Saturday, January 21, 2012

തുറക്കാത്ത മനസ്സ്


കിനാവിന്റെ ഇരുമ്പ് വാതില്‍ തുറന്നു വരുന്നതാരാണ് ?
ഇരുള് മാറി വെളിച്ചമുരുകുന്ന ഈ പകലില്‍ ...!
എന്റെ സിരകളിലൂടെ ചോണനുറുംബുകള്‍ അരിച്ചിറങ്ങുന്നു.
എന്റെ തലച്ചോറില്‍ തീവണ്ടിയുടെ ചക്രമുരുളുന്നു .!

കാമം കടിച്ചു തുപ്പിയ ചിന്തകളില്‍
വഴുവഴുക്കാര്‍ന്ന ഒച്ചിഴയും പോലെ
ശ്വാസനാളി തുളച്ചിറങ്ങും മദഗന്ധം
കരിനാഗഫണത്തില്‍ വിഷബീജത്തിന്റെ ശവഗന്ധം. !

വിരസമാകുന്ന പകലുകള്‍ , എന്നാല്‍ രാത്രിയോ-
മധുരമൂറുന്ന മന്മഥ ശാലയാകുന്നു.
കഠിന തപത്താലുരുകും വ്യഥകളെ,
രതി മധുരമാം ഇളംകാറ്റ് അണയ്ക്കുന്നു...!

വിഷപ്പുകയും കരിംതേളുകളും ചേര്‍ന്ന്
രസമുകുളങ്ങള്‍ തിന്നു തീര്‍ക്കുമ്പോളും,
സര്‍ഗ്ഗവാസന എന്‍ പ്രേയസി തന്നുടെ-
അംഗവടിവില്‍ മഷി ചായം തേക്കുന്നു.

ആലിംഗനത്തിന്റെ ആഴത്തില്‍ തുടങ്ങി
ചുംബനത്തിന്റെ പൂന്തോട്ടത്തിലൂടെ സഞ്ചരിച്ചു
ശൈശവത്തിന്റെ മുല  കണ്ണിലെത്തുമ്പോള്‍
കണ്ണുകളില്‍ അന്ധത വന്നു മൂടാന്‍ തുടങ്ങുന്നു...!

കാനനത്തിന്റെ വന്യ നിഗൂഡമാം
സാന്ത്വനത്തിന്റെ ചോലയിലൂടെയീ ചെറു -
കളിയോടം തുഴയാന്‍ കൂട്ടിന്നിന്നു ഞാന്‍
നിന്നെയും കൂടി കൊണ്ടുപോയിടട്ടയോ ?

അരുതുകള്‍ നമുക്കിടയിലുണ്ടെന്നാലും
പരതുവാന്‍ വിരലുകള്‍ പഴുത് തേടുമെന്നാകിലും,
ബോധത്തിന്റെ തന്ത്രികള്‍ മുഗ്ദ്ധമാം നിന്‍
സ്നേഹത്തിന്റെ താഴ്വരയില്‍ കാത്തിരിക്കുന്നുണ്ടാം !

ഒരു ചെറു പുഷ്പമായ് വികാരത്തിന്റെ ചൂളയില്‍
വാടിത്തളരാനെന്നെ നീ അനുവദിച്ചെന്നാലും,
ഉരുകും നിന്‍ മനസ്സിലെ ശിഥിലമാം  ചിന്തക-
ളിലമരുവാന്‍ നീ അനുവദിച്ചീടുമോ ?

മതിവരുവോളമീ മടിയില്‍ മയങ്ങുവാന്‍
ഇരുമനമൊരു മെയ്യായ് നാഴിക താണ്ടുവാന്‍,
ഇനിയും വരും രാവുകള്‍ പകലുകള്‍ , എന്നാല്‍
മഴ മേഘങ്ങള്‍ മനസ്സില്‍ കൂട് കൂട്ടുമോ ?

കനലുകള്‍ പുകയുന്ന ശയ്യാതലങ്ങളില്‍
പനിനീര്‍ തളിച്ചു ഞാനെന്റെ താരാട്ടിനാല്‍
ഇമകളുതിരാന്‍ വിട്ട കണ്ണീര്‍കണങ്ങളെ
അധരമൊരിക്കലും തൂവുവാന്‍ വിട്ടീലല്ലോ .!

തരികെനിക്ക് നിന്‍ സ്നേഹവും ., പിന്നെയാ
തനുവിലുരുവുന്ന ജീവനും ഗന്ധവും
ഒരു മണിവീണ പോലതിന്‍ തന്ത്രികള്‍
പതിയെ മീട്ടി ഞാന്‍ പുളകിതയാക്കീടം !

ഹൃദയവേണുവില്‍ ഞാന്‍ മീട്ടും ഗാനത്തില്‍
വരിക നീ സഖീ  മല്പ്രേമ വാടിയില്‍
തരിക നിന്‍ വിരല്‍തുമ്പൊന്നെനിക്കെന്‍ 
മുരളിക തന്‍പഴുതൊന്നടക്കുവാന്‍ !

കാലമിനിയും വരും പോകും മുന്നിലായ്
നാട്ടു വഴികളില്‍ ചെടികള്‍ തളിര്‍ത്തിടാം
പരല് പോലെയാ ചെറുമീന്‍ കുഞ്ഞുങ്ങള്‍
നടവഴിയിലെ ചോലയില്‍ നീന്തിടാം !

പൂമരക്കൊമ്പില്‍ കൂടുകൂട്ടാനായ്
ചെറു കിളികള്‍ പിന്നെയും വന്നീടാം
ചിത്രകൂടങ്ങളില്‍ നിറയും ഫണങ്ങളും
ഈണമോടെ നിന്‍ മുളംകാടും പൂത്തിടാം.

ചോലമരങ്ങള്‍ തന്‍ ശീതളച്ചായയില്‍ ,
വാനപ്രസ്ഥത്തിന്‍ കിതപ്പുയരുമ്പോള്‍
യാത്ര പോകുവാന്‍ വെറും കയ്യുമായ് നാം
കൈവിരല്‍ കോര്‍ത്ത്‌ മെല്ലെ നടന്നിടാം.

കരുതി വയ്ക്കുന്നു മല്‍പ്രിയക്കായെന്റെ -
വ്യഥിതമാം  ഹൃത്തില്‍ മൂടിവച്ചുള്ളരാ-
സ്നേഹവും പിന്നെ ചുടുചുംബനങ്ങളും .
മതിവരുവോളമിന്നു നീ മയങ്ങുക.
ഇമകള്‍ ചിമ്മാതെ കൂടെ ഞാനുണ്ടല്ലോ...
----------------------ബി ജി എന്‍ ----------------------------

No comments:

Post a Comment