Saturday, January 21, 2012

പെരും കള്ളന്‍


നീയുറങ്ങുമ്പോള്‍ നിന്നരികില്‍
ഒരു വേനല്‍ തുണ്ടായ് ഞാന്‍ ....
തലയിണയായ് നീ കരുതിയ കൈകളില്‍
തൂമഞ്ഞിന്‍ തണുവായിരുന്നുവോ  ....!

അതിദ്രുതം പിടയുമീ കൃഷ്ണ മണികള്‍ -
നിന്‍ ഇമകളെ നോവിക്കുകില്ലേ.?
ചൊടികളില്‍ വിരിയുന്ന മൃദുസ്മേരം  കണ്ടു
പനിമതി ഇരുളില്‍ മറഞ്ഞുവോ ?

പതിയെ നിന്‍ മുടിയിലെന്‍
 വിരലുകള്‍ ഓടുമ്പോള്‍
കുറുകുന്ന  പ്രാവിന്‍ സ്വരമായ് നീ
വിരിയിലായ് ചുരുളുന്നു മെല്ലെ.

കവിളില്‍ പടരുന്ന ശോണിമ ഞാനെ-
ന്നധരത്താല്‍ ഒപ്പിയെടുക്കവേ ..!
മുറുകെ പിടിച്ചെന്‍ കരതലം നീ നിന്റെ
ഹൃത് താളം കേള്‍പ്പിക്കുന്നുവല്ലോ .

അതിലോലമാ നെഞ്ചിന്‍ മിടിപ്പില്‍
ഞാന്‍ നിന്റെ പ്രണയം തിരിച്ചറിയുന്നു.
അത് കേട്ട് തൊടിയിലെ പനിനീര്‍ പൂവിന്റെ
ഇതളുകള്‍ മെല്ലെ വിടര്‍ന്നു...!

ഇരുളില്‍ നിന്നെങ്ങോ ഒരു കുയില്‍ നാദം
മധുരമായ് എന്നെ തഴുകി തലോടവേ
നിന്‍ മാറിന്‍ ചൂടില്‍ നിന്നൊരുനാളും
 പോകില്ലെന്നെന്‍ വിരലുകള്‍ പിറുപിറുക്കുന്നു.

അതുകേട്ടു കിനിയുന്ന സ്നേഹത്തിന്‍
വെണ്മയില്‍ നഖചിത്രം ഞാനെഴുതുന്നു.
മഞ്ഞിന്‍ തണുപ്പെങ്ങോ പോകുന്നതറിയുന്നു
വേനലാണെങ്ങുമീ  ഇരുളില്‍..!
ഇവിടെവിടെയോ വിരലുകള്‍ പരതുന്നു
കളവു പോയൊരെന്‍ രുദ്രാക്ഷ മണികളെ.....!
---------------ബി ജി എന്‍ ......................

No comments:

Post a Comment