Thursday, January 16, 2014

ഉണരുക ആലസ്യം വെടിഞ്ഞിനി.


തെരുവുകൾ കത്തുന്ന
കാലമതങ്ങതി വിദൂരമല്ലെന്നോർക്ക നിങ്ങൾ  .
കനലുകൾ ഊതി
കരളുകൾ ചുവന്നതും
കണ്ണുകൾ കലങ്ങിയതും
കാണുന്നു ചുറ്റിലും പ്രതിദിനമെന്നറിയുക .

കാറ്റൊന്നടിച്ചാൽ
കത്തിയെരിയുമീ കോലങ്ങൾ ,
എങ്കിലും അറിയുന്നില്ലവർ തൻ
ആസനങ്ങൾ  ഉറപ്പിക്കപ്പെട്ടതു
നിന്റെ കരളുറപ്പിന്റെ
നിസ്സഹായതയല്ലെന്നു .

നായാടിക്കോലങ്ങൾ ,
അർദ്ധനാരികൾ , അവർ തൻ
ആസക്തികളിൽ
നിറയ്ക്കുക കാലമേ നിങ്ങൾ
പ്രതിഷേധത്തിന്റെ തീത്തൈലം
പൊള്ളിയുരുകട്ടെ,
അടരട്ടെ പിന്നെ
തിരയട്ടെ ജലാശയങ്ങൾ.

നിനക്കുമവർക്കുമിടയിൽ
തീർക്കപ്പെട്ടൊരീ നിഷേധത്തിന്റെ
നീതിവാക്യങ്ങൾ
നിന്നെ കാർന്നു തിന്നാതിരിക്കാൻ
പ്രതികരണത്തിന്റെ
നായ്ക്കുരണപ്പൊടികൾ ചൊരിയുക
സിംഹാസനങ്ങളിൽ .

അധികാരത്തിന്റെ വയാഗ്ര
പുളപ്പിക്കുന്ന മേദസ്സുകൾക്കു
മുന്നിൽ
അടിയറവിന്റെ കടുക്കാവെള്ളം
കുടിച്ച്  ഉറങ്ങിടായ്ക
ഉണരുക നീ ഇനി
പടരുകൊരഗ്നിയായി
പകരുക നാളങ്ങൾ
പകലിന്റെ കുരുന്നുകളിലെക്ക് .
-------------ബി ജി എൻ

No comments:

Post a Comment