Monday, January 30, 2012

തസ്ക്കരന്‍


പ്രണയനിലാവ് പൊഴിയുന്ന രാവില്‍
പനിമതി നീ എന്നരികിലിരിയ്ക്കു.
പ്രണയം ഞാന്‍ കൈകളില്‍ പുഷ്പങ്ങളാക്കാം   
നിന്‍ പേലവാധരങ്ങള്‍ എനിക്ക് തരു.

പിണമാണ്  നാമീ  ജീവനറ്റാല്‍ , പിന്നെ -
കരുതി വയ്കുന്നിതാര്‍ക്ക് വേണ്ടിയെന്‍ പ്രിയസഖി?
"കിടയറ്റ ശുദ്ധമാം നറുനെയ്യൊന്നുമേ
വിപണിയിലില്ലന്നറിയുക നീ ".

ഒരു മഴപെയ്താല്‍ ഒലിച്ചു പോകാനുള്ള
ചളിയത് മാത്രമേ ബാക്കിയുള്ളൂ.
എന്നരികത്തൊന്നു നീ ചേര്‍ന്നിരിക്കൂ
നിന്റെ മേനിയെ ഞാനൊന്ന് പുല്‍കിടട്ടെ..!

മനമതില്‍ വേപഥു  വേണ്ടിതൊട്ടും   
അവനിയിലിത് ചിരം സത്യമൊട്ടും
കഴിവതും നിന്നുടെ മേനിയില്‍ ഞാന്‍
നിറമോലും ചിത്രങ്ങളെഴുതിവയ്കാം..!

നിശാഗന്ധിതന്‍ സുഗന്ധവും വെണ്മയും
കാട്ടു തേനിന്‍ മധുരവും നിറവുമീ-
യധരങ്ങളില്‍ ഒളിപ്പിച്ചുവച്ച നീ 
ഇനിയുമെന്തിനായ് വേപഥു   പൂകണം.?

കരിയില തന്നീ മെത്തയില്‍ ഒന്നിച്ചു     
രാക്കുയില്‍ പാട്ടിന്റെ ഈണവു നുകര്‍ന്ന്   
പുതുപുതു ലോകത്തിന്‍ കാണാപുറം തേടിടാം
ഒരു നിമിഷമീ കണ്ണോന്നടയ്ക്കുകില്‍.

മറന്നുപോയിടും മറ്റെല്ലാ വ്യാധിയും..!
ഇനിയൊരിക്കലും ചോദിക്കയില്ല ഞാന്‍
ഇനിയൊരിക്കലും കാണുകയില്ല നാം
ഇത് നമുക്കായ് നാം കാത്തു വയ്ക്കുന്ന
പ്രണയ സാക്ഷ്യം ആണെന്നോര്‍ക്കണം .

കുതികുതിപ്പിലും കിതപ്പിലും മുങ്ങി
അകന്നു പോകുമാ സുഖദ നിമിഷങ്ങള്‍
കീഴടക്കുന്നു ചക്രവാളങ്ങളീ ചതഞ്ഞ -
കരിയില, ചരല്‍കല്ലിന്‍ ലോകത്തില്‍.

കടിഞ്ഞാണയച്ചോരാ കുതിരയെ പോലിതാ ..!
ഇരുള് മാത്രം കണ്ണടച്ചുള്ളോരീ
ചിതറി വീഴും ഇലക്കീറിന്‍ വെളിച്ചത്തില്‍    
കട്ടുറുമ്പുകള്‍ നുകരുന്നുണ്ടൊരു കന്യകാത്വത്തിന്‍
കറുകറുത്തൊരു രുധിരബാഷ്പങ്ങള്‍.
വെറും നിലത്തിപ്പോളും ചെറു മയക്കമാ -
ണവളുടെ ഗന്ധമേറ്റ  കരിയിലകള്‍ .

പുതിയ പൂവിന്‍ മധു തേടി പോകുമാ
മധുപന്റെ ചുണ്ടില്‍ മുരളുന്ന ഗീതവും 
കണ്ണിലൂറും കാമത്തിന്‍ വെളിച്ചവും കാണ്‍കെ
മിഴിയടക്കുന്നു പനിമതി മേലെയായ് .
മൃതിയെ ഭയന്നൊരു കൊച്ചു കൂമന്റെ
വിളിയത് മാത്രം മുഴങ്ങുന്നു ചുറ്റിലും
---------------ബി ജി എന്‍ ---------------------
     

No comments:

Post a Comment