Sunday, March 10, 2013

കസ്തൂരി മാന്‍

എരിയുന്ന പകലിന്‍ മിഴികളില്‍ നോക്കി നീ
തണലിനായ് കേഴുവതരുതെ
അലറുന്ന കടലിന്‍ നെഞ്ചിലേക്കായൊരു
ചെറുതോണി തുഴയരുതിനി നീ .

കത്തുന്ന കാടിന്‍ മാറില്‍ മയങ്ങുന്ന
കരിയില കിളികളെ നോക്കി
കരയരുതിനി നീ ഏന്തുക കരങ്ങളില്‍
വന്യമാം ആയുധം  മാത്രം .

അരിയുക നീ മൃഗത്രിഷ്ണകള്‍ തന്‍
അടിവേര് മടിയേതുമരുത് .
അറിയുക നീ നിന്നെ തേടി വരുന്നോരീ
വിരലുകള്‍ പറയുന്നതെന്തെന്ന് .

മൊഴികളില്‍ പതയുന്ന ലഹരിയെ ,
മിഴികളില്‍ കത്തുന്ന കാമത്തെ
ഒരു വാക്ക് കൊണ്ടൊരു നോക്ക് കൊണ്ട് നീ
തടയുക ,കാണ്ക നിന്‍ ശക്തി .

അടിവയര്‍ വീര്‍ക്കുന്ന കഴിവൊന്നു കൊണ്ട് നീ
അബലയല്ലെന്നറിവൂ .
അടിവേര് തോണ്ടുവാന്‍ കഴിവുള്ള നിന്‍ കരം
വളകള്‍ക്കലങ്കാരമല്ലോ !

മുലയാല്‍ ദേശത്തെ എരിക്കാനും
ഉടലാല്‍ സിംഹാസനം ഉലയ്ക്കാനും
മൂളയാല്‍ ചെങ്കോല്‍ കവരാനും
നിന്നില്‍ കഴിവുണ്ടെന്നറിയ നീ .
------------ബി ജി എന്‍ വര്‍ക്കല -----

No comments:

Post a Comment