Tuesday, March 5, 2013

കൊതി തീരാതെ .

നിന്നിലേക്ക് നീളുന്ന പാതകള്‍ ആയിരം .
നിന്നില്‍ രമിക്കുവാന്‍ ,
നിന്നെ പുണരുവാന്‍ ,
നിന്റെ സ്തന്യം കൊതിക്കുന്ന -
ജീവനുകള്‍ ...

നീ മരുഭൂമി ആകുന്നു .
വേനല്‍ മറഞ്ഞ വര്‍ഷിണിയും .
ചിലപ്പോള്‍
കോരിത്തരിക്കുന്ന ,
പുലര്‍മഞ്ഞുമാകുന്നു .

നിന്റെ നഖമുനയാല്‍
നെഞ്ചകം കീറുന്ന ഓര്‍മ്മകളും ,
നിന്റെ കീരിപ്പല്ലുകളാല്‍
അടര്‍ന്നു തൂങ്ങുന്ന
കപോലങ്ങളും
ഇരുട്ടിനെ നോക്കി രക്തം ചീന്തുന്നു .

നീ ഒരു നിലാവായ്‌ ,
പാലരുവിയായ്‌ ,
പൂത്ത മന്ദാരമായ്‌ ,
കാമനകളെ കുളിരണിയിക്കുന്നു .

എന്റെ രാവുകളെ ,
പകല്‍ കിനാവുകളെ,
ലക്ഷ്യങ്ങളെ ,
എന്നില്‍ നിന്നുമടര്‍ത്തി -
നീ എന്നെ നോക്കി ചിരിക്കുമ്പോഴും ,
നിന്നെ ഞാന്‍ സ്നേഹിച്ചു പോകുന്നു .

പുലരിയുടെ തുഷാരങ്ങള്‍ ,
സന്ധ്യയുടെ തുടുത്ത കപോലങ്ങള്‍ ,
ഇവയെല്ലാമെന്നും ഞാന്‍ വാരി-
യെടുത്തുമ്മ വയ്ക്കുന്നു .
നാളെയുടെ കാഴ്ചകളില്‍
ഓര്‍മ്മയാകും മുന്നേ .
നീ എന്നെ ആലിംഗനത്തിലമര്‍ത്തും മുന്നേ ...!
---------ബി ജി എന്‍ വര്‍ക്കല ----

No comments:

Post a Comment