Monday, October 13, 2014

കരയും തിരയും


പിരിയുവാന്‍ കൊതിച്ചു
കരയുടെ മാറിലായ്‌
വിരല്‍നഖമാഴ്ത്തി ഞാന്‍
പിന്തിരിഞ്ഞകലുമ്പോള്‍
ഒരു വിങ്ങലോടെ നീ
പറയുന്നതറിയുന്നു
പ്രിയസഖി നീ എന്നെ
പിരിഞ്ഞിടായ്ക .

ഒരു പാട് നാളുകള്‍
പ്രിയനേപ്പിരിഞ്ഞവള്‍,
ഒരു നിമിഷാര്‍ദ്ധത്തില്‍
മാറിലേക്കായുമ്പോള്‍
ഒരു ജന്മപുണ്യം പോല്‍
വാരിപ്പുണരുമെന്‍
കരങ്ങളെ ഒഴിവാക്കി
പിരിഞ്ഞിടുന്നോ സഖീ .

കടലാഴങ്ങളില്‍ കണ്ടു
മറഞ്ഞൊരു
കനവിന്റെ ചിപ്പികള്‍
നിനക്കായ് സമര്‍പ്പിക്കേ .
അതിനുള്ളിലുറങ്ങുന്നു
ഞാനെന്ന സത്യം
അതുനിന്നിലെത്തുമ്പോള്‍
ഞാന്‍ ധന്യയാകുന്നു .

വരഞ്ഞിട്ടു നീപോകും
മുറിവിലൂടൊഴുകുന്ന
നിണമത് നിന്നുടെ
ഓര്‍മ്മകളാകുമ്പോള്‍
ചിതറിയ കുപ്പിവള
ത്തുണ്ട് പോലെന്റെ
മാറില്‍ നിന്മിഴിനീരു
മിന്നിത്തിളങ്ങുന്നു .

പ്രിയനേ നീയറിയുന്നു
എന്നെയെന്നറിയുമ്പോള്‍
ഹൃദയം പൊടിയുന്ന
വേദനയറിയുന്നു .
ഒരിക്കലൂടാ മാറില്‍
മയങ്ങിവീണീടുവാന്‍
അനുവദിച്ചെങ്കിലെന്‍
വിധിയെന്ന് കൊതിക്കുന്നു.
.........ബിജു ജി നാഥ്

No comments:

Post a Comment