Sunday, December 29, 2019

കഥകൾ ............. റോഷ്നി സ്വപ്ന

കഥകൾ 
രോഷ്നി സ്വപ്ന
സൈകതം ബുക്സ്
വില: ₹ 140.00

ചില വായനകൾ നമ്മെ വല്ലാത്ത ഒരു തീവ്രാനുഭൂതിയിലേക്ക് തള്ളിവിടും. വായനയുടെ രാസ വാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് അത് തിക്കിത്തിരക്കി മുന്നിൽ വന്നു നില്ക്കും. പെണ്ണെഴുത്തും ആണെഴുത്തും വേർതിരിച്ചു നിർത്തി ഉൾപ്പുളകം കൊള്ളുന്ന എഴുത്തു മാടമ്പിമാർക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചില എഴുത്തുകാരികൾ ഉണ്ട്. പെണ്ണെഴുത്ത് എന്നാൽ എന്തെന്ന പരമ്പരാഗത പുരുഷ സാഹിത്യലോകവും ഒരു പരിധി വരെ സ്ത്രീ എഴുത്തുകാരും കരുതിവച്ചിരിക്കുന്ന മാമൂലുകൾ ഉണ്ട്. അതിൽ പ്രധാനം പ്രണയം തന്നെ. ശുദ്ധമായ പ്രണയം എഴുതുന്നവർ ആണത്രെ പെണ്ണെഴുത്തുകാർ. അവർ എഴുതുമ്പോൾ പിന്നെ ഉള്ളത് അടുക്കളയും വീടുമാണ്. കുട്ടികൾ, ഭർത്താവ്, വീട്ടുവേല കൂട്ടുകാരികൾ, പ്രണയം, ഭക്തി, യാത്രക്കുറിപ്പുകൾ " പാചകക്കുറിപ്പുകൾ. കഴിഞ്ഞു അവരുടെ എഴുത്തിന്റെ ലോകം. കുടുംബം, ജീവിതം എന്നിവ എഴുതുമ്പോൾ അതുപോലെ പ്രണയം എഴുതുമ്പോൾ ഭാഷയിലെ സഭ്യത അനിവാര്യമത്രെ അവർക്ക് . കിടപ്പറയിലേക്ക് വായനക്കാരെ കയറ്റരുത്. ഭർത്താവ് ദൈവീകമായ ഒന്നും ഭാര്യ സഹനത്തിന്റെ പ്രതീകവും ആയിരിക്കണം. ഇതിനൊക്കെ പുറത്ത് ഒന്നും പറയാൻ ശ്രമിക്കരുത്. ശ്രമിച്ചാൽ ആ എഴുത്തുകാരിയുടെ കഥ കഴിയുന്നു അവിടെ. രാജലക്ഷ്മിയും മാധവിക്കുട്ടിയുമൊക്കെ മലയാളി കണ്ടതിനാൽ മറുചോദ്യങ്ങൾ ഉദിക്കുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ പെണ്ണെഴുത്തു പരിഷ്കരിക്കപ്പെട്ടു. പുതിയ കാഴ്ചപ്പാടിൽ പെണ്ണെഴുത്ത് എന്നാൽ സ്വാതന്ത്ര്യ പ്രഖ്യാപനം ആണെന്ന ധാരണ നിലവിൽ വന്നു.. ഈ സ്വാതന്ത്ര്യ പ്രഖ്യാപനം എത്രവരെയെന്നു നോക്കിയാൽ ആർത്തവത്തെക്കുറിച്ചു പറയുക. തന്റെ ലൈംഗികാനുഭവങ്ങളെ പറയുക. ഫെമിനിസത്തിൽ നിന്നു കൊണ്ട് കുടുംബത്തെ വ്യവച്ഛേദിക്കുക തുടങ്ങിയ നിലകളിലേക്കും സ്വതന്ത്ര ലൈംഗികതയും പുരുഷനൊപ്പം തെറി വാക്കുകൾ പ്രയോഗിക്കുന്ന തലത്തിലേക്ക് വളരുക എന്നതും പെണ്ണെഴുത്തായി വിലയിരുത്തപ്പെട്ടു. 

