Tuesday, March 26, 2013

ഒരു വാക്ക് കൂടി

ഒരു വാക്ക് കൂടി .
നിറഞ്ഞ മനസ്സിന്റെ
തിരകളുയരെ തെറിക്കും ജലകണം പോലെ ,
ഇത് നിന്റെ മുഖം കുളിര്‍പ്പിചീടാം ,
ഒരു വേള
ഇത് നിന്നിലാശ്വാസം പകര്‍ന്നീടാം .

പറയുവാനാകാത്ത നൊമ്പരങ്ങള്‍ വിങ്ങി -
നിറയുമേകാന്ത പഥികന്റെ മാനസം !
ഇനിയുമെന്‍ നാളെയില്‍ , നിറവെളിച്ചത്തിന്റെ -
നിറമെഴും കതിരാര്‍ന്നു, മല്‍നിശീഥങ്ങളില്‍
നിറസുഗന്ധിപൂക്കളോലുന്ന ഗന്ധമായ്‌
തഴുകാനണയുമെന്നാര്‍ത്തുപോയ് .

അറിയൂ ,ഞാനിത് വെറും പാഴ്ക്കിനാവെന്നതും ,
മുറിവേറ്റ മാനസവുമായ്‌ നീ പോവതും
ഇനിയൊരിക്കല്‍ വരില്ലീ നിമിഷം പോലെ
അനവദ്യ നിനവുകള്‍ ശിഥിലമാകുന്നിതോ -
പോയകാലം പോല്‍
വെറും സ്മ്രിതിമാത്രമായ്
നീയുമെന്നുജ്ജ്വല സത്യം തെളിയവേ .

പോകുമീ കാലമാം വേഗത്തില്‍ നിന്നുമേ
കാണുന്നു നിന്നെ ,
അകറ്റുന്നു നിന്നെ ഞാന്‍ .
എന്റെ ദുഖത്തിന്‍ ഘനിഭൂതഭാവമായ്‌
സാന്ദ്രമാം കാര്‍മുകില്‍ പോലെയകന്നു നീ .

ഒരു നാളലിയും നാമീ മണ്ണില്‍
അണുക്കള്‍ വന്നൊരു നാള്‍ വീണ്ടും
രൂപമാര്‍ന്നന്നു നാം പ്രപഞ്ചത്തിന്‍
നറുപുഞ്ചിരി പൂത്തൊരു വസുന്ധരയുടെ
രുചിയാസ്വദിക്കുവാനായ്‌ നാമൊന്നായി തീരും .

അന്ന് കാലത്തിന്‍ യുഗസംഗമം , കനവിന്റെ
കിന്നരിശ്രുതിയോലും താളമാചരിക്കുമ്പോള്‍ ,
അവിടെ സ്മ്രിതിപൂത്ത ഭൂമിക
മനസ്സിന്റെ നിറചിന്തുകള്‍
പൂത്ത കാമനയുലഞ്ഞാടും .
-------ബി ജി എന്‍ വര്‍ക്കല ---01.05.1994    

No comments:

Post a Comment