Sunday, May 1, 2016

ഉളിപ്പേച്ച് ........ രാജേഷ് ചിത്തിര

“If one cannot enjoy reading a book over and over again, there is no use in reading it at all.”
― Oscar Wilde
വായന ഒരു അനുഭൂതിയാകുക വായനയുടെ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് നാം ഓരോ കൈവഴികളും പിന്നിടുമ്പോഴാകുന്നു . ചില വായനകള്‍ നമ്മെ അതുകൊണ്ട് തന്നെ സുഗമമായ ഒരു ഒഴുക്ക് വെള്ളത്തില്‍ പെട്ട ഇലപോലെ കൊണ്ടുപോകുക അനുഭവവേദ്യം ആക്കുന്നതും . “We read to know we're not alone.” എന്ന് William Nicholson, പറയുന്ന രീതിയിലെ ഒരു തലം നമ്മെ അനുഭവപ്പെടുത്തുന്നു ചില വായനകള്‍ എന്നത് മറക്കാന്‍ ആകില്ല തന്നെ . പലപ്പോഴും നമ്മെ വായനകള്‍ കൊണ്ടെത്തിക്കുക ഇരുണ്ട വനാന്തരങ്ങളില്‍ ആകാം . അല്ലെങ്കില്‍ വെളിച്ചം മങ്ങിയ ഗുഹമുഖത്തും . അകത്തെന്തു എന്നൊരു ഭീതിയോ , അസുരക്ഷിതത്വത്തിന്റെ നിഴല്‍ച്ഛായമോ വീണ മനസ്സുമായി ആകും അത്തരം വായനകളെ വായനക്കാരന് സമീപിക്കേണ്ടി വരിക . എന്തെഴുതുന്നു , എന്തിനെഴുതുന്നു എന്ന ചിന്തകളെ ഒരിക്കല്‍ എങ്കിലും മനനം ചെയ്യേണ്ടതുണ്ട് ഓരോ എഴുത്തുകാരനും .
എഴുത്ത് പല രീതികള്‍ ആണ് അവലംബിക്കുക എഴുത്തുകാരന്റെ മനോധര്‍മ്മം അനുസരിച്ച് . അത്തരം അവസ്ഥകളില്‍ അതൊരു പരീക്ഷണഘട്ടം ചിലപ്പോള്‍ സംജാതമാക്കും വായനക്കാരനെ . കുടഞ്ഞെറിയാന്‍ കഴിയാത്ത ഒരു വലയില്‍ പെട്ടുപോകുന്ന കിളിയെ പോലെ വായനക്കാരന്‍ പകച്ചു നില്‍ക്കുക തന്നെ ആകും അപ്പോള്‍ സംഭവിക്കുക .
വായനയുടെ ആകാശത്തില്‍ നിന്നും ചിറകു വിരിച്ചു പറന്നിറങ്ങിയ കവിതാ സമാഹാരം ആണ് "ഉളിപ്പേച്ച് " പുതുലോകസാഹിത്യ ഇടങ്ങളില്‍ എഴുത്തുകാരുടെ ബാഹുല്യവും പുസ്തകങ്ങളുടെ ആധിക്യവും വായനയെ ബാധിക്കുന്നു എന്ന വിലാപം നടക്കുന്ന കാലത്ത് ശ്രീ രാജേഷ് ചിത്തിരയുടെ ഉളിപ്പേച്ച് എന്ന കവിതാ സമാഹാരം ഒരു വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുന്നത് എന്ന് പറയാം . നിലവില്‍ ഉണ്ടായിരുന്ന ഒരു കവിതാകാലഘട്ടത്തെ മുച്ചൂടും പുറംതള്ളിക്കൊണ്ടാണ് പുതുലോക കവിതകളുടെ ഉദയം സംഭവിച്ചത് . ഈ തള്ളിക്കയറ്റത്തില്‍ നഷ്ടമായത് മൂല്യങ്ങള്‍ എന്ന് വിലപിച്ച പഴയകാല കവിതാസ്വദകര്‍ പോലും രഹസ്യമായും ചിലപ്പോഴൊക്കെ പരസ്യമായും ഇന്നത്തെ കവിതകളെ നെഞ്ചോട്‌ ചേര്‍ക്കുന്നത് കവിതയുടെ ലോകം എത്ര കണ്ടു ഇന്നത്തെ സമൂഹത്തോട് അടുത്തു നിന്ന് സംവദിക്കുന്നു എന്നതിന് ഉദാഹരണം ആണ് . ഇവിടെ രാജേഷ് ചിത്തിരയും ഇത്തരം ഒരു പരീക്ഷണഘട്ടത്തിന്റെ ഉമ്മറപ്പടിയില്‍ ആണ് നിലകൊള്ളുന്നത് എന്ന് കാണാം തന്റെ കവിതകളും ആയി .
