Monday, June 25, 2012

ഭയം

വെട്ടിമുറിക്കാനും വെട്ടി നിരത്താനും
നീ എന്നെ ഉപയോഗിച്ചപ്പോള്‍,
നിന്റെ മുഖത്ത് ഞാന്‍ കണ്ടത്
പകയുടെ കൊലവെറിയായിരുന്നു .

പക്ഷെ ഇന്ന് നീതിപീഠത്തിന്റെ
തുലാസില്‍ എന്റെ ജന്മം തുലനം
ചെയ്യുന്ന ഈ ആറാം യാമത്തില്‍
 നിന്റെ കണ്ണില്‍ വിരിയുന്നത്  
നിസ്സംഗതയുടെ ശംഖുപുഷ്പങ്ങള്‍  മാത്രം ..!

അലറിക്കരയുന്ന ഇരയുടെ കണ്ണുകളില്‍
ദയനീയത മാത്രമേ ദര്‍ശിപ്പൂ ..
കൊല്ലടാ എന്നെ എന്നൊരുവനും
കണ്ണില്‍ നോക്കി അലറിയിട്ടില്ല ..!

മരണം കണ്ണില്‍ വന്നു തൊടുമ്പോള്‍
കുടുംബവും ദയയും പാഞ്ഞു വന്നൊരു
കൈകൂപ്പിന്റെ ചാരം നിറയ്ക്കുമ്പോള്‍ ,
സേനാപതിയെ പോലെ വിരല്‍ ചൂണ്ടും
പഴയ ഓര്‍മ്മകളെ പാടെ മറക്കാന്‍ പഠിച്ചവര്‍. 
 
ഓരോ ഇരയിലും ഒരു വീടുണ്ട്,
മകളുണ്ട് മകനുണ്ട് , ഭാര്യയുണ്ട്
അമ്മയുണ്ടച്ഛനുണ്ട്  .
ഇരയുടെ ജീവനെടുക്കുന്നവന്‍
നാളെ   ഇരയാകുന്ന
 തത്വശാസ്ത്രമുണ്ട്
എങ്കിലും
ഇരകള്‍ മരിച്ചു വീഴുന്നു ...!

അനാഥമാകുന്ന ഓരോ കുടുംബത്തിലും
നാളെയുടെ ചാവേറുകള്‍
കണ്ണുകളില്‍ പകയുടെ അഗ്നി
നിറച്ചുറങ്ങാതിരിക്കുന്നുണ്ട്  .

പകലുകള്‍ രാത്രികളാകുന്ന
വിശുദ്ധ യുദ്ധങ്ങളില്‍
പട ആര്‍ക്കുനേരെയെന്നറിയാതെ
പൊരുതാനിറങ്ങുന്ന ചാവേറുകളുടെ
ക്ഷണിക ജന്മമാണ്
ഇന്ന് ഇടതും വലതും
താമരകളിലും
വിടര്‍ന്നുല്ലസിക്കുന്നത് ..!

മോചനം ആര്, ആരില്‍  നിന്നും ?
എന്ത്, എന്തില്‍ നിന്നും ?
എനിക്ക് എന്നില്‍ നിന്നോ
നിന്നില്‍ നിന്നോ ?

ഉത്തരമില്ലാത്ത പകലുകളേ ,
നിദ്രയില്ലാത്തെ രാവുകളേ ,
നിങ്ങളെന്നാണ്  , ഏത്
ഇരുളിന്റെ പുകമറയിലാണ്
എന്റെ ജീവനെടുക്കുന്നത് ?
-----------------ബി ജി എന്‍ ----

No comments:

Post a Comment