Wednesday, May 18, 2016

പടികൾ


ഒന്നാം പടി കയറുമ്പോൾ
അവർ തമ്മിലറിഞ്ഞു തുടങ്ങയായി.
നല്ലതെന്തുണ്ടവളിലവനിൽ
എന്നു മാത്രം കണ്ടനാൾ!
ഓർത്തു രാവുകൾ പൂത്തമാമര
ചോലകളിൽ സ്വപ്ന നിദ്രപൂണ്ടവർ .

രണ്ടാം പടിയത് കയറുമ്പോൾ
അവർ കൈവിരൽ പിടിച്ചു നടക്കയായി.
ഭാവി ജീവിതപൊയ്കയിൽ
മുങ്ങി നിവരുന്ന പകൽക്കനവുകൾ.
കൂട്ടിയും കിഴിച്ചും രാവിന്റെ
സിംഹഭാഗവും തീർപ്പവർ .
മൂന്നാംപടിയുടെ ഓരമായവർ
തെല്ലു വിശ്രമം തേടവേ .
ചുണ്ടുകൾ അവിശ്രമം കുളിർ -
ചുംബനമല കയറുന്നു.
വിരലുകൾക്ക് ശാസ്ത്രകുതുകി തന്നുടെ
വിഫലവ വസ്ത്രം നല്കുവോർ .
ദീർഘനിശ്വാസവഴികൾ കണ്ടു
നിദ്രവിട്ടൊരു രാവു താണ്ടുന്നു.
നാലാംപടിയിൽ നാടുവിട്ടൊരു
നായ്ക്കിതപ്പിൽ പായുവോർ.
കടമപോലൊരു ക്രിയയിലൂടെന്നും
കിടപ്പറയുടെ മൗനമടയ്ക്കുവോർ.
ചടുലതാളത്തിൽ ദിനചര്യകൾക്ക്
ഇരുണ്ടവർണ്ണം നല്കുവോർ .
തളർന്നുറങ്ങുന്നിരു ധ്രുവങ്ങളിൽ
വിവിധ വിചാരവലകളിൽ .
അഞ്ചാംപടിയിൽ കുതിച്ചും കിതച്ചും
മുകളിലേയ്ക്കുറ്റു നോക്കുന്നോർ .
കലപിലയാകും അടുക്കള പാത്രവും
മക്കൾതൻ ഞെരിഞ്ഞിൽക്കുത്തുമായ് .
കടന്നു പോയ ദിനമതിൽ നിന്നും
പകർന്ന ദ്വേഷ വിദ്വേഷവും .-
പിറുപിറുക്കലിൻ താളഭ്രംശത്താൽ
വിരക്തമാകുന്നുറക്കറ തന്നലോസരം.
ആറാം പടിയിൽ നടുവിൽ കൈ കുത്തി
തിരിഞ്ഞു നോക്കുന്ന ചിന്തകൾ .
എവിടെയെത്തിയിനിയെത്രമേലെന്നു
കൈത്തണലുകൊണ്ട് നോക്കുന്നോർ .
കുഴമ്പുമെണ്ണയുമായി മുറിയുടെ
കോണുകൾ തിരഞ്ഞു പോകുന്നു .
നിറയെ വേദന,ശാപവാക്കുകൾ
ഏകാന്തതയുടെ ഭ്രാന്തുമായി
ഉറക്കമില്ലാത്ത രാപ്പകലുകൾ നോക്കി
കടന്നു പോകുമിരുൾ ചിത്രങ്ങൾ .
ഏഴാം പടിയുടെ തുടക്കത്തിൽ തട്ടി
വീണുപോകുന്ന ദൈന്യത.
നടന്നു കയറിയ പടികളറിയാതെ
തിരിഞ്ഞു നോക്കുവാനാകാതെ
പുതിയ പുലരികൾ സ്വപ്നമാകാതെ
മിഴികൾ തുറന്നങ്ങുറങ്ങവേ .
സ്മൃതി തൻ മധുരമാം ഇരുളു നൽകുന്ന
തണുവിലുറങ്ങുവാൻ തുടങ്ങുന്നു.
........ ബിജു ജി നാഥ് വർക്കല .....

No comments:

Post a Comment