എഴുത്തിൽ സ്വതന്ത്രത. എന്താണ് എന്ന ചോദ്യം മാത്രം മാറി നിന്നു. ഈ ചോദ്യത്തിന്നുള്ള ഉത്തരങ്ങൾ ആധുനിക ഭാഷാസാഹിത്യം നല്കിത്തുടങ്ങി. എങ്കിലും അവ പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്. അംഗീകരിക്കാനുള്ള മടിയാകാം കാരണം. ലോകവീക്ഷണവും രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ പുരുഷനൊപ്പം നിന്നെഴുതാൻ കഴിയുന്ന തലത്തിലേക്ക് എഴുത്തുകാരികൾ വളർന്നു കഴിഞ്ഞിരിക്കുന്നു. ആംഗലേയ സാഹിത്യത്തിൽ മാത്രമല്ല മലയാളത്തിലും ആ മാറ്റം ലഭ്യമായിത്തുടങ്ങി. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രോഷ്‌നി സ്വപ്ന എന്ന എഴുത്തുകാരി. 25 ലധികം പുരസ്കാരങ്ങൾ പതിനേഴ് പുസ്തകങ്ങൾ. സ്വദേശ വിദേശ ഭാഷകളിൽ അഞ്ചോളം ഭാഷകളിൽ കവിതകൾ തർജ്ജമ ചെയ്യപ്പെട്ട എഴുത്തുകാരി. ഇത്രയൊക്കെ മതിയാകും രോഷ്നി സ്വപ്നയെ പരിചയപ്പെടുത്താൻ . ഈ എഴുത്തുകാരിയുടെ 13 കഥകളുടെ സമാഹാരമാണ് കഥകൾ എന്ന തലക്കെട്ടോടെ സൈകതം ബുക്സ് പുറത്തിറക്കിയിരിക്കുന്നത്. 

ഭാഷയുടെ അനിതരസാധാരണമായ കൈവഴക്കങ്ങളെ മനോഹരമായ പ്രതലം ഉപയോഗിച്ചു വിളക്കിച്ചേർത്ത ശില്പങ്ങൾ എന്നാണ് ഈ കഥകളെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. പൊതുവെ സൈകതത്തിന്റെ പുസ്തകങ്ങളിൽ കാണാൻ കഴിയാത്ത എഡിറ്റർ എന്ന അപാകത പോലും ഈ പുസ്തകത്തിൽ കണ്ടില്ല. പ്രണയം, രാഷ്ട്രീയം, മതം , വർഗീയത തുടങ്ങിയ എല്ലാ പ്രധാന ചേരുവകളും ഈ കഥകളിലുണ്ട്. എന്നാൽ അവ പറയാൻ ഉപയോഗിച്ച പ്രമേയ രീതിയും ഭാഷാ വത്കരണവും ഏതൊരു കിടയറ്റ എഴുത്തുകാർക്കും ഒപ്പം നിർത്താൻ പറ്റിയ രീതിയിൽ എഴുത്തുകാരി പ്രയോഗിച്ചിരിക്കുന്നു. ആസുരതയുടെ മൃഗീയ ഭാവങ്ങൾ പോലും ഒട്ടും അനുകമ്പയില്ലാതെ പറയുവാൻ കഴിയുന്ന എഴുത്തുധർമ്മം അറിയുന്ന ഒരാൾ ആണ് എഴുത്തുകാരി. ആനന്ദിനും, സക്കറിയയ്ക്കും,  എം സുകുമാരനും എൻ എസ് മാധവനുമൊക്കെ എഴുതുന്ന ശൈലികളുടെ ഗരിമ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും രോഷ്‌നിയെ വായിക്കാതിരിക്കാനാവില്ല എന്ന തോന്നൽ പങ്കുവയ്ക്കപ്പെടേണ്ടത് തന്നെയാണ്.  

