Sunday, January 22, 2012

നിലാവ് ഉറങ്ങുകയാണ്


നിലാവുറങ്ങുകയാണ് രാവിന്‍
നീലപുതപ്പുമണിഞ്ഞിവിടെ -
നിലാവുറങ്ങുകയാണ്.
മേലെ വാനിലെ താരകങ്ങളെ നോക്കി
മുയല്‍ കുഞ്ഞുങ്ങള്‍ കണ്ണുചിമ്മുന്നോരീ രാവില്‍
ഒരു തണുവിന്‍ നേര്‍ത്ത സ്പന്ദനമായി
മാരുതി തന്‍ വിടര്‍ന്ന കരങ്ങളിലായി
നിലാവ്  ഉറങ്ങുകയാണ്....!

പകല്‍ മുഴുവന്‍ കൊള്ളയടിച്ചൊരാ മുതലുമായ് ,
കിനാവില്‍  നാളത്തെ ദിനം പേറിയുറങ്ങുന്ന
പാവമാം പണക്കാരന്റെ ഭാണ്ടവും താങ്ങി
രാത്രീഞ്ചരന്റെ പ്രയാണം കണ്ടുകൊണ്ടു
നിലാവ് ഉറങ്ങുകയാണിവിടെ....!

പകല്‍ വെളിച്ചത്തില്‍ മൊബൈല്‍ തന്ന
മെസ്സേജിന്നുറവിടം തേടി -

കൗമാരത്തിന്റെ തേരൊഴുകുന്നതും,
മിസ്കാളിന്‍ വെളിച്ചത്തില്‍ മുറിവാതിലുകള്‍
തുറന്നടയുന്നതും കണ്ടുകൊണ്ട്
നിലാവ് ഉറങ്ങുകയാണ്...........!

ജാലകത്തിന്‍ തിരശ്ശീലയിലൂടെ
പണിശാലയില്‍ മെനയുന്ന ബോംബുകളില്‍
പടര്‍ന്നാളിയോരഗ്നി തന്‍ ചൂളയില്‍
ചിതറുന്ന മാംസങ്ങള്‍ കണ്ടു കൊണ്ട്
നിലാവ് മയങ്ങുകയാണിവിടെ......!

ഉരുകുന്ന വേനല്‍ ചൂടില്‍
കരയുന്ന കുഞ്ഞിന്‍ വിശപ്പാറ്റാന്‍
തണുവുന്ന തണുപ്പിലാരുടെയോ
ചൂടകറ്റുന്നോരമ്മ തന്‍ കണ്‍കളില്‍
വിതുമ്പുന്ന കുഞ്ഞിന്‍ മുഖം
കണ്ടുകൊണ്ടു നിലാവ് ഉറങ്ങുകയാണ്...!

ഇന്നിന്‍ ഭ്രമങ്ങളില്‍ പെട്ടി -
ല്ലാത്ത ഭാരങ്ങള്‍ ചുമലേറ്റിയൊടുവില്‍
നടുക്കുന്ന നാളെയുടെ പ്രളയത്തെ ഭയ -
ന്നൊടുക്കുന്ന ജീവിത പകര്‍ച്ചകളില-
റിയാതെ വീണുടയുന്ന കുരുന്നുകളെ നോക്കി
നിലാവുറങ്ങുകയാണ് മന്ദം ...!

നാളെ തന്‍ പുലരിയില്‍ കാണുവാന്‍
പോകുമാ ഓമന പൈതലിന്‍ വദനം -
സ്വപ്നം കണ്ടു, പായുമാ  ശകടത്തിന്‍
മയങ്ങുമീ യാത്രികനേതോ ഭ്രാന്തന്‍ തന്‍
പ്രതികാരഗ്നിയില്‍  പൊട്ടിത്തെറിക്കുന്നതും
കണ്ടു  നിലാവ് ഉറങ്ങുകയാണ്...!

പാതി വഴിയില്‍ തനിച്ചാക്കിയൊരിണയെ

ജീവിതം വഴിമുട്ടിക്കുന്ന യൗവ്വനത്തെ
കഴുകന്‍ കണ്ണുകളുടെ മാര്‍ജ്ജാര പാദങ്ങളെ,
എല്ലാം ശപിച്ചു കൊണ്ടീ നെറികെട്ട ലോകത്തെ
നോക്കും ചോദ്യചിഹ്നമായൊരു -
പെണ്ണിന്‍ ശവം തൂങ്ങിയാടുന്നതും
കണ്ടു കൊണ്ട് നിലാവുറങ്ങുകയാണ് ...!

കീറത്തുണിയില്‍ പൊതിഞ്ഞു പിടിച്ചൊരാ
കിളുന്നു പൂവുടലിനെ പരതിവരുന്നൊരു
ചെളിപിടിച്ച വിരല്പാടുകളില്‍ നിന്നും
വിറപൂണ്ടു ചുരുണ്ടുകൂടുമാ തെരുവുബാല്യത്തിന്‍
നിസ്സഹായത കണ്ടുകൊണ്ടു
നിലാവ് ഉറങ്ങുകയാണിവിടെ...!


യുവതിയില്‍ നിന്നും സുമംഗലിയിലേക്ക്
കൂടുമാറിയൊരാദ്യരാവിന്‍
നാണവും പേറി, ഉടലിനെ ഉടലാല്‍
മറയ്കുമീ യുവമിഥുനങ്ങളുടെ -
സ്വേദബിന്ധുക്കളാല്‍ തിളങ്ങുമീ
വാസന്ത രാവില്‍  ലജ്ജാഭരിതയായ്
നിലാവ് മയങ്ങുകയാണ്...!


എല്ലാ കാഴ്ചകളെയും മറച്ചുകൊണ്ട്‌
എങ്ങു നിന്നോ വന്ന കാര്‍മേഘം
ഒരു പ്രതിനായകനായി വെല്ലുവിളിക്കുമ്പോളും ,
നിറയുന്ന മൗനവും പേറി,
മൂകമാം സ്നേഹത്തിന്‍ ഈണവും മൂളി,
ഏതോ രാക്കുയില്‍ മധുരഗാനത്തില്‍
നിലാവ് മയങ്ങുകയാണിവിടെ ....!


ആരോടും പരിഭവമില്ലാതെ,
വിദ്വേഷമില്ലാതെ ,
ആരെയും ശപിക്കാതെ
നിലാവ് ഉറങ്ങുകയാണിവിടെ ...
മന്ദമാരുതന്റെ വിശറിത്തൂവലില്‍
ഒരു പിഞ്ചു കുഞ്ഞിനെ പോലെ
നിലാവ് ഉറങ്ങുകയാണിവിടെ ...
രാവിന്‍ നീലപുതപ്പണിഞ്ഞു
നിലാവ് ഉറങ്ങുകയാണിവിടെ
.........................ബി ജി എന്‍

No comments:

Post a Comment