ്ങളിൽ നിന്ന് ചേറിക്കൊഴിച്ചെടുത്തവയെ കവിതയെന്നു വിളിക്കാൻ ശീലിച്ചിരിക്കുന്നു. പക്ഷേ, അവയൊക്കെയും കവിതകളായോ എന്ന സന്ദേഹം അപ്പോഴും ബാക്കിയാകുന്നു." തീർച്ചയായും ലളിതവും നിഷ്കളങ്കവും ആയ ഒരു പ്രഖ്യാപനമാണ് അത്. തന്റെ അക്ഷരങ്ങളെ കവിത എന്നു വിളിക്കുവാൻ കവിയല്ല വായനക്കാരാണ് ശ്രമിക്കേണ്ടത് എന്നത് സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. 
അതു കൊണ്ടു തന്നെ ആ കവിതകൾ വായിക്കുമ്പോൾ ആ കവിതകൾ നല്കുന്ന രസക്കൂടി നെ അറിയുമ്പോൾ
" ഇത്തിരിച്ചൂട് വേണം രുചിക്കുവാൻ
കനലു നീറ്റുന്ന കവിതയെപ്പാടുവാൻ " ( കവിതാ പാചകം ) എന്ന കവിയുടെ ആഹ്വാനം ശരിക്കും ആസ്വാദകരെ ഹർഷോന്മാദരാക്കും. കവിതയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റെല്ലാം മറന്നു പോകുന്ന ഒരനുഭൂതി നല്കാൻ എല്ലാ കവിതകൾക്കും സാധിക്കുകയില്ല. എന്നാൽ ഇവിടെ വായനക്കാർ
" കത്തുന്ന നോക്കിനാൽ കൊത്തിപ്പറിച്ചെന്റെ
സത്യം ചികഞ്ഞു നീ തത്വം പഠിക്കവേ,
വാക്കിനുമപ്പുറം നിന്നെക്കുറിച്ചിട്ടൊ-
രജ്ഞാത ഭാഷതൻ പ്രേമസങ്കീർത്തനം " (കുരുതിക്കു മുമ്പ്) വായിക്കുന്നവനാകുകയാണ്. പ്രണയത്തിനാണെങ്കിലും ജീവിതത്തിനാണെങ്കിലും അമേയമായ ഒരു സൗന്ദര്യബോധം പകർന്നു നല്കാൻ കവി ബദ്ധശ്രദ്ധയാണ് എന്നു കാണാം. ബിംബവത്കരണമെന്ന കവിതാ സമ്പ്രദായത്തെ എത്ര മനോഹരമായാണ് കവി ഓരോ കവിതകളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വായനയുടെ ആനന്ദത്തത്തെ വികാസം പ്രാപിക്കാൻ പര്യാപ്തമാക്കുന്നു. പരീക്ഷ (ണം) എന്ന കവിതയിൽ ഒട്ടും പാളിച്ചകളില്ലാതെ എത്ര തന്മയത്തോടെയാണ് പ്രണയവും രതിയും പറഞ്ഞു പോകുന്നത്. ഒരശ്ലീലവുമില്ലാതെ ആർക്കും അതു വായിച്ചു പോകാനുമാകും. 

ഇന്നത്തെ ഓരോ പെൺകുട്ടികളോടും, മാതാപിതാക്കളും അധ്യാപകരും പറഞ്ഞു കൊടുക്കേണ്ട ചില പാഠങ്ങൾ ഉണ്ട്. ബോധനത്തിന്റെ ആ ഉത്തരവാദിത്വത്തെ കവിതയിലേക്ക് കടത്തിവിടുമ്പോൾ ഒട്ടും പാളിച്ചകൾ ഇല്ലാതെ അതു പറയാൻ കവിക്കു കഴിയുന്നുണ്ട്. 
" ദാഹം ചുരത്തുവോർ, 
ക്കുച്ചത്തണുപ്പിന്റെ
പുഴയല്ല നീയെന്ന ശ്രുതി പാടണം" (പെൺപൂവിനോട് ) എന്ന വരികൾ പോലെ സമ്പുഷ്ടമായ ഒരു മുഴുകവിതയായത് പുഞ്ചിരിച്ചു നില്ക്കുന്നു. കവിയിലെ പ്രണയ വരികൾക്ക് പോലും ശാന്തമായി ഒഴുകുന്ന പുഴയുടെ വെൺമയും കുളിർമ്മയുമാണ്. "നമ്മളെന്നാണ്
ഞാനായും നീയായും മാറുക" ( ഭ്രാന്ത് ) എന്ന ചോദ്യത്തിലൂടെ നമ്മൾ ഒന്നെന്നു സ്ഥാപിക്കുന്ന പ്രണയത്തിന് മഴവില്ലിന്റെ നിറങ്ങൾ ചാർത്തിയ കവിതാ ശകലങ്ങളെ ഓർത്തു രസിക്കുവാൻ കവി വാരിയെറിയുന്നു. 
" അല്ലെങ്കിലും,
പ്രണയം, അതങ്ങിനെയാണ്......
അകം പുറം നനച്ച്
പെയ്തൊഴിഞ്ഞാലും
നഷ്ടപ്പെടലിനെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും (ചുരം കയറുമ്പോൾ ) എന്ന് പറയുന്നിടത്ത് കവി അർദ്ധോക്തിയിൽ പറയാതെ വയ്ക്കുന്നു പലതും. വഴിവക്കിൽ മധുരതരമായ് പാടുന്ന അന്ധഗായകനിലൂടെ സ്വത്വബോധം തിരയുന്നു കവി ഒരിടത്ത്. മറ്റൊരിടത്ത് കിണറിനെ സജീവമാക്കി നിർത്തുന്ന കപ്പിയിലൂടെ ഒരു പെൺജീവിതത്തിന്റെ വിവിധ രൂപ പരിണാമങ്ങൾ വരയ്ക്കുന്നു. കവിയുടെ വരികളെ 
"പഴിയല്ല,  പറയുന്ന പൊളിവാക്കുമല്ലിത്
പതിരൊന്നുമില്ലാത്ത നെടുവീർപ്പുകൾ " (വെയിൽ കൊറിക്കുന്നവർ) എന്ന ടയാളപ്പെടുത്തുന്നത് വായനയിൽ ശരിയാണ് എന്നു പ്രത്യേകം ബോധ്യപ്പെടുത്തേണ്ടി വരുന്നുമില്ല. സമൂഹത്തിന്റെ മാറ്റങ്ങളെയും ചിന്തകളെയും ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്കു മാത്രമേ സമൂഹത്തോട് സംവദിക്കുവാൻ കഴിയുകയുള്ളു. അതിനാൽ തന്നെ പലപ്പോഴും ചോദ്യങ്ങളുടെ മുനകൾക്കു മാമൂലുകളെ മുറിവേൽപ്പിക്കേണ്ടി വരും. 
" വിശ്വാസിയുടെ വേദാന്തങ്ങളെ
നീതിയുടെ വ്യാകരണം കൊണ്ട്
വിഭ്രാന്തിയുടെ ശിഷ്ടങ്ങളില്ലാതെ
എങ്ങനെ ഹരണം ചെയ്യാം.?" ( ചോദ്യം ) എന്ന ചോദ്യത്തിനുള്ള ഉത്തരം തേടലുകൾ ആണ് കവി സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. 

വെറുതെ സന്ദേശകാവ്യങ്ങൾ എഴുതുന്നതോ, പ്രണയവും രതിയും എഴുതുന്നതോ അല്ല കവിതകൾ എന്ന ധാരണയെ കവി സ്വന്തം കവിതകൾ കൊണ്ട് നിജപ്പെടുത്തുന്നു. കവിയുടെ തന്നെ വാക്കുകൾ പോലെ " വായന എന്നിലേക്ക് ചേർത്തു വച്ച ചില തിരിച്ചറിവുകൾ ഉണ്ട്" എന്നത് വെറും പറച്ചിലല്ല. വായനയില്ലാത്തവർക്ക് എഴുതാൻ എന്ത് ധാർമ്മികതയാണുള്ളത്? ഒരക്ഷരം തെറ്റുകൂടാതെ എഴുതാനോ , എഴുതിയത് വായനക്കാരെ സ്വാധീനിക്കുവാനോ കഴിയണമെങ്കിൽ വായന അതീവ പ്രാധാന്യമാണ്. 

മനോഹരമായി ഭാഷ കൈകാര്യം ചെയ്യാനറിയുന്ന കവിയുടെ ഈ പുസ്തകം കവിതയുടെ പുതുമയും ഗന്ധവും ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടാണ്. ഒപ്പം, കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്ന ഈ കവിയെ സാഹിത്യ കേരളം തിരിച്ചറിയാൻ വൈകരുതെന്ന ആഗ്രഹവും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടി ഈ പുസ്തകം ഒരു നല്ല വായനയാകും എന്ന സന്തോഷം പങ്കുവയ്ക്കുന്നു. കൂടുതൽ വായനകൾ ഈ കവിയെ തേടിയെത്തട്ടെ എന്ന ആശംസകളോടെ ബിജു.ജി.നാഥ് വർക്കല