Thursday, February 23, 2012

മരുപ്പച്ച

വരണ്ടുണങ്ങിയ
നിന്റെ ഗര്‍ഭപാത്രത്തില്‍
ഉഷ്ണത്തിന്റെ തീക്കാട്
മാത്രം ബാക്കിയാകവേ
ഒരു പുതിയ ജനിതകവിത്ത് തേടി
ഞാനിന്നു  യാത്ര ആകുന്നു.

ഊഷരതയുടെ മരുപ്പച്ച തേടിയെന്‍
മനസ്സിന്‍  രഥം ഉരുളുമ്പോള്‍
പിടിച്ചു കെട്ടാനാളില്ലാതൊരശ്വം
എന്റെ തലച്ചോറില്‍  പാഞ്ഞു നടക്കുന്നു.

മുറുകിയ വീണക്കമ്പികള്‍ തൊടാന്‍
മടിച്ചു നില്‍ക്കുന്ന ഉഷസ്സിന്റെ തണുവില്‍
സ്വേദരസം മണക്കും കിടക്ക
മൌനത്തിന്‍  വല്മീകമാകുന്നു.

കമ്പനത്തിന്റെ വൃഥാ ശല്‍ക്കങ്ങള്‍ 
സങ്കല്പത്തിന്റെ മരുപ്പച്ച തേടുന്നു.
ഞാന്‍ എന്റെ പുറംചട്ട വലിച്ചു കീറട്ടെ
പാതയോരം വിണ്ടു കീറുന്ന മോഹങ്ങളും,
ചൊറിഞ്ഞടരുന്ന ഉഷ്ണപ്പുണ്ണുകളും   
പിന്നെ മനം മടിക്കും വാസനപാക്കും .

എന്റെ യമുനയില്‍ കാളകൂടം നിറയുന്നു
ഫണി വിടര്‍ത്തുമെന്‍ മസ്തകം
തകര്‍ക്കുവാനൊരു  താളവുമിനി ബാക്കിയില്ല.

വെറുമൊരു വാക്കിനാല്‍ ,നോക്കിനാല്‍
നിന്നെ വേദനയുടെ തുരുത്തിലേക്കെറിയാന്‍  
നിദ്രയില്‍ പോലും നിലവിളി ആകാന്‍
ഇനിയൊരു രാവു ഞാന്‍ നിന്നരികിലില്ല.

സത്യമന്വേഷിച്ചിറങ്ങിയ
ഗൌതമനല്ല ഞാന്‍
ഒരു കുഞ്ഞു കാലിന്റെ മുദ്ര അല്ല മറിച്ച്
ഒരു മൃഗ തൃഷ്ണമാത്രമാണ്
എന്റെ യാനമെന്നു
തിരിച്ചറിവിന്റെ കാലം വരുവോളം
ഞാന്‍ യാത്ര ആകുന്നു.

ഒരുപക്ഷെ അന്നതസ്സാധ്യമാകിലും
എന്റെ കാമന എന്നെ
നിന്നിലേക്കാനയിക്കട്ടെ.
മൃതിയുടെ മണം മാറാത്ത
ചിതല്‍പുറ്റുകളെ സ്നേഹിക്കാന്‍
അന്ന് നീയും പടിച്ചിരിക്കുക
--------------------ബി ജി എന്‍ -----------------------------

No comments:

Post a Comment