Monday, October 31, 2016

നമ്മളിലെ നാം

കവിത
നമ്മളിലെ നാം!
ബിജു ജി നാഥ് വര്‍ക്കല

ഞാന്‍ നിന്നിലേക്ക് വരികയാണ്.
നിന്റെ ക്യാമറ കണ്ണുകളിലൂടെ,
നീ നിന്നിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടു പോകുന്നു .
പടിവാതില്‍ക്കല്‍ നീ പാദരക്ഷയൂരുന്നു.
ടീപ്പോയില്‍ ചിതറിക്കിടക്കുന്ന പത്രമാസികകള്‍
നീയൊരു ജാള്യതയോടെ എടുത്തു മാറ്റുന്നു.
നിന്റെ പതിയുടെ ,
മക്കളുടെ കുരുത്തക്കേടിനെ
നീ മറയ്ക്കാന്‍ പാടുപെടുന്നപോലെ .
നീണ്ട ഇടനാഴി കടന്നു
നീ ഊണ് മേശക്കരികില്‍ അല്പം നില്‍ക്കുന്നു.
ജാറില്‍ നിന്നും വെള്ളം കുടിച്ചു
അടുക്കളയിലേക്ക് നീയെന്നെ കൊണ്ടുപോകുന്നു .
വെള്ളം തിളപ്പിക്കാന്‍ വച്ചു
അലമാരയില്‍ നിന്നും കേക്ക് കഷണമെടുക്കുന്നു.
ഒരു കടി കടിച്ച ശേഷം നീയത് എനിക്ക് നേരെ നീട്ടുന്നു .
ചൂടൊടൊരു കോഫി എനിക്കായി നീ നീട്ടുന്നു.
കുട്ടികളെ ശാസിച്ചു
പഠിക്കാനിരുത്തി നീയെന്നെ കിടപ്പുമുറിയിലേക്ക്
രഹസ്യമായി ക്ഷണിക്കുന്നു .
ചുളിഞ്ഞ കിടക്കവിരി എന്നെ കാട്ടാതിരിക്കാന്‍
നീ വല്ലാതെ പാടുപെടുന്നു .
സാരിയുടെ മുന്താണി എടുക്കുമ്പോള്‍ നീ
എന്നെ ഒളിഞ്ഞു നോക്കുന്നു നാണത്തോടെ .
വസ്ത്രങ്ങള്‍ ഒന്നായി നീ കിടക്കയിലേക്ക് അഴിച്ചെറിയുമ്പോള്‍
നിന്നില്‍ ഒരു കുട്ടിയുടെ കുസൃതി ഞാന്‍ കാണുന്നു .
കണ്ണാടിയുടെ മുന്നില്‍
മുലകള്‍ ഉയര്‍ത്തി പിടിച്ചു നീ നോക്കുന്നു
കണ്ണുകളില്‍ നിറഞ്ഞ സ്നേഹത്തോടെ
നീയെന്നെ നോക്കി നാക്ക് നീട്ടിക്കാട്ടുന്നു .
വസ്ത്രങ്ങള്‍ എടുത്തു നീ ബാത്രൂമിലേക്ക് നടക്കുന്നു
ഷവറില്‍ നിന്നും നിന്നെ മൂടി വീഴുന്ന വെള്ളം
നിന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടൂ വിരിയുന്നു .
നീയെന്നെ നോക്കാന്‍ മറന്നുപോയ പോലെ.
വസ്ത്രം ധരിച്ചു എന്നെയും കൊണ്ട് കിടക്കയിലേക്ക് പോകുന്നു.
കണ്ണുകളില്‍ നോക്കി കിടക്കാന്‍ നീ പഠിപ്പിക്കുന്നു.
അരുമയോടെ മുടിയില്‍ തഴുകി ഉറക്കാന്‍ ശ്രമിക്കുന്നു .
വാശിക്കാരനായ എന്റെ ചുണ്ടില്‍
മുലഞെട്ട് തിരികി നീ ചിരിക്കുന്നു .
മയക്കത്തിലേക്ക് വീണ എന്നെ ഉണര്‍ത്താതെ
നീ നിന്റെ ദിനചര്യകളിലേക്ക് പോകുന്നു .
ഭര്‍ത്താവ് , കുട്ടികള്‍ ,
ബഹളങ്ങള്‍ .....
ഞാന്‍ ഉണരുമ്പോള്‍ നീ എന്നെ നോക്കി അരികില്‍ ഉണ്ട് .
രാത്രി വളര്‍ന്നിരിക്കുന്നു .
ഉറങ്ങാതെ നമ്മള്‍ രണ്ടുപേര്‍ മാത്രം .
എന്റെ മാറില്‍ നഖം കൊണ്ട് ചിത്രം വരച്ചു
നീ എന്റെ അരികില്‍ കിടക്കുന്നു .
എന്നിലേക്ക്‌ വികാരങ്ങള്‍ വേലിയേറ്റം സംഭവിക്കുന്നു
നമ്മള്‍ ക്യാം ഓഫ് ചെയ്യുന്നു .
ഇപ്പോള്‍ ഇരുട്ട് മാത്രം .
....................................

No comments:

Post a Comment