എഴുത്തുകാരി പറയുന്നുണ്ട് " വിലാസമില്ലാതെ കത്തുന്ന കടലാണ് എനിക്ക് വാക്കുകൾ. വാക്കുകൾ എനിക്കെന്നും എളുപ്പത്തിൽ ചെന്നെത്താനാവാത്ത അത്ഭുതഞളാണ്. അവയെ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് എന്റെ ഓരോ രചനയും.
പ്രമേയപരമായോ ഘടനാപരമായോ യാതൊരു പ്രത്യയശാസ്ത്രവായനകളും ഞാനീ കഥകളിലൂടെ ആവശ്യപ്പെടുന്നില്ല." തീർച്ചയായും അവർ പറയുന്നത് ശരിയാണ്. ആ വാക്കുകളെ മാനിച്ചുകൊണ്ടു തന്നെ പറയാം. ഈ കഥകൾ അവയൊക്കെ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. 

,സാഹചര്യങ്ങൾ മാറ്റിമറിക്കുന്ന മനുഷ്യന്റെ മാനസിക ചിന്തകളെ അവതരിപ്പിക്കുമ്പോഴും കുടുംബങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ശലഭങ്ങളുടെ വ്യഥകൾ പറയുമ്പോഴും ഭ്രമ കല്പനകളുടെ ഗന്ധർവ്വ ലോകത്തെ പരിചയപ്പെടുത്തുമ്പോഴും എഴുത്തുകാരി വ്യത്യസ്ഥമായ ഒരു രീതിയാണ് അവലംബിക്കുന്നത്. നിഗൂഡമായ മൗനങ്ങളും ഒളിപ്പിച്ചു വച്ച സൂചനകളും പ്രത്യക്ഷമായ വിളിച്ചു പറയലുകളും എഴുത്തുകാരിയുടെ പ്രത്യേകതകൾ ആകുന്നു. ലൈംഗികതയും മതവും പെൺമനസ്സിന്റെ അമ്പരപ്പിക്കുന്ന ചാഞ്ചല്യങ്ങളും ചിന്തകളും എഴുത്തുകാരി അധികം വളച്ചുകെട്ടുകളില്ലാതെ അവതരിപ്പിക്കുന്നുണ്ട്. കാലദേശങ്ങൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തെയും സ്വപ്നങ്ങളെയും തദ്ദേശവത്ക്കരിക്കുവാനും ആ ചുറ്റുപാടുകളിൽ വിഹരിക്കാനും എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഇറച്ചിയെന്നു മാത്രം വിളിക്കുവാൻ വിധിക്കപ്പെടുന്ന കുഞ്ഞുടലുകളെ എഴുത്തുകാരി ശക്തമായി അവതരിപ്പിക്കുന്നുണ്ട് അതിന്റെ ശരിയായ കാഴ്ചപ്പാടുകളിൽ തന്നെ. പൂപ്പൽ പിടിച്ച മനുഷ്യബന്ധങ്ങളുടെ കാഴ്ചകളും ദൂരക്കാഴ്ചകളുടെ കാലിഡോസ്കോപ്പും തികച്ചും അമ്പരപ്പിക്കുന്ന വായനകൾ തരുന്നുണ്ട്. ആശയവും ജീവിതവും രണ്ടായി കാണുന മനുഷ്യരുടെ വ്യഥകൾ വരച്ചു ചേർക്കുന്നുണ്ട്.

കഥകൾ വെറും വായനയുടെ ഓച്ചു നോക്കൽ അല്ല എന്നും ചിന്തയുടെ അസംസ്കൃത വസ്തുക്കൾ ആണെന്നുമുള്ള ബോധം നല്കുന്ന റോഷ്നിയുടെ കഥകൾ തീർച്ചയായും ഗൗരവപരമായ വായനയിഷ്ടപ്പെടുന്നവർക്ക് ഒരു നല്ല വിരുന്നാകും. ഭാഷയുടെ ഭാവികാലത്തെ അടയാളപ്പെടുത്തുന്ന ആണെഴുത്തുകാർക്ക് മികച്ച എതിരാളിയും വർഗ്ഗീകരണത്തിന്റെ അശ്ലീലതയെ മറികടക്കാൻ നല്ലൊരു ചാലകവുമായിരിക്കും രോഷ്നി സ്വപ്ന എന്ന് പ്രതീക്ഷിക്കുവാൻ വക നല്കുന്ന ഈ കഥകൾ ഭാഷയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടമാകും. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment