Saturday, July 23, 2016

തിരികെ മടങ്ങണം നിന്നിലൂടെ ....


സ്നേഹത്തിന്റെ നനുത്ത വിരലാഗ്രം
ഹൃദയത്തിൽ തൊടുമ്പോഴാണ്
മരിച്ചുപോയ മനസ്സുയിർത്തെഴുന്നേൽക്കുന്നതും
എവിടെ , എവിടെയെന്നാർത്തു
ചുറ്റും പരതി നോക്കുന്നതും.
കാതങ്ങൾക്കപ്പുറം,
കാലത്തിനുമപ്പുറം,
നിന്റെ മിഴികൾക്കു തിളക്കവും
നിന്റെ സ്വരത്തിനു സാന്ദ്രതയും വരുന്നു.
ഗബ്രിയേൽ !
നീയെന്നെ തഴുകിയെങ്കിൽ ...
മിത്തിന്റെ കെട്ടുകൾ പൊട്ടിച്ചു
നിന്റെ തൂവൽച്ചിറകുകൾ കൊണ്ടെന്നെ വീശിയെങ്കിൽ...
നനഞ്ഞ പഞ്ഞിത്തുണ്ട് പോലെ
ഉപ്പു ലായനിയിൽ കുതിർന്നൊരു
നൂലൻ പുഴു പോലെ
മണ്ണിന്റെ ഉഷ്ണത്തിൽ ഞാനിതാ .
എനിക്കു ദാഹിക്കുന്നു.
ഗന്ധകപ്പെയ്ത്തിന്റെ മഞ്ഞിപ്പിലേക്കോ
ഉടയാത്ത യൗവ്വനത്തിൻ വാഗ്ദാനത്തിലേക്കോ
പുനർജ്ജനികളുടെ പുഴുവരങ്ങിലേക്കോ
ഇല്ല , എനിക്ക് യാത്രയില്ല .
നിന്റെ സ്നിഗ്ധ മാറിലെയിളം ചൂടിൽ
നിന്റെ ഗന്ധം മണത്ത് യാത്രയാകണം.
ഓർമ്മകളിലൊരു ചന്ദന ഗന്ധമായ്
മറവിയിലേക്കു മടങ്ങണം.
നിന്നെയോർത്തു കൊണ്ട്..........
....... ബിജു ജി നാഥ് വർക്കല

1 comment: