Friday, June 8, 2012

തിരയുടെ മടക്കം

എന്റെ സാരംഗിയില്‍ പടരും വേദന
നിന്റെ മിഴികളില്‍  കൗതുകമാകവേ
ഒരു നനുത്ത ചിരിയുമായ്‌ ഞാന്‍ നിന്റെ -
വിടര്‍ന്ന കരങ്ങളില്‍ നിന്നിറങ്ങീടുന്നു.

സൂര്യനെ സ്നേഹിച്ച ചെന്താമരയോ
ചന്ദ്രനെ പ്രണയിച്ച നിശാഗന്ധിയോ
എന്റെ പ്രിയമേതെന്ന തിരയല്‍ വേണ്ട
എനിക്കിഷ്ടം പരിമളം വീശും തണുപ്പാണ്.

കടുംതുടി മേളം , രവാരവം ചുറ്റിനും
പൂവിളി പോല്‍ വാനില്‍ പടരും താരകങ്ങള്‍
എന്റെ മിഴികളില്‍ പടരും പൂത്തിരിയില്‍
നിന്റെ ജാലവിദ്യകള്‍ വെറും കാഴ്ച മാത്രമോ ?

കണ്ണീരുണങ്ങാത്ത കവിള്‍ത്തടം തഴുകി
ശാരിക എന്നോട് ചൊല്ലുന്നു മന്ദം
പോരുക സഖേ നമുക്കായ് ഒരുങ്ങാത്ത
നാടകശാലയില്‍ നിന്നും വേഷമഴിച്ചു നീ

ഇല്ലാത്ത നാട്യങ്ങള്‍ ഉണ്ടെന്നു ശഠിക്കുവാന്‍
എന്തുണ്ട് നിന്‍ കയ്യില്‍ നല്‍കുവാനിനി ബാക്കി
ഇല്ലില്ല കരളിന്റെ നോവൊന്നു മാത്രമേ
കണ്ണിമ കാണാതെ പോകുന്നതുള്ളിവിടെ ....!

================ബി ജി എന്‍ ----08.06.2012

No comments:

Post a Comment