Sunday, March 29, 2015

ചെറു കിളികള്‍ നോവ്‌ തിന്നുമ്പോള്‍ !


ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിയുന്നവന്റെ മനസ്സാണ് ഭാവനയുടെ മൊത്ത വില്പ്പനക്കാരന്റേതു. ഒരു പക്ഷെ ഓരോ ഭാവനകളും ഓരോ പിറക്കാതെ പോകുന്ന സ്വപ്‌നങ്ങള്‍ ആകാം . ഗര്‍ഭാവസ്ഥയില്‍ തന്നെ ആയുസ്സ് ഹോമിക്കപ്പെടുന്നവ മാത്രം
നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയാതെ പോകുന്ന സമസ്യകള്‍ പോലെ ആണ് ചില ബന്ധങ്ങള്‍ . അഴിയും തോറും കുരുക്കുകള്‍ മുറുകുന്ന കടും കെട്ടുകള്‍ . അവയില്‍ നിന്നൊരു സ്വാതന്ത്ര്യം കൊതിച്ചു തുടങ്ങുന്ന മാത്രയില്‍ തന്നെ മരണം നമ്മെ പുണര്‍ന്നു തുടങ്ങുന്നു . സുഖമുള്ളൊരു അനുഭൂതിയായി ആ കടും കെട്ടുകള്‍ നമ്മെ വലയം ചെയ്യുന്നു അതിന്റെ ആലസ്യത്തില്‍ മയങ്ങാന്‍ അല്ലാതെ അതില്‍ നിന്നൊന്നു പുറത്തു കടക്കാന്‍ മനസ്സ് അനുവദിക്കുകയുമില്ല
ശരികളുടെ കൂമ്പാരം ഉണ്ടാക്കി അതിനടിയില്‍ വസിക്കുന്നവര്‍ ആണ് കാല്‍പനിക ലോകത്തെ നോക്കി ശരികേടുകളുടെ കരിയിലകളെ ഊതിപറപ്പിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴും കരിയിലകള്‍ ശരികേടുകള്‍ ആയി തന്നെ നിലനില്‍ക്കുകയും കരിഞ്ഞുണങ്ങി വിസ്മൃതിയിലാകുകയും ചെയ്യുന്നു . അപ്പോഴും ശരികേടുകള്‍ എന്ന് നിനയ്ക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ശരികളുടെ ചാമ്പല്‍ കൂട്ടില്‍ ഉറങ്ങുന്നവര്‍ അവ അങ്ങനെ തന്നെ കരുതുന്നത് തന്റെ മനസ്സിനെ ആരും കാണാതിരിക്കാനും താന്‍ അനാവൃത്രം ആകാതിരിക്കാനും മാത്രമാകാം.
മനസ്സിനെ കാര്‍ന്നു തിന്നുന്ന വേദന നിലനില്‍ക്കുമ്പോഴും മറ്റൊരു വേദനയെ വീണ്ടും ജനിപ്പിക്കാതിരിക്കാന്‍ വേണ്ടി ആകാം പലപ്പോഴും മനസ്സുകള്‍ നിരാകാരത്തിന്റെയും നിഷേധത്തിന്റെയും തിരികള്‍ കൊളുത്തി വച്ച് അവയ്ക്ക് കാവലിരിക്കുക . ഇടനെഞ്ചു പൊട്ടുമ്പോഴും കഠിന ഹൃദയരായി പുറം കയ്യെടുത്ത് വിലക്കുക അവരുടെ മനസ്സിന്റെ ഈ ഒരു അവസ്ഥയില്‍ നിന്നുമുയിരിടുന്ന ഒരു സ്വാഭാവിക പ്രതിരോധം മാത്രമാകും . മറ്റൊരാള്‍ കൂടി , മറ്റൊരു വേദന കൂടി ആവര്‍ത്തനം ആകാതെ ഉള്ള മുന്‍കരുതല്‍ പോലെ .
ഇവിടെ എവിടെയാണ് ഞാന്‍ ശരിയല്ലാതാകുന്നത് എന്നറിയില്ല
പക്ഷെ ഒന്നെനിക്കറിയാം എനിക്ക് ശരികേടുകള്‍ മാത്രമേ ഉള്ളൂ അതെ എനിക്കറിയൂ . നിഷേധങ്ങള്‍ക്കിടയിലും ഞാന്‍ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ആ ശരികേടുകള്‍ ആണ് എന്റെ സ്നേഹം അറിയിക്കാന്‍ എനിക്കുള്ള മാര്‍ഗ്ഗം . മനസ്സിനെ മാത്രമല്ല ശരീരത്തിനെയും സ്നേഹിക്കാതെ എനിക്ക് അതിനു കഴിയില്ല്ല . വെറും ഭ്രമം അല്ല അത് ശരീരത്തോടുള്ള അഭിനിവേശവും അല്ല. പക്ഷെ പരസ്പര പൂരകങ്ങളായ ഒരു സപര്യയാണ് എനിക്കത്. പ്രണയത്തിന്റെ എന്റെ നിര്‍വ്വചനവും ഒരുപക്ഷെ അതാകാം.
ഒരാള്‍ക്കായി പകുത്തു കൊടുക്കുന്നവ ഒന്നും തന്നെ മറ്റൊരാള്‍ക്ക് അതേ അളവിലും അനുപാതത്തിലും കൊടുക്കാന്‍ കഴിയില്ല മനുഷ്യ സ്വഭാവത്തില്‍ എന്നത് ചിരമായ ഒരു സത്യമാണ് . പക്ഷെ പ്രണയത്തിന്റെ ഭാഷ്യം വരുമ്പോള്‍ അവിടെ പകുത്തുകൊടുക്കലുകള്‍ ചടങ്ങുകള്‍ ആകുന്നു . ശരീരത്തിന്റെ പങ്കിടല്‍ , മനസ്സിന്റെ പങ്കിടല്‍ ഇവയൊക്കെ ഒരേ അനുപാതത്തില്‍ സംഭവിക്കുന്നില്ല . ഉടലുകളുടെ സമാഗമത്തില്‍ സംഭവിക്കുന്ന മാനസിക ഐക്യം പക്ഷെ ഒരിക്കലും മാനസികമായ ഒരു പങ്കിടല്‍ ആണെന്ന് പറയുകയും വയ്യാ കാരണം അതെ ശരീരങ്ങള്‍ തന്നെ മനസ്സിന്റെ ചില അവസ്ഥാന്തരങ്ങളില്‍ അകന്നു പോവുകയും ചിലപ്പോള്‍ അതെ ശരീരങ്ങള്‍ ഒന്നിച്ചു ഒരേ യാത്ര ചെയ്യുമ്പോഴും മനസ്സ് വേറിട്ട ആകാശങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യാറുണ്ട് . ചിലപ്പോള്‍ ഇതേ ശരീരങ്ങള്‍ ഒരേ മനസ്സെന്നു കരുതുന്നവയെ ഉപേക്ഷിചു രണ്ടു ധ്രുവങ്ങളിലേക്കു അകന്നു പോകാറുണ്ട് ഒരിക്കലും തിരികെ ആകര്‍ഷിക്കപ്പെടാതെ.
ഒരിക്കല്‍ പകുത്തു കൊടുക്കപ്പെടുന്ന മനസ്സിനെ പിന്നൊരിക്കല്‍ അകന്നു പോകുന്നത് കൊണ്ട് മാത്രം വീണ്ടും പകുത്തു കൊടുക്കാന്‍ അപ്രായോഗികം എന്ന് കരുതിയോ , അപര്യാപതമെന്നു കരുതിയോ ഉപേക്ഷിച്ചു കളയുന്നു ചിലര്‍ . ഇരുട്ടിന്റെ മാളങ്ങളില്‍ അവയെ അടക്കിപ്പിടിച്ചു മനോ നൊമ്പരം അനുഭവിക്കുമ്പോഴും അവയെ പകുക്കാന്‍ ആഗ്രഹിക്കുകയില്ല്ല . മനപ്പൂര്‍വ്വം അവയെ അറുത്തു മുറിച്ചു കളയാന്‍ ഉള്ള ഒരു മാനസിക നില കൈ വരിക്കുന്നു . ഇത് കാലങ്ങളുടെ തപസ്യ കൊണ്ട് മാറ്റി എടുക്കാന്‍ കഴിയുന്ന അഗാധമായ പ്രണയപര്യവസാനികള്‍ ഇല്ല എന്ന് പറയാനും കഴിയില്ല.
ഇവിടെ ഒരു പക്ഷത്തിന്റെ മാത്രം ചിന്തകള്‍ അടങ്ങുമ്പോള്‍ മറുപക്ഷമെന്താണ് ചിന്തിക്കുന്നത് ആഗ്രഹിക്കുന്നത് എന്നറിയാന്‍ കഴിയാതെയോ മനസ്സിലാക്കാതെയോ പോകുന്ന ചിലരുണ്ട് . അവരില്‍ നിന്നും പലപ്പോഴും അനുകൂലനങ്ങളുടെ തൂവല്‍ സ്പര്‍ശം പ്രതീക്ഷിക്കുക മരീചികയാകുന്നു.
ഗതികേട് കൊണ്ടോ അനുകമ്പ കൊണ്ടോ ചിലപ്പോള്‍ ഒരു ജീവിതത്തെ സഹായിക്കുക എന്നൊരു മാനുഷിക കാഴ്ചപ്പാട് കൊണ്ടോ ചില കാട്ടിക്കൂട്ടലുകള്‍ , അനുഭാവങ്ങള്‍ , ചെറിയ ചില ഔദാര്യങ്ങള്‍ നല്‍കി ചിലപ്പോഴൊക്കെ ഇത്തരം നീക്കങ്ങളെയും കടന്നു കയറ്റങ്ങളെയും ഇലയ്കും മുള്ളിനും കേടില്ലാതെ സൂക്ഷിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട് .ഇത് പലപ്പോഴും ഇരുപക്ഷത്തിനും ബോധപൂര്‍വ്വം അറിയുന്നതും സത്യം തുറന്നു ചോദിച്ചാലോ പറഞ്ഞാലോ നഷ്ടമാകുമെന്ന ഭയത്താലോ അറിയുമ്പോഴും അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു അതിനുള്ളില്‍ നിന്ന് കൊണ്ട് ഒരു ബോധപൂര്‍വ്വമായ വേദന പങ്കിടല്‍ ആണ് സംഭവിക്കുന്നത്‌.
നമുക്കെന്തുകൊണ്ടാണ് പരസ്പരം ഒരു തുറന്നു പറച്ചിലുകളിലൂടെ ഈ വേഷപ്പകര്‍ച്ചകള്‍ അഴിച്ചു വയ്ക്കാന്‍ കഴിയാത്തത് എന്നത് ഒരു വലിയ ചോദ്യ ചിഹ്നം തന്നെ ആണ് . കാരണം ഒരാളിന്റെ ശരികള്‍ മറ്റൊരാളിനു ശരികേടുകള്‍ ആണ് ഏതു വിധത്തില്‍ നോക്കുമ്പോഴും . ഒരാളുടെ ഇഷ്ടം ഉമ്മകള്‍ ആണെങ്കില്‍ മറുപക്ഷത്തിനു ഇഷ്ടം ചേര്‍ത്ത് അണച്ച് പിടിക്കല്‍ മാത്രം ആകും . ഒരാളിന്റെ ഇഷ്ടം ശരീരത്തിന്റെ അഴകളവുകളില്‍ ആകുമ്പോള്‍ മറുപക്ഷം ശരീരത്തെ തന്നെ മറക്കാനും ഉപേക്ഷിക്കാനും മനസ്സുകളെ മാത്രം കൂട് തുറന്നു വിടാനും ആകും കൊതിക്കുക . എങ്കിലും രണ്ടു പക്ഷവും അവ സമ്മതിച്ചു അവയില്‍ സമരസപ്പെടാന്‍ , രാജിയാകാന്‍ ശ്രമിക്കുകയില്ല കാരണം മേല്‍ പറഞ്ഞ നഷ്ടമാകല്‍ എന്നൊരു ഭയം തന്നെ ആകാം.
പലപ്പോഴും നമ്മില്‍ വിടരുന്ന മാര്‍ഗ്ഗങ്ങള്‍ അങ്ങേ അറ്റം അല്ലെങ്കില്‍ ഇങ്ങേ അറ്റം എന്നൊരു നിലപാട് ആണ് . ആരും പരസ്പരം ചര്‍ച്ചകളിലേക്ക് പോകുകയേ ഇല്ല . ഒന്നുകില്‍ നാം മരിക്കുന്നു അല്ലെങ്കില്‍ നാം എവിടെ ആണോ അവിടെ നില്‍ക്കുന്നു . മറ്റൊരു മാര്‍ഗ്ഗം നമ്മിലുള്ളത് വഴിയില്‍ ഉപേക്ഷിച്ചു നാം പുതിയൊരു ശരിയിലേക്ക്‌ നടന്നകലുന്നു . അങ്ങനെ വരുമ്പോള്‍ നമുക്ക് ഉപേക്ഷിക്കേണ്ടി വരുന്ന ശരികളും ശരികേടുകളും കാലാകാലം ഒരു പക്ഷെ അവസാനം വരെ നമ്മെ വേദനിപ്പിച്ചു കൊണ്ടും തിരികെ വലിച്ചു കൊണ്ടും ഇരിക്കും . ഇതൊന്നുമല്ലാതെ എവിടെയാണോ അവിടെ നില്‍ക്കാനും അതില്‍ നിന്നും മുന്നോട്ടു ഒരേ തൂവല്‍ പക്ഷികള്‍ ആയി ഒരു സമാന്തര രേഖകള്‍ പോലെ സഞ്ചരിക്കാനും നമുക്ക് കഴിയുന്നിടത്ത് വിഷയം അവസാനിക്കും . അപ്പോഴും ബാക്കി നില്‍ക്കുക ഇടത്താവളങ്ങള്‍ ഇല്ലാതെ ഒരു യാത്ര ഇല്ല എന്നത് പോലെ നമുക്കിടയില്‍ സമാഗമങ്ങള്‍ ഉണ്ടാകും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ് . എന്തുകൊണ്ടോ പിന്നോക്കം വലിക്കുന്ന ഒരു വിഷയം ഈ സമാഗമങ്ങള്‍ തന്നെ ആണെന്നത് അവഗണിക്കാന്‍ ആകാത്ത ഒരു സത്യവുമാണ്.
എന്ത് കൊണ്ടാകും ഒരു വശത്ത്‌ നിന്ന് മാത്രം തുടര്‍ച്ചയായ ഈ പിന്മാറ്റം എന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാകുന്ന രസാവഹമായ ഒരു സംഗതി ഒരു പക്ഷെ ഭാവനകളുടെ വേലിക്കെട്ടുകള്‍ പൊളിഞ്ഞു പോവുകയും യാഥാര്‍ത്ഥ്യത്തിന്റെ പുറം പാളികള്‍ വലിച്ചു കീറിക്കൊണ്ട് രണ്ടു ശരീരങ്ങള്‍ ദിഗംബരങ്ങള്‍ ആകുകയും ചെയ്യും എന്നൊരു ഭയം അതാണ്‌ നിരകാരത്തിന്റെ പാരമത്യം ഒരു വശത്തെ വലിച്ചു മാറ്റിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു എന്നാല്‍ മറുവശം ഒരിക്കലും ചിന്തിക്കപ്പെടാതെ പോകുന്നില്ലേ എന്ന് സംശയം ഇല്ലാതില്ല . ശരീരവും മനസ്സുമല്ല ഏകീകൃതമായ ഒരു സമവായത്തില്‍ ഇവ ഒരു ഭാഗവും അഭിനയിക്കുന്നില്ല എന്നും ഇവ പരസ്പര പൂരകങ്ങള്‍ ആയതു കൊണ്ട് മാത്രം ഒരുപക്ഷെ അതും അവസരം എന്നൊരു വില്ലന്‍ അവിടെ കടന്നു വരികില്ല എങ്കില്‍ ഒന്നും തന്നെ സംഭവിക്കുക ഇല്ല എന്നും , അപ്പോഴും പ്രണയവും ഇഷ്ടവും അതെ അളവില്‍ കൂടുതല്‍ തെളിമയോടെ നിലനില്‍ക്കും എന്നും അറിയാന്‍ കഴിയാതെ പോകുന്ന പോലെ .
പലപ്പോഴും സമരസപ്പെടല്‍ ആണ് ജീവിതത്തിന്റെ വസന്തങ്ങളില്‍ പൂവ് വിടര്‍ത്തേണ്ടത് . എന്റെ , നിന്റെ എന്നീ ചിന്തകളില്‍ നിന്നും അകന്നു നമ്മുടെ എന്നൊരു ചിന്ത എന്ത് കൊണ്ടോ അവിടെ ഉണ്ടാകുന്നില്ല അതാകാം ഈ സമരസപ്പെടലുകള്‍ വിജയം കാണാതെ പോകുന്നത് . മാറ്റം ഉണ്ടാകേണ്ടത് രണ്ടു ഭാഗത്ത് നിന്നും ആകണം എങ്കില്‍ കൂടിയും ഒരു വശം മാത്രം മാറ്റങ്ങള്‍ക്കു തയ്യാര്‍ ആകുകയും മറു വശം എന്റെ ശരികളില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സുകള്‍ അകന്നു പോവുകയും ശരീരങ്ങള്‍ വെറും യന്ത്രങ്ങള്‍ പോലെ ഒരേ കട്ടിലില്‍ ഉരഞ്ഞു തീരുകയും ചെയ്യുന്നു . ക്രമേണ കുഞ്ഞുങ്ങളുടെ മുന്നിലെ , സമൂഹത്തിനു മുന്നിലെ അഭിനയത്തിന്റെ വേഷ വിധാനങ്ങള്‍ പഴകുകയും ചായം അടര്‍ന്ന കഥാ പാത്രങ്ങള്‍ വികൃതമായ സംഭാക്ഷണങ്ങള്‍ കൊണ്ട് വേദിയേ നിരന്തരം അലങ്കോലം ആക്കുകയും ചെയ്യുന്നതും കാണുക സ്വാഭാവികം ആകുന്നു .
ഇവയില്‍ നിന്നൊരു മോചനം എന്ന പോലെ ആകാം പലപ്പോഴും പ്രണയം കണ്ടെത്തുന്ന ചില്ലയില്‍ അതെത്ര ദുര്‍ബ്ബലം ആണെങ്കിലും എത്ര ചിതലരിച്ചതോ ഉണങ്ങി വരണ്ടതോ ആയാലും അതില്‍ കൂട് കൂട്ടാന്‍ മനസ്സ് തയ്യാറെടുക്കുന്നത് . പലപ്പോഴും ദുര്‍ബ്ബലമായ മറ്റൊരു കൂട് അതില്‍ നിന്നും തള്ളി താഴെ ഇട്ടു കൊണ്ടോ അല്ലെങ്കില്‍ ആ കൂടിനു സമാന്തരമായി മറ്റൊരു കൂട് നിര്‍മ്മിച്ച്‌ കൊണ്ട് ഒരു ഒളിച്ചു കളിയിലൂടെയോ നിലനില്‍പ്പിനു ശ്രമിക്കുന്ന ചില വിദൂരമായ ദയനീയത ദര്‍ശിക്കാന്‍ സാധിക്കുന്നു സംസാര ലോകത്ത് .
പിടഞ്ഞു മാറാനോ , കുടഞ്ഞു എറിയാനോ കഴിയാതെ ഇത്തരം കൂടുകളില്‍ ചെറു കിളികള്‍ ശ്വാസം മുട്ടി ജീവിക്കുന്നുണ്ടാകും . മഴയും വേനലും മാറി മാറി വരുമ്പോഴും തന്റെ ചിറകുകള്‍ അരിഞ്ഞിട്ടിരിക്കുന്നു എന്നൊരു മിഥ്യാ ചിന്തയില്‍ പറക്കാന്‍ കഴിയാതെ രക്ഷപെടാന്‍ കഴിയാതെ ഉഴലുന്ന ചെറു കിളികള്‍ . അവയുടെ നോവുന്ന നെഞ്ചിന്‍ കൂടില്‍ നിന്നാണ് ജീവിതം അതിന്റെ ദയനീയത ഒപ്പിയെടുക്കുന്നത്‌ ......................ബിജു ജി നാഥ്

2 comments:

  1. എന്‍റേതെന്നോ നിന്‍റേതെന്നോ ഭേദചിന്തയില്ലാതെ ഒന്നായികാണാന്‍ മനസ്സുണ്ടാവണം!
    ആശംസകള്‍

    ReplyDelete