വായനയുടെ ഭ്രാന്തതലങ്ങളെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട് സുഖപ്പെടുത്താന്‍ ഉള്ള തത്രപ്പാട് രാജേഷിന്റെ കവിതകള്‍ വഹിക്കുന്നുണ്ട് എന്ന് തോന്നും . ധ്യാനം , ഉണ്മ , പെണ്മ , കാമന എന്നിങ്ങനെ നാല് ഭാഗങ്ങളില്‍ ആയി വിന്യസിച്ചിരിക്കുന്ന ഈ കവിതകളില്‍ ആദ്യപാദമായ ധ്യാനം വായനയെ വിഭ്രമത്തിന്റെ പടുകുഴിയില്‍ വായനക്കാരനെ തള്ളിയിടും എന്നതില്‍ തര്‍ക്കം ഉണ്ടാകും എന്ന് തോന്നുന്നില്ല . സാധാരണവായനക്കാരന് അപ്രാപ്യമായ ഒരു മേഖലയാണ് രാജേഷ് പരിചയപ്പെടുത്തുന്ന ധ്യാനം എന്നത് അതിന്റെ സ്വീകാര്യതയെ ബാധിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . കവിതയുടെ ഗദ്യ സൌന്ദര്യം മാത്രമല്ല ഭാഷയുടെ ലയ ലാളിത്യം പോലും രാജേഷിന്റെ മുന്നില്‍ മുടിയഴിച്ചിട്ടാടുന്ന കാഴ്ചയില്‍ നിന്നുകൊണ്ട് വേണം ധ്യാനം വായിച്ചു പോകാന്‍ . ധ്യാനത്തിലെ കവിതകള്‍ വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനപ്പുറം ഉണ്മ എന്ത് നല്‍കാന്‍ ആണ് ശ്രമിക്കുന്നത് എന്ന് നോക്കുന്ന ഒരു അവസ്ഥയിലേക്ക് വായനക്കാരന്‍ കടന്നു പോകുന്നു . ഉണ്മയും ധ്യാനവും നല്‍കുന്ന മാനസിക വൈബ്രേഷന്‍ അയയുന്ന ഒരു കാഴ്ചയാണ് പെണ്മ നല്‍കുന്നത് . രാജേഷ് ഇവിടെ വളരെ വേഗം തന്നെ ഒരു പരകായപ്രവേശം പോലെ കവിതയുടെ താഴെ ശിഖരത്തിലേക്ക് ഇറങ്ങുന്ന കാഴ്ച വായനക്കാരനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുക . കവിത എന്താണ് പറയുന്നത് എന്ന് സാധാരണക്കാരനായ ഒരു വായനക്കാരന് മനസ്സിലായി ത്തുടങ്ങുക അവിടെ നിന്നാകണം . പെണ്മയും കാമനയും ആണ് അവന്റെത്‌ എങ്കില്‍ ധ്യാനവും ഉണ്മയും ബൌദ്ധിക വിരുന്നിന്റെ മായക്കാഴ്ച മാത്രം നല്‍കി വായനയെ പരിഹസിക്കുന്നത് കാണാന്‍ കഴിയും .
എഴുത്തുകാരന്റെ ധര്‍മ്മം വായനക്കാരനിലേക്ക് ഒരു ചാലകം ഇടുകയും അവനിലേക്ക്‌ സംവേദനത്തിന്റെ വഴി തുറക്കുകയും ആണോ അതോ തനിക്കും വായനക്കാരനും ഇടയില്‍ ഒരു മറ തീര്‍ത്ത്‌ അവിടെ താന്‍ അഭിരമിക്കുകയും വായനക്കാരന്‍ ഗതികേട് കൊണ്ട് വാവിട്ടു ചോദിക്കുകയും എഴുത്തുകാരന്‍ അവനോടു തന്റെ ഗിരിപ്രഭാഷണം ചെയ്യുകയും ചെയ്യുന്നത് വായനക്കാരനില്‍ എഴുത്തിന്റെ കാഴ്ച എത്രത്തോളം വലിയൊരു ആഘാതം ആകും എന്ന് ഉളിപ്പേച്ച് നമ്മെ പഠിപ്പിച്ചു തരുന്നു .
പുതിയകാല കവിത തന്റെതായ ഒരിടം തേടി , അസ്ഥിത്വം തേടി പിന്നെയും അലയുകയാണ് എന്നും പരീക്ഷണങ്ങള്‍ തുടരെ തുടരെ നടന്നുകൊണ്ടിരിക്കുന്നതും ആണെന്നുമുള്ള ആശ്വാസം ഒന്നുകൊണ്ടു മാത്രം സ്വീകാര്യമാകുന്ന രാജേഷ് ചിത്തിരയുടെ ഈ കവിതാസമാഹാരം , വളരെ ചിന്തിക്കുകയും , കുറച്ചു മാത്രം എഴുതിപ്പറയുകയും ചെയ്യുന്ന ഒരു രീതിയെ കാണിക്കുന്നു . കൂടുതല്‍ ഗ്രാഹ്യമായ രീതികളിലേക്ക് ഇറങ്ങി വരാന്‍ കഴിവുള്ള ഈ എഴുത്തുകാരന്‍ , തന്റെ എഴുത്തിന്റെ തനി വഴികള്‍ കൂടുതല്‍ സുതാര്യമാക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ വായനക്കാരില്‍ അത് നല്‍കുക സുഖമുള്ള ഒരു വായനാ നോവ് തന്നെയാകും എന്നതില്‍ സംശയമില്ല . ലോഗോസ് പുറത്തിറക്കിയിരിക്കുന്ന ഈ സമാഹാരത്തിനു 100 രൂപയാണ് വില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല


No comments:

Post a Comment