അരുതുകള്‍ പറഞ്ഞുകൊടുത്തു-
മരുതെന്നു വിലക്കിയും
പതിരുകള്‍ പറയരുതെന്ന്
പലവട്ടം പറഞ്ഞും കാടിറങ്ങി .
ഒരു യോനിയില്‍ നിന്നു -
മൊരാകാരമായ് പിറന്ന , നീ
നിന്നെ തന്നെ കാണുകെന്നു
കണ്ണാടി നല്‍കി പറഞ്ഞത് കണ്ണീരോടെയാകാം .
കാടു കേറി മേടു കേറി
കടല് താണ്ടിയും കാലം കഴിച്ചത്
കല്ലുകള്‍ കൊണ്ടല്ലമ്പലങ്ങള്‍
മനസ്സ് കൊണ്ടാകണം എന്നുറപ്പിക്കാന്‍ തന്നെയാകണം .
സംഘടിക്കാനും ശക്തമാകാനും
സംഘടനയെ കൊണ്ടുവന്നൊടുവില്‍
സംഘടിപ്പതു കണ്ടു നെഞ്ചു പൊത്തി
സങ്കടം പൂകിയത് കണ്ടില്ലെന്നു നടിച്ചത് കാലം.
ഒടുവിലൊരുനാള്‍ ഭാസ്മകുടീരത്തില്‍
ഓര്‍മ്മകളെ സമാധിയിരുത്തി
നെഞ്ചിലേറ്റി നടന്നവര്‍ പണിതു
ദന്തഗോപുരമൊന്നു നെഞ്ചത്ത് തന്നെ .
ഇന്നാ ഗോപുരമുറ്റത്തു
പടര്‍ന്നു നില്‍ക്കും പ്ലാശിന്‍ ചോട്ടില്‍
സംഘടിക്കുന്നു കൂട്ടമായി
സഞ്ചരിക്കുവാന്‍ ഭൂതകാലത്തിലേക്ക് .
ജാതി പറഞ്ഞും മതം പറഞ്ഞും
ചോരയോഴുക്കിയ ശക്തി പറഞ്ഞും
ബ്രാഹ്മണ്യത്തിന്റെ കാലടികളില്‍ നക്കുമ്പോള്‍
അസ്ഥികള്‍ ദ്രവിച്ചൊരു മണ്‍കുടീരത്തില്‍
ദ്രവിക്കാതൊരു മനസ്സ് പിടയുന്നു വേദനയാല്‍ .
---------------------------ബി ജി എന്‍
ഭൂതകാല ഇരുട്ടിലേയ്ക്ക് തിരിച്ചുനടക്കുന്നവര്‍!!
ReplyDelete