Tuesday, July 26, 2016

നമുക്കിടയിലേക്കൊരു പുഴയൊഴുകി വരുന്നു ...


നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു ...
പാദങ്ങൾ നനച്ചു കൊണ്ട്
ഉള്ളാകെ തണുപ്പേകാൻ
നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു!

നിന്റെ മുടിയിഴകളിൽ
നിന്നുതിർന്നു വീഴുന്നു
മാനത്തുകണ്ണികൾ.
നിന്റെ ചൊടിയിൽ
നിന്നടർന്നു വീഴുന്നു
വെള്ളാരങ്കല്ലുകൾ.
നമ്മുടെ പാദങ്ങളെ
ഉമ്മ വച്ചൊഴുകുമോ
നമുക്കിടയിലൂടൊരു പുഴ.

കാത്തു നില്ക്കുന്നു
പുഴയനുവാദംതേടി.
നമ്മെയാസകലം
നനച്ചൊഴുകുവാൻ !
നോക്കി നില്ക്കുന്നു
ഞാനും നിൻ മിഴികളെ
സമ്മതമെന്നുചൊല്ലുവാൻ.

ആർത്തലച്ചൊന്നു
ഒഴുകിയകലുവാൻ
ആസകലം നനച്ചു
ഉൾക്കുളിരു നല്കാൻ
നമുക്കിടയിലേക്കൊരു
പുഴയൊഴുകി വരുന്നു.
.... ബിജു ജി നാഥ് വർക്കല

1 comment: