22 Britannia Road (Novel)
Amanda Hodgkinson
FIG TREE (2011)
Price: $19.99 (Amazon)
"ഓർമ്മകൾ വാസനസോപ്പ് പോലെയാണ്. തേഞ്ഞു തീരുംതോറും അതിൻ്റെ വാസനയും ഇല്ലാതാകും" - സിൽവാന (22 Brita nnia Road, Amanda Hodgkinson)
ആംഗലേയ സാഹിത്യത്തില്‍ കയറിയൊരു വായന എന്നത് വളരെ ഭാരിച്ച പണിയായിട്ടു കരുതിയിരുന്ന ഒരാള്‍ ആണ് ഞാന്‍. കാരണം മറ്റൊന്നുമല്ല ഭാഷയുടെ പ്രയോഗവും രീതികളും സാധാരണ വായനയില്‍ ദുര്‍ഗ്രാഹ്യമായി തോന്നുന്ന ഒരു പ്രതീതിയാണ് പണ്ടേ അത്തരം ഒരു ചിന്താഗതിക്ക് കാരണം ആയി പറയാനുള്ളത്. പദാനുപദതര്‍ജ്ജമ ചെയ്തു പണ്ട് ഡിഗ്രിക്ക് പഠിച്ച നോവലുകളും, കുറേക്കാലം വായിക്കാന്‍ആഗ്രഹിച്ചു കൂടെ കൊണ്ട് നടന്നു ഒടുവില്‍ കൈനഷ്ടം വന്ന wuthering heights നോവലും ആംഗലേയ സാഹിത്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഓര്‍മ്മകള്‍ ആണ്. പില്‍ക്കാലത്ത് സേതു സാറിന്റെ പാണ്ഡവപുരം ഇംഗ്ലീഷ് വായിച്ചു വീണ്ടും ഒരു ശ്രമം തുടങ്ങി . അതെത്തുടര്‍ന്നു അമീഷിന്റെ ശിവ ട്രയോ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടു ആംഗലേയത്തെ പിടിയില്‍ വരുത്താന്‍ ശ്രമം തുടങ്ങി വീണ്ടും . ഈ വർഷം വായനയില്‍ കൂടുതലും ആംഗലേയം ആകണം എന്നൊരു മോഹം അറിയാതെ കടന്നു കൂടിയത്തിന് കാരണം വായനയില്‍ വന്ന അലസതയുടെ കൂട്ടിന് ആംഗലേയ വായന സഹായിക്കുന്നുണ്ട് എന്നതിനാലാകണം. എന്തായാലും തുടക്കവായന മോശമായില്ല. ആമന്തയുടെ 22 ബ്രിട്ടാനിയ റോഡ് എന്ന്‍ നോവല്‍ വായനയില്‍ വളരെ നല്ലൊരു അനുഭവമായിരുന്നു എന്നു പറയാന്‍ ആഗ്രഹിക്കുന്നു . വളരെ ലളിതമായ ഭാഷയും മനോഹരമായ ഒരു തീമുമായിരുന്നു ഈ നോവലിനു പറയാനുണ്ടായിരുന്നത്.
യുദ്ധവും പലായനവും ഇതിവൃത്തമാക്കിയ അനവധി നോവലുകള്‍ സാഹിത്യത്തില്‍ ഉണ്ട് . പലപ്പോഴും ഊതിപ്പെരുപ്പിച്ച അത്തരം നോവലുകളില്‍ കാല്‍പനികതയും അതിഭാവുകത്വവും അസത്യങ്ങളും നിറഞ്ഞ കാര്യങ്ങള്‍ ആണ് അവതരിപ്പിക്കപ്പെടുന്നതായി കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ അവയില്‍ വായനാസുഖം എന്നത് കേവലം വായന എന്നതിനപ്പുറം ഒന്നും ഇല്ലാതെ മറവിയില്‍ പോകുന്നു . നല്ല വായനകള്‍ ലഭിക്കുക വളരെ ദുര്‍ലഭമാണ് . അത് തിരഞ്ഞു പോകുക എന്നതും ക്ലേശകരമാണ് . ഈ നോവല്‍ വായനക്കെടുക്കുമ്പോള്‍ ഇതിന്റെ എഴുത്തുകാരിയെക്കുറിച്ചോ ഈ നോവലിനെക്കുറിച്ചോ ഒരു എനിക്ക് വിവരവും അറിയില്ലായിരുന്നു . വായനയെ അത് നല്ല രീതിയില്‍ സഹായിക്കുകയുണ്ടായി എപ്പോഴുമെന്നതു പോലെ.
ഈ നോവല്‍ രണ്ടാംലോക മഹായുദ്ധ കാലത്തെ പോളണ്ട് എന്ന്‍ രാജ്യത്തിനെ പശ്ചാത്തലമാക്കി എഴുതിയ ഒന്നാണ് .ജർമ്മൻ സൈന്യവും റഷ്യന്‍ സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ വീടും കുടുംബവും നഷ്ടപ്പെട്ട് അനാഥരായവരുടെ കഥയാണിത് . ഇതില്‍ പ്രധാനമായും പറയുന്നതു സില്‍വാന , ജാനൂസ് എന്നിവരുടെ ജീവിതവും അവരുടെ കുട്ടിയും ആണ് . വളരെ മനോഹരമായി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പ്രണയ നോവല്‍ ആണ് ഇത്.
പോളണ്ടിലും ഇംഗ്ലണ്ടിലുമായി മാറി മാറി ഭൂതവും ഭാവിയും അവതരിപ്പിക്കുന്ന രീതി വളരെ ആകര്‍ഷകമായി തോന്നി. യുദ്ധം തുടങ്ങുമ്പോൾ സില്‍വാനയെയും കൈക്കുഞ്ഞിനെയും പോളണ്ടിലെ ഗ്രാമത്തില്‍ ഒറ്റക്കാക്കി യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ജാനൂസ്. യുദ്ധത്തിനിടയില്‍ ജര്‍മ്മന്‍ പടയോട് പരാജയപ്പെട്ടു കാട്ടിലേക്ക് പലായനം ചെയ്യുന്നു . ഇതേ സമയം യുദ്ധം മൂലം പട്ടാളം കയറിയ ഗ്രാമത്തില്‍ നിന്നും സില്‍വാനയ്ക്കും രക്ഷപ്പെടേണ്ടി വരുന്നു . പട്ടാള ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം എല്‍ക്കേണ്ടി വന്ന സില്‍വാന കുഞ്ഞുമായി ഗ്രാമം വിട്ടുപോകുന്നു . തുടര്‍ന്നുള്ള യാത്രയിലെ യാതനകളും വേദനകളും വളരെ നന്നായി തന്നെ നോവലിൽ പങ്ക് വയ്ക്കുന്നു . ഒരിടത്ത് ജീവനുവേണ്ടി അവളും കുട്ടിയും സമരം ചെയ്യുമ്പോള്‍ മറുവശത്ത് ജാനൂസിനും നല്ല അനുഭവങ്ങള്‍ അല്ല ഉണ്ടാകുന്നത് . യാത്രയിലെ ദുരിതങ്ങളും സൗഹൃദങ്ങളും പ്രണയവും രതിയും ആക്രമണങ്ങളും എല്ലാം അതിജീവിച്ചു അവര്‍ ഒന്നിക്കുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു . അവൾക്കും കുട്ടിക്കുമായി ജാനൂസ് ഒരു നല്ല ജീവിത സാഹചര്യം ഒരുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അയാളെ അലട്ടുന്നത് കുട്ടിക്ക് അയാളോടുള്ള താത്പര്യക്കുറവും സ്വാഭാവ വൈചിത്ര്യവുമാണ് . കുട്ടിയാകട്ടെ അയാളെ ശത്രുവായിട്ടാണ് കാണുന്നത് .സ്കൂളില്‍ ചേര്‍ക്കുമ്പോഴും കൂട്ടിയില്‍ പ്രകടമാകുന്നത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു അന്തര്‍മുഖത്വവും പ്രതിരോധ സ്വഭാവവുമാണ് . അവന്റെ ശൈശവം നല്കിയ പലായന ഓര്‍മ്മകളും അമ്മയുമൊത്ത് കാടുകളില്‍ ഒറ്റയ്ക്ക് വസിച്ച ഓര്‍മ്മകളും അവനെ എപ്പോഴും പ്രകൃതിയുമായി ഇടകലര്‍ന്നു ജീവിക്കാന്‍ ഉള്ള ഇച്ഛയാണ് നല്‍കുന്നത് .
ഇതിനിടയിലാണ് സില്‍വാന പുതിയൊരു പ്രണയത്തില്‍ അകപ്പെടുന്നത് . ജാനൂസിന് ഒരു പ്രണയം ഉണ്ട് എന്നൊരു
ഒഴിവുകഴിവു അവള്‍ സ്വയം ആ ബന്ധത്തിന് ന്യായീകരണം നല്കുന്നുണ്ട്. പക്ഷേ തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും കുടുംബത്തില് ഉണ്ടാകുന്ന അസ്വാരസ്യങ്ങളും അവയ്ക്കൊപ്പം ഇടിമുഴക്കം പോലെ അവള്‍ പ്രഖ്യാപിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള രഹസ്യവും ഒക്കെ ചേര്‍ന്ന് വളരെ കലുഷിതമായ ഒരു അന്തരീക്ഷം സംജാതമാകുന്നു . ഒടുവില്‍ അവയൊക്കെ കലങ്ങിതെളിയുമോ എന്നതാണു നോവലിന്റെ ക്ലൈമാക്സ്..
പാശ്ചാത്യ സംസ്കാരവും , കുടുംബ ബന്ധങ്ങളുടെ രസതന്ത്രവും സാമൂഹ്യ ജീവിതവും വ്യക്തമാക്കുന്ന ഈ നോവൽ ഒരർത്ഥത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ് .സിൽവാനയില്‍ ഇച്ഛാശക്തിയുള്ള ഒരു പെണ്ണുണ്ട് . ഭാരതീയ സംസ്കാരത്തിന്റെ ചാരിത്ര്യ / സദാചാരകാഴ്ചപ്പാടുകളെ പാടെ അവഗണിക്കുന്ന ഒരു കാഴ്ചയില്‍ നിന്നുകൊണ്ടു തന്നെ സ്ത്രീയുടെ മനസ്സ് എന്തെന്നും അവളെന്താണ് ആഗ്രഹിക്കുന്നതെന്നും ഒരു സ്ത്രീക്ക് തുറന്നു പറയാന്‍ കഴിയുന്നുണ്ട് എന്നതാണ് നമ്മുടെ എഴുത്തുകാരികളിൽ നിന്നും പാശ്ചാത്യ എഴുത്തുകാരികളെ വേറിട്ടു നിർത്തുന്ന ഘടകം. മാധവിക്കുട്ടി പോലുള്ള വേറിട്ട കാഴ്ചകൾ ഇല്ലെന്നല്ല. നിലപാടുകളില്‍ നിലനിന്നുകൊണ്ടു ജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ള മനുഷ്യരുടെ കഥയാണിത് .ഒപ്പം യുദ്ധത്തിന്റെ ക്രൂരതയും ജീവിതങ്ങളുടെ തകര്‍ച്ചയും വെളിവാക്കാന്‍ കഴിയുന്ന ഈനോവല്‍ നല്ലൊരു വായന സമ്മാനിച്ചു എന്നു പറയാതിരിക്കാന്‍ കഴിയില്ല.. ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment