Monday, July 18, 2016

മരണം, പിരിയാൻ വിടാത്ത സഖി.


കൂടെയുണ്ടെന്ന മോഹന വാഗ്ദാന-
മാല്യമണിഞ്ഞു ഞാൻ ചരിക്കുന്നു നിത്യവും !
ഓടി മറയുന്നു ഞാൻ കൊതിക്കുന്ന
മോഹനിമിഷങ്ങളിൽ നിന്നെപ്പോഴുമെങ്കിലും.

ആരു നീ ചാരുശീലേ മനസ്സിന്റെ ആഴ-
മറിയാക്കടലിൽ വസിക്കും മത്സ്യകന്യകേ.
പോരുകില്ലേ പുണരുവാൻ എന്നെയും
കൊണ്ടുപോകുവാനാ നിത്യനിശയിലേക്കായ്.

നീ രമിക്കുന്നു സ്വപ്നത്തിൽ നിറുകയിൽ
നിന്നെ ഭയക്കുന്നു, പ്രണയിക്കുന്നു ലോകവും.
നീ വിടർത്തുന്ന പുഷ്പത്തെ മണക്കുന്ന
ഭീരുവത്രെ ഒളിച്ചോടുമശാന്ത ജന്മങ്ങളും.

നിന്നിലെത്താതെ കഴിയില്ലൊരിക്കലും
ജന്മഗേഹം വിട്ടിറങ്ങുന്ന നാൾ മുതൽ
നിന്നെ തേടിയലയുന്ന ജീവിതം വ്യഥാ.
നിന്നിലെത്തുമ്പോൾ ശൂന്യമാ കൈകളും.

സ്വന്തമാക്കാൻ കൊതിക്കുന്നു കേവലത-
കളെന്നുമെന്നുമീ മൺശിലാരൂപങ്ങൾ.
നീ സത്യം , നീ മുക്തി , നീയേ നിരാകാരം .
നിന്നെ പുണരുവാനനുവദിക്കെന്നെയും.
........ ബിജു. ജി. നാഥ് വർക്കല

2 comments:

  1. ആരെയും കൂടെക്കൊണ്ടുപോവുന്ന പ്രിയസഖി..!!
    നല്ല രചന... ആശംസകള്‍

    ReplyDelete
  2. നല്ല കവിത
    ആശംസകള്‍

    ReplyDelete