Sunday, January 22, 2012

തണല്‍ വൃക്ഷം


വിജനമീ പാതയോരത്തായി ഏകാന്തം
ഒരു തപസ്വി ഞാനറിയുന്നു നിന്നെ
കറ തീര്‍ന്ന പാപത്തിന്‍ ഫലമായി നീയിന്ന്
ഒരു മഹാഗണിയായി പടര്‍ന്നു നില്പൂ..!

ശിഖരങ്ങളില്‍ കൂട് കൂട്ടി കുടുംബിനിയാകുന്ന-
കിളികള്‍ക്ക് നീ അഭയമെകുന്നതും.
കലപില ശബ്ദത്താലവര്‍ തീര്‍ക്കും നാദം
നിന്നുറക്ക്‌ പാട്ടായി നിന്നെ തഴുകുന്നതും.

ഒരു ചെറു കാറ്റിന്‍ കരങ്ങളില്‍ നീയവരെ
ഊഞ്ഞാലാട്ടി കളിക്കുന്നതും കണ്ടു ഞാന്‍
സായാഹ്നങ്ങളില്‍ നിന്‍ മടിയിലമര്‍ന്നു കൊണ്ട്-
ആഗോള കാര്യങ്ങള്‍ ചര്‍വ്വണം ചെയ്യുമ്പോള്‍,
ഒരു കുളിര്‍ തണലായി നീ അവരെ തലോടുന്നതും,
ഒരു നല്ല ശ്രോതാവായി നീ അവരെ തഴുകുന്നതും.

വിജനമാം രാത്രിയില്‍ അഭയം തിരയുന്ന
അനാഥ ജന്മങ്ങള്‍ക് നീ ഗേഹമാകുന്നതും
നിന്റെ ശിഖരത്തില്‍ ജീവിതം ഹോമിക്കുന്നവര്‍കു-
നീ ഒരു നോവായി താങ്ങി നിര്‍ത്തുന്നതും,
ഒരു ദുഃഖ സത്യമായി കാലത്തിന്‍ മുന്നില്‍,
ഒരു മൂക സാക്ഷിയായി നീ നില്കവതും കാണ് വു ഞാന്‍.

--------------
ബി ജി എന്‍--------------------

No comments:

Post a Comment