Wednesday, March 27, 2013

ആല്‍മരം

ചില്ലുപേടകം പോലെ വീണുടഞ്ഞ ജീവിതം, അതിന്റെ നിലയില്ലാത്തോരീ കാറ്റിന്‍ തിരമാലകള്‍ എന്നെ വേട്ടയാടുന്നു. ശാന്തമായൊഴുകുന്ന പുഴപോലും എന്നെ നോക്കി പല്ലിളിക്കുന്നു .
ജീവന്റെ മന്ത്രം , ആദിമന്ത്രം എങ്ങു നിന്നോ ഒഴുകി വരുന്നു .
"നീ കാണുന്നതൊക്കെ നിന്റെതാണോ , നീ കൊണ്ട് വന്നതാണോ ഇവയൊക്കെ ...."
ഗീതയുടെ സന്ദേശം ഫോട്ടോ കോപ്പിയായി ചുവരില്‍ പതിച്ചിരിക്കുന്നു . അതിനു കീഴിലായി അറവുവാളിന്റെ മൂര്‍ച്ചയില്‍ നേടിയ പലിശകാശെണ്ണാന്‍ ധൃതി കൂട്ടുന്ന അമ്മാവന്‍ എന്നുമെന്റെ ഉറക്കം കെടുത്തിരുന്നതാണ് .
നിലാവ് വീണുറഞ്ഞ ഇരുളില്‍ ഒരു മഞ്ഞുതുള്ളി , വെള്ളി മുത്തുപോലെ തിളങ്ങി നില്‍ക്കുന്നു . ദൂരെയായി പാതിരാകോഴി നീട്ടി കൂവി. രേവതി ചേച്ചിയുടെ പാദസരത്തിന്റെ കിലുക്കം ഒരു കള്ളിപൂച്ചയെ പോലെ തോന്നിപ്പിച്ചു!  തൊടിയിലെ മാവിന്‍ ചുവട്ടിലേക്ക് നീളുന്ന മറ്റൊരു നിഴലുണ്ട്. അതാ ചന്ദ്രബിംബം പോലും നാണിച്ചു നോക്കി നില്‍ക്കെ ആ നിഴലുകള്‍ ഒന്നാകുന്നു .
ഋതുമതിയായ പെന്കിടാവിന്റെ കവിള്‍ത്തടം പോലെ കിഴക്കന്‍ മാനം ചുവന്നു തുടുത്തു  . ദൂരെ അമ്പല മണികള്‍ ഒന്നിച്ച്ണരുന്നു . ആലസ്യം വിട്ടുമാറാത്ത കണ്ണുകളുമായി ദേവുവിന്റെ മാറില്‍ നിന്നും ശങ്കരന്‍ നമ്പൂതിരി പിടഞ്ഞെഴുന്നീറ്റു, തണുത്തുറഞ്ഞ നീലജലാശയത്തില്‍ മുങ്ങിപൊങ്ങവേ തവളക്കുഞ്ഞുങ്ങള്‍ പൊത്തുകളിലേക്കൂളിയിട്ട് പറന്നു .
എന്നിട്ടും ദേവിയുടെ കണ്ണുകള്‍ തുറന്നില്ല. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്ന മട്ടില്‍ അവള്‍ ആ സര്‍വ്വാംഗ സുന്ദരി കള്ളച്ചിരിയുമായ് വീണ്ടും നമ്പൂതിരിയുടെ മുന്നില്‍ നിന്നുകൊടുത്തു . കളഭവും പൂജപുഷ്പവും ഏറ്റുവാങ്ങവേ കരിംകല്ലിന്റെ ഹൃദയത്തില്‍ നിന്നും സ്നേഹമന്ത്രമൊഴുകി വരുന്നു .

പ്രഭാതത്തിന്റെ ചുവപ്പില്‍ പ്രപഞ്ചം പഴയത് പോലെ. രേവതിചേച്ചിയുടെ മിഴികള്‍ തലേന്നാളത്തെ മധുരസ്മരണകളിലുറങ്ങിയുണര്‍ന്നു കിടന്നു .ദേവുവിനാണെന്കില്‍ ഒരു നൂറുകൂട്ടം പണികള്‍ കിടക്കുന്നു . അവളൊരു യന്ത്രം പോലെ പണി തുടങ്ങി .
ഒക്കെക്കും മുന്നില്‍ മറ്റൊരു ശിലാവിഗ്രഹം പോലെ ഞാനും , ഒക്കെ കാണാനും , കേള്‍ക്കാനും കഴിഞ്ഞു പക്ഷെ പ്രതികരിക്കാനായില്ല . കാരണം എന്റെ പിന്നിലായൊരു ആല്‍മരം പടന്നു പന്തലിച്ചു നിന്നിരുന്നു . അതിന്റെ വേരുകള്‍ ഭൂമിയുടെ ഉള്ളറകളിലെങ്ങോ മുങ്ങി താങ്ങ് കിടന്നിരുന്നു .....
--------------------------------ബി ജി എന്‍ വര്‍ക്കല ------21.02.1995

1 comment:

  1. കൊള്ളാം

    (ഗീതയില്‍ ആ രീതിയിലൊരു സന്ദേശമുണ്ടോ?)

    ReplyDelete