Monday, March 9, 2015

ഇനി ഞാന്‍ ഉറങ്ങട്ടെ ... പി കെ ബാലകൃഷ്ണന്‍ . ഒരു ആസ്വാദനക്കുറിപ്പ്

പി കെ ബാലകൃഷ്ണന്‍ (1926 - 1991 )
എന്റെ വായനയില്‍ ഈ പേര് ഉയര്‍ന്നു നിന്നിരുന്നത്  "ജാതി വ്യവസ്ഥിതിയും കേരളചരിത്രവും" തന്ന സ്ഫോടനാത്മക വായന മാത്രമായിരുന്നു . പക്ഷെ ഈ വിരലുകളുടെ , ചിന്തയുടെ എല്ലാ കഴിവും ഊര്‍ജ്ജവും ഒരുപക്ഷെ അവകാശപ്പെടുക "ഇനി ഞാന്‍ ഉറങ്ങട്ടെ " എന്ന കൃതിയില്‍ കൂടി ആയിരിക്കണം . മുഖപുസ്തകത്തില്‍ ഞാന്‍ എന്റെ വായനകളെ പരിചയപ്പെടുത്തുകയും പുതിയ വായനകളെ പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ ഒരു സ്നേഹിതനും അധ്യാപകനും ആയ പ്രസന്നന്‍മാഷ്‌ ആണ് എനിക്ക് ഈ പുസ്തകം നിര്‍ദ്ദേശിച്ചത് . ഇതുവരെ എന്റെ വായനയില്‍ ഞാന്‍ മനസ്സില്‍ ചേര്‍ത്തു പിടിച്ചതും ഇഷ്ടം കൊണ്ട് വാങ്ങി സ്വന്തമാക്കിയതും ആയ പുസ്തകം ആയിരുന്നു എം ടി യുടെ 'രണ്ടാമൂഴം'. പക്ഷെ ഇപ്പോള്‍ എന്റെ മനസ്സില്‍ ഈ പുസ്തകം കടന്നു കൂടുകയും രണ്ടാമൂഴത്തോട് ഒരു വശത്തേക്ക് നീങ്ങി തുല്യ സ്ഥാനം തരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അഭൂതപൂര്‍വ്വമായ ഒരു അനുഭവത്തിനു മുന്നില്‍ ഇരുന്നു കൊണ്ട് ഞാന്‍ ഈ പുസ്തകത്തെ "എന്റെ വായന"യില്‍ ഒന്ന് പരിചയപ്പെടുത്താന്‍ ഒരു പാഴ് ശ്രമം നടത്തട്ടെ .
കാരണം ഈ പുസ്തകത്തെ പരിചയപ്പെടുത്താനോ ഇതിനെ കുറിച്ച് എഴുതാനോ ഞാന്‍ അശകതനാകുന്നു . എന്റെ ഓര്‍മ്മയില്‍ കുട്ടിക്കാലത്ത് വായിച്ചും ടി വി പരമ്പരകളില്‍ കണ്ടും നിറഞ്ഞു നിന്ന ഒരു കഥാപാത്രമായിരുന്നു അര്‍ജ്ജുനന്‍ . കാലാന്തരത്തില്‍ ഞാന്‍ അര്‍ജ്ജുനനെയും മഹാഭാരതത്തെയും വിസ്മൃതിയിലേക്ക് തള്ളി എങ്കിലും പലപ്പോഴും അര്‍ജ്ജുനനൊപ്പമോ അതിനു മേലെക്കോ കര്‍ണ്ണന്‍ കടന്നു വരുന്ന കാഴ്ച എനിക്ക് അനുഭവപ്പെട്ടിരുന്നു . സ്വന്തം ജന്മത്തിന്റെ പാപം പേറുന്ന അഭിമാനിയും ത്യാഗിയുമായ ഒരു വീരന്‍ ആയി കര്‍ണ്ണന്‍ എന്നില്‍ വന്നു പോയെങ്കിലും മനസ്സില്‍ ഒരിടം ഞാന്‍ നല്‍കിയിരുന്നില്ല . ജീവിതത്തില്‍ ജന്മത്തില്‍ രണ്ടാമനായ എനിക്ക് വൃകോദരനോട് ഉണ്ടായത് ഒരു തരം ആത്മാംശം തോന്നുന്ന ഇഷ്ടം തന്നെയായിരുന്നു . ഞാനൊരു ബലവാനല്ല എങ്കിലും. എല്ലാ ചിന്തകള്‍ക്കും മേലെ എന്നെ ഭീമന്റെ നിസ്സഹായതയും , ഒറ്റപ്പെടലും വല്ലാതെ നോവിച്ചിരുന്നു .
ഇപ്പോള്‍ ഈ വായന കഴിയുമ്പോള്‍ കര്‍ണ്ണന്‍ എന്റെ മുന്നില്‍ എല്ലാവര്‍ക്കും മീതെയൊരു മഹാമേരുവായി നില്‍ക്കുന്നത് ഞാന്‍ അനുഭവിച്ചറിയുന്നു . കൌമാരത്തിന്റെ തമാശയില്‍ കുന്തിക്ക് പിറന്ന കര്‍ണ്ണന്‍ ജനിച്ചപ്പോള്‍ തന്നെ നദിയിലേക്ക് ഒഴുക്കപ്പെടുകയാണ് . ഇന്നത്തെ കാലത്ത് അമ്മത്തൊട്ടിലില്‍ തട്ടപ്പെടുന്ന പരശതം കര്‍ണ്ണന്മാരെ പ്രതിനിധാനം ചെയ്തു കൊണ്ട് ആ ബാലന്‍ സൂത പുത്രനായി ഹസ്തിനപുരിയില്‍ വളരുക അജ്ഞാതന്‍ ആയിത്തന്നെ ആണ് എന്ന് മനസ്സിലാക്കുന്നു . ആ യുവാവിന്റെ ആത്മ ബലവും ധൈര്യവും ആദ്യമായി ലോകം കാണുന്നത് യുവരാജാക്കന്മാരുടെ ശക്തി പ്രകടന വേദിയില്‍ വച്ച് ആണ് . സധൈര്യം ആ വേദിയില്‍ എത്തി രാജകുമാരന്മാരെ ,തനിക്കു നേരെ നില്ക്കാന്‍ കഴിവില്ലാത്ത അര്‍ജ്ജുനാദികളെ നോക്കി വെല്ലു വിളിക്കാന്‍ ഉള്ള ആ ചങ്കൂറ്റം അതാണ്‌ കര്‍ണ്ണന്‍ . കഥയില്‍  ആണെങ്കിലും വീര പരിവേഷത്തോട് കൂടി നില്‍ക്കുന്ന ആ രൂപം മനസ്സിനെ നന്നായി സ്വാധീനിക്കുന്നു .
ജന്മത്തിനെ ഓര്‍ത്തുള്ള അപഹാസങ്ങളെ എന്നും ഏറ്റു വാങ്ങി തല കുനിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ജന്മം ആണ് ഇവിടെ കര്‍ണ്ണന്‍ . സദസ്സില്‍ ഭീഷ്മാദികളില്‍ തുടങ്ങി യുദ്ധ നിലങ്ങളില്‍ പോലും വിടാതെ പിന്തുടരുന്ന അസ്ഥിത്വം അതൊരു ഭീകരമായ അവസ്ഥ തന്നെയാണ് . വീരനാണ് കര്‍ണ്ണന്‍ എന്നതിനും അവനെ ജയിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നുമുള്ള അറിവിന്റെ അവസാനമാണ് ചതുരനായ കൃഷ്ണനും , ഇന്ദ്രനും , കൌശലക്കാരിയായ കുന്തിയും , ഭീഷ്മരുമെല്ലാം അവന്റെ മനസ്സിനെ നോവിച്ചു കൊണ്ടും ,അവനെ തളര്‍ത്തിക്കൊണ്ടും കൌന്തേയന്‍ ആണ് കര്‍ണ്ണന്‍ എന്നുള്ള വെളിപ്പെടുത്തലുകള്‍ ഓരോ ഘട്ടങ്ങളില്‍ ആയി അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നത് . വളരെ ശ്രദ്ധിക്കേണ്ട കാര്യമാണത് . ഓരോ ഘട്ടത്തിലും അവര്‍ക്ക് ഓരോ ന്യായം ഉണ്ട് അത് പറയാന്‍ പക്ഷെ പറയാതെ പറയുന്ന ഒരു വസ്തുത കര്‍ണ്ണന്‍ മറുവശം നിന്നാല്‍ പാണ്ഡവര്‍ മരിക്കും എന്നുള്ള ഭയം തന്നെ ആണ് . അതിനാല്‍ തന്നെയാണ് കൃഷ്ണനും , പിന്നെ കുന്തിയും കര്‍ണ്ണനോട് തന്റെ ജന്മരഹസ്യം പറഞ്ഞു ഉറപ്പുകള്‍ നേടുന്നത് . കൃഷ്ണന് ആവശ്യം കര്‍ണ്ണന്റെ മനസ്സ് തകര്‍ക്കുകയായിരുന്നു എങ്കില്‍ കുന്തിക്ക് തന്റെ അഞ്ചു മക്കളെയും സംരക്ഷിക്കുക എന്നതിനപ്പുറം നാണക്കേടില്‍ പിറന്ന കര്‍ണ്ണന്‍ കൂടെ വേണമെന്നുള്ളതല്ല . കാരണം അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എങ്കില്‍ കുന്തിക്ക് തന്റെ മക്കളോട് സത്യം വെളിപ്പെടുത്തുകയും ഈ ദുഖഭാരം കാട്ടിയ ധര്‍മ്മപുത്രര്‍ യുദ്ധം തന്നെ വേണ്ട എന്ന് വയ്ക്കുകയും ചെയ്തേനെ . അത് അവരുടെ വിജയവും ആയേനെ .
