Saturday, December 28, 2019

ഞാൻ ഒരു ഭാഷയാണ്. .......... കെ. സച്ചിദാനന്ദൻ

ഞാൻ ഒരു ഭാഷയാണ്.
കവിതകൾ
കെ. സച്ചിദാനന്ദൻ
പൂർണ പബ്ളിക്കേഷൻസ്
വില:  ₹ -145.00


"കാലത്തിനു കുറുകെ
പ്രകാശത്തേക്കാൾ വേഗതയിൽ
പാഞ്ഞു പോകുന്ന വാൽ നക്ഷത്രമാണ്
ഓരോ ജീവിതവും." (വാൽനക്ഷത്രങ്ങൾ, സച്ചിദാനന്ദൻ )

കവിതകൾ ആസുരതയുടെ വാഗ്മയ ചിത്രങ്ങൾ അല്ല. കാലത്തിന്റെ സാക്ഷികൾ ആണ്. പുതിയ കാലത്തിൽ നിന്നു കൊണ്ട് പഴയ കാലത്തെ വായിച്ചെടുക്കുവാൻ ഏറ്റവും പ്രധാനമായും ഉപകരിക്കപ്പെടുന്ന കലാരൂപങ്ങളിലെ ഏറ്റവും ലളിതവും അസ്ത്രമൂർച്ചയുള്ളതുമായ ഒന്നാണ് കവിത. കാരിരുമ്പിന്റെ ശക്തിയോടെ തുരുമ്പെടുക്കാത്ത ഒന്നാകണം കവിത.

ആധുനിക കവിതകളുടെ മലവെള്ളപ്പാച്ചിലിൽ സ്വന്തമായി ഒരിടം കണ്ടെത്താൻ ശ്രമിക്കുന്ന കവികളെ നമുക്ക് പരിചിതമാണ്. കുത്തൊഴുക്കിൽ ഒരില പോലെ ഒഴുകിപ്പോകുന്ന കവികളെയും. ഇവർക്കൊക്കെ ഇടയിൽ കവിതയിൽ തന്റേതായ സ്ഥാനം ഉറപ്പാക്കുന്ന ചുരുക്കം എഴുത്തുകാരെ മാത്രമേ നമുക്ക് കണ്ടെത്താനാകുകയുള്ളു. ഇന്ത്യൻ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സാഹിത്യ സംഭാവനകൾ നല്കുന്ന ഇടങ്ങൾ ഭാഷകൾ ഏതെന്ന് തിരഞ്ഞാൽ ഉത്തരേന്ത്യയിൽ അത് ബംഗാളി ഭാഷയിലാണ് കൂടുതൽ എന്നു കാണാം. ദക്ഷിണേന്ത്യയിൽ തമിഴും മലയാളവും മത്സരബുദ്ധിയോടെ മുന്നിലുണ്ട്. പക്ഷേ ഇവയിൽ കവിതകളിലേക്ക് നോക്കുമ്പോൾ മലയാളമാണ് മികച്ചതെന്ന് കണ്ടിരുന്ന കാലം നമുക്ക് ഓർമ്മിച്ചെടുക്കേണ്ട അവസ്ഥ വരുത്തുന്നു. ഹൃദയാർദ്രമായി അനുവാചകരെ ത്രസിപ്പിച്ച് ഇളക്കിമറിച്ച് ഒരു വസന്തം കൊണ്ടുവരാൻ ഉതകുന്ന കവിതകൾ ഇന്നുണ്ടോ? നമുക്കിന്നും ഉരുവിടാൻ പഴയ കവിതകളിൽ നിന്നടർത്തി എടുക്കുന്ന ഫോസിലുകൾ മാത്രമേയുള്ളൂ. മാറ്റം അനിവാര്യമാണ്. കാതലുള്ള, കാമ്പുള്ള എഴുത്തുകാർ നമുക്കിന്നും ഉണ്ട്. പക്ഷേ അവരെ മുന്നിലേക്ക് എത്തുവാൻ അനുവദിക്കാതെ കവിതയുടെ പേരിൽ കസർത്തു കാട്ടി ഗുണ്ടകളെപ്പോലെ അനുവാചകരെ വളർത്തി പുതിയ സാഹിത്യ സംസ്കാരം വളർത്തുന്നവരായി അധഃപതിച്ചു പോയ ഒരു കാലമാണിത്.

സച്ചിദാനന്ദന്റെ കവിതകൾ നാം വായിക്കുന്നത് കറുത്ത കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളെ കൊണ്ടുള്ള കടന്നൽ കുത്തേൽക്കുന്ന അനുഭവം പോലെയാണ്. കവി ദേശവും ഭാഷയും കടന്നു അന്താരാഷ്ട തലത്തിൽ നില്ക്കുന്ന ബഹുമുഖപ്രതിഭയാണ്. കവിതയുടെ വിവിധങ്ങളായ വൈവിധ്യങ്ങളെ നന്നായി മനസ്സിലാക്കാനും അവയെ പ്രയോഗിക്കാനും അറിയുന്ന ഒരാളാണ് സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ കവിതകളിലൂടെ സഞ്ചരിക്കുക എന്നത്  കാലത്തിലൂടെ സഞ്ചരിക്കുന്നതു പോലെയാണ്. നിശിതമായ വിമർശനങ്ങളുമായാണ് കവി പലപ്പോഴും തന്റെ സാന്നിധ്യമറിയിക്കുക.

ഞാൻ ഒരു ഭാഷയാണ് എന്ന ഈ കവിതകളുടെ സമാഹാരത്തിൽ 52 കവിതകൾ ഉണ്ട്. ദീർഘവും ലഘുവുമായ ഈ കവിതകളിൽ ചിലത് തന്റെ കാലത്തിൽ ഒപ്പം സഞ്ചരിക്കവേ വഴിയിൽ വീണുപോയവരെക്കുറിച്ചുള്ള ഓർമ്മകൾ / അർച്ചനകൾ ആണ്. അവയെ വായിക്കുക എന്നാൽ അവരെക്കുറിച്ചുള്ള ലഘു ജീവചരിത്രം വായിക്കുക എന്നു തോന്നാം. അവരുടെ രചനകകളും കവിയോടുള്ള ബന്ധവും അടയാളപ്പെടുത്തുന്നവയാണത്. ഈ കവിതകളുടെ സമാഹാരത്തിന്റെ പ്രത്യേകതയെന്താണ് എന്നു പരിശോധിച്ചാൽ കവി, കവിത, ഭാഷ, കാലം ഇവയെ പരിചയപ്പെടുത്തുകയും എന്താണവയെന്നും എവിടെ നില്ക്കുന്നുവെന്നും എങ്ങനെ മാറ്റണമെന്നും ഉള്ള ഒരു പഠനം പോലെ വായിക്കപ്പെടുന്നു എന്നുള്ളതാണ്. 

ഒപ്പം തന്നെ കവിയുടെ രാഷ്ട്രീയം സാമൂഹിക കാഴ്ചപ്പാടുകളും വിമർശനങ്ങളും അടയാളപ്പെടുത്താനും കവി മറക്കുന്നില്ല. 
" പശു ചാണകമിട്ട ഇന്ത്യയുടെ അതേ ഭൂപടം.
ഒരു കീറത്തുണിയിലെ മൂന്നു നിറങ്ങൾ മാത്രമായി
മങ്ങിപ്പോയ അതേ സ്വാതന്ത്ര്യം.
ചെന്നായ്ക്കളുടെ വായിൽ മാത്രം
ജീവിക്കാൻ വിധിക്കപ്പെട്ട അതേ ജനാധിപത്യം " (കവി 1990) എന്ന വരികൾ പോലുള്ള നിശിതമായ അടയാളപ്പെടുത്തലുകൾ കവി മാച്ചുവയ്ക്കുന്നില്ല. അതേ സമയം തന്നെ ഭയം ഇഴഞ്ഞു കയറുന്ന എഴുത്തുകാരന്റെ അവസ്ഥയേയും കവി നേരെ വരച്ചു വയ്ക്കുന്നുണ്ട്. 
"കവിത ചോദിക്കുന്നവർക്ക് ഞാൻ രക്തം കൊടുക്കുന്നു.
എങ്കിലും, ജീവിച്ചിരിക്കാനുള്ള ആർത്തിയിൽ
ഞങ്ങളുടെ രക്തത്തിന്റെ ചുകപ്പ് കുറഞ്ഞു കുറഞ്ഞു വരുന്നു" (കവി 1990) എന്നു സ്വയം വിമർശനം നടത്താനും കവിക്കു കഴിയുന്നുണ്ട്. മറ്റൊരിടത്തും ഇതേ മനസ്സു കവി ആവർത്തിക്കുന്നുണ്ട്.
" എല്ലാ കവിതയിലും
എല്ലാം പറയാൻ ശ്രമിച്ചതുകൊണ്ട്
ഞാൻ
ഒരു കവിതയിലും
ഒന്നും പറയാൻ കഴിയാത്തവനായി " ( മൂന്നു കവികൾ) എന്ന തുറന്നു പറച്ചിൽ ഇന്നധികം കേൾക്കാൻ കഴിയുന്ന ഒന്നല്ല തന്നെ.  സമകാലീന ഇന്ത്യയുടെ മാറിൽവീണ  വടുവിന്റെ ഭാവികാലത്തെ കൃത്യമായി കവി അsയാളപ്പെടുത്തുന്ന ഈ വരികൾ പ്രവാചക സ്വഭാവം ഉൾക്കൊള്ളുന്ന ഒന്നാണ്. 
"ഓരോ ഗ്രാമവും ഓഷ്വിറ്റാകും വരെ
ഞങ്ങൾ രാമനെ വിളിച്ചുണർത്തും. 
ഒടുവിൽ അയോധ്യയിലെത്തി
അമ്പലമുണ്ടാക്കാൻ പൂജിച്ച കല്ലെടുത്ത്
രാമനെ ...
റാം റാം " ( ശൈലീ വിജ്ഞാനം). ഇങ്ങനെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ അനുവാചകരിൽ ചിന്തയുടെയും നൊമ്പരത്തിന്റെയും നെരിപ്പോടുകൾ പടർന്നിടാൻ കഴിയുന്നതിനാലാണ് സച്ചിദാനന്ദൻ എന്ന കവി മലയാളത്തിൽ നിന്നു കൊണ്ടു തന്നെ ദേശീയവും  അന്താരാഷ്ട്രീയവുമായ തലങ്ങളിൽ തിളങ്ങുന്നത്. 

വായനയിൽ അധികം ഗുണങ്ങൾ നല്കിയില്ല എങ്കിലും ലഭ്യമായവയിൽ നല്ലൊരു ചിന്ത പകരാൻ കഴിഞ്ഞ വായന എന്ന് ഈ പുസ്തകത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നു. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment