Saturday, January 11, 2014

പരാജിതന്റെ സുവിശേഷം

ഹേ എഴുത്തുകാരാ ,
ഒരു നിമിഷം നില്‍ക്കൂ .
എഴുത്താണി മുനയൊടിച്ചു
ഇരുട്ടിലെക്കൊരു ഭീരുവിനെപ്പോലെ
നീ എന്തിന് യാത്രയാകുന്നു ?

അപരിചിതനായ വിരുന്നുകാരാ
ആകാശവും ഭൂമിയും
അക്ഷരങ്ങള്‍ കൊണ്ട് കീഴടക്കിയ
എന്റെ തൂലികയ്ക്ക്
ഇരയാവാന്‍ ഇനിയൊന്നുമില്ലെന്നു തിരിച്ചറിയുന്നു ഞാന്‍ .
മടക്കി വയ്ക്കുന്നെന്‍ നാരായം .

ഹേ അഹങ്കാരിയായഅക്ഷരത്തൊഴിലാളി,
നിന്റെ കണ്ണുകളിലെ ഹാസ്യം
മൊഴികളിലെ മുഷ്ക്
നിന്റെ അഹങ്കാരങ്ങള്‍ കൊണ്ട്
നീ എന്താണെഴുതിയത് ?

ജീവിതത്തിന്റെ തീഷ്ണതകള്‍
എന്റെ വാക്കുകളിലൂടെ നീ വായിച്ചിരുന്നില്ലേ ?
രതിയുടെ നീലവെളിച്ചമേറ്റ് 
നിന്റെ കണ്ണുകളെത്രയോ വട്ടം
മഞ്ഞളിച്ചിരിക്കുന്നു .

അല്ലയോ അപരിചിതനായ വായനക്കാരാ
എന്റെ തൂലികയുടെ മുന കൊണ്ട്
ഭരണകൂടങ്ങള്‍ പുളഞ്ഞതോര്‍ക്കുന്നില്ലേ ?
എന്റെ മഷിക്കുപ്പിയില്‍ നിന്നും
തെരുവില്‍ ചോര പടര്‍ന്നതറിഞ്ഞില്ലേ ?
നിന്റെ കണ്ണുകളായി
ജിഹ്വയായി
മനസ്സായി
എത്രയോ എഴുത്തുകള്‍ ഞാന്‍ തന്നിരുന്നു .

ആയിരിക്കാം കലാകാര ആയിരിക്കാം .
പക്ഷെ , നീ ഒരിക്കലെങ്കിലും
പച്ച മനുഷ്യനെ കണ്ടിരുന്നോ ?
നിന്റെ എഴുത്തില്‍
പ്രണയത്തിന്റെ കാല്പനികതയല്ലാതെ
ജീവിതത്തിന്റെ നൊമ്പരമുയര്‍ത്തിയോ ?
ഹസ്തമൈഥുനത്തിലൂടെ
നീയെഴുതിയ രതിവാക്യങ്ങള്‍
നിനക്ക് മുന്നില്‍ സ്ഖലിച്ചു കിടക്കുന്നില്ലേ ?
കടിച്ചു തുപ്പിയ
പെണ്ണുടലുകള്‍ ഞരങ്ങുന്നില്ലേ പ്രജ്ഞയില്‍ ?
നിന്റെ നാരായമുനയില്‍ കുരുങ്ങി
പരശതം ദൈന്യതകള്‍ പുളയുന്നില്ലേ ?

അപരിചിതനായ വഴിയാത്രക്കാരാ 
വിശക്കുബോള്‍ ഭക്ഷണവും
ദാഹിക്കുമ്പോള്‍ ലഹരിയും തന്നു
ഭോഗത്തിന് അംഗനമാരെ വിളമ്പിയ
അധികാരമുഷ്ക്കില്‍
എന്റെ അക്ഷരങ്ങള്‍ നിന്നെ
പുണര്‍ന്നിരുന്നില്ലായിരിക്കാം .
എന്റെ വാക്ശരങ്ങള്‍
ധര്‍മ്മയുദ്ധത്തിനായിരുന്നില്ല .

നിങ്ങള്‍ ഒരിക്കലെങ്കിലും
പ്രണയിച്ചിട്ടുണ്ടോ എഴുത്തുകാര ?
പ്രണയത്തിന്റെ ചോര വീണ
ഇരുളിലൂടെ നടന്നിട്ടുണ്ടോ ?
പ്രണയിനിയുടെ മുലയിടുക്കില്‍നിന്നും
നിങ്ങള്‍ എന്നെങ്കിലും അവളുടെ
ഹൃദയത്തിലേക്ക് പോയിട്ടുണ്ടോ ?
അപൂര്‍ണ്ണമായ കാഴ്ചകളില്‍
നിങ്ങള്‍ പുളയ്ക്കുകയായിരുന്നു .
പ്രണയിനിയുടെ തിരസ്കാരത്തില്‍
മാറില്‍ തറച്ച വാക് ശരങ്ങളില്‍
ചോരവാര്‍ന്നൊഴുകുമ്പോള്‍
ചിരിക്കാന്‍ വിധിക്കപ്പെട്ടവന്റെ ദുഃഖം
നിങ്ങളനുഭവിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും ?

ഇല്ല സ്നേഹിതാ
നിങ്ങളുടെ വാക്കുകള്‍ക്ക് മുന്നില്‍
ഞാന്‍ തിരിച്ചറിയപ്പെടുന്നു .
മുനയൊടിഞ്ഞോരീ നാരായത്താല്‍
എന്റെ നേത്രങ്ങള്‍ തുളച്ചും 
മഷിയുരുക്കി എന്‍ കാതിലൊഴിച്ചും
ഒരശ്വത്വാമാവിനെ പോലെ
എന്നെ അലയാന്‍ വിടുക .
ചരിത്രത്തിന്റെ സ്മാരകള്‍ ശിലകളില്‍
പിറക്കാതെ പോയൊരു കവിയായി
എഴുതാന്‍ പരാജയപ്പെട്ടൊരു
വെറും മനുഷ്യനായി
അലയാന്‍ വിധിക്കുകെന്നെ .
ഇനിയെനിക്കൊന്നു
തൊണ്ട പൊട്ടുമാറുച്ചത്തില്‍ പാടണം .

അക്ഷരങ്ങള്‍ക്ക് അജ്ഞാതമാകുന്ന
 ഇരകളെ കുറിച്ച്
സ്വാതന്ത്ര്യം നഷ്ടമാകുന്ന
ഉടലുകളെ കുറിച്ച്
കാമം കടിച്ചു കുടഞ്ഞ
പുല്‍നാമ്പുകളെ കുറിച്ച്
അധികാരം ചവിട്ടിതാഴ്ത്തിയ
തിരസ്കാരങ്ങളെ കുറിച്ച് .
ഒടുവില്‍
ജനിമ്രിതികളില്‍ അലിയണം
മാതാവിന്‍ സ്തന്യം നുകര്‍ന്ന്
ഒരു ഭ്രൂണമായി
തിരികെ പോകണമെനിക്ക് .
---------------------ബി ജി എന്‍ 

No comments:

Post a Comment