ഇന്ദ്രന്‍ തന്‍റെ പുത്രന്റെ വിജയത്തിന് വേണ്ടി കവച കുണ്ഡലങ്ങള്‍ ഇരന്നു വാങ്ങി പുരുഷത്വത്തിനു കളങ്കം വരുത്തുകയും പുത്രന്റെ കഴിവുകേട് തുറന്നു സമ്മതിക്കുകയും ചെയ്തു . യുദ്ധഭൂമിയില്‍ മരണം കാത്തുകിടന്ന ഭീഷ്മരും ചെയ്തത്  യുദ്ധ ഭാരം ഏറ്റെടുക്കാന്‍ പോകുന്ന കര്‍ണ്ണന്റെ മനസ്സിലേക്ക് അവസാന ആണി എന്ന പോലെ അവന്റെ അസ്ഥിത്വം വെളിപ്പെടുത്തുകയായിരുന്നു .
കര്‍ണ്ണന്‍ ആണൊരുത്തന്‍ ആയിരുന്നു . എന്തൊക്കെ സംഭവിച്ചാലും തന്റെ വാക്കുകള്‍ക്കും തനിക്കു തുണയായിരുന്നവര്‍ക്കും ഒരിക്കലും ഹാനി സംഭവിക്കാതിരിക്കാന്‍ അയാള്‍ സദാ ജാഗരൂകരായിരുന്നു . സ്വയം മരണം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ പോലും താനൊരിക്കലും പിന്മാറില്ല എന്നത് അയാളുടെ വ്യക്തിത്വം വിളിച്ചോതുന്നു .
വാക്കുകള്‍ പാലിക്കാന്‍ വേണ്ടി മാത്രം പാണ്ഡവരെ കൊല്ലാതെ വിടുന്ന കര്‍ണ്ണന്‍ ശരിക്കും കൌരവര്‍ക്ക് തോല്‍വിയിലും മധുരമുള്ള വിജയം സമ്മാനിക്കുകയായിരുന്നു . തന്റെ അനുജന്മാരെ കൊല്ലാതെ വിടുമ്പോഴും തന്റെ മകനെ കൊന്ന അര്‍ജ്ജുനനോട് അയാള്‍ക്ക് ക്ഷമിക്കാന്‍ കഴിയില്ലായിരുന്നു . പക്ഷെ ആയുധം കയ്യില്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ കര്‍ണ്ണനെ കൊന്നു കൊണ്ട് അതും കൃഷ്ണന്റെ ചതുര വാക്കുകളാല്‍ തലയറുത്ത് കൊണ്ട് തന്റെ മരണം തട്ടി നീക്കുകയായിരുന്നു അര്‍ജ്ജുനന്‍ ചെയ്തത് . പാണ്ഡവര്‍ ആരും തന്നെ യോദ്ധാക്കള്‍ അല്ലായിരുന്നു കര്‍ണ്ണന്റെ മുന്നില്‍ എന്നത് വളരെ വ്യക്തമായി കാണാന്‍ കഴിയും ഓരോ വായനയിലും .
ഇവിടെ കര്‍ണ്ണനെ തുറന്നു കാണിക്കാന്‍ വേണ്ടി ആണെങ്കില്‍ പോലും മറുപക്ഷത്ത് നിര്‍ത്തിയത് ദ്രൌപതിയെ ആയിരുന്നു . പാഞ്ചാലി തന്റെ അഞ്ചു ഭര്‍ത്തക്കന്മാരിലും സുരക്ഷ ലഭിച്ച ഒരുവള്‍ അല്ല . ശരിക്കും അവളുടെ ചിന്തയില്‍ വരും പോലെ അവള്‍ ആരെയാണ് പ്രണയിച്ചിരുന്നത് എന്നത് അവള്‍ക്ക് പോലും അജ്ഞാതമായ ഒരു വിഷയമായിരുന്നു . ഒരു വേള തന്റെ മാനത്തിനു വിലപറഞ്ഞ സമയത്ത് തന്നെ രക്ഷിക്കാന്‍ വന്ന കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ അവളില്‍ ഒരു ആര്‍ദ്രമായ അവസ്ഥ സംജാതമാകുന്നു എങ്കിലും ഒരിക്കലും പരിരക്ഷയോ പ്രണയമോ ലഭിക്കാതെ പോയ ഒരു സ്ത്രീയായിരുന്നു ദ്രൗപതി. ഭര്‍ത്താക്കന്മാരില്‍ ആര് മരിച്ചാലും വിധവയാകേണ്ടി വരുന്നവള്‍ , ഊഴം കാത്തിരുന്നു തന്റെ ഇണയെ കണ്ടെത്തെണ്ടിയിരുന്നവള്‍ , കൌരവ സഭയില്‍ രാജസ്വലയായിരുന്ന അവസ്ഥയില്‍ വസ്ത്രാക്ഷേപം നേരിട്ടപ്പോഴോ , വിരാട സദസ്സില്‍ കീചകന്‍ തള്ളിയിട്ടു ആസനത്തില്‍ തൊഴിച്ഛപ്പോഴോ വീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരും നിര്‍ഗുണന്മാരായി അരികിലോ പരിസരത്തോ ഉണ്ടായിരുന്നു . ഒരിക്കലും ഒരു അപകട സന്ദര്‍ഭത്തില്‍ അവര്‍ക്ക് അവളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുമില്ല .
ഓരോ കാലങ്ങളിലും ഭയവും , സങ്കടവും , വേദനകളും കൊണ്ട് ഉറങ്ങാന്‍ കഴിയാതിരുന്ന ഒരു സ്ത്രീ രത്നം . ഒടുവില്‍ വീരന്മാര്‍ എന്ന് കരുതിയ ഭര്‍ത്താക്കന്മാര്‍ യുദ്ധക്കളത്തില്‍ വെറും ഭീരുക്കള്‍ ആയി മാറിയ കാഴ്ച കൂടി കണ്ടു നടുങ്ങി ഇരിക്കുന്നത് എത്ര ദയനീയമായ കാഴ്ചയാണ് . ഒടുവിലൊടുവില്‍ അവളുടെ മനസ്സില്‍ ഒരു വീരനായി , പുരുഷനായി തെളിയുന്നത് പോലും കര്‍ണ്ണന്‍ ആണെന്നതില്‍ നിന്നും അവളൊരിക്കലും ജീവിതത്തില്‍ സാന്ത്വനമോ സംതൃപ്തിയോ ലഭിച്ച ഒരു ഭാര്യയോ അമ്മയോ ആയിരുന്നില്ല എന്നത് വരച്ചു കാണിക്കുന്നു വായനയില്‍.
പിന്നാലെ കൂടി ഓര്‍മ്മയെ കുത്തി വലിക്കുന്ന വായനയാണ് ഈ പുസ്തകം . എന്റെ വായനയെ കൂടുതല്‍ ആഴങ്ങളിലേക്ക് കൊണ്ട് പോകാന്‍ ഇനി വരും വായനകള്‍ സഹായിക്കുമെങ്കിലും ഇനി ഞാന്‍ ഉറങ്ങട്ടെ എന്റെ മനസ്സില്‍ നിന്നും ഒരിക്കലും ഇറങ്ങി പോകില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു . നിങ്ങള്‍ക്കും നല്ലൊരു വായന തരുമെന്ന വിശ്വാസത്തോടെ സ്നേഹപൂര്‍വ്വം ബി ജി എന്‍

2 comments:

  1. ഞാന്‍ വായിച്ചിട്ടില്ല. വായിക്കണം

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ട പുസ്തകം
    ആശംസകള്‍

    ReplyDelete