Sunday, March 1, 2015

കഥയല്ലിതു ജീവിതം !


ഇലകള്‍ കൊഴിച്ചൊരു വേനല്‍മരമായ്
ഇരുളില്‍ നാളുകള്‍ കഴിച്ചീടുവാനാകണം
അകമേ വേവും നോവിന്റെ ചില്ലുകള്‍ കീറും
മനസ്സുമായിന്നു ചിരിക്കാന്‍ മറന്നു ഞാന്‍ .

ഇണയെ പിരിഞ്ഞൊരു ക്രൗഞ്ചമിന്നു
ഇമകള്‍ വരണ്ടൊരു പുഴയായി മുന്നില്‍
പറയുവാന്‍ മറന്ന വാക്കുകള്‍ വിഴുങ്ങി
പകലിനെ ഭയന്നൊളിക്കുന്നുവോയിന്നു.

അശ്വവേഗം പൂണ്ടു കാലം പായുമ്പോള്‍
യൗവ്വനം പോല്‍ പിരിയുന്നു ബന്ധങ്ങള്‍
നഷ്ടങ്ങളുടെ തുലാസില്‍ തുലനമില്ലാ
കണക്കുകള്‍ തന്‍ പുസ്തകം കെട്ടഴിയുന്നു .

പടിയിറങ്ങുമാത്മാക്കള്‍ നെഞ്ചുരുകിയും
വിടപറയാന്‍ കഴിയാതെ വിങ്ങിയും
വീടാത്ത കടങ്ങള്‍ തന്‍ ഭാണ്ഡം മുറുക്കി
മാറാപ്പു കെട്ടിയകലുന്നു പിന്‍നോട്ടമില്ലാതെ .

അരികിലുണ്ടെങ്കിലും അകലെയാകുന്ന
ജീവിതത്തോണിയില്‍ ഒറ്റയാളാകുമ്പോള്‍
കിളിവാതില്‍ പഴുതിലൂടൊരു കൊച്ചു കാറ്റി-
നിളം തണുപ്പില്‍ തളിരിടാന്‍ കൊതിക്കുന്നു .

അഭിനിവേശത്തിന്‍ ഉന്മാദജ്വരം പകരും
താരകങ്ങള്‍ കണ്ണുചിമ്മും രാവുകളിലെങ്ങും
പരാഗം തേടും ശലഭത്തിന്‍ ചിറകുകള്‍
വിറ കൊണ്ടിരുന്നു കാറ്റില്‍ തിരിനാളം പോല്‍ .

ഒരു കാലവര്‍ഷത്തിന്‍ ഉരുള്‍പൊട്ടലില്‍
കടപുഴകിയൊരു കദളിവാഴ പോല്‍ ഞാന്‍
മച്ചിലെ ചിലന്തി വലകളില്‍ കുരുങ്ങി വീഴും
നിമിഷ ജന്മങ്ങളെ കണ്ടു നാളുകളെണ്ണവേ.

അകന്നു പോയെന്റെ നീലാകാശമെന്നില്‍
നിന്നതി ദൂരം മിഴി നീര്‍ പൊടിയും കാഴ്ച
മറന്നു പോകുവാന്‍ പഠിപ്പിച്ച മനസ്സിലോ
നിലാവസ്തമിച്ച രാവിലോ മറഞ്ഞുവല്ലോ .

അനക്കമില്ലാത്ത ശരീരം ദ്രുതവേഗത്തില്‍
പിടച്ചുണരാന്‍, പാദം നിലത്തുറപ്പിക്കാന്‍
പിടച്ചിലോടെ കാതില്‍ വീണൊരു വാക്കിന്‍
ലാവതന്‍ താപമത് തന്നെ ഔഷധമായതും.

ഇരുട്ടി വെളുക്കുന്നു രാവുകള്‍ പകലുകള്‍
ഇടര്‍ച്ചയോടെ താണ്ടുന്നു പാതകള്‍ മുന്നില്‍ !
ഉറവ വറ്റിയ കണ്ണീര്‍ തടാകങ്ങള്‍ ചൊല്ലും
കളിവാക്കുകളില്‍ പൊരിയും വേദനയുറയുന്നു.

ഉറച്ച വാക്കിനാല്‍ ഉള്ളില്‍ കെട്ടിയുയര്‍ത്തും
ലക്ഷ്യമതില്‍ എത്തിടാന്‍ മനം കുതിക്കെ
ഇടറുന്നുണ്ട് പാദങ്ങള്‍ എങ്കിലും മനസ്സേ
ഇടറാതെ നീ പിടിച്ചെന്നെ നടത്തുക നീളെ .

പരാജിതമാകും മനസ്സെങ്കില്‍ ഉറപ്പിക്കും
പരലോകമെന്നൊരു വേണ്ടാത്ത ചിന്തയില്‍
പരാതിയുമായി നില്‍ക്കും മനസ്സേ നിന്നെ
അകറ്റി നിര്‍ത്തട്ടെ തടയുവാന്‍ കഴിയാതെ .
----------------------ബിജു ജി നാഥ്

No comments:

Post a Comment