Thursday, October 9, 2014

ഒരു പ്രണയലേഖനം

എന്റെ സ്വന്തം വാവയ്ക്ക്

ഒരുപാട് ആലോചിച്ചു . നിന്നെ ഓര്‍ത്ത്‌ ഒരുപാട് രാത്രികള്‍ , ഉറക്കമിളച്ച ഒത്തിരി രാവുകള്‍ , ഒടുവില്‍ ഇതാ ഈ വരികള്‍ നിനക്കായി ഞാന്‍ കുറിക്കട്ടെ .
ആദ്യമായി ഈ ക്ലാസ്സില്‍ എത്തുമ്പോള്‍ തന്നെ ഞാന്‍ കണ്ടത് നിന്നെയായിരുന്നു . എന്റെ മനസ്സിലെ സങ്കല്പങ്ങളില്‍ നിന്നും നേരിട്ട് ഇറങ്ങി വന്ന രൂപം . അന്ന് മുതല്‍ ഒരു യാത്രയായിരുന്നു നിന്റെ പിന്നാലെ നീ അറിയാതെ നിഴല്‍ പോലെ . ക്ലാസ്സ്‌ മുറിയുടെ ശബ്ദായനങ്ങളില്‍ , വഴിയോരത്തിലെ കാത്തു നില്‍പ്പുകളില്‍ ഒക്കെയും നിന്റെ മിഴികളില്‍ മിഴികള്‍ ഒന്ന് കോര്‍ത്തു കിട്ടുവാന്‍ ഞാന്‍ തപസ്സു ചെയ്യുകയായിരുന്നു . ഒരിക്കലും എനിക്ക് നിന്നോട് എന്റെ പ്രണയം തുറന്നു പറയുവാന്‍ കഴിഞ്ഞിരുന്നില്ല . ഞാന്‍ നിന്നരുകില്‍ എത്തുമ്പോള്‍ എല്ലാം അശക്തനായിരുന്നു . നിന്റെ മിഴികളില്‍ നോക്കി എന്തെങ്കിലും പറയാന്‍ കഴിയാതെ ഞാന്‍ എന്നിലേക്ക്‌ ചുരുങ്ങുകയായിരുന്നു . മണ്ണെണ്ണ വിളക്കിന്റെ ചുവന്ന വെളിച്ചത്തില്‍ നിനക്ക് വേണ്ടി എഴുതികൂട്ടിയ എണ്ണമറ്റ കത്തുകള്‍ , കവിതകള്‍, കുറിമാനങ്ങള്‍ ...
ഒരിക്കല്‍ എന്തോ കാര്യത്തിനു നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട് . അന്ന് നിന്നെ കേള്‍ക്കുകയായിരുന്നു ഞാന്‍. ഒന്നും തിരികെ പറയാന്‍ കഴിയാതെ നിന്റെ മിഴികളില്‍ ഇറങ്ങി പോവുകയായിരുന്നു ഞാന്‍ ഉള്ളില്‍ എങ്ങോ എവിടെയോ ഞാന്‍ ഉണ്ടോ എന്നറിയാന്‍ ഉള്ള യാത്ര . മറ്റൊരിക്കല്‍ നിന്റെ വിരല്‍ത്തുമ്പില്‍ ഞാന്‍ സ്പര്‍ശിച്ചു . നമ്മള്‍ പരസ്പരം എന്തോ കൈമാറുകയായിരുന്നു . പക്ഷെ എന്റെ ഉള്ളില്‍ ആ വിരലിന്റെ തണുപ്പ് മാത്രമേ നിറഞ്ഞുള്ളൂ .
പലവട്ടം നിന്റെ വഴികളില്‍ ഞാന്‍ കാത്തു നിന്നിരുന്നു . ഒന്ന് ഹൃദയം തുറക്കുവാന്‍ , എന്നെ അറിയിക്കുവാന്‍ . പക്ഷെ അരികിലൂടെ കടന്നു പോകുന്ന നിന്റെ സുഗന്ധം മാത്രം നുകര്‍ന്ന് കൊണ്ട് ഞാന്‍ നിശ്ചലം നിന്നുപോയിരുന്നു അപ്പോഴെല്ലാം . കൂട്ടുകാര്‍ എന്നെ സ്വപ്നജീവി എന്ന് വിളിച്ചു കളിയാക്കി . ആര്‍ക്കും അറിയില്ലായിരുന്നു എനിക്ക് നിന്നോട് ഉള്ള ഇഷ്ടം . ഞാന്‍ ആരോടും പറഞ്ഞിരുന്നുമില്ലല്ലോ .
ദിവസങ്ങള്‍ ഓടി മറഞ്ഞു . മൂന്നു വര്‍ഷം . ഈ മൂന്നു വര്‍ഷവും എന്റെ മനസ്സിലും ചിന്തയിലും നീ മാത്രമായിരുന്നു . നിനക്ക് വേണ്ടി മാത്രമായിരുന്നു ഞാന്‍ വന്നിരുന്നത് . ഒന്ന് കാണാന്‍ , ഒരു നോട്ടം കിട്ടാന്‍ . നിന്റെ ചൊടിയില്‍ വിരിയുന്ന ചിരി കണ്ടു സന്തോഷിക്കാന്‍ . മണി കിലുങ്ങും പോലുള്ള നിന്റെ വര്‍ത്തമാനം കേട്ടിരിക്കാന്‍ . നീ നടന്ന വഴികളില്‍ നിന്റെ പാദസരത്തിന്റെ സംഗീതത്തില്‍ ലയിക്കാന്‍ .
ഒരിക്കലും പറയാതെ , അറിയാതെ പോകുന്ന ഒരു സ്നേഹം , അതെങ്ങനെ നീ മനസ്സിലാക്കും എന്ന് ഞാന്‍ ഒരിക്കലും ഓര്‍ത്ത്‌ വിഷമിച്ചിട്ടില്ല . ഇന്ന് ഈ ദിവസം വരെ എന്റെ ഇഷ്ടം എന്നില്‍ മാത്രമായിരുന്നു . ഇവിടെ ഞാന്‍ അത് പൊട്ടിക്കുന്നു . ഈ കുറിമാനം , എന്റെ ഹൃദയം നിന്റെ കൈകളില്‍ എത്തുമ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും ഒരുപാട് ദൂരെ എത്തിയിട്ടുണ്ടാകും . ഒരിക്കലും ഇനി നമ്മള്‍ കണ്ടുവെന്നും വരില്ല . പക്ഷെ നീ അറിയണം . നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു എന്ന് . കാരണം എന്റെ കയ്യില്‍ നീ നല്‍കിയ ഈ ക്ഷണക്കത്ത് എന്നോട് പറയുന്നുണ്ട് എന്റെ സ്നേഹം എന്റെ മാത്രം ആഗ്രഹമായിരുന്നു എന്ന് . ഞാന്‍ പറയാതെ പോയ എന്റെ സ്നേഹം , നീ അറിയാതെ പോയ എന്റെ സ്നേഹം .
ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരിക്കല്‍ നാം തമ്മില്‍ കണ്ടു മുട്ടുമെങ്കില്‍ , അന്ന് ഇതിന്റെ മറുപടി ഞാന്‍ കൊതിക്കുന്നു . നിന്റെ ശബ്ദങ്ങളില്‍ നിന്നും അതെനിക്ക് കേള്‍ക്കണം . വരും അതിനായ്‌ മാത്രം ഒരിക്കല്‍ ഞാന്‍ തിരികെ വരും .
നിന്റെ മാത്രം ബി ജി എന്‍

No comments:

Post a Comment