Sunday, May 15, 2016

മഴപെയ്തു തോരുമ്പോള്‍ ..... ടി ജി വിജയകുമാര്‍

"ഈ രചനകളെ ലേഖനം എന്നോ ഉപന്യാസം എന്നോ ഞാന്‍ വിളിക്കാത്തത് സാഹിത്യത്തിലെ ചില പതിവുകളെ ബഹുമാനിച്ചുകൊണ്ടാണ് . ഇതിലെ മിക്ക ഉപന്യാസങ്ങളും അങ്ങിങ്ങ് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മുന്തിയ ചെറുകഥകളായിത്തീരും. ഹൃദ്യസുന്ദരമായ ഒരു ശൈലി വിജയകുമാര്‍ അനായാസമായി പ്രയോഗിക്കുന്നു ..."ഡോ. സുകുമാര്‍ അഴീക്കോട്

ചില വായനകള്‍ വായനക്കാരന്റെ ഉത്സവങ്ങള്‍ ആകുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം എങ്കില്‍ നമുക്ക് വായന അത്രയേറെ ഹൃദ്യമായ ഒരു അനുഭവമാക്കി മാറ്റുന്ന പുസ്തകങ്ങള്‍ ലഭ്യമാകണം . അത്തരം വായനകളെ നാം നെഞ്ചോട്‌ ചേര്‍ത്തുപിടിക്കുകയും എഴുത്തുകാരനെ സ്നേഹത്തോടെ ആശ്ലേഷിക്കുകയും ചെയ്യും . ശ്രീ ടി ജി വിജയകുമാറിന്റെ മഴ പെയ്തു തോരുമ്പോള്‍ എന്ന ലേഖനസമാഹാരം ഇത്തരത്തില്‍ ഒരു വായനാനുഭവം നല്‍കുന്ന പുസ്തകം ആണ് . മടുപ്പുളവാക്കുന്ന ലേഖനങ്ങള്‍ വായിച്ചു മനസ്സ് മടുത്തവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മധുരവുമായി ടി ജി വിജയകുമാര്‍ വിരുന്നൊരുക്കുന്നു ഈ പുസ്തകത്തിലെ ഇരുപത്തി ഏഴു അദ്ധ്യായങ്ങള്‍ ആയി .
ശ്രീ സുകുമാര്‍ അഴീക്കോട് അവതാരിക എഴുതിയ ഈ പുസ്തകം ലേഖകന്റെ വാക്കുകളില്‍ പറയുക ആണെങ്കില്‍ കൊടുത്തു രണ്ടു ദിവസത്തിനകം അവതാരിക എഴുതിക്കിട്ടുക എന്ന അത്ഭുതം കൂടി നല്‍കുന്ന ഒന്നാണ് . അഴീക്കോട് മാഷിന്റെ അവതാരികയില്‍ ആ വായനാനുഭവം നന്നായി പറയുന്നുമുണ്ട് .
ഇതിലെ ഒരു എഴുത്തുപോലും പറഞ്ഞു കേട്ടതോ അറിഞ്ഞു കേട്ടതോ ആയ അറിവുകള്‍ അല്ല മറിച്ചു അവ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ടുള്ള ഒരു പറഞ്ഞു പോക്കാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും . ബംഗ്ലാദേശിന്റെ മണ്ണില്‍ , പച്ച മനുഷ്യന്റെ സ്നേഹവും സംരക്ഷണവും ആസ്വദിച്ച് കഴിഞ്ഞ ലഹളയുടെ തീക്കാറ്റിലും , ബാബറി മസ്ജിദ് തകര്‍ന്ന സമയത്തെ ഷാര്‍ജമണ്ണില്‍ അനുഭവിച്ച പാകിസ്ഥാനിയുടെ സ്നേഹവായ്പുമൊക്കെ നമ്മോടു പറഞ്ഞു തരുന്നത് മനുഷ്യത്വം എന്നത് മതത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു വസ്തുത അല്ല പകരം ജീവിതത്തില്‍ നിന്നും സ്വയമേവ ആര്‍ജ്ജിക്കുന്ന ചില കഴിവുകള്‍ ആണ് എന്നു തന്നെയാണ് .ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പും അതിനെ ചുറ്റി ആഗോള ഭീമന്മാരുടെ ചതിക്കുഴികളും വിശദമാക്കുന്ന ലേഖനവും ചൈനയുടെ വന്മതിലും ഷാംഗ്ഹായ് നഗരത്തിന്റെ സൗന്ദര്യവും നിര്‍മ്മിതിയും ഒക്കെ വളരെ മനോഹരമായി പറഞ്ഞു തരുന്ന ലേഖകന്‍ , നാട്ടിന്‍പുറത്തിന്റെ മനസ്സിലൂടെ പലപ്പോഴും സഞ്ചരിക്കുന്നത് വളരെ ലളിതവും മനോഹരവുമായ ഓര്‍മ്മകളിലൂടെയാണ് . വഴിവക്കില്‍ വണ്ടി നന്നാക്കാന്‍ കൂടുന്ന ചെറുപ്പക്കാര്‍ ഒന്ന് മിനുങ്ങാന്‍ വേണ്ടി പണം കണക്കു പറഞ്ഞു വാങ്ങുന്നതും , നഗരത്തിന്റെ പുതിയ ട്രെന്‍ഡ് ആയ നിക്ഷേപസമാഹരണതൊഴില്‍വര്‍ത്തികളായ യുവത്വത്തിന്റെ കൌശലങ്ങളും , മഴയുടെ വ്യത്യസ്തതരമായ ഓര്‍മ്മക്കുറിപ്പും എല്ലാം ഒന്നിനൊന്നു മനോഹരങ്ങള്‍ ആണ് എന്ന് പറയാതെ വയ്യ . സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ലേഖനങ്ങളിലെല്ലാം അതി ശക്തമായ വിമര്‍ശനങ്ങളും കോപവും ലേഖകന്‍ പ്രകടിപ്പിക്കുന്നുണ്ട് . ആധുനികതയുടെ മുഖമുദ്രയായ ചെറുപ്പത്തിന്റെ ചിന്തയാണ് 'ടോട്ടല്‍ ഫോര്‍ യൂ മാനിയ' എന്നൊരു ചെറിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത് . മാതാവിന് കത്തെഴുതി വച്ച് ഒരു രാത്രിയില്‍ കടന്നു പോകുന്ന മകള്‍ പറയുന്നത് ഇനി എനിക്ക് ചെറുക്കനെ അന്വേഷിച്ചു സഹോദരന്മാര്‍ ബുദ്ധിമുട്ടണ്ട ഞാന്‍ ഒരു അന്‍പതു കഴിഞ്ഞ വിവാഹിതന്റെ കൂടെ പോകുകയാണ് അയാള്‍ ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ചു എന്റെ കൂടെ വരാം എന്ന് പറഞ്ഞു . ജാതകദോഷം കാരണം കമ്പോളത്തില്‍ കാത്തിരിക്കാന്‍ എനിക്ക് വയ്യ അയാള്‍ ഒരു ടോട്ടല്‍ ഫോര്‍ യൂ തുടങ്ങുന്നു എനിക്കും ബി എം ഡബ്ല്യൂ കിട്ടട്ടെ എന്ന തരത്തില്‍ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി ഒരുപക്ഷെ ഇന്നത്തെ കാലഘത്തില്‍ ഒരു പുതിയ വാര്‍ത്തയാകില്ല . 'കുതിയ്ക്കുന്ന യൗവ്വനം കിതയ്ക്കുന്ന സംസ്കാരം' പ്രതിനിധാനം ചെയ്യുന്നത് ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യകളുടെയും മാനസിക തലങ്ങളെയും സാമൂഹിക തലങ്ങളെയും ആണ് ..
ഇത്തരത്തില്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളെയും ശ്രീ ടി ജി വിജയകുമാര്‍ തന്റെ ലേഖനങ്ങളില്‍ വിഷയമാക്കുമ്പോള്‍ വായനക്കാരന് ഒരു സദ്യ കിട്ടിയ സന്തോഷവും സമാധാനവും ലഭിക്കുന്നു . വായനയിലുടനീളം ലേഖകന്‍ ബുദ്ധിജീവികളുടെ നേര്‍ക്ക്‌ ശരിക്കും കയര്‍ക്കുന്നുണ്ട് , തങ്ങളുടെ ചിന്തകളെ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്ന അവരെ നിശിതമായി വിമര്‍ശിക്കാന്‍ ലേഖകന്‍ പലയിടങ്ങളിലും സമയം കണ്ടെത്തുന്നത് നല്ലൊരു കാഴ്ചയായി അനുഭവപ്പെട്ടു ,
തത്വമസി ഇറക്കിയ രണ്ടാം പതിപ്പിന് 160 രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

1 comment:

  1. പരിചയപ്പെടുത്തല്‍ നന്നായി
    ആശംസകള്‍

    ReplyDelete