Sunday, February 10, 2013

ബധിരവിലാപങ്ങള്‍

നിഴലൊഴുകി പരക്കുന്ന സ്വപ്നങ്ങളില്‍
കാലുകള്‍ വലിച്ച് വയ്ക്കുന്ന
കഴുകിന്റെ കണ്ണുകളില്‍ നിന്നും
ഒളിവിന്റെ ആലയം തേടുന്ന പെണ്മനം ...!

അലിവിന്റെ നീതിപീഠത്തിന്‍  മുന്നില്‍
കെട്ടഴിയാത്ത മിഴികളില്‍ നോക്കി
പീഡനത്തിന്റെ നാള്‍വഴി താണ്ടുന്ന
കൗമാരത്തിന്‍റെ ഇടനെഞ്ചുകള്‍ പിടയുമ്പോള്‍

ട്രപ്പീസ് കളിക്കാരന്റെ ലാഘവത്തോടെ
അധികാരത്തിന്റെ വീഞ്ഞ് നുകരുന്ന
കാപട്യത്തിന്റെ വാര്‍ദ്ധക്യങ്ങളെ നോക്കുന്നു
കുരയ്ക്കാന്‍ മാത്രം പഠിച്ച സമൂഹം .

പണ്ടൊരിക്കല്‍ പടയാളികള്‍ക്ക് മുന്നില്‍
ഉടുതുണി ഇല്ലാതെ പോയമ്മമാര്‍.
തങ്ങളെ സ്വീകരിച്ചു പെണ്മക്കള്‍തന്‍
മാനം രക്ഷിക്കാന്‍ അപേക്ഷിച്ചുവെങ്കില്‍

ഉടുതുണി ഉരിയുമെങ്കില്‍ പിന്നെ
തെരുവില്‍ പെണ്ണുങ്ങളെ നോവിക്കില്ലെന്ന
മക്കളുടെ മറുപടി ഭയന്ന് കടുകിനുള്ളിലേക്ക്
ചുരുണ്ട് കൂടുന്നു ഭയം നിറഞ്ഞ മാതൃത്വം .

ഓരോ കുടിലിനുള്ളിലും ഭയം നിറഞ്ഞ
നെടുവീര്‍പ്പിന്റെ ചോരക്കളം തീര്‍ക്കുന്ന രാവേ
ഇനിയെങ്കിലും വെളിച്ചമണയാതെ കാക്കുക,
നെഞ്ചോട്‌ ചേര്‍ക്കുക ഞങ്ങളെ .
------------------ബിജു ജി നാഥ് 

No comments:

Post a Comment