Friday, July 8, 2016

മമ ഭാരതമേ! സ്വസ്തി

ഇരകള്‍ക്ക് മേലടയിരിക്കും മരണ-
മേയിത് കേട്ടു കൊള്ളുകയിനി നീയും.
ഇവിടെ നാം കോര്‍ക്കും കരാംഗുലി
തന്‍ ഇഴകള്‍ മുറിക്കുവാനാകില്ലിനി .

ഗാന്ധിയും നേതാജിയും പോലായി
രമല്ല പതിനായിരങ്ങള്‍ തന്‍ ജീവന്‍
ആത്മാഹുതി കൊടുത്തവകാശമാ-
ക്കിയ ഭാരതമെന്‍ ജീവനും മീതെ.

മതമൈത്രി കൊണ്ടു നാം തീര്‍ത്തൊ-
രാ മതിലി, ന്നൊരു കൽപോലുമിളകയില്ല.
ഒരു വിരല്‍ പോലും മുറിക്കുവാനാകാ-
തിവിടെയിനി നിങ്ങള്‍ മരിച്ചു വീഴും .

ഇത് ഭാരതമാണ് നാം ജീവനേകിയും
അഖണ്ഡത കാക്കുവാൻബാധ്യസ്ഥരും.
ജനമാണ് ഹിതമെന്നറിയുക വിശ്വ-
പ്രളയത്തില്‍ പോലുമിളകില്ലതെല്ലുമേ .

മതമല്ല രാഷ്ട്രീയ ചതുരമല്ല നമ്മെ
ഒരുമയോടിവിടെ നിലനിർത്തുവത്
കാലാന്തരങ്ങള്‍ കഴിഞ്ഞീടിലുമീ
മണ്ണില്‍ ഉരുവായ ജൈവശക്തി.

ഇത് ഭാരതം എന്റെ ജന്മഗേഹം
ഇത് കാക്കുകയെന്നതെന്റെ ധര്‍മ്മം.
ഇനി നീയുറങ്ങുക ഭാരതദേശമേ
ഇവിടെ ഞാനുണ്ടിനി  അല്ല ഞങ്ങളുണ്ട്.
------------------ബിജു ജി നാഥ്


1 comment: