Monday, July 4, 2016

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ .... എം മുകുന്ദന്‍

ഒരുപാട് നാളുകള്‍ക്ക് ശേഷം ആണ് ഇന്നൊരു വായന പൂര്‍ണ്ണം ആയും വായിക്കുന്നത് . സമകാലീന രാഷ്ട്രീയ സാമൂഹ്യ ഘടനകളെ ഒരുപോലെ ആവിഷ്കരിക്കുവാന്‍ ഉള്ള എഴുത്തുകാരന്റെ കഴിവുകള്‍ നാം വായനയില്‍ ശരിക്കും അറിയുന്നത് എം മുകുന്ദനെ വായിക്കുമ്പോള്‍ ആണ് എന്ന് തോന്നുക ഒരു പക്ഷെ യാദൃശ്ചികതയാകാം . ഇന്ന് മുകുന്ദന്റെ "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ" എന്ന കഥ വായിക്കുമ്പോള്‍ മനസ്സില്‍ വളരെ ഏറെ സന്തോഷം തോന്നിയതും അതിനാല്‍ ആണ് . വേഗത പോരാ പോരാ എന്ന രാഷ്ട്രീയവായനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാകാം ഒരുപക്ഷെ ഈ എഴുത്ത് . മിത്തലെപ്പുരയില്‍ സജീവനും രാധികയും നമ്മെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് . അമേരിക്കക്കാരെപ്പോലെ കടം വാങ്ങി മാത്രം ജീവിക്കുന്നവന്‍ ആണ് സജീവന്‍ എന്ന വാക്യത്തിലൂടെ മുകുന്ദന്‍ ഈ കഥയെ ആഗോളതലത്തില്‍ എങ്ങനെ എത്തിക്കുന്നു എന്നത് വളരെ രസാവഹമായ ഒരു കണ്ടെത്തല്‍ ആണ് . അതുപോലെ കടങ്ങള്‍ കൊടുക്കാന്‍ ആരുമില്ലാതിരുന്നാല്‍ സജീവന്‍ പിന്നെ ഇല്ല . ചില രാജ്യങ്ങള്‍ പോലെയോ , ഭരണകൂടങ്ങള്‍ പോലെയോ അതുമല്ലെങ്കില്‍ ചില സംസ്ഥാനങ്ങള്‍ പോലെയോ കടം കൊണ്ട് മാത്രം ജീവിക്കാന്‍ പഠിച്ച ചില ജീവിതങ്ങളെ മുകുന്ദന്‍ പരിചയപ്പെടുത്തുന്നു . സജീവന്‍ ഓട്ടോ കടം വാങ്ങി സ്വന്തമാക്കിയതിലും രസാവഹമാണ് അയാള്‍ അന്നുതന്നെ ആ ഓട്ടോയില്‍ പോയി രാധികയെ പെണ്ണു കണ്ടതും അവളുടെ നെയ്യപ്പം പോലെ കടിച്ചുതിനാന്‍ തോന്നുന്ന സൌന്ദര്യത്തില്‍ മൂക്കുകുത്തി വീഴുന്നതും . അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതില്‍ ഇന്നത്തെ സാമൂഹ്യപാഠം ഉണ്ട് എന്നത് കാണാം . പ്രായോഗികമായി ചിന്തിക്കുന്ന ഇന്നത്തെ പെണ്ണിന്റെ നേരുടല്‍ ആണ് രാധിക . ഞാന്‍ പറയുന്നത് അനുസരിക്കാന്‍ , ചെയ്തുതരാന്‍ കഴിയില്ല എങ്കില്‍ നേരത്തെ പറയണം എനിക്ക് കോടതിയില്‍ കേറി ഇറങ്ങാന്‍ വയ്യ എന്ന അവളുടെ മറുപടി വളരെ കണിശമായും ആ ഒരു വസ്തുതയെ അരക്കിട്ടുറപ്പിച്ചു കൊണ്ടുള്ളത് തന്നെയാണ് . അവളെ പെണ്ണുകാണാന്‍ പോകുമ്പോള്‍ അയാള്‍ വണ്ടി ഇടിച്ചു തെറിപ്പിക്കുന്ന പൂച്ച ഒരു പ്രതീകമായി നിലനില്‍ക്കുന്നു . തന്റെ തന്നെ മനസ്സിലെ അപഥസഞ്ചാരങ്ങളെ ആണ് അയാള്‍ അവിടെ ഉപേക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു .ഇനി നന്നാവും എന്ന സ്ഥിരം പുരുഷ സൂക്തം പോലെ അത് വായിച്ചു പോകാന്‍ കഴിയുന്നു . അവള്‍ പക്ഷെ ഇഷ്ടപ്പെടുന്നത് അവന്റെ ഓട്ടോയെ ആണ് . എല്ലാ സൌകര്യങ്ങളും ഉള്ള ആ ഭരണ യന്ത്രം അവളെ ആകര്‍ഷിക്കുന്നിടത്ത് അവരുടെ ജീവിതം തുടങ്ങുകയാണ് . മൂന്നരപ്പവന്റെ താലിമാല ഇല്ലാത്ത വിഷമം അവള്‍ ആദ്യരാത്രിയില്‍ തന്നെ പുറത്തു കാണിക്കുകയും പിറ്റേന്ന് മുതല്‍ ഓട്ടോ ഓടിക്കുവാന്‍ പോകുവാന്‍ അയാളെ നിര്‍ബന്ധിച്ചു സമ്മതിപ്പിക്കുകയും ചെയ്യുന്നു . താലി മൂന്നരപ്പവന്‍ തന്നിട്ട് / കടങ്ങള്‍ വീട്ടിയിട്ടു മതി മധുവിധു എന്നവള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു . മാത്രവുമല്ല അവനു രതി നിഷേധിക്കുന്നില്ല പകരം അവള്‍ തന്നെ വാങ്ങിക്കൊണ്ടു വന്ന കോണ്ടം അവനെ ഉപയോഗിക്കാന്‍ അവള്‍ നല്‍കുകയും ചെയ്യുന്നു . ദാമ്പത്യ നദിയെ മുന്നോട്ടു സുഗമമായി കൊണ്ട് പോകാന്‍ കടങ്ങളില്ലാത്ത ഒരു ജീവിതം ആണ് നല്ലത് എന്ന അവളുടെ തിരിച്ചറിവ് അവനു ഇല്ലാതെ പോകുന്നു എന്നത് വ്യെക്തമായി മുകുന്ദന്‍ വരച്ചിടുന്നു . തുടര്‍ച്ചയായി അവന്‍ തന്റെ തൊഴിലില്‍ അലസതയും അവളോടുള്ള പ്രിയത്തില്‍ ഭ്രാന്തും കൈവരിക്കുമ്പോള്‍ അവള്‍ ആ ഓട്ടോ സാരഥി ആകുകയാണ് . പിന്നെ അവള്‍ ആണ് കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത് . അലസതയുടെ കുടുംബനാഥന്‍ ഉറക്കത്തിലും രതിയിലും ദിനം കൊണ്ടാടുമ്പോള്‍ അവള്‍ കടങ്ങള്‍ മീട്ടി മൂന്നരപ്പവന്റെ മാലയും ആയി അവനരികില്‍ വരുന്നു അവന്‍ സ്വപ്നം കണ്ട ദിവ്യമോളെ അവനു നല്‍കാനായി. ഇവിടെ ഒട്ടോക്കാരിയായ രാധികയെ സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന പരിഷ്കൃത ലോകത്തെ കാണിക്കുന്നു എങ്കിലും ഒടുവില്‍ പോഴനായ സജീവനില്‍ അവള്‍ തിരിച്ചെത്തുകയും അവന്റെ അടിമയാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നിടത്ത് മുകുന്ദന്‍ ആ കഥ അവസാനിപ്പിക്കുമ്പോള്‍ ടിപ്പിക്കല്‍ പുരുഷന്റെ ചിന്തകള്‍ക്ക് അപ്പുറം മുകുന്ദന്റെ ലോകവും സഞ്ചരിക്കുന്നില്ല എന്ന നിരാശ വായനക്കാരന് സ്വന്തമാകുന്നു . എങ്കിലും പ്രമേയം കൊണ്ട് നല്ലൊരു വായന നല്‍കിയ ഈ കഥ മാതൃഭൂമിയുടെ പഴയ പേജില്‍ നിന്ന് സമ്മാനിച്ച സ്നേഹത്തിനു നന്ദി .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

1 comment:

  1. ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete